UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാറൂഖ് കോളേജിലെ സദാചാരക്കാര്‍ക്ക് അറിയാത്ത ദിനുവിന്റെ ജീവിതം

Avatar

ഉണ്ണികൃഷ്ണന്‍ വി. 

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നിലുള്ള ഇന്ത്യന്‍ കോഫീഹൌസിനു മുന്നില്‍ വച്ചാണ് ദിനുവിനെ നേരിട്ട് കാണുന്നത്. ഇപ്പോഴും കുട്ടിത്തം വിട്ടുമാറാത്ത മുഖം. യാത്രയും ടിവി ചാനലുകളുടെ ന്യൂസ്‌ റൂമിലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവുമുണ്ടാക്കിയ ക്ഷീണം മുഖത്തുണ്ടെങ്കിലും ആ തളര്‍ച്ച അയാളുടെ കണ്ണുകളില്‍ കാണാന്‍ സാധിക്കില്ല.

കോളേജിനെതിരെ ഗൂഡലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് അംഗത്വം നേടിയെന്നും ഐഐടിയില്‍ നിന്നും പുറത്താക്കപ്പെട്ടെന്നും ഫാറൂഖ് കോളേജും എംഎസ്എഫ് പ്രവര്‍ത്തകരും ഉറപ്പിച്ചു പറയുന്നയാള്‍, ലിംഗസമത്വത്തിനു വേണ്ടി നിലകൊണ്ടു എന്നുള്ള ഒറ്റ കാരണം കൊണ്ട് കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട 20-കാരന്‍, സദാചാര പോലീസുകാരുടെ നോട്ടപ്പുള്ളി എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് ചിലര്‍ ഫറൂഖ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയായ ദിനു കെയ്ക്ക് കല്‍പ്പിച്ചു നല്കിയിട്ടുള്ളത്. 

ഇപ്പറഞ്ഞതല്ലാതെ ആരാണ് ദിനു എന്ന ചെറുപ്പക്കാരന്‍? ഇയാള്‍ക്ക് പിന്തുണയുമായി കെഇഎന്‍ കുഞ്ഞഹമ്മദ്‌, സച്ചിദാനന്ദന്‍, സക്കറിയ, ദീദി ദാമോദരന്‍, കെആര്‍ അജിത തുടങ്ങി നിരവധി പേര്‍ രംഗത്തു വന്നതെന്തുകൊണ്ടാണ്? മേല്പറഞ്ഞ ചോദ്യം ചിലരുടെ മനസ്സിലെങ്കിലും ഉയര്‍ന്നിട്ടുണ്ടാവാം. ആ ചോദ്യത്തിനുത്തരം വ്യക്തമാവണമെങ്കില്‍, ദിനു ആരാണെന്ന് അറിയണമെങ്കില്‍ ഭൂതകാലത്തേക്കും തിരിച്ചു വര്‍ത്തമാന കാലത്തേക്കും ഒരു യാത്ര വേണ്ടിവരും. 

വ്യക്തമായി പറഞ്ഞാല്‍ ദിനു എട്ടു മുതല്‍ പത്താം തരം വരെ പഠിച്ച കോഴിക്കോട് ഫറൂഖ് ജിജിവിഎച്ച്എച്ച്എസ്എസ് സ്കൂളിലെ ഒരു ക്ലാസ് റൂമിലേക്ക്‌.

 

രേഖ മിസ്സിന് തന്‍റെ പ്രിയപ്പെട്ട വിദ്യാര്‍ഥിയുടെ കാര്യങ്ങള്‍ ഇന്നലെയെന്നപോലെ മനസ്സിലുണ്ട്. കാലം കുറേ കഴിഞ്ഞെങ്കിലും ആ ഓര്‍മ്മകള്‍ ക്ലാവു പിടിക്കാതെ അവര്‍ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്.

രേഖ ടീച്ചറിന്റെ പ്രിയ ശിഷ്യന്‍
എട്ടിലും ഒന്‍പതിലും പത്തിലും ഞാന്‍ അവന്‍റെ ക്ലാസ് ടീച്ചര്‍ ആയിരുന്നു. കുട്ടിത്തത്തില്‍ നിന്നും ഒരുപടി മുകളിലേക്ക് വരുന്ന പ്രായത്തിലാണ് ഞാന്‍ അവനെ കാണുന്നത്. സാധാരണ കുട്ടികളില്‍ നിന്നും വളരെ വ്യത്യസ്തനായിരുന്നു അവന്‍. ആ പ്രായത്തിലും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് അന്നെനിക്ക് തോന്നിയത്. അത് ശരിയാണെന്ന് അവന്‍ തെളിയിച്ചു തരികയും ചെയ്തു പിന്നീട്.

ദിനുവിനെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത് സ്കൂളില്‍ ഒരു ലൈബ്രറി തുടങ്ങാന്‍ വേണ്ടിയുള്ള അവന്‍റെ കഷ്ടപ്പാടു കണ്ടപ്പോള്‍ മുതലാണ്. അവന്‍ നന്നായി വായിക്കുമായിരുന്നു. പക്ഷേ  സ്കൂളില്‍ ഒരു ലൈബ്രറി ഉണ്ടായിരുന്നില്ല. അതിന് അവന്‍ കണ്ടെത്തിയ വഴി വ്യത്യസ്തമായിരുന്നു. ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും അവന്‍ പുസ്തകങ്ങള്‍ നല്‍കുമായിരുന്നു. ഒരു ക്ലാസ് ലൈബ്രറി തുടങ്ങുവാനും, ആ ബുക്കുകള്‍  സൂക്ഷിക്കുവാനും ആരും പറയാതെ തന്നെ തയ്യാറായിരുന്നു അവന്‍. സ്കൂളില്‍ ഷെല്‍ഫോ അലമാരയോ ഇല്ലായിരുന്നതിനാല്‍ എല്ലാ ദിവസവും വൈകിട്ട്  ബുക്സ് കൊണ്ടുപോവുകയും പിറ്റേദിവസം കൊണ്ടുവരികയും ചെയ്യുമായിരുന്നു. ഒരു ചെറിയ കുട്ടി അത്ര നല്ലൊരു ഇനിഷ്യേറ്റീവ് എടുക്കുന്നതും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കാന്‍ ശ്രമിക്കുന്നതും അത്ര ചെറിയ കാര്യമല്ല.

കൂടാതെ ക്ലാസ്സില്‍ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ക്ലാസ്സില്‍ ടീച്ചര്‍മാര്‍ ഇല്ലാതിരുന്നാല്‍ പഠനത്തിനുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക ഇതൊക്കെ അവന്‍ ആരും ഏല്‍പ്പിക്കാതെ തന്നെ ചെയ്യുമായിരുന്നു – ടീച്ചര്‍ ഓര്‍ക്കുന്നു

കലോത്സവങ്ങള്‍ക്ക്  പോവുകയാണെങ്കില്‍ സമ്മാനവും കൊണ്ടേ ദിനു വരാറുള്ളൂ എന്നു ടീച്ചര്‍ പറയുന്നു. കലാപരിപാടികളില്‍ എല്ലാ ഐറ്റങ്ങളിലും അവന്‍ പങ്കെടുക്കും. ഹൌസ് ആയിട്ടാണ് സ്കൂളില്‍ അന്ന് കലാപരിപാടികള്‍ സംഘടിപ്പിക്കുക. അവന്‍ ഹൌസിന്‍റെ ക്യാപ്റ്റനായി ഉണ്ടെങ്കില്‍ ആ ഗ്രൂപ്പിലെ കുട്ടികള്‍ക്ക് വലിയ സന്തോഷമാണ്. അവന്‍ നന്നായി കുട്ടികളെ മോട്ടിവേറ്റ് ചെയ്യും. അവന്‍ സമ്മാനം വാങ്ങുന്നതോടൊപ്പം ഗ്രൂപ്പിലെ മറ്റുള്ളവരെയും അതേ നിലയില്‍ എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.


 

മനസ്സില്‍ ഇപ്പോഴും നില്‍ക്കുന്നൊരു കാര്യം അവനെ ശാസ്ത്രമേളയ്ക്കു കൊണ്ടുപോയതാണ്. ഭൂമിശാസ്ത്രവും കാലാവസ്ഥയും എന്ന വിഷയമായിരുന്നു അവനു പ്രസംഗ മത്സരത്തിനു ലഭിച്ചത്. അവന്‍ ആമുഖം കഴിഞ്ഞു വിഷയത്തിലേക്ക്  വരുന്നതിനിടെ പലയിടത്തായി നിന്നിരുന്ന അധ്യാപകര്‍ തങ്ങളുടെ ജോലി നിര്‍ത്തി ആരാണ് പ്രസംഗിക്കുന്നത് എന്ന് അറിയാനായി വരുന്നത് ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്. അത്ര മനോഹരമായിരുന്നു അവന്‍റെ പ്രസംഗം. ഞാന്‍ അവനെ പത്താം ക്ലാസ് വരെ പഠിപ്പിച്ചിട്ടുണ്ട്; അക്കാലത്തും അതിനു ശേഷവും അവന്‍ ഒരു മോശം അഭിപ്രായം കേള്‍പ്പിച്ചിരുന്നില്ല. ഒരിക്കലെങ്കിലും ദിനുവിനെ പഠിപ്പിച്ച അധ്യാപകര്‍ എന്നും അവനെ ഓര്‍ക്കും. അതാണ് അവന്‍റെ ക്യാരക്ടര്‍.

ഓരോ വാക്കിലും തന്‍റെ പ്രിയ വിദ്യാര്‍ത്ഥിയെക്കുറിച്ചുള്ള അഭിമാനം തുളുമ്പുന്ന വാക്കുകളോടെ ടീച്ചര്‍ പറഞ്ഞു നിര്‍ത്തി.

ഫറൂഖ് ജിജിവിഎച്ച്എച്ച്എസ്എസില്‍ നിന്നും എസ്എസ്എല്‍സിയ്ക്ക് ഒന്‍പത് എ-പ്ലസും സിബിഎച്ച് എസ്എസ് വള്ളിക്കുന്നില്‍ നിന്ന് 95.7 ശതമാനം മാര്‍ക്കോടെ പ്ലസ്‌-ടുവും പാസ്സായ ദിനു ഐഐടിയിലേക്കുള്ള പ്രവേശനപരീക്ഷ എഴുതുകയുണ്ടായി. അതോടൊപ്പം തന്നെ കുടുംബശ്രീയുടെ ബാലസഭയിലും ജെആര്‍സി, എന്‍എസ്എസ് എന്നിവയിലും പ്രവര്‍ത്തിച്ചിരുന്നു അയാള്‍. ആദ്യ ശ്രമത്തില്‍ തന്നെ പ്രവേശനപരീക്ഷയില്‍ വിജയിച്ച ദിനു മദ്രാസ്‌ ഐഐടിയില്‍ ഇന്റഗ്രേറ്റഡ്‌ എംഎയ്ക്ക് ചേര്‍ന്നു. ദിനുവിന്റെ ജീവിതത്തിലെ വഴിത്തിരിവുകളില്‍ ഒന്നാണ് ഐഐടിയിലെ വിദ്യാഭ്യാസകാലഘട്ടം.

വഴിത്തിരിവായ ഐഐടി പഠനം
ദിനുവിനെ ഐഐടിയില്‍ നിന്നും പുറത്താക്കിയതാണെന്നുള്ള ആരോപണം ഫാറൂഖ് കോളേജിലെ ചിലര്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു. എന്നാല്‍ അവിടെ സംഭവിച്ചത് വേറൊന്നാണ്‌. അവിടെ ദിനുവിനോടൊപ്പം പഠിച്ചതും ഇപ്പോള്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുമായ ആഷ്നി, ശ്രുതി, ജസ്ബീര്‍, കിഷോര്‍ എന്നിവര്‍ക്ക്  പറയാനുള്ളത് ഫാറൂഖിലെ സദാചാരപോലീസുകാര്‍ക്ക് ദഹിച്ചെന്നു വരില്ല.

നിസ്വാര്‍ത്ഥനായ സുഹൃത്തും സാമൂഹ്യപ്രതിബദ്ധതയുള്ള മനുഷ്യന്‍ എന്ന നിലയിലും ഞങ്ങളെ എല്ലാവരെയും ഒരുപാടു സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ദിനു. ക്യാമ്പസിനകത്തു മാത്രമല്ല പുറത്തും ഏറെ സജീവമായി എന്‍എസ്എസ്, ഐഐടി ഫോര്‍ വില്ലെജസ് എന്നിവയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഭാഗമാവുകയും മറ്റുള്ളവര്‍ക്കു മാതൃകയാവുകയും ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു അവന്‍.

ക്യാമ്പസ് പാലിയേറ്റിവ് കെയറിന്‍റെ ഭാഗമായി  അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും മറ്റ് ആശുപത്രികളും സന്ദര്‍ശിക്കുമായിരുന്നു. നത്തം എന്ന ഗ്രാമത്തിലെ കുട്ടികളെ അവന്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു. അവിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും അവന്‍ നടത്തുന്നുണ്ടായിരുന്നു. എന്‍എസ്എസ് മാനേജീരിയല്‍ ടീമില്‍ അംഗമായിരുന്നു അവന്‍. ഒരുപാടു പ്രോജക്ടുകള്‍ക്ക് അവന്‍ തുടക്കം കുറിച്ചിട്ടുണ്ട്- അവര്‍ ഓര്‍മ്മകള്‍ പങ്കുവച്ചു.

 

ആദ്യ വര്‍ഷത്തില്‍ തന്നെ അനവധി പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞു. അവിടെ വച്ചുണ്ടായ ചില അനുഭവങ്ങളാണ് എന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്- ദിനു പറയുന്നു. തന്നെ പുറത്താക്കുകയല്ല തന്‍റെ ഉള്ളില്‍ ഉണ്ടായിരുന്ന സാമൂഹ്യപ്രവര്‍ത്തകനെ പുറത്തെത്തിക്കുകയാണ് ഐഐടിയില്‍ വച്ചു നടന്നതെന്ന് എന്ന് ദിനു കൂട്ടിച്ചേര്‍ത്തു.

മാവല്ലൂരിലുള്ള ഒരു അഭയകേന്ദ്രത്തിലെ കാഴചകള്‍ ആയിരുന്നു അതില്‍ പ്രധാനം. അവിടെയുള്ളവര്‍ ഒക്കെ വക്കീല്‍മാര്‍, ഡോക്ടര്‍മാര്‍ അങ്ങനെ വലിയ പൊസിഷനില്‍ നിന്ന് റിട്ടയര്‍ ആയവരാണ്. അവരുടെ മക്കളൊക്കെ വലിയ നിലയിലുള്ളവര്‍. പക്ഷേ ഇപ്പൊ  കൊണ്ടുപോയി ഇടുന്നത് അഭയകേന്ദ്രത്തിലാണ്. മരിക്കുമ്പോ കുഴിച്ചിടാനുള്ള കാശ് ഡിപ്പോസിറ്റായി കൊടുക്കും. അവിടെ ഒരമ്മയുണ്ടായിരുന്നു. അവരുടെ ബെഡ്ഡിന്റെ സൈഡില്‍ ഉറുമ്പുകള്‍ ഉള്ളതു കണ്ട് ഞാന്‍ അത് ക്ലീന്‍ ചെയ്യുന്ന കാര്യം അവിടത്തെ ഡോക്ടറോട് സംസാരിച്ചു. അവരുടെ മേലുള്ള പച്ച പുതപ്പു മാറ്റി നോക്കാനാണ് ഡോക്ടര്‍ എന്നോടു പറഞ്ഞത്. പുതപ്പു മാറ്റിയപ്പോഴത്തെ കാഴ്ച ദയനീയമായിരുന്നു. 
അവരുടെ കാലില്‍ ഒരു വിരല്‍ ആഴത്തില്‍ ഒരു മുറിവ്. അതില്‍ നിറയെ ഉറുമ്പുകള്‍ പുറ്റുണ്ടാക്കിയിരിക്കുന്നു. ദേഹമാസകലം ഉറുമ്പുകള്‍ ഇങ്ങനെ പുറ്റുണ്ടാക്കിയിട്ടുണ്ടായിരുന്നു.

അതുപോലെ തന്നെയായിരുന്നു അഡയാര്‍ കാന്‍സര്‍ സെന്‍ററില്‍ കുട്ടികളുടെ വാര്‍ഡില്‍ പോകുമ്പോഴുള്ള കാഴ്ചകളും. അവിടെ ച്ച് ഒരുപാടു മരണങ്ങള്‍ കാണേണ്ടി വന്നു. അവിടെ കാന്‍സര്‍ ബാധിതനായ ഒരു പയ്യന്‍ ഉണ്ടായിരുന്നു. എപ്പോഴും ഫുട്ബോളും പിടിച്ചുകൊണ്ടാണ് അവന്‍ ഇരിക്കുക. അവനോടു ഡോക്ടര്‍ കാലു മുറിച്ചു മാറ്റണം എന്നു പറഞ്ഞു. മുറിച്ചതിനു ശേഷം എപ്പോള്‍ ചെന്നാലും ഒരു കണ്ണാടി അവന്‍റെ അടുത്തുണ്ടാവും. അവന്‍ അതില്‍ കാലിന്‍റെ മുറിഞ്ഞ ഭാഗവും നോക്കിയിരിപ്പായിരിക്കും മിക്കവാറും. എന്തിനാ കണ്ണാടി എന്നു ചോദിക്കുമ്പോ അവന്‍ പറയും കാലു മുളച്ചു വരുന്നുണ്ടോ എന്നറിയാനാണെന്ന്. അതൊക്കെ വല്ലാതെ ഉള്ളില്‍ക്കൊണ്ട കാഴ്ചകള്‍ ആയിരുന്നു. അടുത്ത കട്ടിലില്‍ കിടന്ന ആളിനെ കാണാതാകുമ്പോള്‍ ആ കുട്ടികള്‍ ചോദിക്കും അവരെവിടെയെന്ന്. അതിന് ഉത്തരം കൊടുക്കാന്‍ മാതാപിതാക്കള്‍ പെടുന്ന കഷപ്പാടും കാണേണ്ടി വന്നു.

ആ കാഴ്ചകള്‍ ഒരുപാടു ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ ഉയര്‍ത്തി. വിദ്യാഭ്യാസം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്, നമ്മളെ പഠിപ്പിച്ചു സ്നേഹം തന്നു വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് നാമെന്താണ് നല്‍കുന്നത്? കൂടാതെ ഐഐടിയില്‍ നിന്ന് ഡിഗ്രി കരസ്ഥമാക്കുന്നവര്‍ അവരുടെ ലോകങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടുന്നു. ശമ്പളം കിട്ടുന്ന ഒരു ജോലിയില്‍ മാത്രം അവര്‍ തൃപ്തരാവുന്നു. അതു കണ്ടപ്പോ പേടിയായി, ഞാനും അങ്ങനെ തന്നെ ആയിത്തീരുമോ എന്ന്. പിന്നെ നാട്ടില്‍ വന്ന് എന്തെങ്കിലും ചെയ്യണം എന്നും ആഗ്രഹം തോന്നി. ജീവിതം ഒരു ക്യുബിക്കിളില്‍ ഒതുങ്ങിക്കൂടി മാസാമാസം ശമ്പളം എണ്ണിത്തീര്‍ക്കേണ്ടതല്ല ജീവിതം എന്ന് ബോധ്യം വന്നു.

 

നമ്മള്‍ പഠിക്കുന്ന സിലബസ് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്‌? അതുകൊണ്ട് സമൂഹത്തിന് എന്താണ് ഉപകാരം എന്നിങ്ങനെയുള്ള ചിന്തകള്‍ വരുന്നത് അവിടെവച്ചാണ്.

അപ്പോഴാണ് ചിന്തയുടെ ഗതി മാറുന്നത്. ആ സമയത്ത് എന്‍എസ്എസ് ക്യംപിനായി നാട്ടില്‍ നിന്ന് കുറച്ചു കുട്ടികളെ ചെന്നൈയില്‍ കൊണ്ടു പോയിരുന്നു. അവരാണ് പുതിയ ആശയത്തിന്‍റെ വിത്തു പാകിയത്‌. ഇങ്ങനെ വന്നു പോകുന്ന ക്യാമ്പുകള്‍ അല്ലാതെ എന്തെങ്കിലും ഒരു ഗ്രൂപ്പ് ഫോം ചെയ്യണം എന്ന ആഗ്രഹം അവരാണ് പറയുന്നത്. എന്‍റെ മനസ്സിലും അങ്ങനെ ഒന്നുണ്ടായിരുന്നു. മതം ജാതി, രാഷ്ട്രീയം ഇവയക്കൊക്കെ അതീതമായ ഒരു കൂട്ടായ്മ. അപ്പൊ സ്പാര്‍ക്ക് എന്നു പേരിട്ട് മലപ്പുറം ബേസ്ഡ് ആയ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കി. ആദ്യം എന്‍എസ്എസുമായി ലിങ്ക് ചെയ്തിട്ടായിരുന്നു. പിന്നെ അതിനെ ദിശ എന്ന പുതിയ രൂപത്തിലേക്ക് കൊണ്ടു വരികയായിരുന്നു. ഐഐടിയില്‍ നിന്നും വന്ന സമയത്ത് ദിശയുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സാധിച്ചു. മലപ്പുറം തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ദിശ പ്രവര്‍ത്തിക്കുന്നുണ്ട്  ഇപ്പോള്‍. സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരുമായ ഷീബ അമീര്‍, കെവി റാബിയ, അഭിനേത്രി ലക്ഷ്മി\പ്രിയ, സരയൂ എന്നിവര്‍ ദിശയോടുചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

അശരണര്‍ക്ക്  ഭക്ഷണമെത്തിക്കുന്നതിനായി പൊതിച്ചോര്‍, ധനസമാഹരണതിനായി പാട്ടുവണ്ടി എന്ന പ്രോജക്റ്റ് എന്നിങ്ങനെ ദിശയുടെ പദ്ധതികളുടെ എണ്ണം നീണ്ടുകൊണ്ടിരിക്കുന്നു. കൂട്ട് എന്ന പാലിയേറ്റീവ് കെയര്‍ വിംഗും പച്ച എന്ന പ്രകൃതിസംരക്ഷണ വിഭാഗവും ലിംഗസമത്വത്തിനായി നിലകൊള്ളുന്ന ഇടം എന്ന വിഭാഗവും ഇപ്പോള്‍ ദിശയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭാഗങ്ങളുടെ കീഴില്‍ അനവധി പ്രോജക്ടുകളും- ദിനു തുടര്‍ന്നു


ഐഐടിയില്‍ പഠനം നടത്തുന്ന സമയത്താണ് ജയ്‌ ഹിന്ദ്‌ ടിവിയിലെ യുവതാരം എന്ന പ്രോഗ്രാമില്‍ ദിനു പങ്കെടുക്കുന്നത്. അവിടെ വച്ചാണ് അഭിനേത്രിയും മന:ശാസ്ത്രജ്ഞയുമായ പാര്‍വതി ദിനുവിനെ കാണുന്നത്. അന്നുമുതല്‍ അവശ്യസന്ദര്‍ഭങ്ങളില്‍ ദിനുവിനു പിന്തുണയുമായി പാര്‍വതി എത്താറുണ്ട്.

ഫാറൂഖ് കോളേജിലെ വിഷയവും ആദ്യം ദിനു അവരെയാണ് അറിയിച്ചത്. ചാനലുകള്‍ ഫാറൂഖ് കോളേജിലെ വിഷയം ഏറ്റെടുക്കാന്‍ കാരണം അവര്‍ നടത്തിയ ഇടപെടലുകളായിരുന്നു.

ജയ്‌ ഹിന്ദ്‌ ചാനലില്‍ യുവതാരം എന്ന പ്രോഗ്രാം ജഡ്ജ് പാനലില്‍ ഞാനും ഉണ്ടായിരുന്നു. പങ്കെടുക്കുന്നവരുടെ പൊതുപ്രവര്‍ത്തന താല്‍പ്പര്യം, നേതൃത്വപാടവം എന്നിങ്ങനെ പല ഘടകങ്ങളും നോക്കിയിട്ടാണ് ഒരു റൌണ്ടില്‍ നിന്നും മറ്റൊരു റൌണ്ടിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. അങ്ങനെയൊരു എപ്പിസോഡിനിടയില്‍ വച്ചാണ് ഞാന്‍ ദിനുവിനെ പരിചയപ്പെടുന്നത്,
പാര്‍വതി ഓര്‍ക്കുന്നു.

പ്രോഗ്രാമിന്‍റെ ഭാഗമായി പലതരം പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ട ആവശ്യമുണ്ടായിരുന്നു. അതിന്‍റെ ഭാഗമായി ഒരു ക്വാറി മുതലാളി കൈവശപ്പെടുത്തി വച്ചിരുന്ന ഒരു റോഡ്‌ ദിനു പൊതുവഴിയാക്കി മാറ്റുകയുണ്ടായി. ആള്‍ക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കിടന്ന ആ റോഡ്‌ ദിനുവിന്റെ നേതൃത്വത്തില്‍ പണികള്‍ ചെയ്തു പൊതുവഴിയാക്കുകയായിരുന്നു. വളരെ ബുദ്ധിപരമായ ഒരു മൂവ് ആയിരുന്നു അത്. സാധാരണ ഗതിയില്‍ ചെയ്യാന്‍ പ്രയാസമുള്ള ഈ കാര്യം ദിനു ചാനലിന്‍റെ സഹായത്തോടെ വളരെ എളുപ്പത്തില്‍ ചെയ്തു. പ്രായത്തില്‍ കവിഞ്ഞ പക്വതയും ദീര്‍ഘവീക്ഷണവും ആ പയ്യനില്‍ കാണാന്‍ കഴിഞ്ഞു. ദിനുവിന്റെ ക്യാരക്ടര്‍ എനിക്ക് വളരെ ഇമ്പ്രസീവ് ആയി തോന്നി. പാര്‍വതി പറയുന്നു. 

ഐഐടി പഠനം മതിയാക്കി അപ്പോഴേക്കും ദിനു നാട്ടിലെത്തിയിട്ടുണ്ടായിരുന്നു. ഗുരുവായൂരപ്പന്‍ കോളേജില്‍ പോകാനായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നത് എന്നും വീട് ഫാറൂഖ് കോളേജിന് അടുത്തുതന്നെ ആയതിനാല്‍ അതാവും എളുപ്പം എന്ന് മാതാപിതാക്കള്‍ പറഞ്ഞതിന്‍ പ്രകാരമാണ് താന്‍ ഫാറൂഖ് കോളേജില്‍ പഠിക്കാന്‍ തീരുമാനമെടുക്കുന്നത് എന്നും ദിനു പറയുന്നു.

ഫാറൂഖ് കോളേജും കോലാഹലങ്ങളും
മേലേവാരം എന്ന സ്ഥലത്താണ് വീട്, നടക്കാവുന്ന ദൂരമേ കോളേജും വീടും തമ്മിലുള്ളൂ. അങ്ങനെയാണ് കേള്‍വി കേട്ട ഫാറൂഖില്‍ ഞാനെത്തുന്നത്.

അവിടത്തെ അക്കാദമിക്, ഇന്ഫ്രാസ്ട്രക്ചര്‍ ഏരിയകളില്‍ ഞാന്‍ പൂര്‍ണ്ണമായും തൃപ്തനാണ്. ഈ വിഷയത്തില്‍ ഇടപെട്ട എംഎസഎഫ്  ആളുകള്‍ക്കും മറ്റുള്ളവര്‍ക്കും എന്‍റെ പ്രവര്‍ത്തനങ്ങളുടെ ബാക്ക്ഗ്രൗണ്ട്  അറിയില്ലായിരുന്നു. ലിംഗസമത്വത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനു മുന്‍പും ഞങ്ങള്‍ നടത്തിയിട്ടുള്ള കാര്യം ആര്‍ക്കും അറിയില്ലായിരുന്നു.

കിസ്സ്‌ ഓഫ് ലവിനെ പൂര്‍ണ്ണമായി അനുകൂലിക്കുന്നില്ലെങ്കിലും ആ സമയത്ത് പ്രതിഷേധ മുറകള്‍ ഞങ്ങളും നടത്തിയിരുന്നു. മലപ്പുറം അങ്ങാടിയില്‍ കുട്ടികളെയൊക്കെക്കൂട്ടി മൈക്കും സ്പീക്കറും ഒക്കെ വച്ച് ലൌഡ്സ്പീക്കര്‍ എന്നൊരു പ്രോഗ്രാം. കുട്ടികള്‍ കയ്യൊക്കെ കോര്‍ത്തു പിടിച്ച്  മനസ്സില്‍ നിന്നു വന്നതൊക്കെ വിളിച്ചു പറഞ്ഞു. അവര്‍ക്ക് തുറന്നിടപെടാനുള്ള ഒരു വേദിയായി അതുമാറി. ഡോക്ടര്‍ മീനാക്ഷി ഗോപിനാഥ്  കേരളത്തിലെ കാമ്പസുകളില്‍ നടത്തിയ അന്വേഷണത്തില്‍ ഞങ്ങളും ഇന്‍പുട്ടുകള്‍ നല്‍കിയിട്ടുണ്ടായിരുന്നു.

മുന്‍പും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും അതൊക്കെ ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. പരാതി കൊടുത്ത കുട്ടിയോട് ടീച്ചര്‍ ചോദിച്ചത് മൂന്നു വര്‍ഷം നിങ്ങള്‍ക്ക് ഇത് എതിര്‍ത്തു നില്ക്കാന്‍ കഴിയുമോ എന്നാണ്. പരാതി കൂടി നല്‍കിക്കഴിയുമ്പോള്‍ എല്ലാ കുറ്റങ്ങളും കുട്ടികളുടെ മേലെയാകും; മാനേജ്മെന്റ് തെറ്റൊന്നും ചെയ്യ്തിട്ടുമില്ല എന്നും.

നമ്മള്‍ സുഹൃത്തുക്കള്‍ എന്നു മാത്രം കണ്ടിരുന്നവരെ ആണ്, പെണ്ണ് എന്നിങ്ങനെയുള്ള സെക്ഷ്വല്‍ സെഗ്രിഗേഷന്‍ എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അംഗീകരിക്കാന്‍ പറ്റാത്തതാണ്. അധ്യാപകന് തന്‍റെ ക്ലാസ്സിലിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ എന്നതിലുപരി ആണ് പെണ്ണ് എന്ന് വേര്‍തിരിച്ചു കാണുന്നതും വെറും കൌതുകവസ്തുക്കള്‍ ആയിത്തീരുന്നതുമായ ഒരു സംസ്കാരത്തോട് യോജിക്കാന്‍ കഴിയില്ല. 

ക്ലാസ്സില്‍ പൊതുവായ ചര്‍ച്ചകള്‍ വരുമ്പോള്‍ എതിര്‍ക്കേണ്ട കാര്യങ്ങള്‍ എന്താണെങ്കിലും എതിര്‍ക്കാറുണ്ട്. തുടര്‍ച്ചയായ സദാചാര പ്രശനങ്ങള്‍ സഹിക്കാവുന്നതിന്റെയും അപ്പുറത്തായപ്പോഴാണ് എതിര്‍ത്തത്.


പാര്‍വതി ചേച്ചിയെ വിളിച്ചപ്പോള്‍  അവരാണ് ധൈര്യം തന്നത്. ഇത് സാധാരണ കോളെജുകളില്‍ മാത്രം ഒതുങ്ങിപ്പോകുന്ന വിഷയമാണ്. ഇത് മറ്റു കോളെജുകള്‍ക്ക്‌ കൂടി പ്രചോദനമാകണം എന്നു വ്യക്തമാക്കിയ ശേഷം അവരാണ് ചാനലുകളെ വിളിച്ചറിയിച്ചത്.

മുന്‍പ് തന്നെ ഡിപ്പാര്‍ട്ട്മെന്‍റ്റ് തലവനും  പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടുണ്ടായിരുന്നു. പിന്നീടു അവിടെ ഉണ്ടായിരുന്നത് മലയാളം അധ്യാപികയായ ലക്ഷ്മി മാം ആയിരുന്നു. പരാതി എടുക്കുമെന്ന് തോന്നുന്നില്ല, ഇത് ഇവിടെ ഫോളോ ചെയുന്നതാണ്, സെഗ്രിഗേഷന്‍ ഒരു തെറ്റാണോ, ഒരു ടീച്ചര്‍ക്ക് തീരുമാനിച്ചൂടെ എന്നൊക്കെയാണ് ടീച്ചര്‍ പറഞ്ഞത്‌. നേരത്ത നല്‍കിയ പരാതികള്‍ ഒതുക്കി തീര്‍ക്കാന്‍ ഉള്ള ശ്രമം അല്ലാതെ തീരുമാനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ മാനേജ്ല്‍മെന്റില്‍ ഞങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരുന്നു.

പാര്‍വതി ചേച്ചി അറിയിച്ചതനുസരിച്ച് ചാനലുകാര്‍ എത്തിയിരുന്നു അപ്പോഴേക്കും. ഏഷ്യാനെറ്റ് ആണ് ആദ്യം വന്നത്. അവര്‍ ലിംഗസമത്വം വിഷയമായ പരിപാടി മുന്‍പ് ചെയ്തിട്ടുണ്ടായിരുന്നു.

ഞങ്ങള്‍  സംഭവം വിശദീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്‍റെ ഡിപ്പാര്‍ട്ട്മെന്‍റ്റിലെ ബദ്രിയ മിസ്‌ ഓടി വരുന്നത്. അവര്‍ കാര്യം പ്രിന്‍സിപ്പലിനെ അറിയിച്ചു. ഇതെങ്ങാനും മീഡിയയില്‍ ഔട്ട് ആയിക്കഴിഞ്ഞാല്‍ അപ്പൊ കാണിച്ചുതരാം എന്ന് ബദ്രിയ മിസ്‌ വിളിച്ചു പറയുകയും ചെയ്തിരുന്നു.

പിന്നീടു മനോരമ ചാനല്‍ അടക്കമുള്ളവര്‍ വന്നു രണ്ടു ഭാഗത്തു നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പക്ഷേ ഒരു ഭാഗത്ത് നിന്നുള്ളതേ അവര്‍ സംപ്രേഷണം ചെയ്തുള്ളൂ.അതിനു ശേഷമാണ് വീട്ടുകാരെ വിളിച്ചുകൊണ്ടു വരണം എന്ന് കോളേജില്‍ നിന്നും ഉത്തരവ് വരുന്നത്.

ഇപ്പോള്‍ കോളേജില്‍ ഉള്ള, എന്‍റെ ഒപ്പം ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോന്ന കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചത്, അവരോടു അധികൃതര്‍ പെരുമാറിയത് എങ്ങനെയാണെന്നും വിദ്യാര്‍ഥി സംഘടനകള്‍ അന്വേഷിച്ചറിയണം. വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ്. അല്ലാതെ മാനേജ്മെന്റിന് വേണ്ടിയല്ല.

അവരെ മാനസികമായി തകര്‍ത്തുകളഞ്ഞു. കുട്ടികള്‍ക്ക് തൊട്ടുരുമ്മി ഇരിക്കാനാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞ് മാതാപിതാക്കളുടെ മുന്നില്‍ വച്ചു തന്നെ വിഷയം വഷളാക്കി. എംഎസ്എഫുകാരരുമായി ചേര്‍ന്ന് മാനേജ്മെന്റ് ഈ പ്രശ്നം വേറൊരു രീതിയില്‍ എത്തിച്ചു. എന്തോ ഹിഡന്‍ അജണ്ടയുമായി കോളേജില്‍ എത്തിയതാണ് ഞാന്‍ എന്നൊക്കെ പറഞ്ഞു പരത്തി. പ്രശ്നം മതപരമായ രീതിയില്‍ എത്തിക്കാനുള്ള ശ്രമം വരെ നടന്നു. എംടിആര്‍ ഫൌണ്ടേഷന്റെ മികച്ച  സാമൂഹ്യ പ്രവര്‍ത്തകനുള്ള കര്‍മ്മ അവാര്‍ഡ് ലഭിച്ചിട്ടുണ്ടായിരുന്നു എനിക്ക്. ഇത് കേസരി ട്രസ്റ്റ് തന്നതാണ്, ഞാന്‍ ആര്‍എസ്എസുകാരന്‍ ആണ് എന്നും പറഞ്ഞു പരത്താനുള്ള ശ്രമം നടന്നു.

ഈ പ്രശ്നത്തിന്‍റെ തുടക്കത്തില്‍, അതായത് പ്രത്യേക ബോര്‍ഡുകള്‍ ഒക്കെ വച്ച സമയത്ത് ഞാന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ഇട്ടിരുന്നു. അതിനു താഴെ ആരോ മുല്ല ഒമര്‍ എന്ന് കമന്‍റ് ഇട്ടതിനെ പോലും മതപരമായ രീതിയില്‍ വളച്ചൊടിച്ചു പ്രശ്നമാക്കാനുള്ള ശ്രമം നടന്നിരുന്നു.

ഫാറൂഖില്‍ കഠിനമായ ലിംഗവിവേചനം നടക്കുന്നു എന്നുള്ള പോസ്റ്റ്‌ എംഎസ്എഫ് ഇട്ടിട്ടുണ്ടായിരുന്നു; പ്രശ്നങ്ങളുടെ തുടക്കത്തില്‍. അവരാണ് ഇപ്പോള്‍ കോളേജില്‍ അങ്ങനെ ഒരു പ്രശ്നമേയില്ല എന്ന് ഒച്ചയിടുന്നത്. 

കൊലപാതകികള്‍ക്കു പോലും താന്‍ ചെയ്ത തെറ്റിനെക്കുറിച്ച് സംസാരിക്കാനുള്ള അവകാശം നല്‍കുന്ന രാജ്യമാണ് നമ്മുടേത്‌. എനിക്ക് ഫാറൂഖ് കോളേജ് അതുപോലും തന്നിട്ടില്ല. കുട്ടികളുമായി സംസാരിച്ചാല്‍ സത്യം കൂടുതല്‍ പേര്‍ അറിയും എന്നുള്ളതിനെ അവര്‍ ഭയക്കുന്നത് കൊണ്ടാവാം അത്.

 

നിയമങ്ങള്‍ അംഗീകരിക്കുന്നു. പക്ഷേ ഒരു വ്യക്തിയുടെ, ഒരു സമൂഹത്തിന്‍റ മൌലികാവകാശങ്ങളെ ഹനിക്കുന്ന രീതിയിലുള്ള ഫാസിസ്റ്റ് നടപടികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല, ദിനു പറഞ്ഞു നിര്‍ത്തി.

മാനസിക വളര്‍ച്ചയില്ലാത്ത ഒരു കൂട്ടം ആളുകള്‍ മനസ്സിലാക്കാതെ പെരുമാറുന്നതുകൊണ്ട് ദിനു ശരിയല്ലാതാകുന്നില്ലല്ലോ എന്നാണ് ദിനു മോട്ടിവേഷണല്‍ ക്ലാസ്സുകള്‍ എടുക്കുന്ന വണ്ടൂര്‍ ബോയ്സ് ഹൈസ്കൂളിലെ എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിനോദ് പറയുന്നത്.

അവനെ എനിക്ക് രണ്ടു വര്‍ഷമായി പരിചയമുണ്ട് . ഒരിക്കല്‍ കൈലാസ് സത്യാര്‍ത്ഥിയെപ്പോലെ അറിയപ്പെടെണ്ടുന്ന ഒരു വ്യക്തി എന്ന നിലയിലാണ് ഇയാളെ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാറ്.

 

ഞങ്ങളുടെ സ്കൂളിലെ കുട്ടികള്‍ ചില്ല എന്നൊരു ഓര്‍ഗനൈസേഷന്‍ എന്‍എസ്എസിന്‍റെ കീഴില്‍ നടത്തുന്നുണ്ട്. അതിന്‍റെ ബാനറില്‍, അസുഖമുള്ള കുട്ടികകള്‍ക്കായി അവര്‍ ധനസമാഹരണം നടത്തുന്നുണ്ട്. അതിലൊക്കെ ദിനുവിന്‍റെ സ്വാധീനം വളരെ വലുതാണ്. നമ്മളെക്കാള്‍ നമ്മുടെ കുട്ടികള്‍ ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ഇപ്പോള്‍. തലയില്‍ രക്തം കട്ടപിടിച്ച് ഒരു സ്പോട്ട് ഉണ്ടാവുന്ന അസുഖമുള്ള ഒരു കുട്ടി കരുവാരക്കുണ്ട് ഹൈസ്കൂളില്‍ പഠിക്കുന്നുണ്ടായിരുന്നു. ദിനു കാരണമാണ് ആ കുട്ടിക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞത്, അദ്ദേഹം തുടര്‍ന്നു.

ദിനുവിന്‍റെ തീരുമാനങ്ങളില്‍ പൂര്‍ണ്ണ പിന്തുണയുമായി നില്‍ക്കുന്ന കുടുംബവും സുഹൃത്തുക്കളും തന്നെയാണ് അയാളുടെ കരുത്ത് എന്നു വേണം പറയാന്‍. പുറത്താക്കല്‍ ഭീഷണി വന്ന അവസരത്തില്‍ വഴങ്ങാന്‍ മറ്റുള്ള വിദ്യാര്‍ഥികള്‍ തയ്യാറായപ്പോള്‍ ദിനു അതിനു വഴങ്ങിക്കൊടുക്കാഞ്ഞതിനു പിന്നില്‍ വീട്ടുകാരുടെ ശക്തമായ പിന്തുണയും ഒരു പ്രധാന ഘടകമാണ്. വീട്ടിലെ കാര്യങ്ങള്‍ക്ക് മകനെ കിട്ടാറില്ല എന്ന വിഷമമുണ്ടെങ്കിലും തന്റെ മകന്‍ ചെയ്യുന്നത് ശരിയാണ് എന്ന് ഉത്തമബോധ്യമുണ്ടെന്ന് ദിനുവിന്റെ അമ്മ രാധാമണി പറയുന്നു. എതിര്‍ക്കപ്പെടേണ്ടതിനെ എതിര്‍ക്കുക തന്നെയാണ് അവന്‍റെ ചെറുപ്പം മുതല്‍ക്കുള്ള സ്വഭാവം. കോളേജില്‍ നടന്ന ഒരു മോശം പ്രവണതയ്ക്കെതിരെ തന്നെയാണ് അവന്‍ പ്രതികരിച്ചത്. അവന്റെ ഭാഗത്ത് തെറ്റില്ല എന്നു ഞങ്ങള്‍ക്കറിയാം. അച്ഛന് ദാസനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബം എപ്പോഴും തന്‍റെ പിന്നിലുണ്ടെന്ന ധൈര്യം ഒരു മുതല്‍ക്കൂട്ട് തന്നെയാണെന്ന് ദിനുവും സമ്മതിക്കുന്നു.

 

അതു തന്നെയാണ് ദിനു സ്ഥാപകനായ ദിശയുടെ പ്രവര്‍ത്തകരായ ആരതിയ്ക്കും ഹബീബിനും പറയാനുള്ളത്. പ്രായമോ പണമോ അല്ല മനസ്സാണ് ഒരു പൊതുപ്രവര്‍ത്തകന് വേണ്ട ഗുണം എന്ന് ദിനു തെളിയിക്കുകയാണ്. ഫാറൂഖ് കോളേജിലെ സസ്‌പെന്‍ഷന്‍ ഇപ്പോഴും നിലവിലുണ്ടെങ്കിലും തോറ്റു കൊടുക്കാന്‍ അയാള്‍ തയ്യാറല്ല. തനിക്കു ചെയ്യാന്‍ കടമകള്‍ ഏറെ ഉണ്ടെന്നുള്ള ബോധം അയാളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നുമില്ല.

 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍