UPDATES

ട്രെന്‍ഡിങ്ങ്

രാജ്യത്തെ LGBTQ മുന്നേറ്റത്തിന്റെ തുടക്കം ഇവിടെയായിരുന്നു; ഇനി ഗുഡ് ബൈ റീഗല്‍

അനുഷ്‌ക ശര്‍മ്മ അഭിനയിച്ച ഫില്ലൌരിയാവും റീഗല്‍ സിനിമയില്‍ പ്രദര്‍ശിപ്പിക്കുന്ന അവസാന ചിത്രം.

ശ്രദ്ധേയമായ സിനിമകളുടെ പ്രദര്‍ശനവും മഹത്തായ പ്രസ്ഥാനങ്ങളുടെ ജനനവും ഉള്‍പ്പെടെ നിരവധി ചരിത്രമുഹൂര്‍ത്തുങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സുപ്രസിദ്ധമായ റീഗല്‍ തിയേറ്റര്‍ അടച്ചുപൂട്ടുന്നു. ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ തിലക്കുറി എന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്ന റീഗല്‍ തിയേറ്റര്‍ 1932ലാണ് സ്ഥാപിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും പല പ്രമുഖ കലാകാരന്മാരുടെയും ഗൃഹാതുരത്വം കുടികൊള്ളുന്ന റീഗല്‍ തിയേറ്റര്‍ അടച്ച് പൂട്ടുകയാണെന്ന് ഉടമകള്‍ അറിയിച്ചു. അനുഷ്‌ക ശര്‍മ്മ അഭിനയിച്ച ഫില്ലൌരിയാവും റീഗല്‍ സിനിമയില്‍ പ്രദര്‍ശിപ്പിക്കുന്ന അവസാന ചിത്രം.

പുതിയ കാലത്തിന്റെ മത്സരം നേരിടാന്‍ കെല്‍പ്പില്ലാതെയാണ് റീഗല്‍ തിയേറ്റര്‍ അടച്ചു പൂട്ടുന്നത്. തീയേറ്റര്‍ കെട്ടിടവും പരിസരത്തുള്ള റസ്റ്റോറന്റുകളും ഒരു കാലത്ത് ഡല്‍ഹിയുടെ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും സമാന്തര ചര്‍ച്ചകളുടെയും കേന്ദ്രമായിരുന്നു. ഡല്‍ഹിയിലെ വാണിജ്യ തലസ്ഥാനം എന്ന് അറിയപ്പെട്ടിരുന്ന കോണാട്ട് പ്ലേസിലാണ് തിയേറ്റര്‍ സ്ഥിതിചെയ്യുന്നത്. 1960കളില്‍ കോണാട്ട് പ്ലേസിലേക്ക് പോകുന്നു എന്നല്ലായിരുന്നു ആളുകള്‍ പറഞ്ഞിരുന്നതെന്നും മറിച്ച് റീഗലിലേക്ക് പോകുന്നുവെന്നായിരുന്നുവെന്നും പ്രമുഖ കല, സാഹിത്യ നിരൂപകനായ സിയ ഉസ് സലാം ഓര്‍ക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഡല്‍ഹിയിലെ വരേണ്യരുടെ കേന്ദ്രമായിരുന്നു ഇവിടം. അവരുടെ സന്തോഷത്തിനായി ബാലെകളും നാടകങ്ങളും നിശബ്ദ സിനിമകളും ഇവിടെ അരങ്ങേറി.

ഡല്‍ഹി 4 ഷോസ് എന്ന തന്റെ പുസ്തകത്തില്‍ സലാം റീഗലിന്റെ നാഴികക്കല്ലുകളായി മാറിയ മുഹൂര്‍ത്തങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ ഭീഷ്മാചാര്യന്മാരായിരുന്ന മൗലാനാ അബുള്‍ കലാം ആസാദ്, സര്‍ദാര്‍ പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിയവര്‍ ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു. ഹോളിവുഡ് സിനിമകള്‍ സെന്‍സര്‍ ചെയ്യാതെ പ്രദര്‍ശിപ്പിച്ചിരുന്നു ഏക സ്ഥലവും റീഗലായിരുന്നു. ഹിറ്റുകളായി തീര്‍ന്ന സിനിമകള്‍ക്കും ആദ്യ പ്രദര്‍ശനത്തിന് എത്തിയ സിനിമകള്‍ക്കും റീഗലില്‍ ഒരു പോലെ പരിഗണന ലഭിച്ചു. സീനത്ത് അമന്റെ വേഷം കൊണ്ട് വിവാദമായി തീര്‍ന്ന ഹിന്ദി സിനിമ സത്യം ശിവം സുന്ദരം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായ അപൂര്‍വം തിയേറ്ററുകളില്‍ ഒന്നായിരുന്നു റീഗല്‍. അതേ സമയം തന്നെ 1970കളിലെയും 80കളിലെയും കലാമൂല്യമുള്ള ചിത്രങ്ങളും ഇവിടെ കളിച്ചു. ഉദാഹരണത്തിന് ശ്യാം ബെനഗലിന്റെ അങ്കൂര്‍ മുതല്‍ മന്ദാന്‍ വരെയുള്ള എല്ലാ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സലാം ഓര്‍ക്കുന്നു.

തിയേറ്ററിന് സമീപമുള്ള വ്യാപാരശാലകളും സമാന്തര ആശയങ്ങളും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കാന്‍ മുന്നോട്ട് വന്നിരുന്നു. പീപ്പിള്‍ ട്രീ എന്ന സ്റ്റുഡിയോയില്‍ 1980കളിലെ 90കളിലെയും ബദല്‍ പ്രസ്ഥാനങ്ങളുടെ ചര്‍ച്ച കേന്ദ്രമായി മാറി. പീപ്പിള്‍ ട്രീ കടയില്‍ ടീ ഷര്‍ട്ടുകള്‍ക്കും കൈകൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ക്കുമൊപ്പം നര്‍മ്മദ ബചാവോ ആന്തോളനെയും ഭോപ്പാല്‍ വാതകദുരന്തത്തെയും ക്യൂര്‍ പ്രസ്ഥാനത്തെയും കുറിച്ചുള്ള പുസ്തകങ്ങളും വില്‍ക്കുന്നു.

റോഡിന് തൊട്ടടുത്ത് മന്‍മോഹന്‍ സിംഗ് പ്ലേസിലുള്ള ഇന്ത്യന്‍ കോഫി ഫൗസ് ഇന്ത്യയിലെ ബദല്‍ പ്രസ്ഥാനങ്ങളുടെയെല്ലാം ഈറ്റില്ലമായി മാറി. എല്‍ജിബിടിക്യു പ്രസ്ഥാനം പോലെയുള്ള ആധുനിക വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിച്ചതും ഇവിടെ നിന്നാണ്. വലതുപക്ഷ തീവ്രവാദികളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് 1998ല്‍ സ്വവര്‍ഗ്ഗ ലൈംഗീകത അടിസ്ഥാനമാക്കിയുള്ള ദീപ മേത്തയുടെ ഫയര്‍ പ്രദര്‍ശിപ്പിക്കാന്‍ റീഗല്‍ തയ്യാറായതോടെയായിരുന്നു ഇത്.

റീഗല്‍ അടച്ചുപൂട്ടുമോ എന്നല്ല എപ്പോള്‍ അടച്ചു പൂട്ടും എന്നതാണ് സമകാലീന ചോദ്യം എന്നായിരുന്നു സലാമിന്റെ പ്രതികരണം. തിയേറ്റര്‍ അടച്ചുപൂട്ടുന്നതോടെ അവിടെ എന്താണ് ഉയര്‍ന്ന് വരാന്‍ പോകുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. മള്‍ട്ടിപ്ലെക്‌സ് വരും എന്ന സംസാരമുണ്ട്. വരുമാനം വളരെ കുറവായതോടെ തിയേറ്റര്‍ നടത്താനും ജീവനക്കാര്‍ക്ക് കൂലി നല്‍കാനും കഴിയുന്നില്ലെന്ന് തിയേറ്ററിലെ ഏറ്റവും മുതിര്‍ന്ന ജീവനക്കാരില്‍ ഒരാളായ അമന്‍ സിംഗ് വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. തിയേറ്റര്‍ എന്നാണ് അവസാനമായി ഹൗസ് ഫുള്‍ ആയതെന്ന് പോലും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ പ്രശസ്തമായ മറ്റൊരു സാംസ്‌കാരിക കേന്ദ്രം കൂടി മറവിയുടെ ലോകത്തിലേക്ക് മാഞ്ഞുപോവുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍