UPDATES

കിലോയ്ക്ക് 50 പൈസ പോലുമില്ല; കര്‍ഷകര്‍ ടണ്‍ കണക്കിനു തക്കാളി റോഡില്‍ തള്ളി

അഴിമുഖം പ്രതിനിധി

ലോഡ് കണക്കിനു തക്കാളികള്‍ റോഡില്‍ ഉപേക്ഷിച്ചു കര്‍ഷകരുടെ പ്രതിഷേധം. ഛത്തീസ്ഗഡിലെ ജസ്പൂര്‍ ജില്ലയിലെ കര്‍ഷകരാണ് പ്രതിഷേധവുമായി ദേശീയപാതയില്‍ ടണ്‍ കണക്കിന് തക്കാളി കൊണ്ടു വന്ന് തള്ളിയത്. ഇടനിലക്കാരും വ്യാപാരികളും തമ്മിലുള്ള ഒത്തുകളിയാണെന്നും ഇപ്പോള്‍ തക്കാളി കിലോയ്ക്ക് 50 പൈസയാണെന്നും പറഞ്ഞായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. കിലോയ്ക്ക് 50 പൈസപോലും നല്‍കി തക്കാളി ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നും കര്‍ഷകര്‍  പറയുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിഷേധം പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം ജഷ്പൂര്‍ കളക്ടര്‍ പ്രിയങ്ക ശുക്ല കര്‍ഷകരുടെ ആരോപണങ്ങളല്ല തക്കാളി വില കുറയാന്‍ കാരണമെന്നു പറയുന്നു. ജില്ലയില്‍ ഈ സീസണില്‍ ഉയര്‍ന്ന തോതിലുള്ള തക്കാളി ഉത്പാദനമാണ് ഉണ്ടായിരിക്കുന്നതും. ഇതാണു വിലയും ആവശ്യവും കുറയാന്‍ ഇടയാക്കിയതെന്നുമാണു കളക്ടര്‍ പറയുന്നത്. കര്‍ഷകര്‍ക്ക് അനുകൂലമായ വിപണി ഒരുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

ചത്തീസ്ഗഡിലെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ ദുരിതമാണ് പാവപ്പെട്ട കര്‍ഷകരും അനുഭവിക്കുന്നതെന്നാണ്. അടുക്കളിയിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ആളുകളുടെ കൈയില്‍ പണം ഇല്ലാതായിരിക്കുന്നു. ഇവിടെയുള്ളവരില്‍ കൂടുതലും തക്കാളി കര്‍ഷകരാണ്. അവരുടെ ജീവിതം ഈ കൃഷിയെ ബന്ധപ്പെട്ടാണ്. സര്‍ക്കാര്‍ അതുകൊണ്ടു തന്നെ കര്‍ഷകരില്‍ നിന്നും നേരിട്ടു തക്കാളി ഏറ്റെടുക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

ഇന്ദിര ചൌക്കിലെ പത്തല്‍ഗോണ്ര്‍ നഗരത്തില്‍ കര്‍ഷകര്‍ തക്കാളി ഉപേക്ഷിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹികമാധ്യമങ്ങളിലെ ഇപ്പോഴത്തെ വൈറല്‍. 

കര്‍ഷകരുടെ പ്രതിഷേധത്തിന്റെ വീഡിയോയും ചിത്രങ്ങളും




മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍