UPDATES

വിദേശം

ഗള്‍ഫ് രാജാക്കന്മാരുടെ വേട്ടപ്പരുന്തുകള്‍

Avatar

ഇഷാന്‍ തരൂര്‍

ഖത്തര്‍ അമിര്‍ തമീം ബിന്‍ അഹമദ് അല്‍ താനി, ഒരു സ്വകാര്യ വേട്ടയ്ക്കായി കഴിഞ്ഞയാഴ്ച കസാഖിസ്ഥാനിലേക്ക് പറന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വിചാരിച്ചത് പോലെയല്ല കാര്യങ്ങള്‍ അവസാനിച്ചത്. അമിറിന്റെ ഏറ്റവും പ്രിയപ്പെട്ട വേട്ടപ്പരുന്തായ അലി സര്‍ക്കാര്‍ കസ്റ്റംസിന്റെ പാണ്ടികശാലയില്‍ വച്ച് മരണമടഞ്ഞതായി ചില പ്രാദേശിക കസാഖ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 12 അംഗ പക്ഷിക്കൂട്ടത്തിലെ മറ്റൊരു പരുന്തും മരണത്തിന് കീഴടങ്ങി. 

സംഭവങ്ങളുടെ വിശദാംശങ്ങള്‍ കസാഖ് മാധ്യമപ്രവര്‍ത്തകനായ ഡെനിസ് ക്രിവോഷെയേവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും മധ്യേഷ്യന്‍ പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യുന്ന വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള Eurasia.net അത് ഏറ്റെടുക്കുകയും ചെയ്തു. 

’12 അപൂര്‍വ സേകര്‍ പരുന്തുകളെ അല്‍മാട്ടിയിലേക്ക് (കസാഖിലെ പ്രധാന നഗരം) കൊണ്ടുവരികയും അവിടെ നിന്നും ടറാസിലേക്ക് കടത്തുകയും ചെയ്തതമായി ക്രിവോഷെയേവ് എഴുതുന്നു,’ യൂറേഷ്യ.നെറ്റ് പറയുന്നു. ‘വയസായ പരുന്തുകളെ കസാഖിസ്ഥാനിലേക്ക് കൊണ്ടുവരികയും അവയ്ക്ക് പകരം കുഞ്ഞുപരുന്തുകളെ തിരികെ കൊണ്ടുപോവുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നതിനാല്‍ മതിയായ പരിശോധനകള്‍ നടത്താതെ പക്ഷികളെ വിട്ടുനല്‍കാനാവില്ലെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ശഠിച്ചു. ഈ പ്രവണത മൂലം രാജ്യത്ത് ആരോഗ്യമുള്ള പക്ഷികളുടെ എണ്ണം ഭീതിതമായി കുറയുകയാണെന്നതായിരുന്നു ഉദ്യോഗസ്ഥരുടെ നടപടിക്ക് കാരണം. കഴിഞ്ഞ വര്‍ഷം ക്രമപ്രകാരമുള്ള പരിശോധനകള്‍ രഹസ്യമായി നടത്തിയെങ്കിലും അത് ആറു മണിക്കൂര്‍ വരെ മാത്രമേ നീണ്ടുള്ളുവെന്ന് ക്രിവോഷെയേവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ട പക്ഷികള്‍ കസാഖ് കസ്റ്റഡിയില്‍ അനുയോജ്യമല്ലാത്ത സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടി; ആരുടെ കുറ്റംകൊണ്ടാണ് ഇത് സംഭവിച്ചതെന്നതിനെ കുറിച്ച് പ്രാദേശിക ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരികയാണ്.’

വെള്ളിയാഴ്ച കസാഖിസ്ഥാനില്‍ നിന്നും മടങ്ങിയെന്ന് കരുതപ്പെടുന്ന ഖത്തര്‍ അമിര്‍, പരുന്തുകളെ മോശമായി പരിപാലിച്ചതില്‍ കോപാകുലനാണ്. ഖത്തര്‍ ഉദ്യോഗസ്ഥര്‍ ‘പ്രതിഷേധ കത്ത്’ തയ്യാറാക്കുകയാണെന്ന് ക്രിവോഷെയേവ് പറയുന്നു (എമിറിന്റെ പരുന്തുകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചോ, കസാഖ് റിപ്പോര്‍ട്ടുകളുടെ വിശ്വസനീയതയെ കുറിച്ചോ ഉടനടി പ്രതികരിക്കാന്‍ വാഷിംഗ്ടണിലെ ഖത്തര്‍ എംബസി തയ്യാറായില്ല).

പ്രദേശത്തിന്റെ നാടോടി പാരമ്പര്യത്തില്‍ ആഴത്തിലൂന്നിയ ഒന്നായ പരുന്തുകളെ ഉപയോഗിച്ച് വേട്ടയാടുന്ന പ്രവണത കസാഖിസ്ഥാനിലും സമീപത്തുള്ള മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളിലും വ്യാപകമാണ്. ബദൂവിന്‍ അറബ് പാരമ്പര്യത്തിലും ഈ വിനോദം രൂഢമൂലമായതിനാല്‍, പരുന്തുകളെ ഉപയോഗിച്ച് വേട്ടയാടുന്നന്ന ലോകത്തിലെ ഏറ്റവും ഉത്സുകരും ആസക്തരുമായവരില്‍ പ്രധാനികളാണ് പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും രാജകുടുംബാംഗങ്ങള്‍. 

ഇത്തരത്തിലുള്ള ഓരോ പരുന്തിനും ഒരു മില്യണ്‍ യുഎസ് ഡോളര്‍ വരെ വില വരും എന്നു മാത്രമല്ല വന്‍ ചിറകുകളുള്ള ഇവയെ കെണിയിലാക്കുന്നതും പരിചരിച്ച് പരിശീലിപ്പിക്കുന്നതും വലിയ ലാഭമുണ്ടാക്കുന്ന ഒരു വ്യാപാരമാണ്. സൗദിയിലെയും ഖത്തറിലെയും രാജക്കന്മാരും രാജകുമാരന്മാരും മധ്യ, കിഴക്കന്‍ ഏഷ്യയിലെ കാടുകളില്‍ അടിക്കടി ഇത്തരം വേട്ടകള്‍ നടത്താറുണ്ട്. 

പാകിസ്ഥാന്‍ പ്രവിശ്യയായ ബലൂച്ചിസ്ഥാനാണ് ഇവയില്‍ ഏറ്റവും പ്രചാരത്തിലുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്ന്. മാംസളമായ ഇറച്ചിക്ക് പേരുകേട്ട ഹൗബാറ ബസ്റ്റാര്‍ഡ് എന്ന ഇനം പക്ഷിയെ ഇവിടുത്ത വിശാല പ്രദേശങ്ങളില്‍ വിദേശ പരുന്തുവേട്ടക്കാര്‍ക്ക് വലയിലാക്കാം എന്നതാണ് ബലൂച്ചിസ്ഥാന്റെ ആകര്‍ഷണം. ബസ്റ്റാര്‍ഡുകളുടെ വേട്ട വ്യാപകമായതോടെ, കഴിഞ്ഞ വര്‍ഷം ഒരു പ്രാദേശിക കോടതി വിദേശവേട്ട പെര്‍മിറ്റുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും 2015ല്‍ ഒരു പ്രധാന സൗദി രാജകുടുംബാംഗത്തിന്റെ സന്ദര്‍ശനത്തെ തടയാന്‍ മതിയായില്ല. ഇത് ചില പാകിസ്ഥാനികളെ രോഷാകുലരാക്കി. 

‘സമ്പന്നരായ അറബികള്‍ക്ക് പാദസേവ ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്,’ ഒരു പ്രമുഖ പാകിസ്ഥാനി വിമര്‍ശകനായ പെര്‍വെസ് ഹൂഡ്‌ബോയ് കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് ടൈംസിന് അനുവദിച്ച ഒരഭിമുഖത്തില്‍ പറഞ്ഞു. ‘അവര്‍ ഇവിടെ വരുന്നു, ശിക്ഷിക്കപ്പെടുമെന്ന് ഭീതിയില്ലാതെ വേട്ടയാടുന്നു എന്ന് മാത്രമല്ല പ്രാദേശിക നിയമങ്ങള്‍ ലംഘിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും അവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍