UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആണും പെണ്ണും ശരീരം മാത്രമല്ല; ഫറൂഖ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനിക്ക് പറയാനുള്ളത്

Avatar

ഷീജ സി കെ

നമ്മുടെയൊക്കെ സ്വാതന്ത്ര്യത്തിനും വ്യക്തി താത്പര്യങ്ങള്‍ക്കും നേരെ അരുതുകളുടെ നീരാളിക്കൈകള്‍ നീളാന്‍ തുടങ്ങിയത് ഏറെ ഭയപ്പാടോടെ നേരിടേണ്ടി വരുന്ന സ്ഥിതിവിശേഷം കേരളത്തില്‍പ്പോലും നിലനില്‍ക്കുന്നുണ്ട്. ഇന്നതേ കഴിക്കാവൂ, ഇങ്ങനെയേ വിശ്വസിക്കാവൂ, ഈ വസ്ത്രമേ ധരിക്കാവൂ, ഇങ്ങനെയേ ജീവിക്കാവൂ തുടങ്ങിയ കല്പനകള്‍ അടിച്ചേല്‍പ്പിച്ചു സംഘപരിവാര്‍ സംഘടനകളും മറ്റു ചില മതമൗലിക വാദികളും സാധാരണക്കാരുടെ കുടുംബ, സമൂഹ്യ,സാംസ്‌കാരിക ജീവിതത്തില്‍ പിടിമുറുക്കുമ്പോള്‍ നിസ്സംഗരായി നിശ്ശബ്ദത പാലിക്കുന്നതെങ്ങനെ?

കോഴിക്കോട് ജില്ലയിലെ പ്രശസ്ത കലാലയമായ ഫാറൂഖ് കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു ഒരേ ബഞ്ചിലിരുന്നതാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്ന പുതിയ വിഷയം. മുസ്ലിം മാനേജ്‌മെന്റിനു കീഴിലുള്ള ഈ കലാലയത്തില്‍ ഇതിനു മുന്‍പും ഇത്തരം ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഫാറൂഖ് കോളേജില്‍ ബിരുദപഠനം നടത്തിയ 94-96 കാലത്ത് വെള്ളിയാഴ്ചകളില്‍ ഉച്ചഭക്ഷണ ഇടവേളകളില്‍ ക്ലാസ് മുറികള്‍ താക്കോലുപയോഗിച്ചു പൂട്ടിയിടുന്ന പതിവുണ്ടായിരുന്നു. മുറികള്‍ പൂട്ടാന്‍ വരുന്ന ‘ഉദ്യോഗസ്ഥ’നോടു ചോദിച്ചപ്പോള്‍ അയാളുടെ മറുപടി വെള്ളിയാഴ്ചയല്ലേ, നിങ്ങള്‍ക്ക് പള്ളിയില്‍ പൊയ്ക്കൂടെയെന്നായിരുന്നു. ഞങ്ങള്‍ പ്രാര്‍ത്ഥിക്കാനല്ല പഠിക്കാനാണിവിടെ വരുന്നതെന്നും ഞങ്ങളില്‍ പലരും ദൈവവിശ്വാസികളല്ലെന്നും അതുകൊണ്ടു തന്നെ ഞങ്ങള്‍ പ്രാര്‍ത്ഥനയില്‍ വിസ്വസിക്കുന്നില്ലെന്നും പറഞ്ഞു. അങ്ങനെയെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് വിശ്രമിക്കാനുള്ള മുറിയില്‍ പോയിരിക്കാനായിരുന്നു ‘ഉദ്യോഗസ്ഥ’ന്റെ ആജ്ഞ. ഞങ്ങളതിനെ പ്രതിരോധിച്ചത് ഭക്ഷണം കഴിച്ചുകൊണ്ടായിരുന്നു. പിന്നീടെല്ലാ വെള്ളിയാഴ്ചകളിലും മേപ്പടി ഉദ്യോഗസ്ഥന്‍ താക്കോല്‍ക്കൂട്ടവുമായി എത്തുന്നതിനു മുന്നേ തന്നെ ഞങ്ങള്‍ ചോറ്റുപാത്രം തുറന്നു വെയ്ക്കും. ആദ്യം ഒരു പാത്രം , അതു കഴിഞ്ഞു മറ്റൊന്ന്… 2.30 വരെ ഞങ്ങള്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചു ഭക്ഷണം കഴിക്കും. അവസാനം ഉദ്യോഗസ്ഥനു തോല്‍വി സമ്മതിക്കേണ്ടി വന്നു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുമ്പോള്‍ ഇത്രയടി അകന്നു നില്‍ക്കണമെന്നു പിന്നെയൊരു പ്രിന്‍സിപ്പല്‍ വന്നപ്പോള്‍ നിയമം പാസാക്കി. സ്ത്രീയും പുരുഷനും എന്ന രണ്ടു വര്‍ഗങ്ങള്‍ ശരീരം പങ്കുവെയ്ക്കാന്‍ മാത്രമുള്ളതാണെന്ന പൊള്ളയായ ധാരണ തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്കു കൈമാറുകയെന്ന കാടന്‍ സാമ്പ്രദായിക പിന്തുടരുന്ന ഒരു വരേണ്യ മൂരാച്ചിവര്‍ഗത്തിന്റെ ജല്പനങ്ങളായേ ഈ ഇടപെടലുകളെ കാലം വിലയിരുത്തുകയുള്ളൂ.

ഫറൂഖിലെ സദാചാര ഫാസിസം; മനുഷ്യാവകാശ സംഘടനകള്‍ ഇടപെടണമെന്ന് വിദ്യാര്‍ത്ഥികള്‍
അറുത്തുമാറ്റപ്പെട്ട ആ മരച്ചില്ലകള്‍ പറയും ഫറൂഖ് കോളേജിന്റെ സത്യം
ഫറൂഖില്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ പ്രാകൃത മര്യാദകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം; തോമസ് ഐസക് എംഎല്‍എ
ആണും പെണ്ണും ഒരുമിച്ചിരുന്നു; ഫറൂഖ് കോളേജില്‍ എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നത് സൊള്ളാന്‍; ഫറൂഖ് കോളേജ് (സദാചാര) അധികൃതര്‍
ഫറൂഖ് കോളേജിലെ ആണ്‍ – പെണ്‍ ഇടങ്ങള്‍

ആണും പെണ്ണും അടുത്തിടപഴകിയാല്‍, ഒന്നിച്ചിരുന്നാല്‍, ഒരുമിച്ചു യാത്ര ചെയ്താല്‍. ഒരുമിച്ചു ഭക്ഷണം കഴിച്ചാല്‍ തകരുന്നതാണോ നമ്മുടെ സാമൂഹ്യ സദാചാരം. സദാചാര ഗുണ്ടായിസവും ഫാസിസ്റ്റ് കൊടുങ്കാറ്റും അഴിച്ചു വിട്ട്, വികസനോന്മുഖമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹ്യ സാംസ്‌കാരിക പരിസരത്ത് അരാജകത്വം സൃഷ്ടിച്ചു, പുതു തലമുറയെ മതമൗലികവാദത്തിനും അതില്‍നിന്നുടലെടുക്കുന്ന മതാന്ധതയ്ക്കും അടിമപ്പെടുത്തി നിര്‍വീര്യമാക്കാനുള്ള പ്രതിലോമകരമായ നീക്കങ്ങളെ കാമ്പസുകള്‍ തിരിച്ചറിയേണ്ടതുണ്ട്, പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പക്വമതികളായ യുവജനത ഉരുവം കൊണ്ടില്ലെങ്കില്‍ കലാലയങ്ങളില്‍ മാത്രമല്ല വീടകങ്ങളില്‍ പോലും ഭാര്യയും ഭര്‍ത്താവും അച്ഛനും മകളും ആങ്ങളയും പെങ്ങളും വെറും ‘അന്യ’ ആണും പെണ്ണുമായി ജീവിക്കേണ്ടിവരും.

(അധ്യാപികയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍