UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“രാഹുല്‍ ഗാന്ധി ഇറ്റലിയിലേയ്ക്ക് പോകണം, ഇങ്ങോട്ട് വരണ്ട”: അമേഥിയില്‍ കര്‍ഷകരുടെ പ്രതിഷേധം

രാഹുല്‍ തങ്ങളുടെ ഭൂമി തട്ടിപ്പറിച്ചു എന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അമേഥിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ കര്‍ഷക പ്രതിഷേധം. രാഹുലിന് അമേഥിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും രാഹുല്‍ ഇറ്റലിയിലേയ്ക്ക് മടങ്ങണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അമേഥി ജില്ലയിലെ ഗൗരീഗഞ്ചിലാണ് രാഹുലിനെതിരെ ശക്തമായ കര്‍ഷക രോഷം പ്രകടമായത്. രാഹുല്‍ തങ്ങളുടെ ഭൂമി തട്ടിപ്പറിച്ചു എന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി നല്‍കിയ ഭൂമി തിരിച്ചുനല്‍കണമെന്നും അല്ലാത്തപക്ഷം തങ്ങള്‍ക്ക് ജോലി നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

1980ല്‍ ജയിന്‍ സഹോദരന്മാര്‍ കസൂറിലെ വ്യവസായ മേഖലയില്‍ 65.57 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. എംപിയായിരിക്കെ രാജീവ് ഗാന്ധി ഇവിടെ ഒരു സൈക്കിള്‍ ഫാക്ടറി ഉദ്ഘാടനം ചെയ്തിരുന്നു. ഈ ഫാക്ടറിക്ക് മുന്നിലാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. സൈക്കിള്‍ കമ്പനി നഷ്ടത്തിലായതോടെ വായ്പ തിരിച്ചുപിടിക്കാന്‍ ഭൂമി ലേലം ചെയ്തു. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് ഒന്നര ലക്ഷം രൂപയ്ക്ക് ലേലത്തില്‍ ഭൂമി നേടി. എന്നാല്‍ കോടി ലേലം റദ്ദാക്കുകയും ഭൂമി വ്യവസായ വികസന കോര്‍പ്പറേഷന് തിരികെ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.

അതേസമയം രേഖകളില്‍ ഉടമസ്ഥാവകാശം വ്യവസായ വികസന കോര്‍പ്പറേഷനാണെങ്കിലും രാജീവ് ഗാന്ധി ട്രസ്റ്റ് അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നതായാണ് ആരോപണം. രാജീവ് ഗാന്ധി ട്രസ്റ്റിന്റെ പേരില്‍ രാഹുല്‍ ഗാന്ധി കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തായി കേന്ദ്ര മന്ത്രിയും 2014ലെ തിരഞ്ഞെടുപ്പില്‍ ഇവിടെ രാഹുലിന്റെ എതിരാളിയുമായിരുന്ന സ്മൃതി ഇറാനി ആരോപിച്ചിരുന്നു. രാഹുലിനെതിരെ ശക്തമായ പ്രചാരണമാണ് സ്മൃതി ഇറാനി മണ്ഡലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാഹുലിന്റെ നില ഇത്തവണ അമേഥിയില്‍ അത്ര സുരക്ഷിതമല്ലെന്നും മറ്റ് രണ്ട് മണ്ഡലങ്ങളില്‍ കൂടി അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍