UPDATES

ഫറൂഖിലെ ലിംഗവിവേചനം എതിര്‍ത്ത വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

അഴിമുഖം പ്രതിനിധി

ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഫറൂഖ് കോളേജില്‍ നിന്നു വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ദിനുവിന്റെ സസ്‌പെന്‍ഷനാണ് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷന്‍ ഉത്തരവ് ഒരുമാസത്തേക്കാണ് മരവിപ്പിച്ചിരിക്കുന്നതെന്നു ദിനു അഴിമുഖത്തോട് പറഞ്ഞു. അഭിഭാഷക എ കെ പ്രീതയാണ് ദിനുവിനുവേണ്ടി കോടതിയില്‍ ഹാജരായത്.

ഫറൂഖില്‍ നടപ്പിലാക്കുന്ന സദാചാര നിയമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു വരുന്നതിനിടയിലാണ് മലയാളം ക്ലാസില്‍ ആണും പെണ്ണും ഇടകലര്‍ന്നിരുന്നു എന്നതിന്റെ പേരില്‍ ഒമ്പത് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. രക്ഷകര്‍ത്താക്കളെ വിളിച്ചു കൊണ്ടുവന്നതിനുശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്ന നിലപാടായിരുന്നു പ്രിന്‍സിപ്പാളിന്റെത്. എന്നാല്‍ ഈ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധം ഉയരുകയും വിഷയം മാധ്യമങ്ങള്‍ വഴി പുറം ലോകം അറിയുകയും ചെയ്തു. ഈ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നിന്ന ദിനുവിനെ കോളേജിനെ ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന കുറ്റം ചുമത്തിയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ദിനുവിനെതിരെ കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫും അനവധി ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഐഐടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും ആര്‍എസ്എസ് ആശയങ്ങള്‍ അനുസരിച്ചാണ് കോളേജില്‍ പ്രശ്‌നമുണ്ടാക്കിയതെന്നുമുള്ള പ്രചരണമായിരുന്നു ദിനുവിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നടക്കം ദിനുവിന് വലിയതോതിലുള്ള പിന്തുണയാണ് കിട്ടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍