UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോഷ്യല്‍ മീഡിയ കാലത്തിനു മുന്‍പ് ഒരു അകാല്‍പ്പനിക വിവാഹാഭ്യര്‍ത്ഥന

Avatar

ജെയ്നി എമായുസ്
(വാഷിംഗ്ടന്‍ പോസ്റ്റ്)

സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ കടല്‍ത്തീരത്തെ മണലില്‍ വിരിച്ച ടവലില്‍ മുട്ടുകുത്തി നിന്നു കൊണ്ട്, തന്‍റെ കാമുകിയെ വലിച്ചടുപ്പിച്ച് ആകാശത്തേയ്ക്ക് വിരല്‍ ചൂണ്ടുന്നു. അവിടെ, ഒരു വിമാനത്തില്‍ നിന്നു ആ വലിയ ചോദ്യം ചോദിച്ചു കൊണ്ടുള്ള ഒരു ബാനര്‍!

ഒരു ടാലന്‍റ് ഷോയിലെ മല്‍സരത്തിനിടയില്‍ ജഡ്ജുകളുടെ കമന്‍റുകള്‍ക്ക് കാത്തിരിക്കുമ്പോള്‍, അവളുടെ കാമുകന്‍ മുന്നില്‍ വന്നു മുട്ട് കുത്തിയിരുന്ന്, തിളങ്ങുന്ന ഡയമണ്ടുള്ള ഒരു ചെറിയ ബോക്സ് തുറക്കുന്നു!

തന്‍റെ കാമുകിയോടൊപ്പം താഴേക്കു വീണു കൊണ്ടിരിക്കേ ഒരു സ്കൈ ഡൈവര്‍ അവളോട് ഉറക്കെ വിളിച്ചു ചോദിക്കുന്നു “എന്നെ വിവാഹം കഴിക്കുമോ?”

അവരുടെ ഒരു സുഹൃത്ത് ഇത് സെല്‍ഫോണ്‍ കാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. മിനുട്ടുകള്‍ക്കകം ആ വീഡിയോ വൈറല്‍ ആകുന്നു.

ഇത്തരം അസുലഭ നിമിഷങ്ങള്‍ റൊമാന്‍റിക് ആണ്, എന്നാല്‍ ഇതൊന്നും സന്തോഷകരമായ ദാമ്പത്യം വാഗ്ദാനം ചെയ്യുന്നില്ല. ദാമ്പത്യത്തിന്‍റെ ഉറപ്പ് ചെറിയ സ്വകാര്യ നിമിഷങ്ങളില്‍ ആണെന്ന് ഞാന്‍ കരുതുന്നു. അടഞ്ഞ വാതിലിനപ്പുറത്ത് നടക്കുന്ന സംഭാഷണങ്ങളില്‍. പങ്കാളികള്‍ക്കിടയിലെ ആത്മാര്‍ഥമായ പങ്കുവയ്ക്കലുകളില്‍. ഒരുമിച്ചുള്ള ജീവിതത്തിലെ സാധാരണ സന്ദര്‍ഭങ്ങളില്‍- പാത്രം കഴുകുമ്പോളും, ബില്ലുകള്‍ തീര്‍ക്കുമ്പോളും, സാധനം വാങ്ങാന്‍ ലിസ്റ്റ് ഉണ്ടാക്കുമ്പോളുമൊക്കെയായി വളരുന്ന പരസ്പര വിശ്വാസത്തില്‍.

37 വര്‍ഷമായി ഞാനും എന്‍റെ ഭര്‍ത്താവും സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. പക്ഷേ തുടക്കത്തില്‍ ഒട്ടുമേ റൊമാന്‍സ് ഇല്ലായിരുന്നു എന്നതാണു സത്യം. അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ ആ പ്രൊപ്പോസലിന് എന്‍റെ പോലും “ലൈക്” കിട്ടില്ലായിരുന്നു.

വര്‍ഷം 1978. “സ്റ്റാര്‍ വാര്‍സ്” ഒരു സംഭവം ആയി കഴിഞ്ഞിട്ടില്ല. നീട്ടി വളര്‍ത്തിയ മുടിയും, ഡിസ്ക്കോയും, വലിയ കുക്കിങ് പോട്ടും (Crackpot) ഒക്കെയാണ് അന്നത്തെ തരംഗം. രാത്രിയില്‍ ഗിറ്റാര്‍ വായനയും പകല്‍ ഒരു സില്‍ക് സ്ക്രീന്‍ ഷോപ്പില്‍ ജോലിയുമുള്ള, രണ്ടു ചെറിയ കുട്ടികളുള്ള അയാളോട് എനിക്കു കടുത്ത പ്രേമമായിരുന്നു.

ഞാന്‍ ഗ്രാന്‍ഡ് റാപ്പിഡ്സ് ഔള്‍സ് ഹോക്കി ടീമിന്‍റെ ബുക്ക്കീപ്പറായി ജോലി ചെയ്യുകയായിരുന്നു. ഫോണ്‍ വിളികള്‍ കൈകാര്യം ചെയ്യുകയും അവരുടെ ബില്ലുകള്‍ അടയ്ക്കുകയും ബാങ്ക് അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു, കളികള്‍ ഉള്ളപ്പോള്‍ ബോക്സ് ഓഫീസിലും പണിയെടുത്തു.

അങ്ങനെ ഒരു മാച്ച് ദിവസം. ഞാന്‍ ടിക്കറ്റുകള്‍ വിറ്റും, ഇരിപ്പിടങ്ങളുടെ സംവിധാനം പഠിച്ചും, ആവേശഭരിതരായ കാണിക്കൂട്ടങ്ങളെ നിയന്ത്രിച്ചും, ചില്ലറ തയ്യാറാക്കി വച്ചുമൊക്കെ ഇരിക്കുന്നു. കൌണ്ടറിന് പുറത്ത് ക്യൂവിന്‍റെ നീളം കുറയുന്നതിന് പകരം കൂടുന്നു. അപ്പോളാണ് എന്‍റെ ഭാവി ഭര്‍ത്താവ് ജനലിനരികില്‍ എത്തിയത്. ആദ്യകാലത്തൊക്കെ അദ്ദേഹത്തെ കാണുമ്പോള്‍ സംഭവിക്കാറുള്ള പോലെ എന്‍റെ ഹൃദയം പടപടാ മിടിച്ചു.

ഞങ്ങള്‍ ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ടു കുറച്ചു നാളായിരുന്നു, ഞാന്‍ അദ്ദേഹത്തിന്‍റെ രീതികളൊക്കെ പഠിച്ചു വരുന്നു. ടൂത്ത് പേസ്റ്റിന്‍റെ ട്യൂബ് ഞെക്കി അങ്ങേയറ്റത്തു നിന്ന് പേസ്റ്റ് പുറത്തെടുക്കുന്ന ആള്‍ എങ്ങനെ ഇങ്ങനെ തുണികള്‍ നിലത്തൊക്കെ വാരി വലിച്ചിടുന്നുവെന്ന് അമ്പരക്കുമായിരുന്നു.

ടിക്കറ്റ് ബൂത്തിന്‍റെ അപ്പുറത്തു നിന്ന് ആള്‍ ചിരിച്ചപ്പോള്‍ അതൊരു പതിവ് ചിരിയല്ല എന്നെനിക്കു തോന്നി, എന്തോ ഒളിപ്പിക്കുന്ന പോലെ. പക്ഷേ അതൊന്നും ആലോചിച്ചു കണ്ടുപിടിക്കാന്‍ നേരമില്ല, എനിക്കു ടിക്കറ്റുകള്‍ വിറ്റു തീര്‍ക്കണം.

പിന്നേയും അവിടെ തന്നെ നിന്ന് അദ്ദേഹം ഒരു സ്കൂള്‍ പയ്യനെ പോലെ ചിരിച്ചു. എനിക്കു ദേഷ്യം വന്നു തുടങ്ങി, ക്യൂവില്‍ മറ്റാളുകള്‍ കാത്തു നില്ക്കുന്നു.

“എവിടെയാ ഇരിക്കേണ്ടത്? വേഗം പറയൂ,” ഞാന്‍ ധൃതിപ്പെട്ടു.

“നമുക്ക് വിവാഹം കഴിക്കാം,” ബൂത്തിലേയ്ക്ക് ചാരി എന്‍റെ കൈ സ്വന്തം കയ്യിലെടുത്ത് അദ്ദേഹം പറഞ്ഞു.

“എന്താ?” ഞങ്ങളുടെ വിരലുകള്‍ മുട്ടിയുരുമ്മുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.

“എന്നെ വിവാഹം കഴിക്കൂ.”

മോതിരമില്ല, ഒരിയ്ക്കലും മരിക്കാത്ത സ്നേഹത്തെ പറ്റിയുള്ള പ്രഖ്യാപനമില്ല, വെടിക്കെട്ടില്ല, ഇയാള്‍ എന്താ ടിക്കറ്റ് വാങ്ങാന്‍ ഇത്ര താമസിക്കുന്നത് എന്ന് എത്തിനോക്കുന്ന ഒരു വരി ആള്‍ക്കാര്‍ മാത്രം.

അന്തംവിട്ടു സംസാരിക്കാനാവാതെ ഞാന്‍ തുറിച്ചു നോക്കിയിരുന്നു.

“അടുത്തയാഴ്ച,” എന്നിട്ട് അതാണ് പ്രായോഗികം എന്ന് വിശദീകരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന് മുന്‍വിവാഹത്തിലെ കുട്ടികളെ സന്ദര്‍ശിക്കാനുള്ള അനുവാദം വേണമായിരുന്നു. ഞങ്ങളുടെ ഒരുമിച്ചുള്ള താമസം കുട്ടികളുടെ മേലുള്ള അവകാശത്തെ പറ്റിയുള്ള വാദം കേള്‍ക്കലില്‍ സഹായകമാവില്ല.

എന്തു ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു. സമ്മതിക്കണോ? വേണ്ടയോ? കൌണ്ടറില്‍ നിന്നെണീറ്റ് ഓടിപ്പോയി ഛര്‍ദിക്കണോ എന്നുവരെ തോന്നിപ്പോയി.

അദ്ദേഹത്തിന്‍റെ വാക്കുകള്‍ കാര്യമാത്രപ്രസക്തമായിരുന്നു. പക്ഷേ കുട്ടികളോടുള്ള സ്നേഹത്തില്‍ നിന്നാണവ വന്നതെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം ഒരു നല്ല അച്ഛനായിരുന്നു- എനിക്ക് കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്കായി ഞാന്‍ ആഗ്രഹിച്ചിരുന്ന പോലെയൊരാള്‍.

ഞാന്‍ പതുക്കെ ശാന്തത വീണ്ടെടുത്തു, ഏത് സീറ്റാണ് അദ്ദേഹത്തിന് വേണ്ടതെന്ന് ചോദിച്ച് ടിക്കറ്റ് കൊടുത്തു. എന്നിട്ട് അദ്ദേഹം സ്റ്റേഡിയത്തിന്‍റെ കവാടത്തിലേയ്ക്ക് നടക്കുന്നതു നോക്കിയിരുന്നു. തല കുനിച്ച്, തോളുകള്‍ ഇടിഞ്ഞ്.

ഞാന്‍ ടിക്കക്കെറ്റ് ബൂത്തില്‍ നിന്നു തല പുറത്തേക്കിട്ട് നോക്കിയതും അദ്ദേഹം തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു. ഒരുനിമിഷം ഞങ്ങള്‍ പരസ്പരം നോക്കി, എന്‍റെ നോട്ടം അദ്ദേഹത്തിനുള്ള ഉത്തരമായിരുന്നു.

രണ്ടാഴ്ചയ്ക്ക് ശേഷം കോടതിയില്‍ ഞങ്ങളുടെ വിവാഹം നടന്നു.

വിശദമായ സ്നേഹപ്രകടനങ്ങള്‍ക്കും പറച്ചിലിനും ഞങ്ങള്‍ക്ക് സമയമുണ്ടായിരുന്നില്ല, അതിന്‍റെ ആവശ്യവും ഉണ്ടായിരുന്നില്ല.

എനിക്കേറ്റവും പ്രധാനപ്പെട്ടത് “ഈ മനുഷ്യന്‍റെ കൂടെയാണ് ഇനിയുള്ള ജീവിതം ജീവിക്കേണ്ടത്” എന്ന എന്‍റെ ഉള്ളിലെ തോന്നലായിരുന്നു. വിവാഹ പ്രതിജ്ഞകള്‍ എങ്ങനെ പറയണം എന്നാലോചിച്ച് സമയം കളയാതെ അതിനു ശേഷമുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധിച്ചു: ഒരുമിച്ചൊരു ജീവിതം കെട്ടിപ്പടുക്കുന്നതില്‍. കുട്ടികളെ വളര്‍ത്തുന്നത് മുതല്‍ ഒരുമിച്ച് ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വരെ. ഡിഷ് വാഷര്‍ ചുമന്നു കൊണ്ട് വരുന്നത് മുതല്‍ ഡ്രൈ ക്ലീനിങ്ങിന് വസ്ത്രങ്ങള്‍ കൂട്ടി വയ്ക്കുന്നത് വരെ. അങ്ങനെ ഇപ്പോള്‍ നരച്ച മുടിയിലേയ്ക്കും ചുളിഞ്ഞ തൊലിയിലേയ്ക്കും ഞങ്ങള്‍ ഒരുമിച്ച് അനായാസം നടന്നുകയറുകയാണ്.

തീര്‍ച്ചയായും, ആരും പരിപൂര്‍ണരൊന്നുമല്ല. എന്നും കട്ടില്‍ത്തലയ്ക്കല്‍ മുഷിഞ്ഞ തൂവാല കൊണ്ടിടുന്ന ഭര്‍ത്താവിന്‍റെ സ്വഭാവം എന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. ടി‌വി പരിപാടികളില്‍ ഞങ്ങളുടേത് വ്യത്യസ്ഥ ഇഷ്ടങ്ങളാണ്. ഞാന്‍ ടീഷര്‍ട്ടുകള്‍ മടക്കി വയ്ക്കുന്ന രീതി അദ്ദേഹത്തിന് ഇഷ്ടമല്ല.

പക്ഷേ എന്‍റെ പൊട്ടത്തരങ്ങള്‍ കണ്ട് അദ്ദേഹം ചിരിക്കുന്നത് കാണാന്‍ എനിക്കു വലിയ ഇഷ്ടമാണ്. ഞാന്‍ കാല് തിരുമ്മി കൊടുക്കുന്നത് അദ്ദേഹത്തിനും വലിയ പ്രിയമാണ്. എന്‍റെ ശരീരത്തിലെ മാറ്റങ്ങള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നുവെന്നത് എനിക്കു സന്തോഷമാണ്.

അന്ന് ടിക്കറ്റ്ബൂത്തില്‍ നടന്ന കാര്യങ്ങള്‍ “റീപ്ലേ” ചെയ്യാന്‍ അവസരം തന്നാല്‍ ഞാന്‍ ഒന്നുംതന്നെ മാറ്റില്ല. നിങ്ങള്‍ എങ്ങനെ ഒന്നു ചേര്‍ന്നു എന്നതിലല്ല, നിങ്ങള്‍ എങ്ങനെ ഒരുമിച്ച് ജീവിച്ചു എന്നതിലാണ് സന്തോഷകരമായ ദാമ്പത്യത്തിന്‍റെ രഹസ്യമുള്ളത്.

(പ്രശസ്ത ബ്ലോഗ്ഗറാണ് ലേഖിക- www.janieemaus.com)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍