UPDATES

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാഗ്ദാനം കാറ്റില്‍ പറത്തി ഇടതുസര്‍ക്കാരും; കുടിശികയും ബാക്കി

കുടിശിക തീര്‍ക്കാന്‍ വഴികാണാതെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ച് കയ്യടി നേടുക മാത്രമാണ് ഈ സര്‍ക്കാര്‍ ഇതുവരെ ചെയ്തിരിക്കുന്നത്

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കര്‍ഷക തൊളിലാളികള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ അങ്ങനെ തന്നെ അവശേഷിക്കുന്നു. കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത് 600 കോടിയിലധികം രൂപ. ഭരണത്തിലേറിയാല്‍ കര്‍ഷകരുടെ പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ക്കുമെന്നായിരുന്നു വാഗ്ദാനം.

’40 വര്‍ഷമായി കുട്ടനാട്ടിലെ വയലില്‍ പണിയെടുക്കുന്ന കര്‍ഷക തൊഴിലാളിയാണ് ഞാന്‍. ക്ഷേമനിധി ബോര്‍ഡ് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ആശ്വാസമായിരുന്നു. തീവെയിലത്ത് പണിയെടുക്കുന്നതിനു മെച്ചമെന്തെങ്കിലും ഉണ്ടാവുമല്ലോ എന്ന സമാധാനമായിരുന്നു. എനിക്ക് 68 വയസ്സുണ്ട്. വാര്‍ധക്യ കാല പെന്‍ഷന്‍ കിട്ടും. പക്ഷെ ഇത്രവര്‍ഷം കര്‍ഷക തൊഴിലാളിയായിരുന്നിട്ട് അതിന്റെ മെച്ചം വാങ്ങിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. അതുകൊണ്ട് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ മതിയെന്ന് വച്ചു. ഇപ്പോ എന്താ, കടിച്ചതുമില്ല, പിടിച്ചതുമില്ല. ഒരു ഗ്ലാസ് വെള്ളം കുടിക്കണോങ്കിലും ഒന്ന് മുറുക്കണോങ്കിലും മക്കടേം മരുമക്കടേം കാലുപിടിക്കണം. ഒരു പനി വന്നാ പോലും മരുന്നുമേടിക്കാന്‍ കയ്യില്‍ അഞ്ച് പൈസയില്ല.‘ കര്‍ഷകതൊഴിലാളിയായ തങ്കമ്മ ഇങ്ങനെ തന്റെ ദുരിതം പറഞ്ഞുവച്ചു.

പ്രതിമാസം 1000 രൂപയാണ് നിലവില്‍ തൊഴിലാളികള്‍ക്ക് പെന്‍ഷനായി വിതരണം ചെയ്യുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഓണത്തിന് വീടുകളിലെത്തിച്ച് ഈ പെന്‍ഷന്‍ നല്‍കിയിരുന്നു. കുടിശിക കൊടുത്തു തീര്‍ക്കുന്നതിന് പകരം ആറ് മാസത്തെ തുകയാണ് ഒന്നിച്ച് നല്‍കിയത്. എന്നാല്‍ ഇതുപോലും പലര്‍ക്കും കിട്ടിയില്ല. പെന്‍ഷന്‍ വിതരണം പകുതിക്ക് വച്ച് അവസാനിച്ചു. ഇതോടെ കുടിശികയും കര്‍ഷക തൊഴിലാളികളുടെ ദുരിതങ്ങളും അങ്ങനെ തന്നെ അവശേഷിക്കുകയാണ്.

60 വയസ് തികഞ്ഞ കര്‍ഷക തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നാണ്. എന്നാല്‍ ഇത് മുടങ്ങിയിട്ട് ഏഴ് വര്‍ഷമാകുന്നു. രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് നിലവില്‍ വിരമിക്കല്‍ ആനുകൂല്യം നല്‍കാനുണ്ട്. ഇത് 123 കോടി രൂപയിലധികം വരും. ആയിരത്തിലധികം പേര്‍ വിരമിക്കല്‍ ആനുകൂല്യം കൈപ്പറ്റാതെ മരണപ്പെട്ടു. 2010 വരെയുള്ള വിരമിക്കല്‍ ആനുകൂല്യമാണ് ഇതേവരെ വിതരണം ചെയ്തത്. ഇതിനു പുറമെ ചികിത്സ, വിവാഹം, വിദ്യാഭ്യാസം, പ്രസവം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കുള്ള ധനസഹായവും കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി വിതരണം ചെയ്യുന്നു. ഈ വകുപ്പിലും 150 കോടിയോളം രൂപ കുടിശികയാണ്.

നിലവിലെ കണക്കനുസരിച്ച് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിന് ഓരോ വര്‍ഷവും 75 കോടിയിലധികം രൂപ ആവശ്യമാണ്. പ്രതിവര്‍ഷം 70 കോടി രൂപയുടെ ബാധ്യതയിലാണ് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നീങ്ങുന്നത്. 10 കോടി രൂപ മാത്രമാണ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡിന് നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിലും മറ്റുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പോരായ്മകളെ വിമര്‍ശിച്ച് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരും അതേ നയങ്ങള്‍ തന്നെ തുടരുമ്പോള്‍ ദുരിതത്തിലാവുന്നത് സാധാരണക്കാരായ തൊഴിലാളികളാണ്.

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവില്‍ രണ്ടര ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ഈ അംഗബലം തന്നെയാണു സമയബന്ധിതമായ പെന്‍ഷന്‍ വിതരണത്തിന് തടസ്സമാവുന്നതെന്ന മറുപക്ഷവുമുണ്ട്. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ 70 ശതമാനവും യഥാര്‍ഥ കര്‍ഷക തൊഴിലാളികളല്ല എന്ന വിമര്‍ശനം കാലങ്ങളായുയരുന്നുണ്ട്. ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിന് യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാത്തതാണ് ഇതിലേക്കുള്ള തള്ളിക്കയറ്റത്തിനു കാരണം. ഒരാള്‍ക്ക് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമാവണമെങ്കില്‍ ഏതെങ്കിലും തൊഴിലാളി സംഘടനകളുടെ നേതാവ് നിര്‍ദ്ദേശിച്ചാല്‍ മതി. നേതാക്കളുടെ ശിപാര്‍ശയുമായി ചെല്ലുന്ന ഏതൊരാളേയും ക്ഷേമനിധി ബോര്‍ഡില്‍ അംഗമാക്കും. വരുന്നവര്‍ യഥാര്‍ഥത്തില്‍ കര്‍ഷക തൊഴിലാളികളാണോ എന്നു തിരിച്ചറിയാനുള്ള പരിശോധനകള്‍ നടക്കാറില്ല. ക്ഷേമനിധിയില്‍ അംഗമാവുമ്പോള്‍ ഒരു വ്യക്തി നല്‍കേണ്ടത് 75 രൂപയാണ്. എന്നാല്‍ പല യൂണിയന്‍ നേതാക്കളും ക്ഷേമനിധി അംഗത്വത്തിന് ശുപാര്‍ശ ചെയ്യുന്നതിന് 500 രൂപ വരെ വാങ്ങാറുണ്ട്. ക്ഷേമനിധിയില്‍ അംഗത്വമെടുപ്പിക്കല്‍ പണം വാരാനുള്ള തന്ത്രമാക്കിയ ചില യൂണിയന്‍ നേതാക്കള്‍ കൂടുതല്‍ പേരെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കാന്‍ മിടുക്ക് കാണിക്കുകയും ചെയ്യുന്നു. ഇതോടെ വര്‍ഷാവര്‍ഷം അംഗസംഖ്യയില്‍ പതിനായിരത്തിലധികം പേരുടെ വര്‍ധനവുണ്ടാവുകയും ചെയ്യുന്നു.

അംഗമായ ഒരാള്‍ മാസം അഞ്ച് രൂപ മാത്രമാണ് ക്ഷേമനിധി ബോര്‍ഡിലേയ്ക്ക് അടയ്ക്കുന്നത്. അതായത് വര്‍ഷം 60 രൂപ അടവ് വരും. ഒരു വര്‍ഷം ഈ തുക അടച്ചു കഴിഞ്ഞാല്‍ അന്ന് മുതല്‍ അംഗത്വമെടുത്തയാള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നാണ് വ്യവസ്ഥ. ഇത്രയും തുക വിതരണം ചെയ്യാന്‍ ബോര്‍ഡിന് സാധിക്കാതിരിക്കെ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമാണ് ഏക ആശ്രയം.

‘ഏത് സര്‍ക്കാര്‍ മാറി മാറി വന്നാലും കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള കുടിശിക വിതരണം ചെയ്യാന്‍ കഴിയില്ല. രണ്ടര ലക്ഷത്തിലധികം കര്‍ഷക തൊഴിലാളികളാണ് ക്ഷേമനിധിയിലുള്ളത്. അംഗങ്ങളില്‍ നിന്ന് പിരിഞ്ഞ് കിട്ടുന്ന പണം കൊണ്ട് ഇത്രയും പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പോലും ബോര്‍ഡിന് കഴിയില്ല. നേതാക്കളുടെ താത്പര്യമനുസരിച്ച് പലരേയും ക്ഷേമനിധിയിലേക്ക് തള്ളിക്കയറ്റുകയാണ്. ഈ തിരുകി കയറ്റലും അംഗസംഖ്യയിലെ വര്‍ധനവുമാണ് കുടിശികയേറാന്‍ കാരണമാവുന്നത്. ക്ഷേമനിധിയിലുള്ള 30 ശതമാനം പേര്‍ പോലും യഥാര്‍ഥ കര്‍ഷക തൊഴിലാളികളല്ല. അംഗങ്ങളായിട്ടുള്ളവരില്‍ ഒട്ടുമിക്കവരും അനര്‍ഹരാണ്. പക്ഷെ ഇവര്‍ കാരണം യഥാര്‍ഥ കര്‍ഷക തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യം ലഭിക്കാതെ പോവുകയാണ്. ഇക്കാര്യത്തില്‍ ഒരു മാറ്റം വരണമെങ്കില്‍ ആദ്യം ക്ഷേമനിധി ബോര്‍ഡിന്റെ നയങ്ങള്‍ പരിഷ്‌കരിക്കണം. ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളാവണമെങ്കില്‍ പാലളന്നിരിക്കണം, തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗമാവണമെങ്കില്‍ ക്ഷേമനിധി ഓഫീസിലെത്തി തൈയ്ച്ച് കാണിക്കണം. എന്നിരിക്കെ കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗത്വമെടുക്കണമെങ്കില്‍ ഒരു നിബന്ധനകളും മാനദണ്ഡങ്ങളുമില്ല. ഈ അവസ്ഥ മാറണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ തീരുമാനമെടുക്കണം.

അംഗങ്ങളായുള്ളവര്‍ യഥാര്‍ഥത്തില്‍ കര്‍ഷക തൊഴിലാളിയാണോ എന്ന കാര്യം പരിശോധിക്കുകയും അല്ലെങ്കില്‍ അംഗത്വം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. കുട്ടനാട്ടിലെ പാടങ്ങളില്‍ കൊയ്ത്തിനും മറ്റ് ജോലികള്‍ക്കും തൊഴിലാളികളെ കിട്ടാനില്ല. അന്യദേശത്തു നിന്നുള്ള തൊഴിലാളികളാണ് ഇപ്പോള്‍ കര്‍ഷകരുടെ ആശ്രയം. പക്ഷെ ആ പ്രദേശത്തുള്ള വീട്ടുകാരെല്ലാം ക്ഷേമനിധിയില്‍ അംഗങ്ങളുമായിരിക്കും. ഇതാണ് വിരോധാഭാസം. ക്ഷേമനിധിയില്‍ അംഗങ്ങളായുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡിന്റെ ആനുകൂല്യം ലഭിക്കും. വിരമിക്കല്‍ ആനുകൂല്യമായി 2000 രൂപകിട്ടും. പോരാത്തതിന് ചികിത്സയ്ക്ക് 2000 രൂപ, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി 500 രൂപ മുതല്‍ 3000 രൂപ വരെ, പ്രസവത്തിനും മറ്റും വേറെ… അങ്ങനെ ആനുകൂല്യങ്ങള്‍ നിരവധി ലഭിയ്ക്കും. പക്ഷെ ഇതൊന്നും യഥാര്‍ഥ തൊഴിലാളിയ്ക്കു കിട്ടുന്നില്ലെന്നതാണ് വസ്തുത. അംഗസംഖ്യ ദിവസവും കൂടുമ്പോള്‍ കുടിശികയേറുമെന്നല്ലാതെ ആര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട. ഒരു സര്‍ക്കാരിനും ഈ കുരുക്ക് അഴിച്ചെടുക്കാനാവില്ല‘ – കര്‍ഷക കോണ്‍ഗ്രസ് നേതാവ് സന്തോഷ് കുമാര്‍ പറയുന്നു.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ ക്ഷേമനിധി ബോര്‍ഡ് വഴി വിതരണം ചെയ്യേണ്ട ആനുകൂല്യത്തില്‍ 300 കോടി രൂപയോളം കുടിശികയുണ്ടായിരുന്നു. എന്നാല്‍ ഈ കുടിശിക കൊടുത്ത് തീര്‍ക്കാന്‍ ശ്രമിക്കുന്നതിന് പകരം എല്‍.ഡി.എഫ്. സര്‍ക്കാര്‍ ക്ഷേമനിധി പെന്‍ഷന്‍ തുക ഉയര്‍ത്തുകയാണ് ചെയ്തത്. പെന്‍ഷന്‍ തുക 600ല്‍ നിന്ന് 1000 ആക്കി ഉയര്‍ത്തി. കര്‍ഷകതൊഴിലാളികളുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത് സ്വീകാര്യമായ കാര്യമാണെങ്കിലും അംഗസംഖ്യ നിയന്ത്രിച്ച് യഥാര്‍ഥ തൊഴിലാളികളിലേക്ക് ഇത് എത്തിക്കാനാണ് സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ശ്രമിക്കേണ്ടിയിരുന്നത്.

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍