UPDATES

വിദേശം

എണ്ണയില്‍ കലങ്ങിത്തെളിയുന്ന ആഗോളരാഷ്ട്രീയം

Avatar

ജാക്‌സണ്‍ ഡെയ്ല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ ആഴ്ച മുതല്‍ കുത്തനെ നിലം പതിക്കാന്‍ തുടങ്ങിയ എണ്ണ വില മൂലം വലിയ നഷ്ടങ്ങള്‍ സംഭവിച്ച മൂന്നു സര്‍ക്കാരുകളുടെ നിരാശാജനകമായ പ്രതികരണങ്ങള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വാര്‍ത്തകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്.

സ്വന്തം രാജ്യത്തെ സംബോധന ചെയ്ത് സംസാരിക്കാന്‍ പോലും നില്‍ക്കാതെ വായ്പ തേടിയും 100 ഡോളര്‍ ഓയില്‍ വാഗ്ദാനവുമായി ലോക പര്യടനം നടത്തിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളസ് മദുറോയുടെ വെപ്രാളമാണ് പ്രതികരണങ്ങളില്‍ ഏറ്റവും ബാലിശമായത്. രണ്ടും കിട്ടിയില്ലെന്നു മാത്രമല്ല തിരിച്ചു ചെന്നാല്‍ തന്റെ സ്ഥാനത്ത് തിരിച്ചു കയറാന്‍ സാധിക്കുമോയെന്ന ഉറപ്പുകൂടിയില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം. 

പ്രതിരോധമൊഴികെയുള്ള സര്‍ക്കാര്‍ വകുപ്പുകളിലെ ചിലവുകള്‍ വെട്ടിക്കുറച്ച വ്‌ളാഡിമിര്‍ പുടിന്റെ സഹമന്ത്രിമാര്‍ വളരെ ശാന്തമായാണ് ഈ പ്രതിസന്ധിയോട് പ്രതികരിച്ചത്. അതേ സമയം റഷ്യയെ പ്രതിനിധീകരിക്കുന്ന സേന കിഴക്കന്‍ യുക്രൈനില്‍  പുതിയ പ്രത്യാക്രമണ പദ്ധതികള്‍ തുടങ്ങിയിരിക്കയാണ്. 

യു.എന്‍ വിലക്കുകള്‍ നീക്കം ചെയ്യുന്നതില്‍ കലാശിച്ചേക്കാവുന്ന ആണവ ചര്‍ച്ചകളില്‍ മുന്‍പൊരിക്കലും കാണാത്ത ഊര്‍ജ്ജത്തോടെയാണ് ഇറാന്റെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്തത്. രാജ്യം ലോകത്തിനു മുന്നില്‍ തുറന്നുകൊടുക്കണോ അതോ യുദ്ധത്താല്‍ കഷ്ടപ്പെടുന്ന ഒരു അടഞ്ഞ സാമ്പത്തികവ്യവസ്ഥയുമായി മുന്നോട്ടു പോകണോ എന്ന കാര്യത്തില്‍ പ്രസിഡന്റും പരമോന്നത നേതാവും തമ്മിലുള്ള വാദപ്രതിവാദത്തിനു ഈ ചര്‍ച്ചകള്‍ കാരണമായിട്ടുണ്ട്.

തങ്ങളുടെ വിദേശ വരുമാനത്തിന്റെ 75 ശതമാനവും എണ്ണയില്‍ നിന്നുവരുന്ന ഈ രാജ്യങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്ന നഷ്ടങ്ങളുടെ പരിണിത ഫലങ്ങള്‍ വാഷിംഗ്ടണിനുമേല്‍ ചിന്താഭാരം ഏറ്റിയിട്ടുണ്ട്. വെനസ്വേല രാഷ്ട്രീയ ഭിന്നതയുടെ വക്കിലാണ്. ആഭ്യന്തര പ്രശ്‌നങ്ങളെ ക്രൂരമായ വിദേശ നയങ്ങള്‍കൊണ്ട് മൂടിവെക്കാന്‍ പുടിന്‍ ശ്രമിക്കും. യുദ്ധക്കെടുതിക്കിടയില്‍ ഒറ്റപ്പെട്ടു കഴിയണോ അതോ അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും സൗഹൃദം സ്ഥാപിക്കണോ എന്ന കാര്യത്തില്‍ ഇറാനൊരു തീരുമാനമെടുക്കും.

തീര്‍ച്ചയായും മറ്റുള്ള രാജ്യങ്ങള്‍ക്കും എണ്ണയില്‍ നിന്നുള്ള വരുമാനത്തില്‍ നഷ്ടങ്ങളുണ്ടാകും. പക്ഷെ ഈ മൂന്നു രാജ്യങ്ങളാണ് വര്‍ദ്ധിച്ച എണ്ണ വിലയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും തങ്ങളുടെ ഭൂരാഷ്ട്രതന്ത്രങ്ങള്‍ക്ക് ചുവന്ന നിറം നല്‍കിയത്. മോസ്‌കോയുടെ സോവിയറ്റ് സാമ്രാജ്യത്തിന്റെ പുന;ര്‍നിര്‍മാണത്തിന്റെ ഭാഗമായി കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടു അയല്‍ രാജ്യങ്ങളിലേക്കാണ് പുടിന്‍ കടന്നുകയറ്റം നടത്തിയത്. 

മിഡില്‍ ഈസ്റ്റില്‍ ആധിപത്യം കൊതിച്ച ഇറാന്‍, ഇറാഖിലും സിറിയയിലും ചിലവേറിയ യുദ്ധം നടത്തുന്നതിനു പുറമേ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ലാറ്റിനമേരിക്കയിലൊരു അമേരിക്കന്‍ വിരുദ്ധ മുന്നണി സ്ഥാപിക്കാമെന്ന മനക്കോട്ട കെട്ടിയ വെനസ്വേല ക്യൂബയുള്‍പ്പെടെയുള്ള 13 രാജ്യങ്ങള്‍ക്ക് ദിനംപ്രതി 200,000 ബാരല്‍ എണ്ണ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങിവെച്ചിരുന്നു. 

വരുമാനം കുത്തനെ താഴ്ന്നതോടെ കുറഞ്ഞു വരുന്ന അവശ്യ സാധനങ്ങളുടെ വിതരണത്തിനു വേണ്ടി വെനസ്വേലയിലെ പ്രമുഖ നഗരമായ കരകാസിലെ പലചരക്കു കടകള്‍ക്കു മുന്നില്‍ 8 മണിക്കൂറുകളോളം നീണ്ട നിരകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അവശേഷിക്കുന്ന 20 ബില്യന്‍ ഡോളര്‍ റിസര്‍വും ചൈനയ്ക്ക് മാത്രമായി കൊടുക്കാനുള്ള 50 ഡോളര്‍ കടവും മറ്റു കടങ്ങളും കൊടുത്തു വരുന്ന എണ്ണ സബ്‌സിഡികള്‍ നിര്‍ത്തലാക്കാനും കടങ്ങളില്‍ ശ്രദ്ധ ചെലുത്താനും രാജ്യത്തെ നിര്‍ബന്ധിതമാക്കുമെന്നു മാത്രമല്ല പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ജനം ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയും വിപ്ലവം പൊട്ടിമുളക്കുകയും ചെയ്യും. 

അടിസ്ഥാനാവശ്യസാധനങ്ങള്‍ ഇറക്കുമതി നടത്താന്‍ പോലും പണമില്ലാത്ത മദുറൊ സര്‍ക്കാര്‍ കടക്കെണിയില്‍പെട്ട് വലയുകയാണെന്നാണ് മൂഡീസ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. തന്റെ യുവത്വത്തില്‍ ലഭിച്ചുകൊണ്ടിരുന്ന പിന്തുണയൊന്നും മദുറൊയ്ക്ക് ഇപ്പോള്‍ ഇല്ലെന്നു മാത്രമല്ല ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ച ലഹളകള്‍ വീണ്ടും പുനര്‍ജനിക്കാനുള്ള എല്ലാ സാധ്യതകളും ഇന്ന് കാണുന്നുമുണ്ട്. 

റഷ്യന്‍ ജനതയില്‍ നിന്നുള്ള പിന്തുണയും റിസര്‍വിലുള്ള നൂറുകണക്കിന് ബില്യന്‍ ഡോളറും പുടിനെ ശാന്തനാക്കിയിരിക്കയാണ്. എങ്കിലും കഴിഞ്ഞയാഴ്ച വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ചിലവുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും, അധ്യാപകരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും ജീവിത നിലവാരത്തെ കാര്യമായ രീതിയല്‍ തന്നെ ബാധിക്കും.

പട്ടാളത്തെ ഈ ചിലവു കുറയ്ക്കലില്‍ നിന്നും ഒഴിവാക്കിയത് പുടിന്റെ രാഷ്ട്രീയ കുബുദ്ധിയായിട്ടാണ് നിരീക്ഷകര്‍ കരുതുന്നത്. രാജ്യസ്‌നേഹം വളര്‍ത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ മുന്‍പേ തുടങ്ങിയ സര്‍ക്കാര്‍ അയല്‍ രാജ്യങ്ങളെ ആക്രമിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കും. യുക്രൈനുമായുള്ള സമാധാന ചര്‍ച്ചകള്‍ സോവിയറ്റ് സാമ്രാജ്യം പുനഃര്‍ നിര്‍മ്മിക്കാനുള്ള പുടിന്റെ ആഗ്രഹത്തെ തകര്‍ക്കുകയും വരാന്‍ പോകുന്ന സാമ്പത്തിക മാന്ദ്യത്തെക്കാള്‍ പ്രതികൂലമായ രീതിയിലത് രാജ്യത്തെ ബാധിക്കുകയും ചെയ്യും. 

ഈ എണ്ണ വില പ്രതിസന്ധി ഏറ്റവും കൂടുതല്‍ മാറ്റങ്ങളുണ്ടാകാന്‍ പോകുന്നത് ഇറാനിലാണ്. ജനുവരി നാലാം തിയതി പ്രസിഡന്റ് ഹസ്സന്‍ റുഹാനി നേതാക്കള്‍ക്കിടയില്‍ തുടങ്ങി വെച്ച രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ ഒറ്റപ്പെടലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് ജെനീവയില്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായുള്ള ആണവ ചര്‍ച്ചയില്‍ ഏറ്റുപിടിച്ചതോടെ രാജ്യത്തിനു മേല്‍ തൂങ്ങിക്കിടന്നിരുന്ന അന്താരാഷ്ട്ര വിലക്കുകള്‍ നീങ്ങുമെന്നുള്ള പ്രതീക്ഷ വളരുന്നുണ്ട്. 

ദിവസങ്ങള്‍ക്ക് ശേഷമാണ് റുഹാനിക്കുള്ള മറുപടി പരമോന്നത നേതാവായ അലി ഖമേനിയില്‍ നിന്നും വന്നത്. വിലക്കുകള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ പാശ്ചാത്യലോകത്തെ വിശ്വസിക്കരുതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പരമാധികാരമുള്ള ഒരു പ്രധിരോധ സാമ്പത്തിക വ്യവസ്ഥയാണ് രാജ്യത്തിനാവശ്യം എന്ന് വാദിക്കുകയായിരുന്നു. ഏതാനും മാസത്തെ അടഞ്ഞ സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കുന്ന ആഭ്യന്തര അസന്തുലിതാവസ്ഥ ഖമേനിയുടെ മനസ്സു മാറ്റുമെന്നു കരുതുന്നു. എന്തായാലും എണ്ണ പ്രതിസന്ധിയോടുള്ള ഇറാന്റെ പ്രതികരണം മിഡില്‍ ഈസ്റ്റിലെ ഈ വര്‍ഷത്തെ സംഭവവികാസങ്ങളില്‍ പ്രധാന സ്വാധീനം ചെലുത്തുമെന്ന കാര്യത്തില്‍ യാതൊരു സംശവുമില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍