UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗിക മനോരോഗികള്‍ വീട് കൈയടക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ എവിടെയാണ്?

മായ ലീല

കുടുംബത്തിലെ ഒരേയൊരു മകളുടെ വിവാഹവും അതില്‍ നടക്കുന്ന കോലാഹലങ്ങളും വിഷയമാക്കുന്ന ഒരു സിനിമയാണ് മണ്‍സൂണ്‍ വെഡിംഗ്. ബന്ധുക്കളെല്ലാം അമേരിക്കയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമൊക്കെ വരുന്നുണ്ട് ഈ വിവാഹത്തില്‍ പങ്കെടുക്കാന്‍. അതില്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ആരാധ്യനായ ഒരു പുരുഷനുണ്ട്, ഈ കല്യാണം നടത്തുന്ന കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നൊക്കെ പല ഘട്ടത്തിലും രക്ഷിച്ചതും അതിലെ പിതാവിന്‍റെ (ലളിത്) രക്ഷകര്‍ത്താവായി അവരോധിച്ച ആളും ഒക്കെയാണ്. പക്ഷെ ഈ രക്ഷക-ആരാധ്യ പുരുഷന്‍ ഒരു പെഡോഫില്‍ (ശിശുക്കളോട് ലൈംഗീക ആസക്തിയുള്ള മനോരോഗി) ആണ്. അയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ പീഡിപ്പിച്ച ഒരു പെണ്‍കുട്ടിയും ഉണ്ട് ഈ കല്യാണത്തില്‍ പങ്കെടുക്കാന്‍, റിയ. ഇത്തവണയും അയാള്‍ തനിരൂപം കാട്ടാന്‍ മടിക്കുന്നില്ല. കുടുംബത്തിലെ മറ്റൊരു ബാലികയെ അതിരുവിട്ടു ലാളിക്കുകയും ഒറ്റയ്ക്ക് പലയിടത്തും വെച്ച് ഇടപഴകുകയും ചെയ്യുന്നത് റിയ പലപ്പോഴായി ശ്രദ്ധിക്കുന്നുണ്ട്. ഒടുവില്‍ കല്യാണത്തലേന്ന് ആ ബാലികയെ അയാള്‍ പീഡിപ്പിച്ചതായി റിയ മനസ്സിലാക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യും. എല്ലാവരുടേയും മുന്നില്‍ ഇയാളുടെ മുഖംമൂടി വലിച്ചു കീറുന്ന റിയ അഭിമുഖീകരിക്കുന്നത് ഒരു കുടുംബം മുഴുവന്‍ എതിര്‍ക്കുന്ന നോട്ടങ്ങളെയാണ്. വധുവിന്‍റെ പിതാവായ ലളിത് ആകെ ബുദ്ധിമുട്ടിപ്പോകുന്നുണ്ട്, ഒരു പെഡോഫൈലിനെ കുടുംബത്തിന്‍റെ ആരാധ്യ പുരുഷനായി വെച്ചതിലെ പിഴവും എന്നാല്‍ അയാളുടെ സ്വീകാര്യതയും അയാളോടുള്ള സ്നേഹവും ഒരേ സമയത്ത് വെറുപ്പും എല്ലാംകൂടെ കലര്‍ന്ന്. ഒടുവില്‍ അയാള്‍ അനുഗ്രഹിച്ചു തന്നെ ആ വിവാഹം മുന്നോട്ടു പോകുമെന്ന അവസരത്തില്‍ ലളിത് അയാളോട് പൊട്ടിത്തെറിച്ചു കൊണ്ട് ഇറങ്ങിപ്പോകാന്‍ പറയുന്നതാണ് സിനിമ.

 

ലൈംഗീക വൈകൃതമുള്ള ഒരു മനോരോഗിയുടെ വിളനിലമാണ് കുടുംബങ്ങള്‍. കുട്ടികളെ ഇത്ര ഈസിയായി ഒരു പെഡോഫൈലിനു കിട്ടുന്ന ഒരു തട്ട് വേറെ ഇല്ല തന്നെ. ഒരമ്മാവന്‍, ചേട്ടന്‍, അയല്‍വാസി, അച്ഛന്‍ അങ്ങനെ എല്ലാ രൂപത്തിലും ഉണ്ട് കുടുംബങ്ങളില്‍ സാധാരണമായി ഇത്തരം ഒരു മനോരോഗി. ഇയാളുടെ ചെയ്തികള്‍ ഒളിഞ്ഞും തെളിഞ്ഞും ഒട്ടുമിക്ക കുടുംബാങ്ങള്‍ക്കും അറിവുണ്ടാവുകയും ചെയ്യും. പക്ഷെ നമ്മളെന്തു ചെയ്യും, കുടുംബത്തിന്‍റെ ഭദ്രത, സല്‍പ്പേര് അയാളുടെ അധികാരപ്പദവി എന്നീ കാരണങ്ങള്‍ കൊണ്ട് അയാളെ ഒരിക്കലും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരികയോ ശിക്ഷിക്കുകയോ ചെയ്യുന്നില്ല. എന്തിനാണ് നമ്മുടെ സമൂഹം ഇങ്ങനെ കുടുംബങ്ങള്‍ നിലനിര്‍ത്തുന്നത്? വളര്‍ന്നു വരുന്ന ബാല്യത്തില്‍ ഇത്തരത്തില്‍ ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്ന ക്രിമിനലുകളെ എന്തിനാണ് നമ്മള്‍ മതിക്കുന്നത്? ശൈശവത്തില്‍ പീഡനത്തിന് ഇരയാകുന്നവരില്‍ മാനസികമായും ശാരീരികമായും വളരെ ഗൌരവതരമായ പ്രത്യാഘാതങ്ങള്‍ ആണുണ്ടാവുക എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അവരുടെ വ്യക്തിത്വം വരെ ഇതുകൊണ്ട് മുറിവേറ്റ ഒന്നായി വളര്‍ന്നു വരുന്നു. വീണ്ടും വീണ്ടും തലമുറകള്‍ക്ക് കൈമാറുന്ന പോലെ സമൂഹത്തില്‍ ഈ ക്രൂരത നിലനില്‍ക്കുകയും ചെയ്യുന്നു. ഇരകളാകുന്ന ഇവരിലെ ചില ആണുങ്ങള്‍ വളര്‍ന്ന് ഇത്തരത്തിലെ പീഡനങ്ങള്‍ നടത്താനും ചില സ്ത്രീകള്‍ ഇതിനെതിരെ കുട്ടികളെ സംരക്ഷിക്കാന്‍ അശക്തരാവാനും സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. സമൂഹത്തിന്‍റെ ഈ മൌനം വീണ്ടും വീണ്ടും ഇത്തരം ക്രിമിനലുകളെ സൃഷ്ടിക്കുന്നതിന് കളമൊരുക്കുകയാണ് ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ 2011ല്‍ നിന്നും 2012ല്‍ 24% ആണ് കുട്ടികളുടെ മേലുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചത്. ഇതില്‍ 80% കേസുകളും നിയമത്തിന്‍റെ മുന്നിലെത്താതെ പോകുന്നുണ്ട്. 2012ല്‍ മാത്രം 455 ബലാത്സംഗങ്ങളാണ് കുട്ടികളുടെ മേല്‍ നടത്തിയതായി കണ്ടെത്തിയത്. രണ്ടില്‍ ഒരു കുട്ടിയെന്ന തോതിലെ അത്യന്തം അപകടകരമായ ഒരു അനുപാതത്തിലാണ് ശിശുപീഡനം ഇന്ത്യയില്‍ നടക്കുന്നതെന്നും ശിശു സംരക്ഷണ സമിതി റിപ്പോര്‍ട്ട് ചെയ്യുന്നു. നടത്തുന്ന സര്‍വേകളില്‍ എല്ലാം അമ്പതു ശതമാനത്തില്‍ കൂടുതലും യുവത്വം തങ്ങളുടെ ശൈശവത്തില്‍ പല വിധത്തിലുള്ള പീഡനങ്ങള്‍ ഏറ്റതായി സമ്മതിക്കുന്നു. ഇതില്‍ കാല്‍ഭാഗം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

 

 

കുറ്റവാളികള്‍ വീണ്ടും അച്ഛനോ അമ്മാവനോ ഒക്കെയായി കുടുംബങ്ങള്‍ നടത്തുന്നു. തന്നെ പീഡിപ്പിച്ചവരുടെ കൂടെ കുടുംബപശ്ചാത്തലത്തില്‍ ജീവിക്കേണ്ടി വരുന്നതിന്‍റെയും അവര്‍ തന്‍റെ ജീവിതത്തിലെ തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും പ്രാപ്തരായിരിക്കുകയും ചെയ്യുന്നതിലെ മാനസിക സമ്മര്‍ദ്ദം എത്രയായിരിക്കും ഒന്നാലോചിച്ചു നോക്കൂ. ഇതില്‍ ആണെന്നോ പെണ്ണെന്നോ വലിയ വ്യത്യാസങ്ങള്‍ ഇല്ലെന്നും സര്‍വേകള്‍ പറയുന്നു. ആണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നു എങ്കില്‍ പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നു എന്നതാണ് അനുപാതം. വികലമായ മനസ്സും, ഉടഞ്ഞുപോയ പ്രജ്ഞയുമായാണോ കുഞ്ഞുങ്ങള്‍ വളരേണ്ടത്‌? കുടുംബം എന്നത് നിലനിര്‍ത്താന്‍ സമൂഹത്തില്‍ ഇത്രയും വലിയൊരു അക്രമം വെച്ച് പൊറുപ്പിക്കുന്നത് നിര്‍ത്തുക തന്നെ വേണം. കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് അവര്‍ക്ക്‌ വളരാനും ജീവിക്കാനും ഉള്ള മാനുഷികമായ അവസരങ്ങള്‍ നല്‍കിക്കൊണ്ടാണ്. അല്ലാതെ അച്ഛനമ്മമാരുടെ നിലനില്‍പ്പിനും നാട്ടുകാരുടെയും വീട്ടുകാരുടെയും അംഗീകാരം നിലനിര്‍ത്താനും ഉള്ള പ്രഹസനങ്ങള്‍ക്ക് കുഞ്ഞുങ്ങളെ ബലികഴിച്ചുകൊണ്ടാകരുത്. ഏറ്റവും കൂടുതല്‍ ശിശുപീഡനം കുട്ടികള്‍ ഏല്‍ക്കുന്നത് കുടുംബാംഗങ്ങളില്‍ നിന്നും രക്ഷാകര്‍തൃ സ്ഥാനം ഉള്ളവരില്‍ നിന്നുമാണെന്ന് റിപ്പോര്‍ട്ടുകളും അനുഭവങ്ങളും വീണ്ടും വീണ്ടും സാക്ഷ്യപ്പെടുത്തുന്നു. ഇത് ലോകമെമ്പാടും ഉള്ള ഒരു പ്രതിഭാസമാണ് താനും.

 

തലമുറകളുടെ ഭാവിയും ജീവിതവും തുലച്ചുകൊണ്ട് എന്തിനാണ് നമ്മുടെ സമൂഹം ഇങ്ങനെ കുടുംബങ്ങള്‍ നിലനിര്‍ത്തുന്നത്? തെറ്റുനടന്നതായി അറിഞ്ഞാലും അറിഞ്ഞില്ലെന്നു ഭാവിക്കുന്നത് വഴി കുട്ടികളുടെ നീതിബോധവും പ്രതികരണശേഷിയും ഉള്‍പ്പടെയാണ് ഇല്ലാതാക്കപ്പെടുന്നത്. നിയമം അനുശാസിക്കുന്ന ഒരു ക്രിമിനല്‍ കുറ്റം പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറല്ലാത്ത മാതാപിതാക്കളില്‍ നിന്നും കുട്ടികളില്‍ എന്താണ് പഠിച്ചു വളരുക? എങ്ങനെയാണ് അവര്‍ സമൂഹത്തെ മുന്നോട്ടു നയിക്കുക?

 

പണത്തിന്‍റെ മേല്‍ കളിക്കുന്ന വിദ്യാഭ്യാസമെന്ന പ്രഹസന മേഖലയിലും കുട്ടികള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ ചെറുതല്ല. ശാരീരിക പീഡനം മുതല്‍ ബലാത്സംഗം വരെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്ന ബഹുമാന്യരായ അധ്യാപകര്‍ ഉള്ളതായി നമ്മുക്ക് അറിവില്ലാത്തതൊന്നും അല്ല. തക്ക സമയത്ത് തിരിച്ചറിയുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുക എന്നത് ഓരോ വ്യക്തിയുടേയും കടമയാകുന്നുണ്ട്. അവിടേയും പലപ്പോഴും കുടുംബം എന്ന അധികാര ശ്രേണിയില്‍ പെട്ട് കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ട്.

 

 പല വിദേശ രാജ്യങ്ങളിലും ഉള്ളത് പോലെ കുഞ്ഞുങ്ങള്‍ക്ക്‌ നേരിട്ട് വിളിച്ചറിയിക്കാന്‍ പറ്റുന്ന ഒരു നിയമ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. അല്ലെങ്കില്‍ തത്തുല്യ മറ്റൊരു സംവിധാനം. അച്ഛനമ്മമാരുടെ കാരുണ്യത്തിനു കാത്തുകിടക്കുന്ന വെറും ആശ്രിത വര്‍ഗ്ഗമല്ല കുഞ്ഞുങ്ങള്‍. നിയമം അവര്‍ക്ക്‌ പല അവകാശങ്ങളും കൊടുത്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍റെ കര്‍ശനമായ ഇടപെടല്‍ സ്കൂള്‍ തലം മുതല്‍ ഉണ്ടാകേണ്ട ഒരു അവസ്ഥയാണ് ഇന്നുള്ളത്. എന്നിട്ടും ഈ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ മുതല്‍ അങ്ങേയറ്റത്തെ നീതിപീഠം വരെ ഇതില്‍ നിശബ്ദമാണ്.

 

“ഓ! അത് സാരമില്ല, ഇനി സൂക്ഷിച്ചാല്‍ മതി കേട്ടോ” എന്ന് പൊടിതട്ടി വിടുന്ന പ്രവണത മാറണം. സ്വന്തം കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗ്ഗമായവര്‍ ആണ് ഇത് ചെയ്യുന്നതെങ്കില്‍ പലപ്പോഴും ആര്‍ക്കും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആകുന്നു. എന്താണൊരു പ്രതിവിധി, നമ്മളെ ഭരിക്കുന്ന സ്റ്റേറ്റ് എങ്ങനെയാണ് ഇത്തരം പ്രശനങ്ങള്‍ക്ക് പരിഹാരം കണ്ടിരിക്കുന്നത്?

 

ശൈശവത്തില്‍ അനുഭവിച്ചു പിന്നീട് മറക്കാമെന്ന് സൌകര്യമുള്ള ഒരു കുറ്റമല്ല ശിശു പീഡനം. അതിന്‍റെ അലകള്‍ ഉണ്ടാക്കുന്നത് പരുവപ്പെട്ടു വരുന്ന, വളരുന്ന തലച്ചോറില്‍ ആണ്. അത് ദീര്‍ഘകാലം ഒരുപക്ഷെ മരണം വരേയ്ക്കും നിലനില്‍ക്കുന്ന കുഴപ്പങ്ങളാണ് മനസ്സിലും ചിന്തയിലും പ്രവര്‍ത്തിയിലും വരുത്തുന്നത്.

ബെസ്റ്റ്  ഓഫ് അഴിമുഖം

സ്ത്രീകളേ, കിടക്കയില്‍ എന്തിനീ ശവാസനം?
ഞാനുമാണ് നിര്‍ഭയ, എങ്കില്‍
അമ്മയും പെങ്ങളും അല്ലാത്തവരെ എന്ത് ചെയ്യും മോദിജീ?
കരഞ്ഞു തീരാത്ത ഒരു പെണ്‍കുട്ടി
വിവാഹിതകളേ അതിലേ ഇതിലേ!

കുടുംബത്തിന്‍റെ പേരില്‍ കുട്ടികളെ ഏല്‍പ്പിക്കുന്ന മറ്റൊരു പീഡനം ആണ് യാതൊരു സ്വരച്ചേര്‍ച്ചയും ഇല്ലാത്ത മാതാപിതാക്കള്‍ എന്നത്. അവര്‍ പരസ്പരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും വ്യംഗ്യത്തിലും വാച്യത്തിലും പോരെടുക്കുമ്പോഴും ഇത് കണ്ടു ശ്രദ്ധിച്ചു വളരുന്ന കുട്ടികളുടെ മനസ്സില്‍ ഇതൊക്കെ പതിയുന്നുണ്ട് എന്നത് അവര്‍ മറന്നു പോകുന്നു. കുട്ടികളെന്നാല്‍ മനസ്സിലാക്കാന്‍ ശേഷി ഇല്ലാത്തവരാണ് എന്ന് ധരിച്ചു വെച്ചിട്ടുണ്ടെന്ന് തോന്നും അത്തരത്തിലെ ദമ്പതിമാരെ കാണുമ്പോള്‍. അവര്‍ ഉപയോഗിക്കുന്ന അസഭ്യ വാക്കുകള്‍, പെരുമാറ്റങ്ങള്‍, പരസ്പരം ഉന്നയിക്കുന്ന കുറ്റങ്ങള്‍, സ്നേഹമില്ലായ്മ ഇതെല്ലാം കുട്ടികള്‍ കണ്ടു പഠിക്കുന്നുണ്ട്. ഏതെങ്കിലും ഒരു മൂലയില്‍ മിണ്ടാതിരുന്നു കളിക്കുന്ന കുഞ്ഞിന്‍റെ ഇന്ദ്രിയവും തലച്ചോറും എന്തും ഒപ്പിയെടുക്കുന്ന ഒരു പ്രായത്തില്‍ ഉള്ള മനുഷ്യന്‍റെതാണ് എന്ന കാര്യം തന്നെ അവര് മറന്നു പോകുന്നുണ്ട്. ഇത്തരം പ്രവണതകള്‍ കുട്ടികളുടെ ചിന്താശേഷിയിലും വ്യക്തിത്വത്തിലും അറിയാതെ സ്വാധീനം ചെലുത്തും, ഫലം, അവര്‍ വളര്‍ന്നു വരുമ്പോള്‍ മിക്കവാറും ഇത്തരത്തിലെ ഒരു കുടുംബ അന്തരീക്ഷം തന്നെ അറിഞ്ഞുകൊണ്ടല്ല എങ്കിലും ഉണ്ടായി വരും. പാരമ്പര്യമായി പല കുടുംബങ്ങളും കൈമാറുന്നത് ഇത്തരം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ദാമ്പത്യങ്ങള്‍ ആണ്!!

 

 

എന്തെല്ലാം രീതിയിലാണ് സംരക്ഷണവും സ്നേഹവും നല്‍കേണ്ട കുടുംബമെന്ന ഘടന അവരവരുടെ കുഞ്ഞുങ്ങളെ ക്രൂശിക്കുന്നത്!

കുട്ടികളെ കൃത്യമായി പെരുമാറ്റത്തിന്‍റെ അതിരുകള്‍ പഠിപ്പിക്കണം. അവര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ കഴുകന്മാരുടെ കൈയ്യില്‍ പെടാതിരിക്കാന്‍ രക്ഷാകര്‍ത്താക്കളുടെ പ്രത്യേകം ശ്രദ്ധ വേണം. രക്ഷകര്‍ത്താവ് തന്നെ പീഡനം നടത്തുന്നവന്‍ ആകുന്ന കാലമായത് കൊണ്ട് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും അതിലുള്ള കുഞ്ഞുങ്ങളുടെ മേല്‍ ഒരുത്തരവാദിത്തം നിക്ഷിപ്തമാണ്, മൂത്തസഹോദരങ്ങള്‍ക്ക്‌ ഇളയ സഹോദരങ്ങളുടെ മേലും, ബന്ധുക്കളുടെ മേലും മറ്റും. ശിശു സംരക്ഷണ വിഭാഗം പല തരത്തിലെ കോഴ്സുകളും ലഘുലേഖകളും മറ്റും സമയാസമയം ഇറക്കുന്നുണ്ട്. അവനവന്‍റെ അവകാശങ്ങളെ പറ്റി ബോധവാന്മാരായി ഇരിക്കുന്നത് പോലെ കുഞ്ഞുങ്ങളുടെ അവകാശങ്ങളെ പറ്റിയും അറിഞ്ഞു വെച്ചിരിക്കുക. അവര്‍ക്ക്‌ തുറന്നു സംസാരിക്കാന്‍ ഉള്ള ധൈര്യവും അവസരവും ഉണ്ടാക്കുക. ഏറ്റവും കുറഞ്ഞത് സ്വന്തം കുഞ്ഞിനെ എങ്കിലും സംരക്ഷിക്കുക എന്നതാവുമല്ലോ എല്ലാവരുടേയും ആഗ്രഹം, അത് ഇത്തരത്തിലുള്ള ലൈംഗീക, ശാരീരിക അതിക്രമങ്ങള്‍ക്ക് എതിരേയും ആകട്ടെ. കുറ്റവാളികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരിക തന്നെ വേണം.

 

“ഞാനൊരു മുകുളമായിരുന്നു,

വിടരാന്‍ വെമ്പിയ മുകുളം.

വെളിച്ചവും വായുവും ഏറ്റു വളരാന്‍ കൊതിച്ച മുകുളം.

മൃദുവായ്‌ വിരിയാന്‍ ലോകത്തിനൊരു ചിരിയുമായി,

തൂമഞ്ഞിന്‍ തുള്ളികള്‍ തഴുകുന്നതും ഉദയവും കാത്തിരുന്നു ഞാന്‍. 

എങ്കിലുമെന്‍ തണ്ടില്‍ പെട്ടെന്നൊരു പിടി വീണു

ഉലച്ചുലച്ചവരെന്നെ ഭയപ്പെടുത്തി,

അന്ധാളിപ്പും ആശങ്കയുമെന്നെ അടിമുടിയെടുത്തെറിഞ്ഞു.

അവരെന്‍ കടയ്ക്കല്‍ വിഷം തൂകി നിറച്ചു,

അവരെന്‍ സിരകളില്‍ വിഷം കുത്തി നിറച്ചു.

അറിവും സ്നേഹവും ഒഴുകേണ്ടിയിരുന്നയിടത്ത്

രതിയും മൃഗതൃഷണയും ഒഴുക്കിയത്രയും.

  • ഇതായിരുന്നെന്‍ വിധി?

    ഇതായിരുന്നെന്‍ ജീവിതം?

    ഇതായിരുന്നെന്‍ ഭാവി?

    ഇതായിരുന്നെന്‍ ചിന്ത?

    ഇവയൊക്കെയിങ്ങനെ എങ്ങനെയായി?

    അറിയുക പൂമ്പാറ്റകളെ, കരി വണ്ടുകളെ,

    ചെറുപ്രാണികളെ തേന്‍ നുകരും ശലഭങ്ങളെ,

    ഇതാകുമായിരുന്നില്ല ഞാന്‍ ….

    എന്നിലെ കറ എന്‍റെതല്ല,

    എന്നിലെ അസ്ഥിരത എന്‍റെ അചിന്തയല്ല……

    എന്തുമായി വളരേണ്ടിയിരുന്ന എന്നെയവര്‍

    വെറുമൊരു ഇരമാത്രമാക്കി,

    ജീവിതം അങ്ങേയറ്റം വരെ

    ആരുടെയോ വികലതയില്‍ പതിഞ്ഞടിഞ്ഞു.

    എങ്കിലുമവര്‍ എന്‍റെ നേരേ വിരല്‍ ചൂണ്ടുന്നു….

    തെറ്റാണ് ഞാനെന്ന്,

    എന്നെ തെറ്റിച്ചവരാണ് ആ കൂട്ടത്തില്‍ മുന്നില്‍ അതാ,

    അവരാണ് ആദ്യ കല്ലെറിഞ്ഞത്,

    ഞാനാണ് തെറ്റെന്ന്.

    ഞാനല്ല തെറ്റ്,

    നിങ്ങളുടെ നിശബ്ദതയും,

    നിങ്ങളുടെ സഹനവും,

    നിങ്ങളുടെ നിഷ്ക്രിയത്വവും,

    നിങ്ങളുടെ സ്വാര്‍ഥതയും

    നിങ്ങളാണ് തെറ്റുകാര്‍….. “

     
      
മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍