UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ കണ്ണടച്ചിരുട്ടാക്കരുത്

Avatar

അഴിമുഖം പ്രതിനിധി

കര്‍ഷക ആത്മഹത്യകള്‍ക്ക് എപ്പോഴും ഒരു സമൂഹിക-രാഷ്ട്രീയ പശ്ചാത്തലമുണ്ടാവും. എന്നാല്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ താത്പര്യം കാണിച്ച ആം ആദ്മി പാര്‍ട്ടിയുടെ റാലിയില്‍ വച്ച് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുമ്പോള്‍, മറ്റ് കാര്യങ്ങളുടെ കൂട്ടത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ശ്രദ്ധാകേന്ദ്രമാകുന്നു എന്ന് മാത്രമല്ല പ്രശ്‌നം തങ്ങളുടെ പടിവാതിലില്‍ എത്തിയെന്ന് അവരോട് പറയുകയും ചെയ്യുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ പ്രശ്‌നം ഒരു രാഷ്ട്രീയ പന്തുകളിയായി മാറുകയും പരസ്പരം ചെളിവാരിയെറിയല്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. 

ഭൂമി ഏറ്റെടുക്കല്‍ നിയമം ഒരു രാഷ്ട്രീയ വിഭജന വിഷയമായി മാറിയിരിക്കെ, മിക്ക സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി നടക്കുന്ന ആത്മഹത്യകളെക്കാള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന നിര്‍ഭാഗ്യകരമായ മരണം കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റുക സ്വാഭാവികം. എന്നാല്‍ നേരത്തെ മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും മാത്രം കണ്ടിരുന്നതും ഇപ്പോള്‍ ഇന്ത്യ മുഴുവന്‍ ബാധിച്ചിട്ടുള്ളതുമായ കര്‍ഷക ദുരിതമാണ് യഥാര്‍ത്ഥ പ്രശ്‌നം. 

ഈ സാംക്രമിക രോഗം രാജ്യത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരിടത്തേക്ക് പകരുകയായിരുന്നില്ല. മറിച്ച് ഓരോ പ്രദേശങ്ങള്‍ക്കും അവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ട്. മാര്‍ച്ചില്‍ കാലം തെറ്റിപ്പെയ്ത മഴ മാത്രമാണ് എല്ലായിടത്തും പൊതുവായി ഉള്ള പ്രശ്‌നം. കഴിഞ്ഞ വര്‍ഷം മതിയായ രീതിയില്‍ മഴ ലഭിക്കാത്തതിനാല്‍ വരള്‍ച്ചാ സമാനമായ അവസ്ഥ നിലനില്‍ക്കുന്ന മഹാരാഷ്ട്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപയുടെ വര്‍ള്‍ച്ച ദുരിതാശ്വാസം പ്രഖ്യാപിച്ചു. ഈ വര്‍ഷം മാര്‍ച്ച് അവസാനം വരെ വിദര്‍ഭ മേഖലയില്‍ മാത്രം 200 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം ആയിരത്തോളം പേരാണ് ഈ മേഖലയില്‍ ആത്മഹത്യ ചെയ്തത്. 2006ല്‍ 1450 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ വിദര്‍ഭ മേഖലയിലെ ഏറ്റവും രൂക്ഷമായ പ്രശ്‌നം അനുഭവിക്കുന്ന ആറ് ജില്ലകള്‍ക്കായി കേന്ദ്രം 3750 കോടി രൂപ അനുവദിച്ചു. 

മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമായി പരന്ന് കിടക്കുന്ന ബുന്ദേല്‍ഖണ്ട് മേഖലയില്‍ ഈ വര്‍ഷത്തെ അവസ്ഥ ഒട്ടും മെച്ചമല്ല. ഇവിടെ കര്‍ഷകര്‍ സാധാരണ ചെയ്യുന്നത് കാര്‍ഷക ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വായ്പ എടുക്കുക എന്നതാണ്. വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ കൊള്ളപ്പലിശക്കാരായ പ്രദേശിക പണമിടപാടുകാരെ അവര്‍ക്ക് ആശ്രയിക്കേണ്ടി വരുന്നു. 

പ്രശ്‌നങ്ങള്‍ വിവിധ തലങ്ങളില്‍ നിലനില്‍ക്കുകയാണ്. എന്നാല്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തിന്റെ ഗൗരവം കുറച്ച് കാണിക്കാനാണ് ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശും കേന്ദ്രവും ചില ആശ്വാസ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൃഷി ചെയ്ത വിളകളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍, ഭൂമി കൃഷി ചെയ്തതാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തില്‍ എല്ലാ നഷ്ടപരിഹാരത്തുകകളും വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ എല്ലാവര്‍ക്കും അറിയാവുന്നത് പോലെ തന്നെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് വളരെ ചെറിയ പരിഹാരം കാണാന്‍ മാത്രമേ ഇത്തരം നഷ്ടപരിഹാരങ്ങള്‍ക്ക് സാധിക്കുകയുള്ളു. 

നിയമം നടപ്പിലാക്കി തുടങ്ങിയിട്ടില്ലെങ്കിലും ഈ ആത്മഹത്യ ഭൂമി ഏറ്റെടുക്കല്‍ നിയമത്തെ എതിര്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ശക്തി പകരും. എന്നാല്‍ മണ്‍സൂണ്‍ മോശമായാല്‍ അത് കാര്‍ഷിക കടങ്ങളെയും അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന രാഷ്ട്രീയത്തെയും കൂടുതല്‍ രൂക്ഷമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍