UPDATES

മികച്ച പ്രധാനമന്ത്രി മുതല്‍ ചിപ്പ് പിടിപ്പിച്ച രണ്ടായിരം നോട്ടുവരെ; ഇന്ത്യയെ പറ്റിക്കാന്‍ ചമച്ച പത്തു നുണകള്‍

ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ യുനെസ്‌കോ തെരഞ്ഞെടുത്തു എന്ന വ്യാജവാര്‍ത്ത പ്രചരിച്ചത് ഈ വര്‍ഷം ജൂണിലാണ്

മോദി കാലത്ത് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിന് ഒരു ക്ഷാമവുമില്ലാതെയായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള ഇന്ത്യയില്‍ ഇത്തരം വാര്‍ത്തകള്‍ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്യും. പല സാമൂഹിക മാധ്യമ, ആശയവിനിമ കമ്പനികള്‍ക്കും ഏറ്റവും കൂടുതല്‍ പ്രയോക്താക്കള്‍ ഉള്ളത് ഇന്ത്യയിലാണ്. 160 ദശലക്ഷം വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളും 148 ദശലക്ഷം ഫേസ്ബുക്ക് ഉപയുക്താക്കളും ഉള്ള രാജ്യമാണ് ഇന്ത്യ. ട്വിറ്റര്‍ അക്കൗണ്ടുകള്‍ മാത്രം 22 മില്യണ്‍ വരും. ഈ സാഹചര്യത്തില്‍ കാര്യങ്ങളുടെ നിശസ്ഥിതി അന്വേഷിക്കാതെ തന്നെ ഇത്തരം വ്യാജവാര്‍ത്തകള്‍ ചൂടപ്പം പോലെ പ്രചരിക്കുകയും ചെയ്യും. യുനെസ്‌കോയെ ഉദ്ധരിച്ചാണ് ഇത്തരിത്തിലുള്ള വ്യാജവാര്‍ത്തകളില്‍ അധികവും പ്രചരിച്ചതെന്നും ശ്രദ്ധേയമാണ്. 2016ല്‍ ഇത്തരത്തില്‍ പ്രചരിച്ച പത്ത് വ്യാജവാര്‍ത്തകളാണ് താഴെ പരിശോധിക്കുന്നത്.

1. ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ യുനെസ്‌കോ തെരഞ്ഞെടുത്തു എന്ന വ്യാജവാര്‍ത്ത പ്രചരിച്ചത് ഈ വര്‍ഷം ജൂണിലാണ്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഇത് ആഘോഷപൂര്‍വം ഏറ്റെടുത്തു. ഈ വ്യാജപ്രചാരണം ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്.

2. ലോകത്തിലെ ഏറ്റവും മികച്ച ദേശീയഗാനമായി ‘ജനഗണമന’യെ യുനെസ്‌കോ തെരഞ്ഞെടുത്തു എന്നായിരുന്നു അടുത്ത പ്രചാരണം. ഇത് 2008 മുതല്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നതാണെങ്കിലും 2016ലെ സ്വാതന്ത്ര്യദിന സമയത്ത് ഇതിന്റെ പ്രിയം വര്‍ദ്ധിച്ചു. എന്നാല്‍ ഇന്ത്യയിലെയോ മറ്റേതെങ്കിലും രാജ്യത്തെയോ ദേശീയഗാനവുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് 2008ല്‍ തന്നെ യുഎന്‍ ഏജന്‍സി വ്യക്തമാക്കിയിരുന്നു.

3. യുനെസ്‌കോയുടെ പേരുപിടച്ചാണ് അടുത്ത വ്യാജ വാര്‍ത്തയും വന്നത്. നോട്ട് നിരോധനത്തിന് ശേഷം പുറത്തിറങ്ങിയ പുതിയ 2000 രൂപ നോട്ടുകളെ ലോകത്തിലെ ഏറ്റവും മികച്ച കറന്‍സിയായി യുനെസ്‌കോ തെരഞ്ഞെടുത്തു എന്നതായിരുന്നു അടുത്ത പ്രചാരണം. യുനെസ്‌കോയുടെ സാംസ്‌കാരി അവബോധ വിഭാഗം തലവന്‍ ഡോ. സൗരഭ് മുഖര്‍ജി ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയെന്നായിരുന്നു തള്ള്. സന്തോഷം കൊണ്ട് മതിമറന്ന ആയിരക്കളക്കിന് വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ ഈ സന്ദേശം പ്രചരിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

4. പുതിയ 2000, 500 രൂപ നോട്ടുകളില്‍ കള്ളപ്പണം കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ജിപിഎസ് ചിപ്പുകള്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്ന വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട മറ്റൊരു വ്യാജവാര്‍ത്ത. ഒളിപ്പിച്ചുവച്ചിരിക്കുന്ന വ്യാജപ്പണം കണ്ടെത്താന്‍ ജിയോ പൊസിഷനിംഗ് സംവിധാനം അധികൃതരെ സഹായിക്കുമെന്ന സന്ദേശം വെറും ഒരു മണിക്കൂര്‍ കൊണ്ട് വൈറലായി. ഇതിന് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി ആവശ്യമില്ലെന്നും ഭൂമിക്ക് 120 മീറ്റര്‍ വരെ താഴ്ചയില്‍ കുഴിച്ചിട്ടിരിക്കുന്ന കള്ളപ്പണം പോലും കണ്ടെത്താന്‍ ഇത് സഹായിക്കുമെന്നൊക്കെ സന്ദേശത്തില്‍ ‘വിശദമാക്കിയിരുന്നു.’ നിലവിലുള്ള നോട്ടുകളില്‍ ഉണ്ടായിരുന്ന സുരക്ഷ സംവിധാനങ്ങള്‍ മാത്രമേ പുതിയ നോട്ടിലും ഉള്ളുവെന്നും ചിപ്പുകളൊന്നും അതില്‍ ഘടിപ്പിച്ചിട്ടില്ലെന്നും പിന്നീട് ആര്‍ബിഐ വ്യക്തമാക്കി.

5. നോട്ട് നിരോധനം കൂടുതല്‍ വ്യാജവാര്‍ത്തകള്‍ക്ക് ഇടംനല്‍കി. പുതിയ 2,000, 5,00 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിനായി ആര്‍ബിഐ റേഡിയോ ആക്ടീവ് മഷി ഉപയോഗിക്കുന്നുവെന്നായി കഴിഞ്ഞ മാസത്തെ വ്യാജപ്രചാരണം. 15 പ്രോട്ടോണുകളും 17 ന്യൂട്രോണുകളുമുള്ള ഫോസ്ഫറസ് റേഡിയോ ആക്ടിവ് ഐസോടോപ്പാണ് പുതിയ നോട്ടുകളില്‍ ഉപയോഗിക്കുന്നതെന്നും വലിയ അളവിലുള്ള നോട്ടുശേഖരം കണ്ടെത്താന്‍ ആദായനികുതി വകുപ്പിനെ ഇത് സഹായിക്കുന്നുണ്ടെന്നും സന്ദേശം അവകാശപ്പെട്ടു. ഇത് മനുഷ്യശരീരത്തിന് ദോഷകരമല്ലെന്ന സമാശ്വാസവും സന്ദേശത്തില്‍ ഉണ്ടായിരുന്നു.

6. വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രം ഐഎസ്‌ഐഎസ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്‌തേക്കാം എന്ന് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു അടുത്ത തട്ട്. ഡല്‍ഹി പോലീസ് കമ്മീഷണറുടേതെന്നു പറഞ്ഞാണ് സന്ദേശം പ്രചരിച്ചത്. പൗരന്മാരുടെ വിശദാംശങ്ങള്‍ കണ്ടെത്താനും അവരുടെ രൂപം അടിച്ചുമാറ്റാനും ഭീകരര്‍ക്ക് കഴിയുമെന്ന സാങ്കേതിക വിശദീകരണവും ഉണ്ടായിരുന്നു. 20-25 ദിവസത്തേക്ക് ഇത് തുടരണമെന്നും അതിനുള്ള പുതിയ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുമെന്നും വാട്ട്‌സ്ആപ്പ് സിഇഒ പറഞ്ഞതായും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ, സന്ദേശത്തിലെ ഒപ്പ് എ കെ മിത്തല്‍ എന്നതായിരുന്നു. ഡല്‍ഹി പോലീസ് കമ്മീഷണറുടെ പേര് എ കെ വര്‍മയെന്നാണെന്ന് വ്യാജസന്ദേശം നിര്‍മ്മിക്കുന്ന തിരക്കില്‍ സൃഷ്ടാക്കള്‍ മറന്നുപോയിരിക്കണം.

7. പത്തുരൂപ നാണയം ആര്‍ബിഐ പിന്‍വലിച്ചു എന്ന സന്ദേശം ആഗ്ര, ഡല്‍ഹി, മീററ്റ് എന്നിവിടങ്ങളിലാണ് അധികവും പ്രചരിച്ചത്. തുടര്‍ന്നുള്ള ആശയക്കുഴപ്പത്തില്‍, പത്തുരൂപ നാണയങ്ങള്‍ സ്വീകരിക്കാന്‍ കച്ചവടക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമൊക്കെ വിസമ്മതിച്ചു. പത്തുരൂപ നാണയം നിയമവിധേയമാണെന്നും സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും പിന്നീട് ആര്‍ബിഐ വ്യക്തമാക്കി.

8. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ച ഉടനെ ഒരു ചിത്രവും വാര്‍ത്തയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ചിത്രത്തില്‍ കാണുന്നത് ജയലളിതയുടെ ‘രഹസ്യ പുത്രി’ യാണെന്നും യുഎസില്‍ രഹസ്യമായി താമസിക്കുകയാണെന്നുമായിരുന്നു സന്ദേശം. എന്നാല്‍ ചിത്രത്തില്‍ കാണുന്നത് ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഒരു സ്ത്രീയാണെന്ന് പിന്നീട് വ്യക്തമായി. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പ്രശസ്ത ഗായികയും ടിവി അവതാരകയുമായ ചിന്മയി ശ്രീപാദ രംഗത്തെത്തിയിരുന്നു.

9. ഇന്ത്യയില്‍ കടുത്ത ഉപ്പ് ക്ഷാമമാണെന്നായിരുന്നു 2016ല്‍ പ്രചരിച്ച മറ്റൊരു വ്യാജ വാര്‍ത്ത. വലിയ ആശക്കുഴപ്പത്തിന് കാരണമായ ഈ സന്ദേശത്തിന്റെ ഫലമായി രാജ്യത്തെ ചില പ്രദേശങ്ങളില്‍ ജനം അര്‍ദ്ധരാത്രിയില്‍ പോലും കമ്പോളങ്ങളില്‍ ഉപ്പിനായി നെട്ടോട്ടമോടുകയും ഉപ്പ് വില കുതിച്ചുയരുകയും ചെയ്തു. പടിഞ്ഞാറന്‍ യുപി, ഡല്‍ഹി, മഹാരാഷ്ട്ര, ഹൈദരാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ വ്യാജവാര്‍ത്ത ഏറ്റവും പരിഭ്രാന്തി പരത്തിയത്. കാന്‍പൂരില്‍ നിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനിടയില്‍ ഒരു സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീട് ഇങ്ങനെയൊരു സ്ഥിതിവിശേഷം നിലവിലില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

10. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി ബിബിസിയുടെ ഇന്ത്യന്‍ ബ്യൂറോ ചീഫ് മാര്‍ക് ട്യൂളി മുന്‍ പ്രധാനമന്ത്രി നെഹ്രുവിനെ വിമര്‍ശിച്ച് രംഗത്തെത്തി എന്നായിരുന്നു മറ്റൊരു വ്യാജസന്ദേശം. ഇന്ത്യന്‍ ജനങ്ങളെയും സ്ഥാപനങ്ങളെയും മറയ്ക്കുന്നതരത്തിലുള്ള ഒരു ആല്‍വൃക്ഷമായി നെഹ്‌റു നില്‍ക്കുന്നു എന്ന് മാര്‍ക്ക് ട്യൂളി പറഞ്ഞതായി പ്രചരിപ്പിക്കപ്പെട്ടു. ആല്‍മരത്തിന് കീഴെ മറ്റൊരു ചെടിയും വളരില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചതായും വ്യാജ സന്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിലെ ഒരു കോളത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ട പരാമര്‍ശം ട്യൂളി തള്ളിക്കളഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍