UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫറൂഖിലെ സദാചാര ഫാസിസം; മനുഷ്യാവകാശ സംഘടനകള്‍ ഇടപെടണമെന്ന് വിദ്യാര്‍ത്ഥികള്‍

Avatar

രാകേഷ് നായര്‍

ഫാസിസം എന്നത് ഏറ്റവും അപകടകരമായ അവസ്ഥയാണ്. ഫരീദാബാദിലാണെങ്കിലും ഫറൂഖിലാണെങ്കിലും അതിന്റെ ഭയാനകത ഒരുപോലെയാണ്. ഏതൊരു രാജ്യത്തിന്റെയും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വതന്ത്രചിന്താഗതികള്‍ പരുവപ്പെടുത്തി ഒരു തലമുറയെ പുറത്തിറക്കേണ്ട ചുമതല വഹിക്കേണ്ടുന്ന ഇടങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. എന്നാല്‍ ആ സ്ഥാപനങ്ങള്‍ തന്നെ വിദ്യാര്‍ത്ഥികളുടെ/ഭാവി തലമുറയുടെ സ്വതന്ത്രമായ ഇടപെടലുകള്‍ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തിയാല്‍ അവര്‍ സമൂഹത്തിലേക്ക് ഇറങ്ങി വരുന്നത് എന്തുതരം പൌരന്‍മാരായിട്ടായിരിക്കും?

ഫറൂഖ് കോളേജിന്റെ പാരമ്പര്യത്തെയും വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയിരിക്കുന്ന സംഭാവനകളെയും എത്ര ഉച്ചത്തില്‍ പുകഴ്ത്താമോ അത്രയും ഉച്ചത്തില്‍ തന്നെ പറയേണ്ടതാണ്. എന്നാല്‍ മാറിയ കാലത്തില്‍ ഫറൂഖ് അടക്കം കേരളത്തിലെ ഒട്ടുമിക്ക സ്‌കൂള്‍/ കോളജ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പല ഏകാധിപത്യസ്വഭാവങ്ങളും വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട് എന്ന് പറയേണ്ടി വരുന്നത് നിക്ഷിപ്ത താല്‍പര്യങ്ങളോടെയല്ല, വാസ്തവം അതായതുകൊണ്ടാണ്. നവമാധ്യമങ്ങളടക്കം ഫറൂഖിനെതിരെ അബദ്ധപ്രചാരണം നടത്തുന്നുവെന്നാണ് ഇപ്പോള്‍ കേളേജ് മാനേജ്‌മെന്റും അവിടെ പ്രവര്‍ത്തിക്കുന്ന ഒന്നിലധികം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ആരോപിക്കുന്നത്. മീഡിയ ഹിപ്പോക്രസിക്കെതിരെ ഇന്നലെ കാമ്പസില്‍ വലിയതോതില്‍ പ്രതിഷേധവും നടന്നിരുന്നു. കോളേജ് യൂണിയന്‍ നേതൃത്വത്തില്‍ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളും ഈ പ്രതിഷേധ പരിപാടിയില്‍ അണി ചേരുകയും മാധ്യമ കാപട്യത്തിനും ഫാസിസ്റ്റ് കുപ്രചരണത്തിനുമെതിരെ എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. കോളേജിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങള്‍ വഴി കുപ്രചരണം നടത്തുകയാണെന്നും ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നല്‍കി പ്രിന്‍സപ്പല്‍ അടക്കം കേളേജ് മാനേജ്‌മെന്റും ഈ പ്രതിഷേധത്തിനു സര്‍വ്വ പിന്തുണയും നല്‍കിയിരുന്നു. പഠനം ഉപേക്ഷിച്ച് പ്രതിഷേധത്തിനിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കുമെന്ന ഉറപ്പും ഉണ്ടായിരുന്നു. എംഎസ്എഫ്, എസ് ഐ ഒ, കെഎസ്‌യു എന്നീ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തിറങ്ങിയിരുന്നു. പെണ്‍കുട്ടികളടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ ഫറൂഖിനെ സംരക്ഷിക്കും എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തുകയുമുണ്ടായി.

ഇത്തരമൊരു പ്രകടനം കേളേജില്‍ നടക്കുന്നതിനിടയിലാണ് മുന്‍കൂര്‍ അനുമതിയോടെ തന്നെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കേളേജില്‍ ലിംഗവിവേചനം നടക്കുന്നുവെന്ന ആരോപണമുയര്‍ത്തി മറ്റൊരു പ്രതിഷേധപ്രകടനവും നടക്കുന്നത്. മറ്റുവിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനെതിരെയായിരുന്നില്ല തങ്ങളുടെ പ്രകടനമെന്നും പ്രിന്‍സിപ്പലില്‍ നിന്നു നേരത്തെ ലഭിച്ച അനുമതിയോടെ അനുവദിക്കപ്പെട്ട സമയത്താണ് പ്രകടനം നടത്തിയതെന്നും എസ്എഫ് ഐ നേതാക്കള്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ പ്രകടനത്തിനുനേരെ ഗോ ബാക്ക് എസ്എഫ്‌ഐ വിളികളുമായി വന്ന എംഎസ്എഫ്, എസ് ഐ ഒ സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തുകയായിരുന്നു എന്നും അവര്‍ പറയുന്നു. ഈ ആക്രമണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ആഷിര്‍, ക്രിസ്റ്റി എന്നിവര്‍ക്കു സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണ്.

എന്നാല്‍ ഞങ്ങളാണ് ആക്രമണം ഉണ്ടാക്കിയതെന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇരുപതോളം പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വലിയൊരു വിഭാഗത്തിനോട് അങ്ങോട്ടു ചെന്ന് ആക്രമം കാണിക്കാന്‍ വളരെ ചെറിയൊരു സംഘമായിരുന്ന ഞങ്ങള്‍ തയ്യാറാകുമോ? കോളേജിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന പ്രാദേശിക ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തെ ആക്രമിച്ചതും ഞങ്ങളാണെന്നാണ്  അവര്‍ ആരോപിക്കുന്നത്; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു.

ഫറൂഖില്‍ നടന്ന രണ്ടു വിഭാഗം പ്രതിഷേധങ്ങളെയും അതിനെ തുടര്‍ന്നുണ്ടായ അക്രമവും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ദിവസങ്ങള്‍ക്കു മുമ്പ് നടന്നൊരു സംഭവത്തെ അടിസ്ഥാനമാക്കിയാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നത് കോളേജ് നിയമത്തിന് എതിരാണെന്ന വാദവുമായി ഒരു അധ്യാപകന്‍ എട്ടുവിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പിലിന് പരാതി നല്‍കുകയും ഈ വിദ്യാര്‍ത്ഥികളോട് പ്രിന്‍സിപ്പല്‍ മാതാപിതാക്കളെ വിളിച്ചുകൊണ്ടുവന്നിട്ടു ക്ലാസില്‍ കയറിയാല്‍ മതിയെന്ന നിര്‍ദേശം നല്‍കുകയുമുണ്ടായി. ഇതിനെതിരെ കോളേജില്‍ നടക്കുന്നത് മോറല്‍ പൊലീസിംഗാണെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാധ്യമങ്ങളെ സമീപിക്കുകയും ഇതേ തുടര്‍ന്ന് മാധ്യമങ്ങള്‍ കോളേജ് നടപടി വാര്‍ത്തയാക്കുകയും ഉണ്ടായി. മാധ്യമങ്ങള്‍ കോളേജിനെതിരെ അബദ്ധപ്രചരണങ്ങള്‍ നടത്തുകയാണെന്നാണ് ഈ സംഭവത്തെ മാനേജ്‌മെന്റും ഒരു വിഭാഗം വിദ്യാര്‍ത്ഥികളും കാണുന്നത്. 

ഈ കാര്യത്തിലുള്ള വിശദീകരണമായി വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം പറയുന്നത് ഇങ്ങനെയാണ്; 120 ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന ഒന്നാംവര്‍ഷ ബി എ മലയാളം ക്ലാസില്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഇടകലര്‍ന്നിരുന്നത് ക്ലാസിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസമായതിനെ തുടര്‍ന്ന് അധ്യാപകന്‍ ഇവരോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ അധ്യാപകന്റെ ആവശ്യത്തിനെതിരെ ലിംഗ സമത്വം പോലുള്ള വാദങ്ങള്‍ ഉയര്‍ത്തുകയും അധ്യാപകന്റെ വിശദീകരണത്തില്‍ തൃപ്തിപ്പെടാതെ ക്ലാസില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു. ഈ സംഭവമാണ് കോളേജിന് കളങ്കമുണ്ടാക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്നാണ് ഇവര്‍ പറയുന്നത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നാല്‍ എങ്ങനെയാണ് ഒരു ക്ലാസിന്റെ സുഗമമായ മുന്നോട്ടു പോക്കിനെ അത് തടസ്സപ്പെടുത്തുന്നത്? വിദ്യാഭ്യാസവും ലോകപരിചയവും ഉള്ളൊരു അധ്യാപകന് ഇതില്‍ ഇവിടെയാണ് സദാചാര ലംഘനം കാണാന്‍ കഴിയുന്നത്? ഉയര്‍ന്നു ചിന്തിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ടവര്‍ തന്നെ ആണും പെണ്ണും അടുത്തിരുന്നാല്‍ അതുവലിയൊരു പ്രശ്നമാണെന്നു പറയാന്‍ തോന്നുന്നത് ഏതു മൂല്യങ്ങള്‍ സംരക്ഷിക്കാനാണ്? ഒരു കോളേജിന് ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്?

ഇനി തങ്ങളുടെ സ്വാതന്ത്ര്യത്തെ വിലക്കുന്ന നടപടിയെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകന്‍ നല്‍കിയ വിശദീകരണം എന്തായിരുന്നുവെന്നുകൂടി ഒരു വിദ്യാര്‍ത്ഥിനി പറയുന്നതു കേള്‍ക്കുക; പ്രായപൂര്‍ത്തിയായ ഒരു സഹോദരനും സഹോദരിയും ഒരുമിച്ചു കിടക്കുമോ? ആ അധ്യാപകന്‍ ഉന്നയിച്ച ന്യായമിതാണ്. അങ്ങനെ കിടന്നാല്‍ എന്തു സംഭവിക്കുമെന്നാണ് സാര്‍ പറയുന്നതെന്നു തിരിച്ചു ചോദിച്ചവരോട് അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത്, അതിന്റെ ഉത്തരം വീട്ടില്‍ ചെന്നു അമ്മയോട് ചോദിക്കൂ എന്നായിരുന്നു. കോളേജില്‍ നടക്കുന്ന ഈ ലിംഗവിവേചനം പുറത്തെത്തുന്നതിന് തടയിടാനായി എതിര്‍പ്പുകളെ രാഷ്ട്രീയവും മതപരവുമായി മാറ്റി വഴിതിരിച്ചുവിടുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും ഈ വിദ്യാര്‍ത്ഥിനി പറയുന്നു.

പ്രായം തികഞ്ഞാല്‍ സഹോദരീസഹോദരന്മാര്‍ പോലും ഒരുമിച്ചിരിക്കുകയോ ഒരിടത്ത് കിടക്കുകയോ ചെയ്യരുതെന്ന ശാസന ഏതുതരം സംസ്‌കാരത്തിന്റെതാണ്. ആണും പെണ്ണും ഒരുമിച്ചു ചേര്‍ന്നിരുന്നാല്‍ തകരുന്നതാണ് നമ്മുടെ സദാചാരം എന്നു പഠിച്ചിറങ്ങുന്നൊരു തലമുറയ്ക്ക് എങ്ങനെ ഈ രാജ്യത്ത് സാംസ്‌കാരിക പുരോഗതി കൊണ്ടുവരാന്‍ കഴിയും? 

ലിംഗവിവേചനത്തിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒരുമിച്ചു ചേര്‍ന്നിരുന്നപ്പോള്‍

ഫറൂഖിനെ രഹസ്യ അജണ്ട ഉപയോഗിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നു പറയുന്നവര്‍ കോളേജിലെ ഇത്തരം നിയമങ്ങളെ കുറിച്ച് മൗനം പാലിക്കുന്നു. തങ്ങളുടെ സ്വാതന്ത്ര്യം മാധ്യമങ്ങള്‍ നിര്‍വചിക്കേണ്ടതില്ലെന്നു പറയുന്നവര്‍ക്ക് ലിംഗ വിവേചനം ഇവിടെ നടക്കുന്നില്ലെന്നു ഉറപ്പിച്ച് പറയാന്‍ സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നത് കാമ്പസിനകത്തു നിന്നു തന്നെയാണ്. ഫറൂഖിലെ പൂര്‍വവിദ്യാര്‍ത്ഥികളോട് ചോദിച്ചാല്‍ പലര്‍ക്കും ഇന്നിവിടെ നടക്കുന്ന കാര്യങ്ങളെ അവിശ്വസനീയതോടെ മാത്രമെ കേള്‍ക്കാന്‍ സാധിക്കുന്നുള്ളൂ. കോളേജിന്റെ പ്രധാനാകര്‍ഷണം അവിടുത്തെ സ്വതന്ത്രമായ അന്തരീക്ഷം ആയിരുന്നുവെന്നു പറയുന്നവരാണ് എല്ലാവരും. സുരക്ഷ എന്ന ന്യായം മുന്‍നിര്‍ത്തി ആണ്‍-പെണ്‍ മാറ്റിനിര്‍ത്തല്‍ ഫറൂഖിന്റെ കാമ്പസിനകത്ത് പണ്ടുമുതലെ ഉണ്ടായിരുന്നുവെന്ന് ആരും തന്നെ പറയുന്നില്ല. പിന്നെ എപ്പോഴാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്? 

ഫറൂഖിലെ നിയമങ്ങളില്‍ പ്രധാനം വേര്‍തിരിച്ചിട്ടിരിക്കുന്ന ഇടങ്ങളാണ്. ആണ്‍കുട്ടികള്‍ക്ക് പ്രത്യേക ഇടം ഉണ്ടാക്കി അങ്ങോട്ടേക്ക് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഇല്ലെന്നു പ്രഖ്യാപിക്കുന്നു. ഈ തിട്ടൂരം ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ കോളേജില്‍ പലയിടങ്ങളിലായി പത്തോളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ജാഗരൂകരായി സെക്യൂരിറ്റി ജീവനക്കാരും.

മറ്റൊരു കല്‍പ്പന ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംയുക്തമായി കലാപരിപാടികളില്‍ പങ്കെടുക്കരുതെന്നാണ്. ആണും പെണ്ണും ഒരുമിച്ചുവരാവുന്ന കലാരൂപങ്ങളായ നാടകം സംഘഗാനം എന്നിവയൊന്നും കോളേജില്‍ അനുവദനീയമല്ല. ഒരു കലാരൂപത്തില്‍ പോലും ആണും പെണ്ണും ഒരുമിച്ചു ചേരരുതെന്നു പറയുന്നതിലെ യുക്തി എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.

സുരക്ഷയുടെ കര്‍ക്കശമായ നിയമങ്ങളില്‍ അമരുന്നത് പെണ്‍കുട്ടികളാണ്. വൈകുന്നേരം നാലരയ്ക്കു മുമ്പായി ഹോസ്റ്റലില്‍ കയറണം, ഏഴ് മണിക്ക് ശേഷം ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, എട്ടു മണിക്ക് ശേഷം പത്രം വായിക്കാന്‍ പാടില്ല, സഹപാഠികളുടെ മുറികളില്‍ പോകരുത്. റോഡിലേക്കു തുറക്കുന്ന ജനാലകളുണ്ടെങ്കില്‍ അതെപ്പോഴും അടഞ്ഞുതന്നെ കിടക്കണം. ഈ നിബന്ധനകള്‍ ലംഘിക്കുകയാണെങ്കില്‍ വന്‍ പിഴയാണ് അധികൃതര്‍ ഇവരില്‍ നിന്ന് വാങ്ങുന്നത്. ഏഴ് മണിക്ക് ശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഒരു വിദ്യാര്‍ഥിനിയില്‍ നിന്ന് 5000 രൂപയും പുറത്ത് നിന്നും ഭക്ഷണം വരുത്തി കഴിച്ച 24 കുട്ടികളില്‍ നിന്ന് ആളൊന്നിന് 1000 രൂപ വച്ച് ആകെ 24,000 രൂപയും ആണ് പിഴയായി ചുമത്തിയത്.

കോളേജില്‍ ആണിടങ്ങള്‍ ഉണ്ടെങ്കിലും പെണ്ണിടങ്ങളെന്നൊരു ബോര്‍ഡും എവിടെയും സ്ഥാപിച്ചിട്ടില്ല. പെണ്ണിന് അപ്പോഴും സ്വാതന്ത്ര്യം അടയാളപ്പെടുത്തിയ ഇടങ്ങള്‍ അനുവദിക്കുന്നില്ല. കോളേജ് കാന്റീനില്‍പോലും ആണും പെണ്ണും ഒരുമിച്ചിരിക്കരുതെന്നാണ് നിയമം. വേര്‍തിരിക്കലിന്റെ ബോര്‍ഡുകള്‍ ഇവിടെയും ഉണ്ട്. 

കാന്റീനില്‍ ആണ്‍കുട്ടികള്‍ക്കുള്ള മേഖലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്നാലോ മറ്റോ ഉടനെ മാറിയിരിക്കാന്‍ ആജ്ഞയുമായി എത്തുന്നത് കാന്റീനിലെ കാഷ്യറാണ്. കേവലം കാന്റീന്‍ ജീവനക്കാരന്‍ പോലും ഈ നിയമങ്ങളുടെ നടത്തിപ്പുകാരനായി മാറുകയാണ്. എല്ലാ സ്വാതന്ത്ര്യവും കേളേജിലുണ്ടെന്നു പറയുന്ന എന്റെ സുഹൃത്തുക്കളോടു ചോദിക്കുകയാണ്; പിന്നെ എന്തുകൊണ്ടാണ് നമ്മള്‍ ബോയ്‌സ് സോണില്‍ ഇരുന്നാല്‍ സെക്യൂരിറ്റി അല്ലെങ്കില്‍ അധ്യാപകര്‍ വന്ന് നമ്മളെ വഴക്കു പറഞ്ഞോ ഉപദേശിച്ചോ അവിടെ നിന്നു പറഞ്ഞയക്കുന്നത്? ഒരുമിച്ചിരുന്നാല്‍ എന്താണ് നമുക്കിടയില്‍ സംഭവിക്കുക? ഇതെല്ലാം മാറ്റി നിര്‍ത്താം. എവിടെയാണ് നമ്മള്‍ പെണ്‍കുട്ടികള്‍ക്കായി ഒരിടം കാമ്പസില്‍ ഉണ്ടാക്കിയിരിക്കുന്നത്? ഞാനും എന്റെ കോളേജിനെ കുറിച്ച് അഭിമാനം കൊള്ളുന്നൊരാള്‍ തന്നെയാണ്. പക്ഷെ അവകാശങ്ങള്‍ ഹനിക്കുന്ന നിയമങ്ങള്‍ അനുസരിക്കണമെന്നു പറഞ്ഞാല്‍, അതെനിക്കു സാധ്യമല്ല; ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ നിലീന  (പേര് യഥാര്‍ത്ഥമല്ല) തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു.

കോളേജിലെ പല സദാചാര നിയമങ്ങള്‍ക്കും പിന്തുണ മാനേജെമെന്റ് നേടിയെടുക്കുന്നത് സസ്‌പെന്‍ഷന്‍, പിഴ, പുറത്താക്കല്‍ തുടങ്ങിയ ഭയപ്പെടുത്തലുകളിലൂടെയും പിന്നെ മാതാപിതാക്കളെ ബ്രയിന്‍വാഷ് ചെയ്തുമാണെന്നു എസ്എഫ്‌ഐ പറയുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന്റെ പേരില്‍ എട്ടു വിദ്യാര്‍ത്ഥികളോടു രക്ഷകര്‍ത്താവിനെ വിളിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവരില്‍ നാലുപേര്‍ രക്ഷകര്‍ത്താവിനെ വിളിച്ചുകൊണ്ടുവന്നു. ബാക്കിയുള്ളവര്‍ ക്ലാസിനു വെളിയില്‍ തന്നെയാണ്. വരുന്ന രക്ഷകര്‍ത്താവിനെ എന്തുകൊണ്ട് കോളേജിലെ നിയമങ്ങള്‍ അനുസരിക്കണമെന്നു ബോധ്യപ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ്. ഏതൊരു മാതാപിതാക്കളും തങ്ങളുടെ കുട്ടിയുടെ കാര്യത്തില്‍ സ്വാര്‍ത്ഥരാണെന്നും ഭയമുളവാക്കുന്ന എന്തൊ സംഭവിക്കുമെന്ന പ്രതീതി അവരില്‍ ഉണ്ടാകുന്ന തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ത്തിയാല്‍ അവര്‍ തങ്ങളുടെ ഉദ്ദേശത്തിനു പിന്തുണ നല്‍കുമെന്നും മാനേജ്‌മെന്റിന് അറിയാം. അതാണവര്‍ നടത്തിപ്പോരുന്നതും. ഇതോടൊപ്പം മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടു കോളേജിന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിച്ചോളാം എന്നു എഴുതിവാങ്ങിക്കുകയും ചെയ്യും. മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാത്തവരെ ക്ലാസില്‍ കയറ്റാതെ നിര്‍ത്തുമ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടികളടക്കം അധികൃതരുടെ വാശിക്കു മുന്നില്‍ കീഴടങ്ങുവാനാണ് സാധ്യതയെന്നും ദിനു എന്ന വിദ്യാര്‍ത്ഥി പറയുന്നു.

ഇതോടെ പ്രതിഷേധങ്ങളെ നിശബ്ദമാക്കാന്‍ അവര്‍ക്കു കഴിയും. വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് തങ്ങളുടെ അവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ ഇവിടെ ബാക്കിയാവുന്നതെന്നും ദിനു ആശങ്കപ്പെടുന്നു. ഇതേ ആശങ്ക തന്നെ എസ്എഫ്‌ഐ നേതാവ് സാലിയും പങ്കുവയ്ക്കുന്നുണ്ട്. വലിയൊരു ആക്രമണ ഭീഷണി നില്‍ക്കുമ്പോള്‍ തന്നെയാണ് എസ്എഫ്‌ഐ കോളേജിനകത്തെ ലിംഗവിവേചനത്തിനെതിരെ നിലകൊള്ളുന്നതും നിലപാടുകള്‍ എടുക്കുന്നതും. പക്ഷെ ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആരും തയ്യറാകുന്നില്ലെങ്കിലോ എന്നാണ് സാലി ചോദിക്കുന്നത്. അധ്യാപകരടക്കം മാനേജ്‌മെന്റ് നിലപാടുകളെ പിന്തുണയ്ക്കുയാണ്. ഇടതുപക്ഷ സംഘടനയിലുള്ള അധ്യാപകര്‍പോലും ഇതിനെതിരെ നിലപാടെടുക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ഉണ്ടാവണമെന്നാണ് ദിനു പറയുന്നത്. ഇതു മതപരമോ രാഷ്ട്രീയമോ ആയ വിഷയമായിട്ടല്ല ചര്‍ച്ച ചെയ്യേണ്ടത്. മനുഷ്യാവകാശധ്വംസനങ്ങളാണ് ഇവിടെ നടക്കുന്നത്.അതില്‍ ഇടപെടേണ്ട ബാധ്യത സമൂഹത്തിലെ ആക്ടിവിസ്റ്റുകള്‍ക്കുണ്ടാവണം. തുറന്ന സംവാദം കാമ്പസിനകത്തുണ്ടാകണം. നടക്കുന്നത് അബദ്ധ പ്രചാരണമോ വാസ്തവമോ എന്നു അതില്‍ നിന്നു വ്യക്തമാവുമല്ലോ? വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യമായി പറയുന്നത് ഇതാണ്.

എന്തുകൊണ്ട് ഫറൂഖില്‍ അത്തരമൊരു ഇടപെടല്‍ സാധ്യമാകുന്നില്ല? വിദ്യാര്‍ത്ഥികളുടെ അവകാശലംഘനങ്ങളാണ് കോളേജില്‍ നടക്കുന്നതെങ്കില്‍ അതിനെതിരെ പ്രതികരിക്കേണ്ട ബാധ്യത, ഇപ്പോള്‍ നടക്കുന്ന മറ്റു ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ഉണ്ട്. അതിന് തയ്യാറായേ പറ്റൂ. ഏതെങ്കിലും പ്രത്യേക മതത്തിനെതിരെയോ രാഷ്ടീയത്തിനെതിരെയോ അല്ല, ഇതൊരു സാമൂഹിക പ്രശ്‌നമാണ്. സര്‍ക്കാരിന്റെ പക്കല്‍ നിന്നു ഒരു രൂപയെങ്കിലും കൈപ്പാറ്റാത്തവയല്ല ഈ വിദ്യാഭ്യാസ കേന്ദ്രങ്ങളൊന്നും തന്നെ. എന്നാല്‍ ഒരു ജനാധിപത്യ രാജ്യത്ത് ജനാധിപത്യ ഭരണസംവിധാനത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റി സ്വന്തം അജണ്ടകള്‍ നടപ്പാക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരന് കഴിയില്ലെങ്കില്‍ ആ കടമ സമൂഹമെങ്കിലും ഏറ്റെടുത്തേ പറ്റൂ. കോടതി ഉത്തരവുകള്‍പോലും കാമ്പസുകളെ അടച്ചിട്ട പക്ഷിക്കൂടുകളാക്കി മാറുന്ന ഒരു സാഹചര്യത്തില്‍, സര്‍ഗാത്മകമായ പ്രതിഷേധങ്ങള്‍ പോലും അസ്തമിച്ചുപോയ കാലത്തില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ജീവതയുടെ പ്രതിരൂപങ്ങളായി വിലക്കുകളുടെയും അച്ചടക്കത്തിന്റെയും ഭയപ്പാടുകളോടെ ഇറങ്ങിവരുന്നൊരു സമൂഹം മൃതതുല്യമാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍