UPDATES

മതപരമായ ചട്ടക്കൂടുകള്‍ മാനിക്കുന്നവര്‍ മാത്രം ഫറൂഖില്‍ പഠിച്ചാല്‍ മതി; പ്രിന്‍സിപ്പല്‍

അഴിമുഖം പ്രതിനിധി

ഫാറൂഖ് കോളേജിന്റെ മത ചായ്‌വ് വ്യക്തമാക്കുന്ന പരാമര്‍ശവുമായി പ്രിന്‍സിപ്പല്‍ ഇ പി ഇമ്പിച്ചിക്കോയ. ഫാറൂഖ് കോളേജ് മദ്രസയായി തോന്നുന്നുണ്ടെങ്കില്‍ അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നാണ് അദ്ദേഹം വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളോടു പറഞ്ഞത്‌. ഇവിടെ മതപരമായൊരു ചട്ടക്കൂടുണ്ട്. ഇതുമാനിച്ച് പഠിക്കുന്നവര്‍മാത്രം ഇവിടെ പഠിച്ചാല്‍ മതിയെന്നാണ് പ്രിന്‍സിപ്പല്‍  ഒരുമിച്ചിരുന്നുവെന്ന കാരണത്താല്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളോടു വ്യക്തമാക്കിയത്. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ എട്ടു പേരെ തിരിച്ചെടുക്കാന്‍ തീരുമാനമായിരുന്നു. ചെയ്തതു തെറ്റാണെന്നു സമ്മതിച്ചു മാപ്പെഴുതി നല്‍കിയ എട്ടു പേരെയാണ് തിരിച്ചെടുക്കുന്നത്.

എന്നാല്‍, രക്ഷിതാക്കളുടെ മുന്‍പില്‍ വച്ചു മതപരവും വിവേചനപരവുമായ പ്രസ്താവനകള്‍ ഉയര്‍ത്തി ഒറ്റപ്പെടുത്താനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളോട് രൂക്ഷമായ ഭാഷയിലായിരുന്നു അധ്യാപകരുടെ പ്രതികരണം. തുടര്‍ന്ന്‌ വീട്ടില്‍പോലും തങ്ങള്‍ ഒറ്റപ്പെട്ടെന്നാണ്‌ ഇവര്‍ പറയുന്നത്‌. അന്ത്യശാസനം നല്‍കിയതോടെ ഈ വിദ്യാര്‍ഥികള്‍ സംഭവത്തെപ്പറ്റി പുറത്തു പറയാന്‍ പോലും തയാറാകുന്നില്ല.

കോളജ്‌ നിയമങ്ങളും അച്ചടക്കവുമെല്ലാം യു.ജി.സി. നിര്‍ദേശപ്രകാരം പ്രോസ്‌പെക്‌ടസില്‍ പറഞ്ഞിരിക്കേണ്ടതുണ്ട്. അടുത്തിരിക്കരുതെന്നോ സഹപാഠികളുമായി ഇടപഴകരുതെന്നോ കാന്റീനില്‍ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കരുതെന്നോ പ്രോസ്‌പെക്‌ടസില്‍ പറയാത്ത നിലയ്‌ക്ക്‌ കോളജില്‍ നടക്കുന്നത്‌ അധികൃതരുടെ അലിഖിത നിയമങ്ങളാണെന്നു പുറത്താക്കപ്പെട്ടവരില്‍ ഒരാളായ കെ. ദിനു പറയുന്നു. എട്ടുപേര്‍ മാപ്പപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ അതിനു തയ്യാറാകാതെ തന്‍റെ നിലപാടില്‍ ഉറച്ചു നിന്ന ദിനുവിനെതിരെ അനവധി ആരോപണങ്ങളാണ് കോളേജ് അധികൃതര്‍ ഉന്നയിക്കുന്നത്.താന്‍ നിരപരാധിയാണെന്നും അതിനാല്‍ത്തന്നെ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും ദിനു പറഞ്ഞു.  

സംഭവത്തില്‍ നടന്‍ ശ്രീനിവാസന്‍, സംവിധായകന്‍ രഞ്‌ജിത്ത്‌, എഴുത്തുകാരന്‍ സുഭാഷ്‌ ചന്ദ്രന്‍ എന്നിവരടക്കം  നിരവധി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍