UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുടുംബസ്‌നേഹമോ വേറെ എന്തെങ്കിലുമോ? ചില സംശയങ്ങള്‍

Avatar

ഡോ. സുദീപ് കെ എസ്

‘കുടുംബ വിരുദ്ധതയോ പുത്തന്‍ കുടിയിറക്കുകളോ?’ എന്ന പേരില്‍ ‘ഉത്തരകാല’ത്തില്‍ വന്ന ഡോ. ഒ കെ സന്തോഷിന്റെ ലേഖനം ആകെമൊത്തം ഒരു പുക പോലെയാണ് തോന്നിയത്. ആ ലേഖനം വായിച്ചപ്പോഴുണ്ടായ ചില സംശയങ്ങള്‍ ഇവിടെ പങ്കുവയ്ക്കാമെന്നു കരുതുന്നു (ഈ പ്രതികരണം ഉത്തരകാലത്തിനാണ് ആദ്യം അയച്ചുകൊടുത്തത്, അവര്‍ സാങ്കേതിക കാരണങ്ങളാല്‍ ഉടന്‍ പ്രസിദ്ധീകരിക്കാന്‍ പറ്റില്ലെന്നു പറഞ്ഞു. അതുകൊണ്ട് ഇവിടെ).

‘ഘടനാപരമായി കുടുംബം ജനാധിപത്യവിരുദ്ധമാണെന്നും തെരുവുകള്‍ ആണ് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും യഥാര്‍ത്ഥ ഇടങ്ങളെന്നും വാദിക്കുന്നവരുടെ എണ്ണം കേരളത്തില്‍ സമീപകാലത്തു വര്‍ദ്ധിച്ചിരിക്കുന്നു..’ എന്നാണ് പ്രസ്തുത ലേഖനത്തിന്റെ തുടക്കം. എന്തെങ്കിലുമൊരു റഫറന്‍സ് കൊടുത്തിരുന്നെങ്കില്‍ സംഗതി എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ‘സദാചാരം, ആണ്‍കോയ്മ, രക്ഷാകര്‍തൃത്വം, മതഭീകരത തുടങ്ങിയ സങ്കീര്‍ണ്ണവും കൃത്യമായ നിര്‍വ്വചനങ്ങള്‍ അസാധ്യവുമായ കാറ്റഗറികള്‍ ആണ് ഈ ചര്‍ച്ചകളില്‍ ആവര്‍ത്തിക്കുന്ന പ്രമേയങ്ങളെന്നും കാണാം’ എന്ന അടുത്ത വരിയും അതോടൊപ്പം കൂടെ കൊടുത്തിട്ടുള്ള (കിസ് ഓഫ് ലവ് കാമ്പയിന്റേത് എന്നു തോന്നിക്കുന്ന) ചില ഫോട്ടോകളും വച്ച് വല്ലതും ഊഹിക്കാന്‍ ശ്രമിക്കുകയേ നിവൃത്തിയുള്ളൂ.

അപ്പോള്‍ സംശയം ഒന്ന് : അങ്ങനെ ഊഹിക്കാന്‍ നോക്കിയാലും കാര്യമെന്താണെന്നു വലിയ പിടിയൊന്നും കിട്ടുന്നില്ല കിസ് ഓഫ് ലവിന്റെ കാമ്പെയിന്‍ ഫോക്കസ് ‘കുടുംബം ജനാധിപത്യവിരുദ്ധമാണെ’ന്നതേ ആയിരുന്നില്ലല്ലോ. കിസ് ഓഫ് ലവിനു ശേഷം വന്ന ‘പ്രകൃതി, പ്രണയം, പ്രതിരോധം’ എന്ന പരിപാടിയാവട്ടെ (മിക്കവാറും മിശ്രവിവാഹിതരായ) ‘കുടുംബ’ങ്ങളുടെ ഒരു പരിപാടി ആയിരുന്നു താനും. ഇന്നത്തെക്കാലത്ത് കുടുംബം ഒന്നടങ്കം ജനാധിപത്യവിരുദ്ധമാണെന്നും തെരുവുകളാണ് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും യഥാര്‍ത്ഥ ഇടങ്ങളെന്നും പരസ്യമായി പറയുന്നത് അപൂര്‍വ്വം ചില അരാജകവാദികള്‍ മാത്രമാണെന്നിരിക്കെ (എന്താണെന്നു കൃത്യമായി പറയാത്ത) ‘സമീപകാല വ്യവഹാരങ്ങ’ളില്‍ ഒറ്റയടിക്ക് ‘കുടുംബ വിരുദ്ധത’ ആരോപിക്കുന്നത് എന്തു ലക്ഷ്യം വച്ചാണ്?

സംശയം രണ്ട് : സങ്കീര്‍ണ്ണവും കൃത്യമായ നിര്‍വ്വചനങ്ങള്‍ അസാധ്യവുമായ കാറ്റഗറികള്‍ ചര്‍ച്ചകളില്‍ വരുന്നതൊരു കുറ്റമാണോ? രക്ഷാകര്‍തൃത്വം എന്നതൊക്കെ കേരളത്തിലെ ദളിത് വ്യവഹാരങ്ങളിലും ആവര്‍ത്തിച്ചു കടന്നുവരുന്ന ഒരു പ്രമേയമാണ് എന്നോര്‍ക്കണം.

പിന്നെ വരുന്ന ആരോപണം ഇതിലേറെ ഗൗരവമുള്ള ഒന്നാണ് : ‘ധൈഷണികവും സമരോത്സുകവുമായി ഉയര്‍ന്നുവന്ന പുതുജനാധിപത്യത്തിന്റെയും കീഴാള-ദളിത്-ആദിവാസി മുന്നേറ്റങ്ങളെയും താല്‍ക്കാലികമായെങ്കിലും പ്രതിസന്ധിയിലാക്കി, വരാനിരിക്കുന്ന ചരിത്രം എല്ലാവിഭാഗം ജനങ്ങളെയും അപ്രസക്തമാക്കുന്ന പുതുതലമുറയുടെതാണെന്ന പ്രഖ്യാപനങ്ങളും ഉണ്ടായിരിക്കുന്നു’ എന്ന്.

സംശയം മൂന്ന് ഇവിടെയാണ് : ആപ്പറയുന്ന പ്രഖ്യാപനങ്ങള്‍ എവിടെയാണ് ഉണ്ടായത്? കീഴാള-ദളിത്-ആദിവാസി മുന്നേറ്റങ്ങളെ എങ്ങനെയാണ് ഈ വ്യവഹാരങ്ങള്‍ പ്രതിസന്ധിയിലാക്കിയത്, അത് ഇങ്ങനെയുള്ള (ഇല്ലാത്ത?) പ്രഖ്യാപനങ്ങളിലൂടെയാണോ? അതോ വേറെ ഏതെങ്കിലും രീതിയിലാണോ?

‘ജനപ്രിയതയുടെ ചതിക്കുഴികളും നവമാധ്യമങ്ങള്‍ നല്‍കുന്ന പെരുത്ത ഇമേജുകളും അഭിപ്രായരൂപീകരണത്തിന്റെ മാറിയ ഇടങ്ങളുമെല്ലാം ചെറുതല്ലാത്ത വിധത്തില്‍ ഈ സംവാദങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.’ എന്ന് അടുത്ത declarative. തര്‍ക്കമുണ്ട് സുഹൃത്തേ. അതില്‍ നിന്നാണ് സംശയം നാല് : നവമാധ്യമങ്ങള്‍ നല്‍കുന്ന ഇമേജും അഭിപ്രായരൂപീകരണത്തിന്റെ മാറിയ ഇടങ്ങളുമെല്ലാം കേരളത്തിലെ ഇതിനുമുമ്പു സൂചിപ്പിച്ച കീഴാള-ദളിത്-ആദിവാസി മുന്നേറ്റങ്ങളെയൊക്കെ ‘ലൈം ലൈറ്റില്‍’ കൊണ്ടുവരുന്നതിന് സഹായിച്ചിട്ടുള്ള കാര്യങ്ങളാണ്, അതിനെയൊക്കെ ഒന്നടങ്കം തള്ളിപ്പറയേണ്ടതുണ്ടോ? പഴയ (മുഖ്യധാരാ) ഇടങ്ങളിലെന്നപോലെ ഈ പുതിയ ഇടങ്ങളിലും കടന്നുവരുന്ന ജാതീയതയെയും കീഴാള-ദലിത്-ആദിവാസി വിരുദ്ധതയെയുമൊക്കെ പ്രശ്‌നവല്‍ക്കരിക്കുകയല്ലേ വേണ്ടത്? (ആ ‘ജനപ്രിയതയുടെ ചതിക്കുഴി’ പ്രയോഗം നമ്മുടെ എഴുപതുകളിലെയും എണ്‍പതുകളിലെയും എന്തിന്, ഇപ്പോഴത്തെത്തന്നെയും ‘ജനപ്രിയതയെ പേടിക്കുന്ന’ ചില മാര്‍ക്‌സിസ്റ്റുകാരെ ഓര്‍മ്മിപ്പിക്കുന്ന ഒരു തമാശയായി).

പിന്നെ വരുന്നത് കുറച്ചു ചരിത്രമാണ്, നവോത്ഥാനത്തെക്കുറിച്ചാണ്. അതില്‍ അഭിപ്രായ വ്യത്യാസമില്ല.

എന്നിട്ടോ? ‘നവോത്ഥാനം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഉണ്ടായ വലിയ ഒരു കെണിയായിരുന്നു എന്നമട്ടില്‍ പലരും ഇന്നു മേനിപറയുന്നുണ്ട്. നൂറ്റാണ്ടുകളായി തുടര്‍ന്നുവന്നിരുന്ന ജാതിവ്യവസ്ഥയ്ക്ക് വിള്ളലേല്‍പ്പിച്ചത് നവോത്ഥാനമല്ലാതെ മറ്റെന്താണ്? നവോത്ഥാനത്തില്‍നിന്നും മുന്നോട്ടുപോകണമെന്നു പറയുന്നതിനു പകരം നവോത്ഥാനം തന്നെ തകരാറാണെന്ന് പറയുന്നതിന്റെ പിന്നിലുള്ള യുക്തി പുത്തന്‍കുടിയിറക്കിന്റേതെന്ന് പറയേണ്ടതുണ്ട്. മാറുമറയ്ക്കല്‍ സമരത്തോട് ചുംബനസമരത്തെ അയുക്തികമായി കൂട്ടിചേര്‍ക്കുന്നവര്‍ മറന്നുപോകുന്ന വസ്തുതയാണ് ഇക്കാര്യങ്ങളെല്ലാം.’ എന്നു പറയുന്ന ഭാഗത്ത് സംശയം അഞ്ച് : ആരാണ് നവോത്ഥാനം കെണിയായിരുന്നു എന്നു മേനി പറയുന്നവര്‍? മേല്‍പ്പറഞ്ഞ (ചുംബനസമര) വ്യവഹാരത്തിന്റെ ആളുകള്‍ തന്നെയാണോ? ആണെങ്കില്‍ എവിടെയാണ് അവരതു പറഞ്ഞത്? ഇനി അല്ലെങ്കില്‍, ആ മേനി പറയുന്നവരോടുള്ള കലിപ്പ് ചുംബന സമരത്തിന്റെ മേല്‍ തീര്‍ക്കണമായിരുന്നോ?

അതുകഴിഞ്ഞു പറയുന്നു ‘കുടുംബങ്ങള്‍ പരിവര്‍ത്തനത്തിനു വിധേയമായാല്‍ പോരാ അവ തകര്‍ക്കപ്പെടണമെന്ന് വാദിക്കുന്നവര്‍ ആരെണെന്ന തിരിച്ചറിവ് സ്വാഭാവികമായും ചില സൂചനകള്‍ തരുന്നുണ്ട്.’ കുടുംബങ്ങള്‍ പരിവര്‍ത്തനത്തിനു വിധേയമായാല്‍ പോരാ അവ തകര്‍ക്കപ്പെടണമെന്ന് വാദിക്കുന്നവര്‍ ആരെണെന്ന തിരിച്ചറിവ് ഇത്രനേരം ഈ ലേഖനം വായിച്ചിട്ടും കിട്ടാത്തതുകൊണ്ട് ലേഖകനുള്ള ആ തിരിച്ചറിവ് വായനക്കാരുമായി പങ്കുവയ്ക്കണമെന്ന ഒരപേക്ഷയുണ്ട്.

അടുത്ത വരികളില്‍ കാടടച്ചുള്ള വെടിവെപ്പു തുടരുകയാണ്: ‘സാമൂഹ്യഭാവനകളില്‍ കഴിഞ്ഞ രണ്ടുദശകങ്ങളായി നിശ്ചലമായിപ്പോയവരുടെ അതിജീവനത്തിന്റെ വേദി കൂടിയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ എന്നു കാണാം. കേരളം ഏറ്റെടുത്ത പല സമരങ്ങളിലും കാഴ്ചക്കാരായി മാത്രം സ്ഥാനപ്പെടേണ്ടി വന്നതിന്റെ മടുപ്പും പരിഭവങ്ങളും ഒറ്റയടിക്ക് തീര്‍ക്കാന്‍ പറ്റിയ സന്ദര്‍ഭമായി ഇത്തരം ചര്‍ച്ചകളെ പ്രയോജനപ്പെടുത്തി എന്നതാണ് അവരുടെ നേട്ടം. മറ്റൊരു വിഭാഗമാവട്ടെ, മോഹഭംഗം നേരിട്ട നക്‌സലൈറ്റുകളും വരണ്ട ഇടതു-വിദ്യാര്‍ത്ഥി യുവജനരക്തം സിരകളില്‍ ഓടുന്ന, ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നവരുമാണ്.’ ‘ഇത്തരം ചര്‍ച്ചകള്‍’ എന്നത് ഏതു ചര്‍ച്ചകളെ ഉദ്ദേശിച്ചാണ് എന്നറിയില്ല. ഒരെണ്ണത്തിന്റെയെങ്കിലും റഫറന്‍സ് ഉണ്ടായിരുന്നെങ്കില്‍, അങ്ങനെയുള്ള ഏതെങ്കിലും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ഒരു പോയിന്റെങ്കിലും ഒരു വിശകലനത്തിനു വിധേയമാക്കിയിരുന്നെങ്കില്‍, ഇതെന്തോ മുന്‍വൈരാഗ്യം തീര്‍ക്കലാണ് എന്ന തോന്നല്‍ ഒഴിവാക്കാമായിരുന്നു.

‘കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനാല്‍ പ്രത്യയശാസ്ത്രപരമായ സാധൂകരണവും ഈ വ്യവഹാരങ്ങള്‍ക്ക് കിട്ടി എന്നും കാണാം.’ എന്നും പറയുന്നുണ്ട്. സംശയം ആറ് : കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ടുമാത്രം ഒരു വ്യവഹാരത്തിന് പ്രത്യയശാസ്ത്രപരമായ സാധൂകരണം കിട്ടുമോ? സവര്‍ണ്ണ ഹിന്ദു മൂല്യങ്ങളില്‍ അധിഷ്ടിതമായ ഒരു വ്യവസ്ഥിതിയിലുള്ള പ്രത്യയശാസ്ത്രപരമായ സാധൂകരണത്തെക്കാള്‍ എന്തു പ്രത്യയശാസ്ത്രപരമായ സാധൂകരണമാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളതുകൊണ്ട് ‘ഇത്തരം’ വ്യവഹാരങ്ങള്‍ക്ക് കൂടുതലായി കിട്ടുന്നത്?

അടുത്ത ഭാഗമാകട്ടെ നക്‌സല്‍ രാഷ്ട്രീയത്തെയും മാവോയിസ്റ്റ് സംഘങ്ങളെയും പറ്റിയാണ്. ‘രണ്ടായിരത്തിന്റെ തുടക്കത്തില്‍ ആദിവാസി -ദളിത് ഭൂസമരങ്ങള്‍ ശക്തമായ സന്ദര്‍ഭത്തില്‍ എ.ഡി.ബി. വിരുദ്ധപോരാട്ടങ്ങളും ജിം വിരുദ്ധ സമരങ്ങളും പോലുള്ളവയായിരുന്നു ഇവരുടെ നേതൃത്വത്തില്‍ നടന്നത് എന്നുകാണാം. നാമമാത്രമായ അംഗബലംകൊണ്ടു നടപ്പാക്കിയ ഇത്തരം ഓപ്പറേഷനുകളെ ഭരണകൂടം കളിമട്ടില്‍ കാണുകയാണുണ്ടായത്. ജിം വിരുദ്ധസമരത്തിന്റെ കോടതി വ്യവഹാരങ്ങള്‍ അഞ്ഞൂറു രൂപാ പിഴയൊടുക്കി അവസാനിപ്പിച്ചത് ഈയടുത്തകാലത്തായിരുന്നത്രെ. യഥാര്‍ത്ഥത്തില്‍ സാമൂഹിക അജണ്ടകളെ മാറ്റിമറിക്കുകയും തങ്ങളുടെ കാല്‍പ്പനികവും വിഭ്രാത്മകവുമായ പ്രയോഗങ്ങളെ പൊതുവാണെന്നു വരുത്തിതീര്‍ക്കുകയുമാണ് കേരളത്തില്‍ ഇക്കൂട്ടര്‍ ചെയ്യുന്നത്. ഒളിഞ്ഞും തെളിഞ്ഞും കാലങ്ങളായി നടത്തിയ ‘പോരാട്ടങ്ങള്‍’ ആദിവാസികള്‍ക്കും ദളിതര്‍ക്കും എന്തുനേടിക്കൊടുത്തു എന്നു വിശദീകരിക്കാന്‍ ഇവര്‍ മിനക്കെടാറില്ല. നേട്ടങ്ങളായി ചൂണ്ടിക്കാണിച്ചതാകട്ടെ, ആദിവാസികളും ദളിതരും സ്വന്തമായി ജനാധിപത്യസമരങ്ങളിലൂടെ കേരളീയസമൂഹത്തില്‍ ആര്‍ജ്ജിച്ചെടുത്തവയാണെന്നും കാണാം.’ ഇതിനോടൊന്നും വലിയ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ആദ്യം സൂചിപ്പിച്ച വ്യവഹാരങ്ങളും നക്‌സല്‍ / മാവോയിസ്റ്റ് രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധമെന്നതു വ്യക്തമല്ല. ‘ബഹുജനപിന്തുണയുള്ള സമരങ്ങളില്‍ നുഴഞ്ഞുകയറി ഭിന്നിപ്പും ആശയപരമായ സംഘര്‍ഷങ്ങളും സൃഷ്ടിക്കുകയാണെന്നു’ മാവോയിസ്റ്റ് നേതാക്കള്‍ പറയുന്നതാണ് ലേഖനം ചൂണ്ടിക്കാട്ടുന്നത്. ചുംബന സമരം ബഹുജന പിന്തുണയുള്ള സമരമാണ്, അതില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറുന്നു എന്നാണോ ഉദ്ദേശിച്ചത്? എങ്കില്‍ ചുംബന സമരം ബഹുജന പിന്തുണയുള്ള സമരമല്ല എന്നാണ് എന്റെ അറിവ്(അങ്ങനെയല്ല ഉദ്ദേശിച്ചതെങ്കില്‍ അതു വിശദീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു).

ലേഖനത്തിന്റെ ‘ഫാന്റസികളുടെ ലോകങ്ങള്‍’ എന്ന പേരിലുള്ള ഭാഗത്തില്‍ എസ് ശാരദക്കുട്ടി എന്നൊരാളുടെ പേരു പറയുന്നുണ്ട്, അവര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തെയും. അത്രയും വ്യക്തത ഉണ്ടായതില്‍ സന്തോഷം. ‘എസ്. ശാരദക്കുട്ടിയെപ്പോലുള്ളവരുടെ വൈകാരികഭാവനകള്‍ മുഴുവന്‍ ഇത്തരം എഴുത്തുകള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുമ്പോള്‍ ‘അധികാര ഫെമിനിസത്തെ’ക്കുറിച്ചുള്ള ജെനി റൊവീനയെപ്പോലുള്ളവരുടെ വിമര്‍ശനങ്ങള്‍ അധികമാരും ശ്രദ്ധിക്കുന്നില്ലെന്നു പറയേണ്ടിവരും.’ എന്നാണു വാചകം. എസ് ശാരദക്കുട്ടിയുടെ എഴുത്തുകള്‍ ഞാനധികം വായിച്ചിട്ടില്ല. അവരുടെ എഴുത്തിനെപ്പറ്റി പറയുന്നത് വാദത്തിനുവേണ്ടി സമ്മതിക്കാം. എന്നാല്‍ അങ്ങനെ ഒരാളുടെ എഴുത്തിനെ അടിസ്ഥാനമാക്കി ചുംബന സമരവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെ മൊത്തമായി അഡ്രസ് ചെയ്യുന്നത് (അങ്ങനെയാണ് ഉദ്ദേശിച്ചതെങ്കില്‍) അത് ഈ ലേഖനത്തെ അങ്ങേയറ്റം ദുര്‍ബലമാക്കുകയാണ്.

പിന്നെ, ‘അധികാര ഫെമിനിസത്തെ’ക്കുറിച്ചുള്ള ജെനി റൊവീനയെപ്പോലുള്ളവരുടെ വിമര്‍ശനങ്ങള്‍ അധികമാരും ശ്രദ്ധിക്കുന്നില്ലെങ്കില്‍ അതിനൊരു പ്രധാന കാരണം ആ വിമര്‍ശനങ്ങളുടെ മൂര്‍ച്ചയില്ലായ്മ കൂടിയാണ് എന്നാണെനിക്കു തോന്നുന്നത്. ‘അധികാര ഫെമിനിസം’ എന്ന അവരുടെ ലേഖനത്തെപ്പറ്റി ഞാന്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന് ജെനിയോ ജെനിയുടെ ലേഖനം വിമര്‍ശനങ്ങളൊന്നുമില്ലാതെ പങ്കുവച്ചവരോ മറുപടി തരാന്‍ തയ്യാറായിരുന്നില്ല എന്നതുകൊണ്ട് എനിക്കുതോന്നിയ ചില പ്രശ്‌നങ്ങള്‍ ഇവിടെ വീണ്ടും സൂചിപ്പിക്കാം. ലേഖനത്തില്‍ പറയുന്നു : ‘ഈയടുത്ത് മീഡിയ വണ്ണിന്റെ ‘കേരള സമ്മിറ്റ്’ ദേവഗിരി കോളജില്‍ സംഘടിപ്പിച്ച ‘ആര്‍ത്തവം ഒരു കുറ്റകൃത്യമാണോ?’ എന്ന പ്രോഗ്രാം കേരളം ആര്‍ത്തവത്തെക്കുറിച്ച് ഇന്ന് ചര്‍ച്ചചെയ്യുന്ന ചില പ്രധാനപ്പെട്ട രീതികള്‍ വെളിപ്പെടുത്തുന്നു. നിരവധി ജാതികള്‍ക്ക് മേലെ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കപ്പെടുന്ന ഒരു നിര്‍മിതിയാണ് ഹിന്ദുമതം എന്നിരിക്കെ, ജാതിയെക്കുറിച്ച് ഒന്നും പറയാതെ ‘ഹിന്ദുമതം’ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് മേലെ ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തെക്കുറിച്ച് മാത്രമാണ് പരിപാടി ചര്‍ച്ചചെയ്യുന്നത്. വ്യത്യസ്ത ജാതികളും സമുദായങ്ങളും വ്യത്യസ്തമായ രീതിയിലാണ് ആര്‍ത്തവത്തെ കാണുന്നതെന്നും പലപ്പോഴും ഈ വ്യത്യാസങ്ങള്‍ക്ക് മേലെ ബ്രാഹ്മണ വ്യവസ്ഥയുടെ (ആണ്‍കോയ്മയുടെ മാത്രമല്ല) സമ്പ്രദായങ്ങളാണ് കീഴാള സമുദായങ്ങള്‍ സ്വീകരിക്കുന്നതെന്നും ഈ ചര്‍ച്ച കാണുന്നില്ല.’

‘വ്യത്യാസങ്ങള്‍ക്ക് മേലെ ബ്രാഹ്മണ വ്യവസ്ഥയുടെ (ആണ്‍കോയ്മയുടെ മാത്രമല്ല) സമ്പ്രദായങ്ങളാണ് കീഴാള സമുദായങ്ങള്‍ സ്വീകരിക്കുന്നത് ‘എന്നിടത്തോളം ലേഖിക സമ്മതിക്കുന്നു. അപ്പോള്‍പ്പിന്നെ ‘വ്യത്യസ്ത ജാതികളും സമുദായങ്ങളും വ്യത്യസ്തമായ രീതിയിലാണ് ആര്‍ത്തവത്തെ കാണുന്നതെന്നു’ പറയുന്നത്, അതിനെപ്പറ്റി ഈ ചര്‍ച്ച ചെയ്യുന്ന സ്ത്രീകള്‍ പറയണമെന്നു വാശി പിടിക്കുന്നത്, എന്തിന്റെ അടിസ്ഥാനത്തിലാണ്? അവരുടെ മുത്തശ്ശിമാരുടെയോ മുതുമുത്തശ്ശിമാരുടെയോ കാലത്ത് വ്യത്യസ്ത ജാതികളും സമുദായങ്ങളും വ്യത്യസ്തമായ രീതിയിലാണ് ആര്‍ത്തവത്തെ കണ്ടിരുന്നതെന്നു ‘കണ്ടുപിടിച്ചു’ പറഞ്ഞാല്‍ മാത്രമേ അവര്‍ പറയുന്നത് വിലയ്‌ക്കെടുക്കാവൂ എന്നാണോ? ‘ഹിന്ദുമതം’ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് മേലെ ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തെക്കുറിച്ച് അവര്‍ ഇന്നു പറയുന്നത് ഇന്നത്തെ ഒരു യാഥാര്‍ത്ഥ്യമായി മനസ്സിലാക്കുന്നത്, ‘നിരവധി ജാതികള്‍ക്ക് മേലെ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കപ്പെടുന്ന ഒരു നിര്‍മിതിയാണ് ഹിന്ദുമതം’ എന്നും ‘വ്യത്യാസങ്ങള്‍ക്ക് മേലെ ബ്രാഹ്മണ വ്യവസ്ഥയുടെ സമ്പ്രദായങ്ങളാണ് കീഴാള സമുദായങ്ങള്‍ സ്വീകരിക്കുന്നത് ‘ എന്നും മനസ്സിലാക്കാന്‍ കൂടി സഹായിക്കുന്നില്ലേ? (ഇസ്ലാംമതം ആര്‍ത്തവത്തെ സമീപിക്കുന്ന രീതിയുടെ വ്യത്യാസത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്ന വാദം കുറച്ചുകൂടി ഗൗരവമുള്ള ഒന്നാണെന്നു ഞാന്‍ കരുതുന്നു, അതിനെക്കുറിച്ച് അധികം അറിവില്ലാത്തതുകൊണ്ട് അധികം പറയുന്നില്ല).

‘എംഗല്‍സിന്റെ നിരീക്ഷണങ്ങളില്‍ നിന്നു ലിംഗഭാവനകളെ മാറ്റിയെടുക്കാന്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ക്ക് പോലും കഴിയാറില്ല എന്നത് അടയാളപ്പെടുത്തുന്നത് മറ്റെന്താണ്?’ എന്നൊരു വരിയുമുണ്ട് ഡോ. സന്തോഷിന്റെ ലേഖനത്തിന്റെ അവസാനത്തെ ഭാഗത്ത്. ഇവിടെയും ആരെപ്പറ്റിയാണ് എന്തിനെപ്പറ്റിയാണ് എന്നൊന്നുമില്ല. എംഗല്‍സിന്റെ നിരീക്ഷണങ്ങളുടെ ചുവടുപിടിച്ചല്ലാതെ കേരളത്തിലടക്കം ഉണ്ടായിട്ടുള്ള കുടുംബ വിമര്‍ശനങ്ങള്‍ അദ്ദേഹം കാണാത്തതുകൊണ്ടായിരിക്കാം എന്നുകരുതി സമാധാനിക്കാം.

ചുംബന സമരത്തിന്റെ വ്യവഹാരങ്ങള്‍ വിമര്‍ശനങ്ങളില്ലാതെ വിഴുങ്ങണം എന്നുകരുതുന്ന ഒരാളല്ല ഞാന്‍. അതിനോടുള്ള എന്റെ വിയോജിപ്പുകള്‍ പരസ്യമായി രേഖപ്പെടുത്തുകയും ആ സമരത്തിന്റെ ചില നിലപാടുകളെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്തുകയും മറ്റുള്ളവരുടെ വിമര്‍ശനങ്ങളില്‍ ചിലത് ഞാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ വ്യവഹാരങ്ങളെ ‘കുടുംബവിരുദ്ധത’ എന്നു ലേബല്‍ ചെയ്യുന്നതിലും കുടുംബത്തോടുള്ള വിമര്‍ശനങ്ങളെ മുഴുവന്‍ ‘എംഗല്‍സ്’ ആയി ചുരുക്കുന്നതിലും പ്രശ്‌നമുണ്ട് എന്നാണു ഞാന്‍ കരുതുന്നത്.

പ്രവീണ താലി ഡോ.സന്തോഷിന്റെ ലേഖനത്തിനു കമന്റായിട്ട വരികള്‍ കൂടി ഉദ്ധരിക്കാം : ‘കുടുംബവ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത് സദാചാര മൂല്യങ്ങള്‍ തന്നെയാണ്. ദളിത് സമുദായത്തില്‍ ഈ പറഞ്ഞ സദാചാര മൂല്യങ്ങള്‍ കൃത്യമായി പ്രതി പ്രവര്‍ത്തിക്കുന്നുണ്ട്, കൃത്യമായി പറഞ്ഞാല്‍ ദളിത് സ്ത്രീയുടെ ശരീരത്തിന്റെ വിനിമയങ്ങളെ സംബന്ധിക്കുന്നവ. ഇതു പാശ്ചാത്യ ഫെമിനിസം മുന്നോട്ട് വയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നതല്ല, മറിച്ച് ദളിത് സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ചും മോറാലിറ്റിയെക്കുറിച്ചുമുള്ള അതിഭാവനകളില്‍, അധികാരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് അധികമാരും ചര്‍ച്ച ചെയ്തു കാണാറില്ല. കുടുംബത്തിന്റെ അധികാര ബന്ധങ്ങളെപ്പറ്റി ചുംബന സമരത്തിന്റെ പശ്ചാത്തലത്തില്‍ ദളിത് സ്ത്രീകള്‍ കൃത്യമായ നിലപാട് നവ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഒരു പക്ഷെ ചുംബന സമരത്തോട് കൃത്യമായ ഒരു നിലപാട് പറഞ്ഞത് കേരളത്തിലെ ദളിത് സ്ത്രീകള്‍ ആയിരിക്കാം എന്നാല്‍, ഈ ലേഖനത്തില്‍ അടക്കം വന്നിട്ടുള്ള ചര്‍ച്ചകളില്‍ അവ കടന്നു വരാത്തത് ഒട്ടും സ്വാഭാവികമാണെന്ന് തോന്നുന്നില്ല. കേവലമായി കുടുംബത്തോടുള്ള സ്‌നേഹം/വിരുദ്ധത എന്നീ ദ്വന്ദ്വങ്ങളില്‍ ദളിത് സ്ത്രീകളുടെ കര്‍തൃത്വത്തെ വായിക്കുന്നത് ആരുടെ ഭാവനയാണെങ്കിലും, ഒന്നുറപ്പാണ് അത് ദളിത് സ്ത്രീകളുടെയല്ല.’

അതോടൊപ്പം, ചുംബന സമരത്തിന്റെ വ്യവഹാരത്തില്‍ പലതരത്തില്‍ പങ്കാളികളായ ദളിത്/കീഴാള സ്ത്രീകളുടെ കൂടി ചിന്തകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നു പ്രത്യാശിക്കുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍