UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യം കുതിക്കുകയാണ്; കര്‍ഷക ആത്മഹത്യയുടെ കാര്യത്തില്‍

Avatar

അഴിമുഖം പ്രതിനിധി

രാജ്യം വികസനത്തിന്റെ അതിവേഗപാതയിലാണെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കിക്കൊണ്ട് കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. നേരിട്ടുള്ള വിദേശനിക്ഷേപത്തിന് ചുവപ്പുപരവതാനി വിരിക്കുന്ന തിരക്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കാലവര്‍ഷം കനിയാതെ പോയ കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കാനോ അവരുടെ ദുരിതങ്ങള്‍ക്ക് എന്തെങ്കിലും അറുതി വരുത്താനോ സര്‍ക്കാര്‍ മറന്നുപോയിരിക്കുന്നു. 

2014-നും 2015-നുമിടയില്‍ കര്‍ഷക ആത്മഹത്യയില്‍ 40 ശതമാനം വര്‍ധനവാണ് രാജ്യത്തുണ്ടായത്. കര്‍ണാടകത്തിലാണ്  കര്‍ഷക ആത്മഹത്യ കുത്തനെ ഉയര്‍ന്നത്; 2014-ലെ 321-ല്‍ നിന്നും 2015-ല്‍ 1300-ലേറെയായി. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് മഹാരാഷ്ട്രയിലാണ്; 2014-ല്‍ 2568; 2015-ല്‍ 3030, 18 ശതമാനം വര്‍ദ്ധനവ്. തെലങ്കാനയാണ് അടുത്ത സംസ്ഥാനം. 2014-ല്‍ 898 കര്‍ഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയതെങ്കില്‍ 2015-ല്‍ അത് 1350 ആയി.

തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ 2014-ലും 2015-ലും രാജ്യത്തു കടുത്ത വരള്‍ച്ച നേരിട്ടു. മദ്ധ്യേന്ത്യന്‍ സംസ്ഥാനങ്ങളെയായിരുന്നു ഇതേറ്റവും കൂടുതല്‍ ബാധിച്ചത്. 2015-ലും വരള്‍ച്ച തുടര്‍ന്നതോടെ കഴിഞ്ഞ വരള്‍ച്ചയുടെ ആഘാതത്തില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. കര്‍ണാടകത്തില്‍ 2015-ല്‍ 176 താലൂക്കുകളില്‍ 140 എണ്ണവും വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കേണ്ടിവന്നു. ഇതോടൊപ്പം പെരുകുന്ന കടഭാരവും ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ധനസഹായം വര്‍ദ്ധിപ്പിച്ചതും സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കാന്‍ കാരണമായി പലരും പറയുന്നു.

ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ കണ്ട മഹാരാഷ്ട്രയില്‍ മറാത്ത്വാഡ  മേഖലയിലാണ് വരള്‍ച്ച ഏറെ ബാധിച്ചത്. 2016-ലെ ആദ്യ 4 മാസക്കാലത്ത് ഈ പ്രദേശത്ത് 400 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2015-ല്‍ മറാത്ത്വാഡയിലെ 8 ജില്ലകളില്‍ 1130 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഏതാണ്ട്, ദിവസം മൂന്നു പേര്‍ എന്ന കണക്കില്‍. മറാത്ത്വാഡയില്‍  വലിയതോതില്‍ വെള്ളം ആവശ്യമുള്ള കരിമ്പ് പോലുള്ള കൃഷികള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നത് ഭക്ഷ്യവിളകളിലേക്ക് മാറാനാണ്.

2014-ല്‍ രാജ്യത്തു 5650 കര്‍ഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയതെങ്കില്‍ 2015-ല്‍ അത് 8,000-മായി ഉയര്‍ന്നെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. 2015-ല്‍ നൂറിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംസ്ഥാനങ്ങള്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയാണ്. ബിഹാര്‍, ഝാര്‍ഖണ്ട്, പശ്ചിമ ബംഗാള്‍, ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ ഈ വര്‍ഷം കര്‍ഷക ആത്മഹത്യകള്‍  ഉണ്ടായിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍