UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാനും രാഹുല്‍ ഗാന്ധിയെ പിന്തുണച്ചേക്കാം; മറ്റാരേയും കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കൊണ്ടു വരില്ല എന്നതുകൊണ്ട് ഞാനും രാഹുല്‍ ഗാന്ധിയെ പിന്തുണച്ചേക്കാം; മറ്റാരേയും കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കൊണ്ടു വരില്ല എന്നതുകൊണ്ട്

ടീം അഴിമുഖം

ടീം അഴിമുഖം

ജിജി ജോണ്‍ തോമസ്‌

ഒരു മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയശേഷം വീണ്ടും ജനവിധി നേടി അധികാരത്തിലേറിയ നെഹ്രു കുടുംബത്തിനു പുറത്തു നിന്നുള്ള ആദ്യ പ്രധാനമന്ത്രിയാണ് ഡോ.മന്‍മോഹന്‍ സിങ്ങ്. നെഹ്രു കുടുംബത്തിനുപുറത്തുനിന്ന് ആറു വര്‍ഷത്തിലധികം പ്രധാനമന്ത്രിയായി അധികാരത്തിലിരുന്ന ആദ്യ വ്യക്തിയും ഡോ.മന്‍മോഹന്‍ സിങ്ങ് തന്നെ – തുടര്‍ച്ചയായി 10 വര്‍ഷം. അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിച്ചതിന്റെ പിന്‍ബലത്തില്‍ ഇന്ദിരാഗാന്ധി ഭരിച്ചതൊഴിച്ചാല്‍ മുന്‍പ് തുടര്‍ച്ചയായി പത്തുവര്‍ഷം അധികാരത്തിലിരുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മാത്രം! വസ്തുതകള്‍ ഇങ്ങനെയൊക്കെയായിട്ടും, സ്വാതന്ത്ര്യം നേടിയിട്ട്  കേവലം ഏഴു പതിറ്റാണ്ടില്‍ താഴെ മാത്രം കാലം പിന്നിടുന്ന ഒരു രാജ്യത്ത് ഒരു പതിറ്റാണ്ട് അധികാരത്തിലിരുന്ന ഒരു പ്രധാനമന്ത്രിക്ക് അദ്ദേഹം അര്‍ഹിക്കുന്ന ആദരവ് നല്‍കുന്നുവോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കോണ്‍ഗ്രസ്സുകാരനായ ഡോ. മന്‍മോഹന്‍ സിങ്ങ് നെഹ്രു കുടുംബത്തിലെ അംഗമല്ല എന്നതുതന്നെ അതിന് കാരണം.

സ്വതന്ത്രഭാരതം രാഷ്ട്രീയമായി ഏറ്റവും അനിശ്ചിതത്വം നേരിട്ട തൊണ്ണൂറുകളുടെ തുടക്കത്തില്‍ ന്യൂനപക്ഷ സര്‍ക്കാരായി അധികാരമേറ്റ് മികച്ചതും സുസ്ഥിരവുമായ ഭരണത്തിനു നേതൃത്വം നല്‍കിയ അന്തരിച്ച പി വി നരസിംഹറാവുവിനെയും ‘ചുമക്കാന്‍’ സോണിയ കോണ്‍ഗ്രസ്സ് തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചാരക പോസ്റ്ററുകളിലൊന്നും പില്‍ക്കാലത്തു റാവുവിനു സ്ഥാനം ഉണ്ടായിരുന്നില്ല. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ള ഒരു നേതാവിനെ ദേശീയ ഹീറോ ആക്കുവാന്‍ കുടുംബം അറിഞ്ഞുകൊണ്ടു കൂട്ടുനില്‍ക്കില്ലെന്നു വ്യക്തം. കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെടുന്നതിനേക്കാള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ തങ്ങളുടെ പ്രാമാണ്യം നഷ്ടപ്പെടുന്നതിനെ നെഹ്‌റു-സോണിയാ കുടുംബം ഭയപ്പെടുന്നു അല്ലെങ്കില്‍ ഇഷ്ടപ്പെടുന്നില്ല എന്നുവേണം മനസ്സിലാക്കുവാന്‍.

1996-ല്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍  പരസ്യമായി പ്രചരണ രംഗത്തിറങ്ങുവാന്‍ സോണിയ (അന്നവര്‍ പാര്‍ട്ടി അദ്ധ്യക്ഷ ആയിട്ടില്ല) തയ്യാറായില്ല – ‘മറ്റുള്ളവരുടെ വിഴുപ്പ്’ തങ്ങളെന്തിനു ചുമക്കണം എന്ന വ്യംഗ്യേന. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ എന്ന നിലയില്‍ തള്ളാനും വയ്യ, എന്നാല്‍ രണ്ടാം വട്ടം റാവു അധികാരത്തിലെത്തണമെന്ന് അവര്‍ക്കൊട്ടാവശ്യവുമില്ല എന്ന അവസ്ഥ. യു.പി.എ സഖ്യത്തിന്റെ ചെയര്‍പേഴ്‌സണും ഒപ്പം കോണ്‍ഗ്രസ്സ് അദ്ധ്യക്ഷയും ആണെന്നിരിക്കെ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിനെ സോണിയക്ക് അങ്ങിനെ നിസംഗമായി നോക്കിക്കാണാനാവുമായിരുന്നില്ല. യു പി എ സര്‍ക്കാരിന്റെ നയരൂപീകരണത്തിലും ഭരണത്തില്‍ തന്നെയും സോണിയക്കുണ്ടായിരുന്ന നിസ്തര്‍ക്കമായ സ്വാധീനം നിഷേധിക്കാനാവുമായിരുന്നില്ല. കൂടാതെ ഡോ.മന്‍മോഹന്‍ സിങ്ങിന്റെ ദേശീയതലത്തില്‍ ഭേദപ്പെട്ട സ്വീകാര്യത പരിഗണിക്കുമ്പോള്‍ പൊടുന്നനേ തള്ളിപ്പറയുന്നത് ഒരു പക്ഷേ വിപരീതഫലം ഉണ്ടാക്കുകയും ചെയ്‌തേക്കും എന്ന തിരിച്ചറിവും ഉണ്ടായിരുന്നിരിക്കണം.

ഒരു നെഹ്‌റു കുടുംബേതര കോണ്‍ഗ്രസ് പ്രധാനമന്ത്രി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടുന്നതില്‍ പാര്‍ട്ടിയില്‍ ഇതരശക്തി കേന്ദ്രങ്ങള്‍ ഉടലെടുക്കുവാന്‍ കാരണമാവുമെന്നും അതു തങ്ങളുടെ കുടുംബ താല്‍പര്യങ്ങള്‍ക്ക് ഹിതകരമാവില്ലെന്നും സോണിയയ്ക്ക് നന്നായറിയാം. റാവു സര്‍ക്കാരിന്റെ നേട്ടവും  കോട്ടങ്ങളുമെന്നും  കോണ്‍ഗ്രസ്സിന്റെ പറ്റില്‍ വരവു വയ്ക്കാന്‍ ശ്രമിക്കാഞ്ഞത് അതു കൊണ്ടുതന്നെ. ഡോ. മന്‍മോഹന്‍ സിങ്ങിനെയും അദ്ദേഹത്തിന്റെ ഭരണത്തെയും പെട്ടെന്നു തള്ളാനാവില്ലെങ്കില്‍ കൂടി  ഭാവിയില്‍ നിഷേധിക്കുവാനുള്ള ഒരു അകലം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഇതുതന്നെ. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട യു പി എ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ‘ക്ഷുഭിതനായ’ രാഹുല്‍ പരസ്യമായി കീറികളഞ്ഞതൊക്കെയും (സംഗതി പാളിയെങ്കിലും) അത്തരമൊരു അകലമിടുന്നത് ലക്ഷ്യമിട്ടു തന്നെ ആയിരുന്നു.

ജനവിധി എങ്ങനെ വരുമെന്നു നോക്കിനിലപാടെടുക്കുവാനായിരുന്നു സോണിയ അനുകൂലികള്‍ ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തം. മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിനനുകൂലമെന്ന തരത്തില്‍ വിധിയെഴുത്തുവന്നാല്‍ ക്രെഡിറ്റ് സോണിയക്കും രാഹുലിനും. മറിച്ച് ജനവിധി അത്രക്ക് അനുകൂലമല്ലെങ്കില്‍ പരാജയഭാരം മന്‍മോഹനു പോകട്ടെ. എന്നാല്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ അചിന്തിതമായ തോതിലുണ്ടായ വമ്പന്‍ പരാജയം പ്രധാനമന്ത്രിയില്‍ പഴി ചാരി രക്ഷപ്പെടുന്നതിനും അദ്ദേഹത്തെ പാടേ തള്ളുന്നതിനും ഉള്ള സാദ്ധ്യതകള്‍ കൊട്ടിയടച്ചു. റാവുവിനോടും ഇതായിരുന്നു സമീപനം. വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ നയമാണ് നടപ്പാക്കിവരുന്നത്; ജയിച്ചാല്‍ ദേശീയ നേതൃത്വത്തിന്റെ – നെഹ്‌റു കുടുംബത്തിന്റെ മിടുക്ക്, തോറ്റാല്‍ സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേട്!

1989 മുതലുള്ള കാല്‍ നൂറ്റാണ്ടിനിടെ അധികാരത്തിലേറിയ 5 മന്ത്രിസഭകള്‍ (വി പി സിങ്ങ്, ചന്ദ്രശേഖര്‍, എച്ച് ഡി ദേവഗൗഡ, ഐ കെ ഗുജ്‌റാള്‍, വാജ്‌പേയിയുടെ 98-ലെ മന്ത്രിസഭ എന്നിവ) പരാജയപ്പെട്ടതിനിടയിലാണ് അധികാരമേറിയ മൂന്നു വട്ടവും കോണ്‍ഗ്രസ്സിന്റെ നരസിംഹറാവു –  മന്‍മോഹന്‍സിങ്ങ് മന്ത്രിസഭകള്‍ കാലാവധി പൂര്‍ത്തിയാക്കിയത് എന്നത് നിസാര കാര്യമല്ല. നരസിംഹറാവുവിനെയും മന്‍മോഹന്‍സിങ്ങിനെയും നിരാകരിക്കുന്നതിലൂടെ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലെ രാഷ്ട്രീയ അസ്ഥിരതയ്ക്കിടയിലെ 15 സുസ്ഥിര ഭരണവര്‍ഷങ്ങളെ തന്നെയാണ് കോണ്‍ഗ്രസ്സ് നിരാകരിക്കുന്നത്. കാല്‍ നൂറ്റാണ്ടിനിടയില്‍ ഇന്ത്യ കണ്ട 7 പ്രധാനമന്ത്രിമാരില്‍ ഇവരെകൂടാതെ വാജ്‌പേയിക്ക് (1999 -2004) മാത്രമാണ് ഒരിക്കലെങ്കിലും കാലാവധി പൂര്‍ത്തിയാക്കാനായത് എന്നതോര്‍ക്കുക.

സോണിയയും കുടുംബവും തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടത് എന്നനിലയില്‍ പാര്‍ട്ടി നിയന്ത്രണം, കയ്യാളാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ യഥാര്‍ത്ഥ ശക്തി വാസ്തവത്തില്‍ അതിനെ സാധൂകരിക്കുന്നുണ്ടോ?  സോണിയ, കോണ്‍ഗ്രസ്സ് അദ്ധ്യക്ഷപദവി ഏറ്റെടുത്തതു മുതല്‍ നടന്ന ഓരോ തെരഞ്ഞെടുപ്പു ഫലവും വസ്തു നിഷ്ഠമായി അപഗ്രഥിച്ചാല്‍ പാര്‍ട്ടി തങ്ങള്‍ക്ക് തീറെഴുതണമെന്ന അവരുടെ അവകാശവാദത്തിന്റെ പൊള്ളത്തരം ബോധ്യമാകും. സോണിയയും മക്കളായ രാഹുലും പ്രിയങ്കയും നേരിട്ടു പ്രചരണം നടത്തിയ മേഖലകളിലോ മണ്ഡലങ്ങളിലോ കോണ്‍ഗ്രസിന് ഇവര്‍ പ്രചരണത്തിന് ചെന്നെത്താത്ത മേഖലകളെക്കാള്‍ മുന്‍തൂക്കം നേടുവാന്‍ ഒരു തെരഞ്ഞെടുപ്പിലും കഴിഞ്ഞിട്ടില്ല. പാര്‍ട്ടി നേതൃത്വം, അതുവഴി പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ രാജ്യഭരണത്തിനുള്ള അര്‍ഹത, ഒളിഞ്ഞും തെളിഞ്ഞും അവകാശപ്പെടുന്നവര്‍ക്ക് സ്വന്തം സംസ്ഥാനത്ത് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുവാന്‍ കഴിയില്ലെന്നതു പോകട്ടെ മുഖ്യപ്രതിപക്ഷ കക്ഷിയായി ഉയര്‍ത്താനെങ്കിലും കഴിയണ്ടേ? 

യഥാര്‍ത്ഥത്തില്‍ ഒരേ തലത്തില്‍ നില്‍ക്കുന്ന വിവിധ സംസ്ഥാന നേതാക്കള്‍ക്ക് തങ്ങള്‍ക്ക് സമനായ  ഇതര സംസ്ഥാന നേതാവിനെ തങ്ങളുടെ നേതാവായി, പാര്‍ട്ടി തലത്തിലോ, ഭരണ തലത്തിലോ, അംഗീകരിക്കുവാനുള്ള വിമുഖതയാണ് എപ്പോഴും നെഹ്‌റു കുടുംബത്തിന് കാര്യങ്ങള്‍ അനുകൂലമാക്കുന്നത . ദേശീയതലത്തില്‍  കുറച്ചൊക്കെ സ്വീകാര്യത കൈവന്നു തുടങ്ങിയിരുന്ന മാധവറാവു സിന്ധ്യയുടെയും രാജേഷ് പൈലറ്റിന്റെയും, ആന്ധ്രപ്രദേശില്‍ ശക്തനായി നിലകൊണ്ട വൈ.എസ് ആര്‍ രാജശേഖര റെഡ്ഡിയുടേയും അകാലമരണവും, ശരത്പവാറിന്റെ പാര്‍ട്ടി പിളര്‍ത്തലും സോണിയക്ക് കാര്യങ്ങള്‍ ഏറെ എളുപ്പമാക്കുകയും ചെയ്തു. ഇന്നിപ്പോള്‍ സോണിയ കുടുംബത്തിന്റെ നേതൃത്വത്തെ വെല്ലുവിളിക്കാന്‍പോന്ന ആരും തല്‍ക്കാലം പാര്‍ട്ടിയില്‍ ഇല്ലെന്നുതന്നെ പറയാം. കാലാകാലങ്ങളില്‍ നെഹ്‌റു കുടുംബത്തിന്റെ താന്‍പോരിമയെ ചോദ്യം ചെയ്തവര്‍ക്കൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പാര്‍ട്ടി വിടേണ്ടിവന്നു.

സോണിയയ്ക്കും രാഹുലിനും പകരം വയ്ക്കാന്‍ കോണ്‍ഗ്രസില്‍ വേറെ നേതാക്കളില്ല എന്നാണ് സോണിയാ കുടുംബ സില്‍ബന്തികളുടെ സമീപനം. അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണം പാര്‍ട്ടി തന്നെയാണ്. വ്യക്തിത്വവും നേതൃഗുണവും ഒപ്പം രാഷ്ട്രീയാടിത്തറയുമുള്ള നേതാക്കളെ ഒരു പരിധിക്കപ്പുറം വളരുവാനനുവദിക്കാതെ  തളച്ചിടുകയാണ് ഇന്ദിരയും രാജീവും, ഇപ്പോള്‍ സോണിയയും ചെയ്തുവരുന്നത്. രാഹുല്‍ഗാന്ധിയുടെ ജീവിതകാലയളവിലും കൂടുതല്‍ കാലം ഭരണരംഗത്തും, സംഘടനാതലത്തിലും, പൊതുപ്രവര്‍ത്തന മേഖലയിലും ഏറെ പ്രാഗല്ഭ്യം തെളിയിച്ച ജനകീയരും അനുഭവസമ്പന്നരുമായ എത്രയോ മികച്ച നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. നെഹ്‌റു കുടുംബത്തിലെ ഇളംമുറക്കാരനു മുന്‍പില്‍ ഇവര്‍ വിനയാന്വിതരായി നില്‍ക്കേണ്ടിവരുന്നത് അരുതാത്തതാണ്. ഭരണശേഷിയും നേതൃഗുണവും ഒരു കുടുംബത്തിനുമാത്രം ജന്മം കൊണ്ടു കിട്ടുകയും  മറ്റാര്‍ക്കും കര്‍മ്മം കൊണ്ടുപോലും നേടാനാവില്ലെന്നും ശഠിക്കുന്നത് ബാലിശമാണ്.

കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പുവരെ കേവലം ഒരു സംസ്ഥാന നേതാവു മാത്രമായിരുന്ന നരേന്ദ്ര മോദിയെ, ചിട്ടയായ പദ്ധതിയിലൂടെ ദേശീയ നേതാവായി ഉയര്‍ത്തികൊണ്ടു വന്ന ബി ജെ പിയുടെ രാഷ്ട്രീയ  വൈദഗ്ദ്ധ്യം കോണ്‍ഗ്രസ് മാതൃകയാക്കേണ്ടതാണ്.  ഭരണനിപുണതയായാലും രാഷ്ട്രീയ  സൗമ്യതയായാലും പാര്‍ട്ടിയ്ക്കു പുറത്തും പിന്തുണ നേടിയ അടല്‍ ബിഹാരി വാജ്‌പേയി – അദ്ദേഹത്തിനു സമനെന്നോണം പാര്‍ട്ടിയില്‍ സമാന്തര ശക്തിയായി വര്‍ത്തിച്ചു വന്നിരുന്ന  അദ്വാനി എന്നീ ദ്വയങ്ങള്‍ക്കു അഭിപ്രായ ഭിന്നതയില്ലാതെ പിന്‍ഗാമിയെ കണ്ടെത്തുക എന്നത് അത്യന്തം ദുഷ്‌കര ദൗത്യമായിരുന്നു. പാര്‍ട്ടിയുടെ ലോക്‌സഭാ / രാജ്യസഭാ നേതാക്കള്‍  അതല്ലെങ്കില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ എന്നിവരൊക്കെയായിരുന്നു  ജനമനസ്സുകളില്‍ സ്വാഭാവികമായി രൂപപ്പെട്ട പിന്‍ഗാമികള്‍. പക്ഷേ പരസ്പരം അംഗീകരിക്കാന്‍  വിമുഖരായേക്കാവുന്ന ഈ രണ്ടാം നിരയെ അതേ തലത്തില്‍ നിലനിര്‍ത്തി സംഘപരിവാര്‍  മോദിയെ അവര്‍ക്കുമീതെ അവരോധിച്ചു.  ഒപ്പം അതിന്റെ പേരില്‍  പടലപിണക്കങ്ങള്‍  ഉടലെടുക്കുന്നത് ഒഴിവാക്കുവാന്‍ വേണ്ട ജാഗ്രത പുലര്‍ത്തുകയും ചെയ്തു. ഇത്തരത്തില്‍ നേതാക്കളെ   വളര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഒരു കാലത്തും ശ്രമിച്ചിട്ടില്ല. മറിച്ച് വളര്‍ന്നു വരുന്നവരുടെ കൂടി ചിറകരിഞ്ഞ്, നെഹ്‌റു കുടുംബ നേതാക്കള്‍ക്കു കീഴിലെന്നുറപ്പാക്കുകയാണ് ചെയ്തു പോന്നിട്ടുള്ളത്.

രാജീവ് ഗാന്ധിയുടെ കാലം മുതല്‍ക്ക് കോണ്‍ഗ്രസില്‍ നിന്നു വിട്ടുപോയ പ്രബലരായ സംസ്ഥാന നേതാക്കളെ തിരികെ കൊണ്ടുവരാന്‍ ചെറിയ ശ്രമംപോലും പാര്‍ട്ടി നടത്താതിരുന്നത് വിവിധ സംസ്ഥാനങ്ങളില്‍  ജനകീയാടിത്തറയുള്ള നേതാക്കളുടെ അഭാവം പാര്‍ട്ടിക്കുണ്ടാക്കി.  വി പി സിങ്ങില്‍ തുടങ്ങി, ബംഗാരപ്പ, ശരത്പവാര്‍,  മമതാ ബാനര്‍ജി, ജഗ്‌മോഹന്‍ റെഡ്ഡി എന്നിങ്ങനെ ഓരോ നേതാക്കള്‍ ദേശീയ നേതൃത്വത്തോടു കലഹിച്ച് പാര്‍ട്ടി വിട്ടപ്പോഴും അവരെക്കൂടാതെ തന്നെ കോണ്‍ഗ്രസ്  ശക്തിയാര്‍ജ്ജിക്കും എന്ന് പാര്‍ട്ടി ഊറ്റം കൊണ്ടു. ഇന്ദിരാഗാന്ധിപോലും അടിയന്തിരാവസ്ഥയെ തുടര്‍ന്നേറ്റ  രാഷ്ട്രീയ തിരിച്ചടിയില്‍  നിന്നു തിരിച്ചുവരാന്‍ അക്കാലത്ത് പാര്‍ട്ടി വിട്ട പവാര്‍ – ആന്റണി തുടങ്ങിയ നിരവധി നേതാക്കളെ പാര്‍ട്ടിയിലേക്ക് തിരികെകൊണ്ടു വരാന്‍ ശ്രദ്ധിച്ചിരുന്നു എന്നതോര്‍ക്കുമ്പോഴാണ് രാജീവ് – സോണിയ കാലഘട്ടത്തിലെ പിഴവിന്റെ  ആഴം ബോദ്ധ്യമാവുക.

തങ്ങള്‍ക്കു വെല്ലുവിളി സൃഷ്ടിച്ചേക്കാവുന്ന നേതാക്കള്‍ പിളര്‍ന്നുമാറുന്നതിന് സോണിയാ കുടുംബം ഗൂഢ സമ്മതം നല്‍കിപ്പോന്നു എന്നും അനുമാനിക്കാം.  ദേശീയ രാഷ്ട്രീയത്തില്‍  ഇന്ദിരയ്ക്കുണ്ടായിരുന്ന  അനിഷേധ്യ മേല്‍ക്കോയ്മയും, രാഷ്ട്രീയ ഔന്നത്യവും തലയെടുപ്പും കാരണം പാര്‍ട്ടിയിലേക്ക് തിരികെയെത്തുന്നവര്‍ വെല്ലുവിളിയാകില്ലെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു.  മറിച്ച് പിളര്‍ന്നുപോയവര്‍   മടങ്ങിയെത്തുന്നത് തങ്ങള്‍ക്കു വെല്ലുവിളി സൃഷ്ടിച്ചേക്കാം എന്ന യാഥാര്‍ത്ഥ്യത്തെയാണ് രാജീവിനും അതിലേറെ സോണിയക്കും അഭിമുഖീകരിക്കേണ്ടിവന്നത്.  തിരിച്ചടി നേരിടുമ്പോഴും പാര്‍ട്ടിവിട്ട പ്രബലരെ തിരികെ കൊണ്ടുവരാന്‍  രാജീവ് കുടുംബം  താല്‍പര്യപ്പെടാത്തതിനുകാരണം വേറൊന്നുമാകില്ല.

സോണിയ – അതിലേറെ  രാഹുല്‍ പരാജയമാണെന്നു കണ്ടപ്പോള്‍ ഭരണതലത്തില്‍ യാതൊരു പരിചയവുമില്ലാത്ത അതിലുപരി ഏതെങ്കിലും ഒരു നിയമനിര്‍മ്മാണ സഭയില്‍പോലും ഇന്നേവരെ അംഗമായിട്ടില്ലാത്ത പ്രിയങ്കാ ഗാന്ധി, മുത്തശ്ശി ഇന്ദിരയുമായുള്ള ‘രൂപ സാദൃശ്യത്തിന്റെയും’ ‘തലയെടുപ്പിന്റെ’ യും പേരില്‍ പ്രധാനമന്ത്രി പദത്തിലേക്കുയര്‍ത്തപ്പെടേണ്ടയാള്‍ എന്നു വാദിക്കുന്നത് യുക്തിപൂര്‍വ്വമാണോ? കയ്യെത്തും ദൂരത്തുവന്ന പ്രധാനമന്ത്രിപദം വേണ്ടെന്നു വച്ച് 2004-ല്‍  കൈവരിച്ച രാഷ്ട്രീയ ഔന്നത്യവും നേടിയ ആദരവും ഇന്നിപ്പോള്‍ കുടുംബ താല്‍പര്യത്തിനു പ്രഥമ പരിഗണന നല്‍കാന്‍ വ്യഗ്രത കാട്ടുന്നതിലൂടെ സോണിയാഗാന്ധി നഷ്ടപ്പെടുത്തുകയാണ്.

വിവിധ സംസ്ഥാനങ്ങളിലെ ജനകീയാടിത്തറയുള്ള കരുത്തുറ്റ നേതാക്കള്‍  നെഹ്‌റു കുടുംബത്തിന്റെ താന്‍പോരിമ സഹിക്കവയ്യാതെ കാലാകാലങ്ങളില്‍ പാര്‍ട്ടിവിട്ടുപോയതാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്ന മഹത്തായ ദേശീയപ്രസ്ഥാനത്തിന്റെ ഇന്നത്തെ ശക്തിക്ഷയത്തിനു പ്രധാന കാരണം. തമിഴ്‌നാട്ടിലേതൊഴിച്ചാല്‍ ഇന്ത്യാ മഹാരാജ്യത്ത് ഇന്നു കാണുന്ന പ്രബലരായ പ്രദേശിക നേതാക്കളില്‍ ഏതാണ്ട് എല്ലാവരും തന്നെ മുന്‍പ് കോണ്‍ഗ്രസ്സുകാരായിരുന്നു എന്നതു വിരല്‍ ചൂണ്ടുന്നത് മറ്റൊന്നുമല്ല. കേവലം അഞ്ചു പ്രധാന സംസ്ഥാനങ്ങളില്‍പോലും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് അധികാരത്തിലേറുവാന്‍ പറ്റാത്ത സ്ഥിതി സംജാതമായത് ഇക്കാരണത്താല്‍ തന്നെ. വീണ്ടും പാരമ്പര്യഭരണ സംവിധാനത്തിന് ലക്ഷ്യമിടുന്നത് ജനകീയാടിത്തറയുള്ള നേതാക്കളേയും വ്യക്തിത്വമുള്ള ജനങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റുവാന്‍ മാത്രമേ ഉപകരിക്കൂ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നെഹ്‌റു കുടുംബത്തില്‍ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ രണ്ട് ദുരന്തങ്ങളെ തുടര്‍ന്ന് നേതൃത്വം ഏറ്റെടുക്കുവാന്‍ പാകമായവര്‍ ഇല്ലാതെ വന്നപ്പോള്‍ മാത്രമാണ് പി വി നരസിംഹറാവുവും ഡോ.മന്‍മോഹന്‍ സിങ്ങും  ഭരണതലപ്പത്തെത്തിയത് എന്നത് ഉള്‍ക്കിടിലമുണ്ടാക്കുന്ന യാഥാര്‍ത്ഥ്യമാണ്. കഴിവുള്ള നേതാക്കള്‍ കുടുംബ താല്‍പര്യം സംരക്ഷിക്കപ്പെടാനായി അവഗണിക്കപ്പടുന്നത് ഒട്ടുംതന്നെ  ഹിതകരമല്ല. ഒരു കുടുംബത്തിന്റെ താല്‍പര്യത്തിലുപരി രാഷ്ട്രത്തിന്റെ താല്‍പര്യം സംരക്ഷിക്കുവാന്‍ ഉത്തരവാദിത്ത്വമുള്ള ഒരു ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്സ് എന്നതു വിസ്മരിച്ചുകൂടാ. ജനാധിപത്യവ്യവസ്ഥിതിയുടെ ചുക്കാന്‍ പിടിക്കേണ്ട ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കുടുംബവത്ക്കരിപ്പെടുന്നതില്‍പരം ജനാധിപത്യത്തിന് എന്തു അപചയം സംഭവിക്കാന്‍? കോണ്‍ഗ്രസ്സിനെ കുടുംബവത്കരിക്കുന്നതിലൂടെ സ്വന്തം അസ്തിത്വം തന്നെയാണ് ഇല്ലായ്മചെയ്യുന്നത് എന്നു പാര്‍ട്ടി തിരിച്ചറിഞ്ഞാല്‍ നന്ന്. 

രണ്ട് മാസത്തെ അജ്ഞാതവാസത്തിനുശേഷം തിരികെയെത്തിയതു മുതല്‍ രാഹുല്‍ ശക്തനായെന്ന പ്രചരണം നടത്താനുള്ള ബോധപൂര്‍വമായ ശ്രമം കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചെയ്യുന്നുണ്ട്. അവര്‍ കാത്തിരിക്കാന്‍ തയ്യാറാണ്. രാഹുല്‍ പാകം ആകും വരെ. കാരണം മറ്റാരേയും നേതാവായി ഉയര്‍ത്താന്‍ അവര്‍ തയ്യാറല്ല. അങ്ങനെ അവസാനം, ഞാനും രാഹുലിനെ പിന്തുണച്ചേക്കാം! അല്ല, എനിക്കും രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കേണ്ടി വന്നേക്കാം, കാരണം മറ്റാരേയും നേതാവായി കോണ്‍ഗ്രസ്സ്  ഉയര്‍ത്തിക്കൊണ്ടുവരില്ല എന്നതുതന്നെ.  

(മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുള്ള ജിജി ജോണ്‍ തോമസ് തിരുവല്ല സ്വദേശിയാണ്) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം പ്രസിദ്ധീകരിച്ച ജിജി ജോണ്‍ തോമസിന്റെ ലേഖനങ്ങള്‍

ഈര്‍ക്കില്‍ പാര്‍ട്ടികളുടെ സ്വന്തം കേരളം
പണ്ടേപ്പോലെ ഫലിക്കുമോ ജനതയുടെ പല്ലിന്‍ ശൌര്യം?
നേതൃമാറ്റത്തിന് വേണ്ടിയല്ലാത്ത ചില ഒളിപ്പോരുകള്‍; അരുവിക്കരയില്‍ ചാമ്പ്യനാകാന്‍ ഉമ്മന്‍ ചാണ്ടി
അടിച്ചേല്‍പ്പിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പുകള്‍; ഇതാര്‍ക്ക് വേണ്ടി?

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍