UPDATES

ട്രെന്‍ഡിങ്ങ്

എന്തിനാണ് അവര്‍ ഞങ്ങളെ ഇത്രമാത്രം വെറുക്കുന്നത്? ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട 16കാരന്റെ കുടുംബം ചോദിക്കുന്നു

അവനൊരു കുട്ടിയായിരുന്നില്ലേ, അവര്‍ക്കെങ്ങനെ തോന്നി അവന്റെ ശരീരം കുത്തിക്കീറാന്‍?

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ജുനൈദിനും ഹാഷിമിനും ‘ഹാഫിസ്'(ഖുറാന്‍ മനഃപാഠമാക്കിയവര്‍)പട്ടം കിട്ടിയത്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ അവരുടെ പ്രയത്‌നം. മക്കളുടെ നേട്ടത്തിനുള്ള സമ്മാനമെന്ന നിലയില്‍ അമ്മ അവര്‍ക്ക് 1,500 രൂപ നല്‍കി.

‘ഹാഫിസ്’ ആയതിനുശേഷം വരുന്ന ആദ്യത്തെ ഈദ് ആണ്. ഹാഷിമിനും ജുനൈദിനും അതേറ്റവും ഭംഗിയായി വരവേല്‍ക്കണമെന്നുണ്ടായിരുന്നു. ഡല്‍ഹി ജമ മസ്ജിദ് സന്ദര്‍ശിക്കണം, കൂടെ ഒരു ഷോപ്പിംഗ്. സഹോദരങ്ങളുടെ തീരുമാനം അതായിരുന്നു. ഇരുട്ടുംമുന്‍പേ വീട്ടിലെത്താമെന്നു പറഞ്ഞപ്പോള്‍ അമ്മയും സമ്മതിച്ചു. പക്ഷേ പോയവരില്‍ ഒരാളെ തിരികെ വന്നള്ളൂ. മറ്റൊരാളുടെ മൃതദേഹമായിരുന്നു വീട്ടിലെത്തിയത്.

ഇന്നലെ മത്തൗര ലോക്കല്‍ ട്രെയിനില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് കൊല ചെയ്യപ്പെട്ട ജുനൈദ് എന്ന 16 കാരനാണ് മടക്കയാത്രയില്‍ മൃതദേഹമായി സ്വന്തം വീട്ടിലേക്ക് എത്തിയത്.
ഡല്‍ഹിയില്‍ നിന്നുള്ള മടക്കയാത്രയില്‍ ജുനൈദ് അടക്കം അഞ്ചുപേരാണ് സഹയാത്രികാരായിരുന്ന സംഘത്തിന്റെ അക്രമണത്തിന് ഇരയായത്. ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് ജുനൈദിനോടും കൂട്ടരോടും മറ്റുള്ളവര്‍ രോഷം പ്രകടിപ്പിക്കുകയും തുടര്‍ന്ന് തര്‍ക്കവും ആക്രമണവും ഉണ്ടാവുകയുമായിരുന്നു. കുത്തേറ്റ് ജുനൈദ് ആശുപത്രിയില്‍ എത്തുന്നതിനു മുന്നേ മരിച്ചു. സഹോദരനടക്കം മറ്റു നാലുപേര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച വൈകുന്നേരം ഹരിയാനയിലെ ഓക്‌ലയ്ക്കും അസോടിയ്ക്കും ഇടയിലായിരുന്നു സംഭവം. ആക്രമിക്കപ്പെട്ടവര്‍ ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ഖദ്വാലി എന്ന ചെറുഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു.

ഞങ്ങളെ അവര്‍ രാജ്യദ്രോഹികളെന്നും ഇറച്ചി തീറ്റക്കാരെന്നുമാണ് വിളിച്ചത്. ഞങ്ങള്‍ തലയില്‍വച്ചിരുന്ന വിശ്വാസ തൊപ്പി അവര്‍ തറയിലേക്ക് വലിച്ചെറിഞ്ഞു. ഞങ്ങളുടെ താടിയില്‍ പിടിച്ചുകൊണ്ട് ആക്ഷേപസ്വരത്തില്‍ മുല്ല എന്നാര്‍ത്തുവിളിച്ചു; പരിക്കേറ്റവര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നു.

അവന്‍ വലിയ സന്തോഷത്തിലായിരുന്നു. ഈദിന്റെയന്ന് അവന്‍ ഹാഫിസ് പട്ടംകിട്ടിയതിന്റെ പേരില്‍ ആദരിക്കപ്പെടാനിരുന്നതാണ്. റംസാന്‍ മാസം തുടങ്ങിയതു മുതല്‍ ജുനൈദും ഹാഷിമും എല്ലാ ദിവസവും പള്ളിയില്‍ പോയി ഖുറാന്‍ വായിക്കുമായിരുന്നു. ഈദ് നല്ലപോലെ ആഘോഷിക്കണമെന്നായിരുന്നു അവര്‍ക്ക്. ഡല്‍ഹി ജമ മസ്ജിദില്‍ പോകാന്‍ വേണ്ടി പുതിയ വസ്ത്രങ്ങളൊക്കെ വാങ്ങിയിരുന്നു. ഡല്‍ഹിയില്‍ പോയിട്ടു വരുമ്പോള്‍ മധുരപലഹാരങ്ങള്‍ വാങ്ങിക്കൊണ്ടുവരണമെന്ന് അവരോട് അമ്മ പറഞ്ഞേല്‍പ്പിച്ചിരുന്നു. ഈദിന് എല്ലാവര്‍ക്കും വിതരണം ചെയ്യാനായിരുന്നു. അധികം വൈകാതെ വീട്ടില്‍ എത്തിക്കോളാമെന്ന് ഞങ്ങളോട് വാക്കു തന്നിട്ടാണ് എന്റെ മക്കള്‍ അന്നു പോയത്. പക്ഷേ തിരികെ വന്നതെന്താ? എന്റെ കുഞ്ഞിന്റെ ശവം. എന്റെ മകന്റെ ശരീരം ഇങ്ങനെ കുത്തിതുളയ്ക്കാന്‍ മാത്രം അവര്‍ക്കെങ്ങനെ ഇത്രമാത്രം ക്രൂരരാകാന്‍ കഴിഞ്ഞു? ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നു.

ജുനൈദിന്റെ പിതാവ് ജലാലുദ്ദീനും സഹോദരന്‍ ഹാഷിമും( ഫോട്ടോ കടപ്പാട് ഹിന്ദുസ്ഥാന്‍ ടൈംസ്)

ഞാന്‍ വിവരമറിഞ്ഞ് എത്തുമ്പോള്‍ എന്റെ മകന്‍ ഹാഷിം രക്തത്തില്‍ കുളിച്ച ജുനൈദിന്റെ മൃതശരീരവും മടിയില്‍ കിടത്തി സ്‌റ്റേഷനില്‍ ഇരിക്കുകയായിരുന്നു. അവനൊരു കുട്ടിയായിരുന്നു. വെറും 16 വയസ്. എന്റെ മകനെ ഇങ്ങനെ ക്രൂരമായി കൊല ചെയ്യുന്നതരത്തില്‍ അവരെന്തുകൊണ്ടാണ് ഞങ്ങളെ ഇത്രയും വെറുക്കുന്നത്? ജലാലുദ്ദീന്‍ ചോദിക്കുന്നു.

വ്യാഴാഴ്ച വൈകുന്നേരം ജലാലുദ്ദീന്‍ മക്കളെ വിളിക്കാന്‍ ബല്ലാബ്ഗഡ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. നോമ്പ് തുറക്കുന്ന സമയമായതിനാല്‍ മക്കളുമൊത്ത് ഒരുമിച്ച് തുറക്കാമെന്നായിരുന്നു ജലാലുദ്ദീന്റെ മനസില്‍. പക്ഷേ അദ്ദേഹം എത്തുമ്പോഴേക്കും ട്രെയിന്‍ വന്നുപോയിരുന്നു.

എന്റെ മൂത്തമകന്‍ സക്കീര്‍ ആണ് ഫോണ്‍ ചെയ്ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് വരാന്‍ പറഞ്ഞത്. അവന്‍ അനിയന്മാരെ വിളിക്കാനായി അങ്ങോട്ട് പോയിട്ടുണ്ടെന്നും പറഞ്ഞു. എങ്കില്‍ ഒരുമിച്ച് നോമ്പു തുറക്കാമെന്നു ഞാനും കരുതി. പക്ഷേ ഞാനവിടെയെത്തുമ്പോഴേക്കും ട്രെയിന്‍ വന്നുപോയിരുന്നു. പക്ഷേ സ്റ്റേഷനില്‍ ഞാന്‍ മക്കളെ കണ്ടതുമില്ല. ഞാന്‍ സക്കീറിനെ ഫോണ്‍ ചെയ്തു, പക്ഷേ എടുത്തില്ല. ജുനൈദിനെയും ഹാഷിമിനെയും വിളിച്ചു നോക്കി. അവരും എടുക്കുന്നില്ല. വീട്ടിലേക്കു പോയിക്കാണുമെന്നാണ് കരുതിയത്. എനിക്കറിയില്ലല്ലോ എന്റെ കുഞ്ഞുങ്ങള്‍ ജീവനുവേണ്ടി പൊരുതുകയാണെന്ന്…ജലാലുദ്ദീന്‍ കണ്ണരോടെ പറയുന്നു.

ജുനൈദിന്റെ അമ്മ സൈറയോട് മകന്റെ മരണവാര്‍ത്ത ആരും പറഞ്ഞിരുന്നില്ല. ഇരുട്ടും മുന്നേ വീട്ടിലെത്താമെന്നു പറഞ്ഞു പെരുന്നാള്‍ ആഘോഷത്തിനു സാധനങ്ങള്‍ വാങ്ങാന്‍ പോയ മകന്‍ ഒരു ദിവസം കഴിഞ്ഞു മൃതശരീരമായി വീട്ടിലെത്തുമ്പോള്‍ മാത്രമാണ് ആ അമ്മ എല്ലാമറിയുന്നത്.

പതിവില്ലാതെ ഗ്രാമത്തിലെ സ്ത്രീകളെല്ലാം വീട്ടിലേക്കു വരികയും ജുനൈദിനെക്കുറിച്ച് നല്ലവാക്കുകള്‍ പറയുകയും ചെയ്തപ്പോള്‍ ഞാന്‍ സംശയിച്ചു. ഇവരെന്താ ഇങ്ങനെയൊക്കെ പെരുമാറുന്നത്? അവരാരും പറഞ്ഞില്ല എന്നോട്, എന്റെ മകന്‍ ഇനിയില്ലെന്ന്; കണ്ണീരു തോരാതെ സൈറ പറയുന്നു.

അവന്റെ ശരീരം വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് ഞാനെല്ലാം അറിയുന്നത്. വ്യാഴാഴ്ച രാത്രിയാകും മുന്നെ വീട്ടില്‍ വരാമെന്നു പറഞ്ഞുപോയ കുഞ്ഞുങ്ങളാണ്. വളരെ വൈകിയിട്ടും കാണാതായപ്പോള്‍ ഞാനെല്ലാവരോടും തിരക്കി. ആരും എന്നോടൊന്നും പറഞ്ഞില്ല. ഞാനവരുടെ അച്ഛനോട് പലവട്ടം ചോദിച്ചു. ഒന്നും മിണ്ടിയില്ല; സൈറയുടെ വാക്കുകള്‍.

ഈ ഈദ് വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്റെ മക്കള്‍ ഹഫീസ് ആയിരിക്കുന്നു. പക്ഷേ ഞാനെങ്ങനെ ഇനി പെരുന്നാള്‍ ആഘോഷിക്കണം? എനിക്കെന്റെ മകന്‍ പോയില്ലേ…ഇതെങ്ങനെ നീതിയാകും? എനിക്കെങ്ങനെ ഈ നഷ്ടം സഹിക്കാന്‍ കഴിയും? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍