UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു കലാലയം കുട്ടികളെ ഇങ്ങനെ ഭയക്കുന്നതെന്തിനാണ്?

Avatar

ഷാഹിന റഫീഖ്

രാവിലെ തൊട്ടു പേനയും തുറന്നു പിടിച്ച് ഇരിപ്പാണ് ഞാന്‍. എവിടെ തുടങ്ങണം, എന്തൊക്കെ എഴുതണം എന്ന ചിന്താക്കുഴപ്പത്തില്‍. അപ്പോഴാണ്‌ കൂട്ടുകാരി വിളിക്കുന്നത്. അയല്‍ക്കാരായ ഞങ്ങള്‍ ഒരുമിച്ചായിരുന്നു  കോളേജിലേക്കുള്ള യാത്രയൊക്കെ.

എവിടെയാടോ? എന്താ പണി?

ഞാന്‍ പേപ്പറും പെന്നും കൊണ്ടിരിക്കാ. ഫാറൂഖ് കോളേജിനെക്കുറിച്ചെഴുതാന്‍.

ഈയിടെയായി കോളേജിനെ കുറിച്ചു വന്ന വാര്‍ത്തകളും വിശേഷങ്ങളും അവളറിഞ്ഞിട്ടില്ല.

ങേ! നമ്മുടെ ഫാറൂഖ് കോളേജോ…

ഫോണിനപ്പുറത്തായിട്ടും അവളുടെ കണ്ണുകൾ തള്ളിവരുന്നത് എനിക്ക് കാണാമായിരുന്നു.

നമ്മുടെ ഫാറൂഖ് കോളേജോ!

അവള്‍ വീണ്ടും ആവര്‍ത്തിച്ചു.

ഞങ്ങള്‍ക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ലായിരുന്നു, ആ ക്യാമ്പസ് കാലത്തെക്കുറിച്ച്. പര്‍ദ്ദയുടെയും മഫ്തയുടെയും ഇറക്കുമതി സംസ്‌കാരത്തിന് മുമ്പ്, തട്ടമിടുന്ന അധ്യാപികമാര്‍ പോലും അപൂര്‍വമായ ഒരു കാലത്ത് പഠിക്കാന്‍ ഭാഗ്യം സിദ്ധിച്ചവര്‍. കൊമേഴ്‌സ് ബ്ലോക്കിനു മുന്‍പിലുള്ള ബി.കോം മരം എന്നു ഞങ്ങള്‍ വിളിച്ചിരുന്ന കാറ്റാടി മരത്തിനു താഴെ നല്ല ചൊങ്കന്‍ ചെക്കന്‍മാരുണ്ടാവും. നല്ല കൂട്ടുകാരും ഉണ്ടായിരുന്നു ബി.കോമില്‍. കെമിസ്ട്രി ബ്ലോക്കിലേക്ക്, ഹിന്ദി ക്ലാസിലേക്ക്, ഫിസിക്സ് ലാബിലേക്ക് എല്ലാം ആ സൗഹൃദ തണലും താണ്ടിയാണ് ഞങ്ങള്‍ പോയിട്ടുള്ളത്. ലേഡീസ് റൂമിനുള്ളിലൂടെ വഴി ഉണ്ടായിട്ടും. ഈ മരത്തിനു കീഴെ  ഒരാണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും  ഒന്നിച്ചു കണ്ടാല്‍ ഹാലിളകി ഓടി വരുന്ന ഒരദ്ധ്യാപകന്‍ ഉണ്ടായിരുന്നു അന്ന്. പട്ടാളം എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റേത് ഒരു പ്രണയ വിവാഹമായിരുന്നു. തന്റെ ഗതി ആര്‍ക്കും വരരുത് എന്നു കരുതീട്ടാവും അങ്ങേര് ഓടിക്കുന്നത് എന്നത് കുട്ടികള്‍ക്കിടയിലെ തമാശയായിരുന്നു അന്ന് .

സിറ്റി ബസ്സിലെ തിരക്കൊഴിയുന്നതും കാത്ത് ക്യാമ്പസിലെ മരച്ചുവട്ടിലോ രാജാ ഗേറ്റിനു വെളിയിലെ ബസ് സ്റ്റോപ്പിലോ ഒക്കെ കൂട്ടം കൂടി സൊറപറഞ്ഞിരുന്നു ഞങ്ങള്‍. ഞങ്ങള്‍ = ആണും പെണ്ണും എന്ന മനുഷ്യക്കൂട്ടങ്ങള്‍. ജൂനിയേഴ്‌സ് ആയി വന്നുചേരുന്നവരില്‍ ഭംഗിയുള്ള പെണ്‍കുട്ടികളുടെ പേര്, ക്ലാസ് ഇത്യാദി വിവരങ്ങള്‍ ചോദിച്ചറിയല്‍, ചിലര്‍ക്ക്  പ്രണയദൂത് പോകല്‍ ഇവയൊക്കെ ഞങ്ങള്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. വളരെ ഫോര്‍മല്‍ ആയി സംസാരിക്കുകയും എപ്പോഴും സീരിയസ് ആയി നില്‍ക്കുകയും ചെയ്യുന്നവനോട് ‘അവള്‍ക്ക് ഒരു ബാപ്പാനെയല്ല വേണ്ടത് കാമുകനെയാണ്’  എന്നു ചിരിച്ചു മറിഞ്ഞിട്ടുമുണ്ട്.

കാന്റീനില്‍ അന്നും ആണിടവും പെണ്ണിടവും എന്ന വേര്‍തിരിവുണ്ടായിരുന്നു. ഓണത്തിനും സംക്രാന്തിക്കും പോലും പോവാത്ത ഇടമായിരുന്നു ഞങ്ങള്‍ക്ക് കാന്റീന്‍. എല്ലാവരും ടിഫിന്‍ കൊണ്ടുവരുന്നവര്‍. അതില്‍ കൈയ്യിട്ടുവാരി തിന്നാന്‍ ക്ലാസ്സിലെ മാത്രമല്ല പുറത്തുള്ള ആണ്‍സുഹൃത്തുക്കളും ഉണ്ടായിരുന്നു. പല വീടുകളില്‍ നിന്നുള്ള പല രുചികളില്‍ വയറു നിറഞ്ഞിരുന്ന കാലം. ശബരിമല മണ്ഡലകാലത്ത് മാത്രം ശ്രീജ അവളുടെ പാത്രത്തില്‍ കൈയ്യിടാന്‍ സമ്മതിക്കില്ല. അരവണയുടെ മധുരം ഓര്‍ത്ത് ഞങ്ങളത് ക്ഷമിക്കും. വെള്ളിയാഴ്ച ആയിരുന്നു ഏറ്റവും സന്തോഷം, ക്ലാസ്സിന്റെ ദൈര്‍ഘ്യം കുറവ്, ലഞ്ച് ബ്രേക്ക് അധികം. ഊണ് കഴിഞ്ഞ് കൂട്ടമായി കൂള്‍ ബാറുകളിലേക്ക്. ക്ലാസിന് പുറത്തുള്ള സൗഹൃദങ്ങള്‍ വളര്‍ന്നു പന്തലിക്കുന്ന വെള്ളിയാഴ്ചകള്‍. പ്രണയിനികള്‍ക്കായി കര്‍ട്ടനിട്ടു മറച്ച ഇടങ്ങളുമുണ്ടായിരുന്നു ഈ കൂള്‍ബാറുകളില്‍.

ആദ്യമായി സാരിയുടുത്തതോര്‍ക്കുന്നു. ക്ലാസ് മുഴുവന്‍ പ്ലാന്‍ ചെയ്ത് ഒരു വെള്ളിയാഴ്ച ഞങ്ങളെല്ലാവരും സാരിയില്‍ അവതരിക്കുന്നു. ഞാനൊരു സെറ്റ് മുണ്ടായിരുന്നു അന്നത്തേക്ക് കരുതിവച്ചത്. ആദ്യമായി സാരി ഉടുത്തതിന്റെ പങ്കപ്പാട്. ചുരിദാറിന്റെ നീളന്‍ സ്വാതന്ത്ര്യത്തില്‍ നിന്ന് കാറ്റുകടക്കുന്ന സാരിയുടെ വരിഞ്ഞു പിടിത്തത്തിലേക്ക്. എവിടെയൊക്കെ എത്ര പിന്നുകള്‍ കുത്തിയിട്ടും വയറുകാണുമോ, മാറു കാണുമോ എന്ന ആശങ്കകള്‍. അമ്മായിയുടെ പക്കല്‍ നിന്നും കടം വാങ്ങിയ മടമ്പ് പൊന്തിയ ചെരുപ്പില്‍ അഭ്യാസിയെപ്പോലെ നടക്കുമ്പോള്‍ തെന്നിവീണു മാനം പോവാതെ ക്ലാസ്സിലൊന്ന്  എത്തിക്കിട്ടണേ പടച്ചോനെ എന്ന പ്രാര്‍ത്ഥനയായിരുന്നു മനസ്സില്‍! ബികോം മരത്തിനു കീഴെ പതിവുകൂട്ടങ്ങള്‍. ”ആഹാ! സാരിയിലാണല്ലോ, ഇന്നു തന്നെ കല്യാണം.” എന്നു പറഞ്ഞവന്‍ അവന്റെ കല്യാണത്തിനു പോലും കാത്തുനിന്നില്ല. ക്ഷണക്കത്തുമായി ബസ്സിനെ മറികടന്ന് അവന്‍ ദൈവത്തെ ക്ഷണിക്കാന്‍ പോയി. ഒരു യാത്രപോലും പറയാതെ. നിന്റെ ചിരിക്കുന്ന മുഖമാണ് രാജീവ് എനിക്ക് ഫാറൂഖ് കോളേജ്. ഒരുപാടിഷ്ടവും സന്തോഷവും തോന്നിയ ഒരിടം.

ഓര്‍മ്മകളെ പകര്‍ത്തിവയ്ക്കാനായി കിട്ടുന്ന കാശൊക്കെ കൂട്ടിവയ്ക്കുമായിരുന്നു. വീട്ടിലൊരു ക്യാമറയുള്ള സൗകര്യവുമുണ്ട്. ഒരു റോള്‍ ഫിലിം മുഴുവന്‍ പ്രിന്റ് എടുക്കാനുള്ള സാമ്പത്തികം മിക്കവാറും ഉണ്ടാവില്ല. (ബാപ്പ കോളേജ് അദ്ധ്യാപകന്‍ ആയതുകൊണ്ട് ലോഗരിതം ടേബിളിന് പൈസ മുതലായ  അടവുകള്‍ ഒന്നും ഏശില്ല!) പങ്ക് കച്ചവടമാണ് പതിവ്. കിട്ടുന്ന ഫോട്ടോകള്‍ പൈസ ഇറക്കിയവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. എന്റെ ഓര്‍മ്മകളുടെ മറുപാതികള്‍ കൂട്ടുകാരികളുടെ ആല്‍ബത്തില്‍ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.

ഒരിക്കല്‍ ഇങ്ങനെ പ്രിന്റ് എടുത്തുകൊണ്ട് വന്നപ്പോഴാണ് ബാക്ക് ഗ്രൗണ്ടിലെ ചുമരെഴുത്ത് ശ്രദ്ധിക്കുന്നത്. സ്റ്റോറിലേക്ക് നൂറുവട്ടം നടന്നുപോയിട്ടുണ്ടെങ്കിലും കണ്ണില്‍പ്പെടാത്ത ഒരു വാക്ക്. പെണ്‍കുട്ടികള്‍ മാത്രമുള്ള കോണ്‍വെന്റ്  സ്‌കൂളിലെ ഇത്തരം നിരക്ഷരതയില്‍ നിന്ന് ആ  ഫോട്ടോ എന്നെ സാക്ഷരയാക്കി! സുഹൃത്തുക്കള്‍ക്ക് പ്രണാമം.

ലാബും റെക്കോര്‍ഡും ടൈട്രേഷനും സാള്‍ട്ട് അനാലിസിസും ഒക്കെ കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോധ്യമായി. സ്‌കൂളില്‍ വച്ച് ചില അദ്ധ്യാപികമാരോടുള്ള ഇഷ്ടം അവര്‍ പഠിപ്പിക്കുന്ന വിഷയത്തോടും തോന്നുമെങ്കിലും നമ്മുടെ യഥാര്‍ത്ഥ താല്‍പ്പര്യം അതാവില്ലെന്ന്.  ഹെക്‌സാവാലന്റ് ബോണ്ടും കോവലന്റ് ബോണ്ടും ഒക്കെ വിട്ട് അക്ഷരങ്ങളുടെ ബോണ്ടിംഗിലേക്ക് കൂടുമാറി പി.ജി.ക്ക്. സെമസ്റ്ററുകള്‍ക്കും ഇന്‍ടേണല്‍ മാര്‍ക്കിനും മുമ്പുള്ള  കാലമായതു കൊണ്ട് ഗദ്യവും പദ്യവുമൊക്കെ ഇഷ്ടം പോലെ വായിച്ചു സ്വസ്ഥമായി നടക്കുന്ന ഒരു കാലം. പഠിക്കാന്‍ സ്റ്റഡി ലീവ് ഉണ്ടല്ലോ! ആകെ പത്തു പന്ത്രണ്ടുപേര്‍. സ്ഥിരമായി വരാതിക്കുന്ന ഒന്നുരണ്ടുപേരൊഴിച്ച് എല്ലാവരും എല്ലാത്തിനും ഒരുമിച്ച് (ക്ലാസ് കട്ട് ചെയ്യുന്നതൊഴികെ!). പുറത്ത് മഴ പെയ്യുമ്പോള്‍ ഹോട്ടലില്‍ കട്ടന്‍ ചായയ്ക്ക് ചുറ്റുമിരുന്ന് ഷേക്‌സ്പിയര്‍ എന്ന് പറയുമ്പോള്‍ താഴെ പല്ലിന്റെ വിടവിലൂടെ  കാറ്റ് പോവുന്ന മാഷിനെ അനുകരിച്ചും ‘മലരണിക്കാടുകള്‍ തിങ്ങിവിങ്ങി’ എന്ന അതേ ട്യൂണില്‍ ഇംഗ്ലീഷ് കവിത ചൊല്ലുന്ന സാറിനെ കുറിച്ച് പറഞ്ഞു ചിരിച്ചും, ടീ  കഴുതേ മാഷിന്റെ അണ്ണാക്കിനു താഴെയിരുന്ന് പൂജ്യം വെട്ടിക്കളിക്കാതിരുന്നൂടെ എന്ന ചീത്ത കേട്ടും, പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുടെ ഒരു കോളേജ് കാലം.

വീട്ടില്‍ വരാത്ത സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല, ഉമ്മ അവര്‍ക്കൊക്കെ ഓരോരോ വിഭവങ്ങള്‍ ഒരുക്കി. ചിലപ്പോഴൊക്കെ ആണ്‍കുട്ടികള്‍ വന്നു കയറുന്നത് കണ്ട് ഉമ്മാന്റെ വാല്യക്കാര് പറയും. ”താത്താ  മോള് തന്നെ ചെക്കനേം കണ്ടുപിടിച്ചു കൊണ്ടെന്നിട്ടുണ്ട്‌ട്ടോ.” സീരിയല്‍ കാലത്തിനും മുമ്പായതുകൊണ്ട്  ഉമ്മ മീഡിയം ക്ലോസ്സപ്പില്‍ ഞെട്ടിയില്ല! പാത്രംകഴുകാനും തുണിയലക്കാനും ഒരു ശുഷ്‌കാന്തിയും കാണിക്കാത്ത ഇവള്‍ അടുത്തൊന്നും ഇറങ്ങിപ്പോവുന്ന ലക്ഷണമില്ല എന്ന ഉദാസീന ഭാവം മാത്രം!

ഡിഗ്രി കാലത്തെ നാലഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സ്റ്റഡി ടൂറിന് ഒന്നിച്ച് ഒരു സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നതോ ഒരുമിച്ച് നടക്കുന്നതോ സദാചാരവിരുദ്ധമായി കൂടെ വന്ന അദ്ധ്യാപകര്‍ക്കു പോലും അന്ന് തോന്നിയിരുന്നില്ല. എം.എ. ക്ക് പഠിക്കുമ്പോള്‍ പിന്നെ ടീച്ചര്‍ എസ്‌കോര്‍ട്ടും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ പോവുന്നു എന്ന തീരുമാനം  വീട്ടില്‍ അറിയിക്കുന്നു. പുറപ്പെടുന്നു. ബെനിയുടെ  ‘മൈ ഹാര്‍ട്ട് ഈസ് ബീറ്റിംഗ്’ എന്ന പാട്ടില്‍ മുഴുകി മാടായിപ്പാറയില്‍ സന്ധ്യ കയറിവരുന്നതും കണ്ടിരുന്നത്, കൂട്ടുകാരന്റെ വീട്ടില്‍ തങ്ങിയത്, പിറ്റേന്ന് ബേക്കല്‍ കോട്ടയില്‍ കടല്‍ പതം പറഞ്ഞു ചിതറിയത്… അന്ന് ഞാന്‍ ഹരിയുടെ ഷര്‍ട്ട് ആയിരുന്നു ഇട്ടത്. (കടം വാങ്ങിയത്) യാത്രയൊക്കെ  കഴിഞ്ഞ് വീട്ടില്‍ വന്ന് അത് അലക്കിയിട്ടപ്പോള്‍ ഉമ്മ ചോദിച്ചതുമില്ല ഇതാരതാടീ ഷര്‍ട്ട് എന്ന് (ഉമ്മയാണത്രേ ഉമ്മ!).

പറഞ്ഞുവന്നത്, ഒന്നിച്ചിരുന്ന് പഠിക്കുകയും നടക്കുകയും യാത്ര ചെയ്യുകയും മിണ്ടുകയും  കത്തെഴുതുകയും ഫോണ്‍വിളിക്കുകയും ഒക്കെ ചെയ്തിട്ടും ഞങ്ങളാരും ജീവിതത്തില്‍ പരാജയപ്പെട്ടിട്ടില്ല എന്നു പറയാനാണ്. ശരിയാണ്, ഞങ്ങളാരും സെയ്ന്റ് ആയി വാഴ്ത്തപ്പെട്ടിട്ടില്ല.  അങ്ങനെ വാഴ്ത്തപ്പെടാന്‍ ഞങ്ങള്‍ നിന്നുകൊടുത്തിട്ടുമില്ല. ക്ലാസില്‍ പഠിച്ചതിനൊക്കെ അപ്പുറത്തെ ചില പാഠങ്ങള്‍ പഠിച്ചത് ഈ കൂട്ടുകൂടലിലൂടെയും കറങ്ങിനടക്കലിലൂടെയുമാണ്. അന്നുണ്ടായിരുന്ന എല്ലാവരും കൂടെയില്ലെങ്കിലും  കുറച്ചുപേരെങ്കിലും ഇന്നുമുണ്ട്. ഒരു ഫോണ്‍ വിളിക്കപ്പുറം, ഒരു മെസ്സേജ് അകലത്തില്‍. ഉപ്പാക്ക് പെട്ടെന്ന് അസുഖം വന്നതിനുശേഷം പേരറിയാത്തൊരു ഡിപ്രഷന്‍ എന്നു പറയുന്ന കൂട്ടുകാരനോട് നീ ഈ ബീഗം അക്തര്‍ ഒന്നു  കേള്‍ക്ക് എന്ന് എനിക്ക് പറയാനാവുന്നത് വര്‍ഷങ്ങള്‍ക്കിപ്പുറവും നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ ബലത്തിലാണ്. തീര്‍ച്ചയായും എന്റെ നല്ല സൗഹൃദങ്ങള്‍ പുല്ലിംഗം കൂടിയാണ്.

വിവാദം ഉണ്ടായപ്പോള്‍ മതത്തിനോടു കൂട്ടിക്കെട്ടാനായി ചിലരുടെ ശ്രമം. ഒരു കലാലയം കുട്ടികളെ ഭയക്കുന്നതെന്തിനാണ്? അവര്‍ മിണ്ടുന്നതും ഒന്നിച്ചു നടക്കുന്നതും വിലക്കുന്നതെന്തിന്? (കുട്ടികള്‍ ചാരിനിന്നു സംസാരിക്കുന്ന അരമതിലിനു മുകളില്‍ ദേഹത്ത് തറഞ്ഞു കയറാൻ പാകത്തിൽ വിലങ്ങനെ  കുന്തമുനകള്‍ ഉറപ്പിച്ച ചുറ്റുവരി കെട്ടി പരിഷ്‌ക്കരിച്ച ഒരു പ്രിന്‍സിപ്പൾ  ഞാന്‍ പഠിപ്പിച്ച കോളേജിലും ഉണ്ടായിരുന്നു. പിന്നീട് വന്ന പ്രിന്‍സിപ്പാളിന്  ആ പരിഷ്‌ക്കാരം വേണ്ടെന്നു വയക്കാന്‍ തോന്നിയത് ഭാഗ്യം!) രണ്ടുമണിക്കൂര്‍ തീയേറ്ററില്‍ പോയി ക്യൂനിന്ന് ടിക്കറ്റെടുത്ത്  കാണുന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും ദിവസേനെ വീടുകളെ മലീമസമാക്കുന്ന സീരിയലിനു സര്‍വ്വതന്ത്രസ്വാതന്ത്ര്യവും എന്നു പറഞ്ഞ പോലെയാണ് കാര്യങ്ങള്‍. മൊബൈല്‍ ഫോണിന്റെ കാലത്ത് എത്ര വേലികള്‍ കെട്ടും ആണിനും പെണ്ണിനും ഇടയില്‍?

ക്യാമ്പസുകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍ പ്രതിരോധ ശബ്ദങ്ങള്‍ കൂടിയാവും നേര്‍ത്തുവരിക. സ്കൂൾ തലം വരെ നമ്മൾ ആർജ്ജിക്കുന്ന മത, രാഷ്ട്രീയ ബോധം വലിയൊരളവ് വരെ ഒരാൾ പിറന്നു വീഴുന്ന മതം, വീട്, സ്കൂൾ എന്നിവ പ്രദാനം ചെയ്യുന്നതാണ്. കോളേജ് എന്ന ഇടത്തിന്റെ പ്രാധാന്യവും ഇവിടെയാണ്‌, സ്വതന്ത്രരായി ചിന്തിക്കാൻ കഴിവുള്ള, വിശാലമായ കാഴ്ച്ചപ്പാടുകൾ ഉള്ളവരായി ഉരുത്തിരിഞ്ഞു വരേണ്ട ഇടം. ക്യാമറകളുടെ നിരീക്ഷണ കണ്ണുകളിലൂടെ, അറ്റൻഡൻസുകളിലൂടെ, ഇന്റേണൽ മാർക്കുകളിലൂടെ, ക്യാമ്പസ്‌ രാഷ്ട്രീയ നിരോധനത്തിലൂടെയെല്ലാം പരിമിതപ്പെടുത്തുന്നത് ഇത്തരത്തിൽ പരുവപ്പെടേണ്ട heterogeneous ചിന്താധാരകളെയാണ്. അച്ചടക്കം വേണ്ട എന്നല്ല, പക്ഷേ , ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ secular and liberal ആയ ചിന്താ ധാരകൾ  ഉണ്ടാവരുത് എന്ന അജണ്ട പോലെയാണ് കാര്യങ്ങളുടെ പോക്ക്. മഹാരാഷ്ട്രയിൽ മുള പൊട്ടുകയും മണ്ണിന്റെ മക്കൾ വാദത്തിലൂടെ മലയാളികളടക്കമുള്ള ഇതര സംസ്ഥാനക്കാർക്ക്  എതിരെ പ്രവർത്തിക്കുകയും ചെയ്ത സംഘടനയ്ക്ക് വരെ കേരളത്തിൽ വേരോട്ടം ഉണ്ടാവുന്ന വിചിത്രമായ അവസ്ഥ!  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബുദ്ധിയിലും വിചാരത്തിലും വിവേകത്തിലും മുന്നിലെന്ന് അഹങ്കരിക്കുന്ന മലയാളികളിൽ വിദ്യാഭ്യാസമുള്ള യുവ തലമുറ വർഗീയ കാഴ്ചപ്പാടുകളിലേക്ക് ആവേശത്തോടെ നടന്നടുക്കുന്നു എന്നുള്ളത് ഭയപ്പെടുത്തേണ്ട ദൃശ്യം തന്നെയാണ്.

ഇത് ഒരു ക്യാമ്പസിന്റെ മാത്രം പ്രശ്നമായി ചുരുക്കി കാണേണ്ടതില്ല.  തെക്കോട്ടുള്ള ക്യാമ്പസിലെ അമ്പലമായാലും വടക്കോട്ടുള്ള മദ്രസ/പള്ളി ആയാലും ഇതിന്റെ തിക്തഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുക പെണ്‍കുട്ടികളാവും. എല്ലാ അടിച്ചമര്‍ത്തലുകളും ആരംഭിക്കുന്നത് അവരുടെ മേലാണല്ലോ. വസ്ത്രധാരണത്തില്‍ ആ മാറ്റം വളരെ പ്രകടമാണ്. ഇന്ന് ചെത്ത് സ്റ്റൈലില്‍ നടക്കുന്ന ആണ്‍കുട്ടികള്‍ക്കും കല്യാണസമയത്ത് പര്‍ദ്ദയിട്ട പെണ്ണ് മതി. പര്‍ദ്ദ = അടക്കവും ഒതുക്കവും. പഴയ ഒരു തമാശ ഓര്‍മ്മവരുന്നു. പെണ്ണുകാണാന്‍ പോയ അതിസുന്ദരിയെ വേണ്ടെന്ന് പറഞ്ഞതുകേട്ട് അമ്പരന്ന കൂട്ടുകാരോട് പയ്യന്‍ പറഞ്ഞത്രേ. എന്നിട്ടുവേണം അവളെയും കൊണ്ടുനടക്കുമ്പോള്‍ ”ങും  ഒറ്റയ്ക്ക് കൊണ്ടുപോയ് തിന്നോ” എന്ന് നാട്ടുകാര്‍ പറയുന്നത് കേള്‍ക്കാന്‍ന്ന്! അതെ, എനിക്ക് ഏതു പെണ്ണിനെയും നോക്കാം, എന്റെ ‘മൊതലി’നെ ആരും കാണണ്ടാ എന്ന പക്ഷം!

ഒരു കാലത്ത് വളരെ പിന്നാക്ക ജില്ലയെന്ന പരിഹാസത്തോടെ കണ്ടിരുന്ന മലപ്പുറം ജില്ലയില്‍ സമൂലമായ മാറ്റം വന്നത് വിദ്യാഭ്യാസരംഗത്തെ കുതിപ്പുകളിലൂടെയാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ. പ്രൊഫഷണല്‍ കോഴ്‌സുകളിലടക്കം പെണ്‍കുട്ടികള്‍ ഭൂരിപക്ഷം ആവാന്‍ തുടങ്ങി. സ്‌കൂളില്‍ വച്ചുതന്നെ കെട്ടിച്ചുവിടുന്ന  അവസ്ഥയ്ക്ക് മാറ്റമുണ്ടായി. പക്ഷെ പതുക്കെ ഒരു തിരിഞ്ഞുനടത്തം സംഭവിക്കുന്നുണ്ടോ?  ചെറിയ പ്രായാവുമ്പോ പെങ്കുട്ട്യോള്‍ക്ക് ഒരു തുടിപ്പും ഭംഗീംണ്ടാവും, അപ്പോ വേഗം ചെലവാകും, ഒരു പ്രായം കഴിഞ്ഞാ ബുദ്ധിമുട്ടാ എന്നു പറഞ്ഞ രക്ഷിതാവിനെ കണ്ടിട്ടുണ്ട്. പല ക്യാമ്പസുകളില്‍ നിന്നും വിവാഹം, ഗര്‍ഭധാരണം എന്നിവ കൊണ്ട് കൊഴിഞ്ഞു പോവുന്ന പെണ്‍കുട്ടികളുടെ കണക്കുകള്‍ കൂടി പഠനവിധേയമാക്കാവുന്നതാണ്.

പല കാരണങ്ങള്‍ അവര്‍ നിരത്തും. പെണ്‍കുട്ടികളെ നിങ്ങള്‍ പ്രതിഷേധിക്കുക, പ്രതിരോധിക്കുക. കാരണം, നഷ്ടപ്പെടാനുള്ളത് നിങ്ങള്‍ക്ക് മാത്രമാണ്. കൂട്ടിന് നല്ല ആണ്‍ സൗഹൃദങ്ങള്‍ ഉണ്ടാവും. തീര്‍ച്ച.

(പ്രമുഖ ചലച്ചിത്ര നിരൂപക, കഥാകൃത്ത്, എഴുത്തുകാരി. ആനുകാലികങ്ങളില്‍ ലോക സിനിമയെ കുറിച്ച് സ്ഥിരമായി എഴുതുന്നു. അഴിമുഖത്തില്‍ മൂവിമാപ് എന്ന കോളം ചെയ്യുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍