UPDATES

യാത്ര

ഫാണ്‍ ദ്വീപ്: ഇംഗ്ലണ്ടിലെ പക്ഷിത്തുരുത്തുകള്‍

Avatar

സ്യോബന്‍ സ്റ്റര്‍സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആറു വര്‍ഷം മുമ്പ് ആദ്യമായി ഫാണ്‍ ദ്വീപിലെത്തിയപ്പോള്‍ ഞങ്ങള്‍ പല തരം കടല്‍പ്പക്ഷികള്‍ ഇളവെയിലില്‍ സമാധാനമായി പറന്നുപോകുന്നത് കണ്ടു. വീട്ടിലേയ്ക്കുള്ള യാത്രയില്‍ എന്റെ പങ്കാളി മാത്യുവിന്റെ മുത്തച്ഛന്‍ ജിയോഫ് പറഞ്ഞു, ‘തിരിച്ച് ഇനി ഇവിടെ വരരുത്… ഇത്ര നല്ല ഒരു ദിവസം ഇനി ഉണ്ടാകില്ല.’ ഭാഗ്യവശാല്‍ ഞങ്ങള്‍ അദ്ദേഹത്തെ അവഗണിച്ചു, ഇങ്ങനെ പറഞ്ഞത് അദ്ദേഹവും മറന്നു. വീണ്ടും ദ്വീപിലേയ്ക്ക് ഒരു യാത്ര പോയാലോ എന്ന് ചോദിച്ചപ്പോള്‍, ‘പിന്നെന്താ’ എന്നാണ് അദ്ദേഹം പറഞ്ഞത്. 

ഇംഗ്ലണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡ് തീരത്തിനടുത്തുള്ള ദ്വീപുസമുച്ചയമാണ് ഫാണ്‍സ്. തിരകളുടെ അടിസ്ഥാനത്തില്‍ ചിലപ്പോള്‍ 28 ദ്വീപുകള്‍ വരെ ദൃശ്യമാകും. 

മനുഷ്യര്‍ സ്ഥിരതാമസമില്ല ഇവിടെ. പക്ഷെ ഒരു സംഘം നാഷണല്‍ ട്രസ്റ്റ് വാര്‍ഡന്മാര്‍ മുട്ടയിടുന്ന പക്ഷികളെ സംരക്ഷിക്കാന്‍ സ്പ്രിംഗ് സമ്മര്‍ സീസണില്‍ ഇവിടെ തമ്പടിക്കാറുണ്ട്. കടല്‍പ്പക്ഷികളുടെ ഇരുപത്തിമൂന്നു സ്പീഷീസാണ് ഇവിടെ എത്താറുള്ളത്. ഏകദേശം ഒരു ലക്ഷത്തോളം പക്ഷികള്‍ വേനലില്‍ ഇവിടെ മുട്ടയിടാനും വിരിയിക്കാനുമായി വരുന്നു. 

അങ്ങനെ ജിയോഫും ഭാര്യ നാനും (രണ്ടുപേരും തൊണ്ണൂറ്റിനാലുകാര്‍) മാത്യുവും ഞങ്ങളുടെ മകള്‍ അഞ്ചരവയസുള്ള കിറ്റിയും കൂടി ഒരു ബോട്ടില്‍ യാത്ര തുടങ്ങി. യാത്ര ഏകദേശം മൂന്നുമണിക്കൂര്‍ എടുക്കും. കാലാവസ്ഥ അനുയോജ്യമാണെങ്കില്‍ ഇതില്‍ ഒരു മണിക്കൂര്‍ ഫാണിന്‍റെ ഉള്‍പ്രദേശത്ത് നില്‍ക്കാനാകും. കാലാവസ്ഥ ഒരു പ്രധാനഘടകമായതുകൊണ്ട് ആദ്യമേ ഈ സൗകര്യം ലഭ്യമാണോ എന്ന് അന്വേഷിക്കേണ്ടിവരും. ഞങ്ങളുടെ ബോട്ട് പുറംദ്വീപുകള്‍ ചുറ്റി സഞ്ചരിച്ചു. ഇടയ്ക്കിടെ ബോട്ടിലെ അറിവുള്ളവര്‍ പക്ഷികളെ ചൂണ്ടിക്കാണിച്ചുതന്നു. പാറക്കെട്ടുകളില്‍ ഒരു വലിയ സംഘം ചാരനിറമുള്ള സീലുകള്‍ കിടന്നിരുന്നു. ഈ രോമരഹിത കക്ഷികളെ അടുത്ത് കാണാനെന്നോണം അതില്‍ ചിലര്‍ നീന്തിയെത്തി. ഞാന്‍ ആദ്യമായാണ് ഇത്രയധികം കടല്‍പ്പക്ഷികളെ ഒരുമിച്ചു കാണുന്നത്. ഇടയ്ക്കിടെ ഡോള്‍ഫിനുകളെയും കാണാം ഈ പ്രദേശത്ത്. പക്ഷെ അന്ന് കാണാനായില്ല. 

ഓരോ ദ്വീപിനും അതാതിന്റെ വ്യക്തിത്വമുണ്ട്. സ്‌റ്റേപ്പിള്‍ ദ്വീപുകളിലെ വലിയ പാറക്കെട്ടുകള്‍ മാന്‍ഹാട്ടനിലെ അംബരചുംബികള്‍ പോലെ തോന്നിച്ചു, എന്നാല്‍ അല്‍പ്പം വെളുപ്പ് നിറം, പക്ഷിക്കാഷ്ഠത്തിന്റെ മണം. ‘ഓ, നാറുന്ന ഫാണ്‍!’, കിറ്റി മൂക്ക് പൊത്തിക്കൊണ്ട് പറഞ്ഞു. എന്നാല്‍ നൂറുകണക്കായ റേസര്‍ബില്ലുകള്‍ക്കും കിറ്റിവേക്കുകള്‍ക്കും ഇതൊന്നും ഒരു പ്രശ്‌നമായില്ല. ഏറ്റവും കൂടുതല്‍ ഉയരമുള്ള കാഷ്ഠക്കൂനയില്‍ താമസമാക്കിയ ഹെറിംഗ്ഗള്ളുകള്‍ക്കും ഇതൊരു പ്രശ്‌നമായിരുന്നില്ല. ബോട്ട് ഒരു ദ്വീപിലേക്കു കയറിയപ്പോള്‍ ഞങ്ങള്‍ മുകളില്‍ പാറക്കെട്ടുകളില്‍ താമസിക്കുന്ന പക്ഷിക്കൂട്ടങ്ങളെ കണ്ടു. അറ്റ്‌ലാന്റിക്ക് പഫിനുകള്‍ കൊക്കുകളില്‍ ഈല്‍ മത്സ്യങ്ങളെ കൊരുത്തെടുത്ത് പറന്നുയരുന്നു. 

ഇനി അല്‍പ്പം ചരിത്രം: ഇവിടെ നൂറ്റാണ്ടുകള്‍ കൊണ്ട് നൂറുകണക്കിന് കപ്പലുകള്‍ തകര്‍ന്നിട്ടുണ്ട്. ഞങ്ങളുടെ ബോട്ട് ലോങ്സ്‌റ്റോണ്‍ ലൈറ്റ്ഹൗസ് എത്താറായപ്പോള്‍ ഇതിലൊരു ധീരതയുടെ കഥ ഞങ്ങളുടെ ഗൈഡ് പറഞ്ഞു. 1838ല്‍ എസ്എസ് ഫോര്‍ഫാടര്‍ഷ്യര്‍ ഫാര്‍നെ ദ്വീപില്‍ എത്തി തകര്‍ന്നപ്പോള്‍ അത് കണ്ടത് ലൈറ്റ് ഹൗസ് കീപ്പറുടെ മകള്‍ ഗ്രേസ് ഡാര്‍ലിംഗാണ്. ലൈഫ്‌ബോട്ടുകള്‍ക്ക് കപ്പലിലെത്താനാകില്ലെന്നു തിരിച്ചറിഞ്ഞ ഗ്രേസും അച്ഛന്‍ വില്യമും ഒരു ചെറിയ തുഴവഞ്ചിയില്‍ അങ്ങോട്ട് നീങ്ങി. അവര്‍ നാല് പുരുഷന്മാരെയും ഒരു സ്ത്രീയെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. വില്യമും രക്ഷപെട്ട പുരുഷന്മാരും ചേര്‍ന്നു പിന്നീട് നാലു പേരെ കൂടി കടലില്‍ നിന്ന് രക്ഷപ്പെടുത്തി. ഒമ്പത് പേരെ മറ്റൊരു ബോട്ട് രക്ഷപെടുത്തിയെങ്കിലും മറ്റുയാത്രികരും കപ്പല്‍ ജോലിക്കാരും ദുരന്തത്തില്‍ കൊല്ലപ്പെട്ടു. ഈ വാര്‍ത്ത പുറത്തെത്തിയതോടെ ഗ്രേസ് പ്രശസ്തയായി. അവളുടെ കഥ ജപ്പാനിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും വരെ കേള്‍വികേട്ടു. കലാകാരന്മാര്‍ അവളെ വരയ്ക്കാന്‍ സ്ഥലത്തെത്തി. അനാവശ്യ സന്ദര്‍ശകരില്‍ നിന്ന് അവളെ രക്ഷിക്കാന്‍ നോര്‍ത്തംബര്‍ലാന്‍ഡിലെ ഡ്യൂക്ക് തന്നെ ഗ്രേസിന്റെ സംരക്ഷണം ഏറ്റെടുത്തു. നിര്‍ഭാഗ്യവശാല്‍ മൂന്നുവര്‍ഷത്തിന് ശേഷം ഇരുപത്തിയാറാം വയസില്‍ ഗ്രേസ് ക്ഷയം പിടിച്ച് മരിച്ചു. 

ഞങ്ങള്‍ ലോങ്ങ്‌സ്‌റ്റോണില്‍ നിന്ന് ഇന്നര്‍ ഫാണിലേക്ക് തിരിച്ചു. പാക്കിംഗില്‍ വന്ന ഒരു പിഴവ് കാരണം എനിക്ക് തൊപ്പിയോ ഉടുപ്പില്‍ ഹുഡോ ഉണ്ടായിരുന്നില്ല. കാലാവസ്ഥ നല്ലതായിരുന്നു. എന്നാല്‍ മഴയെക്കാള്‍ ഞാന്‍ പേടിച്ചത് ആര്‍ട്ടിക്ക് ടെര്‍നം എന്ന പക്ഷിയെയാണ്. മുന്‍പു വന്നപ്പോള്‍ ഉണ്ടായ സംഭവത്തിന്റെ ഓര്‍മ ഇപ്പോഴും പേടിപ്പിക്കുന്നതാണ്. 

ഞങ്ങള്‍ സെന്റ് കത്ത്‌ബെര്‍ട്ട് ചാപ്പലിന്റെ അരികിലേക്ക് നടക്കാന്‍ തുടങ്ങിയതും ഈ പക്ഷികള്‍ വന്നു കൊത്താന്‍ തുടങ്ങി. നിലത്ത്, പലപ്പോഴും വഴിയില്‍ തന്നെ കൂടുകൂട്ടി മുട്ടയിടുന്ന മാതാപിതാക്കളുടെ വേവലാതിയാണിത്. അവരുടെ മുട്ടകളുടെയോ അടയിരിക്കുന്ന ഏതെങ്കിലും പക്ഷിയുടെയോ അരികിലേയ്ക്ക് ഏതെങ്കിലും മനുഷ്യന്‍ എത്തിയാല്‍ അവര്‍ സ്ഥലം വിടും വരെ ഇങ്ങനെ കൊത്തിയോടിക്കാന്‍ നോക്കും. അവരെ കുറ്റം പറയാന്‍ പറ്റുമോ. ഇതില്‍ ചില പക്ഷികള്‍ അന്റാര്‍ട്ടിക്കില്‍ നിന്ന് മുട്ടയിടാനായി ഇവിടെ വരെ എത്തിയതാണ്. 

ഞങ്ങളുടെ അരികില്‍ തവിട്ട് ഐഡറുകള്‍ ഉറക്കംതൂങ്ങി അടയിരിക്കുന്നു, താറാക്കൂട്ടം എത്തിനോക്കുന്നു, കൂടെ കറുത്ത തലയുള്ള ഗള്ളുകളും. അതിനിടെ ഫാര്‍നെയിലെ താരമായ അറ്റ്‌ലാന്റിക്ക് പഫിന്‍, കണ്ടാല്‍ കോമാളിയായി തോന്നുമെങ്കിലും ബുദ്ധിശാലികള്‍ മനുഷ്യരുടെയും അവരുടെ ബൂട്ടുകളുടെയും അടുത്ത് നിന്ന് മാറി ഭൂമിക്കടിയില്‍ മാളങ്ങളില്‍ മുട്ടയിടുന്നു. പഫിനുകളുടെ സീസണ്‍ ആയിരുന്നില്ല, ഞങ്ങളുടെ ആദ്യവരവില്‍ ഇതിലേറെ പക്ഷികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അടുത്ത് കാണാനായ പക്ഷികളുടെ കൂട്ടങ്ങള്‍ മനസ് നിറയ്ക്കുന്നവ തന്നെയായിരുന്നു. 

എന്നാല്‍ ഞാന്‍ ഒരു നല്ല പക്ഷി നിരീക്ഷകയല്ല, മാത്യു കിണഞ്ഞു പരിശ്രമിച്ചെങ്കിലും. ബൈനോക്കുലറുകള്‍ എന്റെ സുഹൃത്തുക്കളല്ല, പക്ഷിനിരീക്ഷണം എന്നാല്‍ എനിക്ക് നനഞ്ഞ നിലത്തുകൂടി നടപ്പാണ്. എന്നാല്‍ ഇവിടെ പക്ഷികള്‍ നിങ്ങളുടെ കണ്മുന്നിലിങ്ങനെ കാണുമ്പോള്‍ അതിശയിക്കാതിരിക്കാന്‍ കഴിയില്ല. നടക്കുന്നതിനിടെ ഒരു ടൈംമെഷീനില്‍ കയറിയ തോന്നല്‍. അസംഖ്യം തിളങ്ങുന്ന, കറുപ്പ് പച്ച പക്ഷികള്‍, അവയുടെ തിളങ്ങുന്ന പച്ച കണ്ണുകള്‍. കൂടുതല്‍ അടുത്തെത്തി നിരീക്ഷിച്ചപ്പോള്‍ അവ യൂറോപ്യന്‍ ഷാഗ് ചിക്‌സ് ആണെന്ന് മനസിലായി. ഞങ്ങള്‍ കടക്കാന്‍ പാടിലാത്ത ഒരു വര ഒരു കയര്‍ കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. അമ്മക്കിളികളെപ്പോലെ സൂക്ഷ്മതയോടെ ഒരു നാഷണല്‍ ട്രസ്റ്റ് വാര്‍ഡന്‍ അവിടെ കാവല്‍ നിന്നിരുന്നു. 

നോര്‍ത്ത് സീയിലെ കിളികള്‍ പല രൂപവും വലിപ്പവും ഉള്ളവരാണ്. വലിയ ഹെറിംഗ് ഗള്ളുകള്‍ മുതല്‍ ചെറിയ ടെര്‍ണുവകള്‍ വരെ. പലരും പ്രത്യേകസവിശേഷതകളുള്ള സൗന്ദര്യധാമങ്ങളാണ്. ടെര്‍നറകളുടെ ഓറഞ്ചു കൊക്ക്, ഗള്ളുകളുടെ ചോക്കലേറ്റ് നിറം സ്വഭാവസവിശേഷതകളും കൗതുകകരം തന്നെ. കോമാളിവേഷമുള്ള പഫിന്‍, പെന്‍ഗ്വിനെപ്പോലെയുള്ള ഗില്‍മൊകട്ട്, അവയുടെ പരുക്കന്‍ കസിന്‍ റേസര്‍ബില്‍. 

ഈ ദ്വീപിന് കത്ത്‌ബെര്‍ട്ട് വിശുദ്ധനുമായി ബന്ധമുണ്ട്. ആദിമകാല സെല്റ്റിക്ക് ക്രിസ്ത്യന്‍ കാലത്തെ ഒരു ബിഷപ്പായ അദ്ദേഹം ഇന്നര്‍ ഫാര്‍നെയിലാണ് ആശ്രമം തുടങ്ങിയത്. ഇടയ്ക്ക് അദ്ദേഹം ഇവിടെ നിന്ന് പോയെങ്കിലും ദ്വീപ് അദ്ദേഹത്തെ തിരിച്ചുവിളിച്ചു. എ ഡി 687ല്‍ ഇവിടെ വെച്ചാണ് അദേഹം മരിക്കുന്നത്. അദ്ദേഹത്തിന്റെ സെല്ലും പേരിലുള്ള ചാപ്പലും അതിനോട് ചേര്‍ന്നു കുറച്ച് കെട്ടിടങ്ങളും കാണാം ഇവിടെ. 

കത്ത്‌ബെര്‍ട്ടിനെയും ദേശാടനക്കിളികളെയും പോലെ എന്നെയും ഈ ദ്വീപ് തിരികെവിളിച്ചതാണ്. ഇത് എന്റെ മൂന്നാം സന്ദര്‍ശനമാണ്. ഇനിയും വരാന്‍ ഞാന്‍ കാത്തിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ദ്വീപിലെ എന്റെ ഒരു മണിക്കൂര്‍ സമയം കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ബോട്ടില്‍ കയറി ഹാര്‍ബമറിലേയ്ക്ക് തിരിച്ചു, കാറ്റേറ്റ് തളര്‍ന്നും വിശന്നും ഹാര്‍ബഹറിലെ മീനും ചിപ്പ്‌സും ചായയും കൊതിച്ചുകൊണ്ടും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍