UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവില്‍ ഫറൂഖ് അബ്ദുള്ള യുക്തിസഹമായി സംസാരിക്കുന്നു

Avatar

ടീം അഴിമുഖം

ഇക്കാലമത്രയും ഫറൂഖ് അബ്ദുള്ളയെ അറിയുന്നവര്‍ക്കറിയാം വിഷയങ്ങളില്‍ അത്ര വലിയ ബൌദ്ധികവീക്ഷണമൊന്നും അദ്ദേഹത്തിനില്ല എന്ന്. ചലച്ചിത്രനടി ഷബാന ആസ്മിയുമൊത്ത് മോട്ടോര്‍ സൈക്കിളില്‍ ശ്രീനഗറില്‍ ചുറ്റിയടിച്ചതിന്റെയും ആഘോഷപൂര്‍വം ജീവിച്ചതിന്റെയുമൊക്കെ പേരിലാകും അദ്ദേഹത്തെ ഓര്‍ക്കുക. അതിലും മോശമായ രീതിയില്‍ 1980-കളുടെ ഒടുവില്‍ കാശ്മീര്‍ പ്രശ്നം ഇത്രയും രൂക്ഷമാക്കിയതിന്റെ പേരിലും ഓര്‍മ്മിച്ചേക്കാം. അന്ന് രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ടിയുമായി കൂട്ടുചേര്‍ന്ന് 1987-ലെ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചതോടെയാണ് ഇന്നുകാണുന്ന തരത്തിലുള്ള സായുധ തീവ്രവാദം സജീവമായത്. ഇന്നും എരിയുന്ന തീവ്രവാദത്തില്‍ ആയിരങ്ങള്‍ ഇതിനകം ഒടുങ്ങിയിരിക്കുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അബ്ദുള്ള ചില ഗണനീയമായ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നു. ഒരുപക്ഷേ ഏതൊരു ഇന്ത്യന്‍ രാഷ്ട്രീയനേതാവും പറയുന്നതിലും ധീരമായത്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. അല്ലാതെ ചില ബി ജെ പി നേതാക്കളും കുഴപ്പക്കാരായ ചെറുസംഘങ്ങളും ചെയ്യുന്ന പോലെ ആക്രമിക്കുകയല്ല വേണ്ടത്.

പാകിസ്ഥാന്‍ അധിനിവേശ കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി തുടരുമെന്നാണ് അബ്ദുള്ളയുടെ നിര്‍ണായകമായ ആദ്യ പ്രസ്താവന. ശക്തമായ ഇന്ത്യന്‍ സേനക്ക് തീവ്രവാദത്തെ തോല്‍പ്പിക്കാനാവില്ലെന്നും നീണ്ടകാലത്തെ സമാധാനം കണ്ടെത്താനുള്ള  രാഷ്ട്രീയ പരിഹാരമാണ് അതിന് വേണ്ടതെന്നുമാണ്  രണ്ടാമത്തേത്. തന്റെ പിതാവ് ഷെയ്ഖ് അബ്ദുള്ളയുടെ രാഷ്ട്രീയ ഗരിമയും ന്യൂഡല്‍ഹിയുടെ കുത്തിത്തിരിപ്പുകളും കൊണ്ടുമാത്രം ഒരു രാഷ്ട്രീയജീവിതം ലഭിച്ച ഒരാളില്‍നിന്നുമുള്ള എത്രയോ കേമമായ നിരീക്ഷണങ്ങള്‍.

പാക് അധീന കാശ്മീര്‍ പാകിസ്ഥാന്റെ പക്കലും ജമ്മു കാശ്മീരിന്റെ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഭാഗം അങ്ങനെയും തുടരുമെന്നുമാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച ഫറൂഖ് അബ്ദുള്ള പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ഇക്കാര്യം അന്നത്തെ പാകിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷാറഫിനോട് നിര്‍ദേശിച്ചു എന്ന് അബ്ദുള്ള പറയുന്നു. “അടല്‍ ബിഹാരി വാജ്പേയ് ലാഹോറില്‍ പോയപ്പോള്‍ എനിക്കറിയാം…നിങ്ങളുടെ ഭാഗം നിങ്ങളും ഞങ്ങളുടേത് ഞങ്ങളും കൈവശംവെക്കുക, ആ രേഖകള്‍ ശരിയാക്കി ആളുകളുടെ സഞ്ചാരം സുഗമമാക്കുക, വാണിജ്യം പുഷ്ടിപ്പെടും എന്ന് മുഷാറഫിനോട് നിര്‍ദേശിച്ചതായി അദ്ദേഹം എന്നോടു പറഞ്ഞു. പക്ഷേ അവര്‍ അതിന് സമ്മതിച്ചില്ല. ഇന്നിപ്പോള്‍ അവരത് സമ്മതിക്കാന്‍ തയ്യാറാണ്,പക്ഷേ നാം സംഭാഷണം തുടങ്ങണം.”

പാക് അധീന കാശ്മീര്‍ ഇന്ത്യയില്‍ ചേരുമോ എന്ന ചോദ്യത്തിന് അബ്ദുള്ള ഇങ്ങനെ മറുപടി പറഞ്ഞു, “അതൊരിക്കലും സംഭവിക്കുകയില്ല. അത് പാകിസ്ഥാന്റെ ഭാഗമാണ്, പാകിസ്ഥാനില്‍ തുടരുകയും ചെയ്യും. ഇത് (ജമ്മു കാശ്മീര്‍)ഇന്ത്യയുടെ ഭാഗമാണ്, ഇന്ത്യയുടെ ഭാഗമായി തുടരും. നിങ്ങളത് മനസിലാക്കണം.”

ഇന്ത്യയും പാകിസ്ഥാനും സംഭാഷണം തുടങ്ങുക മാത്രമാണ്  ഇതിന് പരിഹാരം കാണാനുള്ള ഏകവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എത്രകാലമായി നാം പറയുന്നു പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന്. എന്നിട്ട് നമ്മളെന്താണ് ചെയ്തത്, നമ്മളെന്നെങ്കിലും അത് തിരിച്ചുപിടിച്ചോ?”

ഇന്ത്യയുടെ മുഴുവന്‍ സൈന്യത്തെയും വിന്യസിച്ചാലും തീവ്രവാദികളില്‍ നിന്നും ഭീകരവാദികളില്‍ നിന്നും ജനങ്ങളെ പ്രതിരോധിക്കാന്‍ അതിനാവില്ലെന്ന് ശനിയാഴ്ച്ച അദ്ദേഹം വീണ്ടും പറഞ്ഞു. സംഭാഷണമാണ് ഏകമാര്‍ഗം. “അങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഫറൂഖ് അബ്ദുള്ള പോലും നാളെയുണ്ടാകില്ല. ഏതെങ്കിലുമൊരു ഭീകരവാദി എന്നെയും കൊന്നേക്കാം.”

“ഇതുവരെയായിട്ടും നമുക്ക് നമ്മുടെ കാശ്മീരി പണ്ഡിറ്റ് സഹോദരന്മാരെ പുനരധിവാസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരില്‍ സുരക്ഷയെക്കുറിച്ചുള്ള ഭയാശങ്കകള്‍ ഇപ്പോഴുമുണ്ട്.”

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ബസില്‍ വാഗ അതിര്‍ത്തി കടക്കുന്ന സമയത്ത് രജൌരി ജില്ലയില്‍ 22 ഹിന്ദുക്കളെ കൊന്നത് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. “ഇതാണോ നമുക്ക് വേണ്ടത്… നിസഹായരായ മനുഷ്യര്‍ കൊല്ലപ്പെടുന്നത്? സംസ്ഥാനത്ത് എത്ര സേനയെ വിന്യസിക്കണം? ഇന്ത്യന്‍ സേന മുഴുവന്‍ വന്നാലും അവര്‍ക്ക് തീവ്രവാദികളില്‍ നിന്നും ഭീകരവാദികളില്‍ നിന്നും ജനങ്ങളെ പ്രതിരോധിക്കാനാകില്ല.” ഒത്തുതീര്‍പ്പ് ചര്‍ച്ചകളാണ് തര്‍ക്കപരിഹാരത്തിനുള്ള ഏകവഴിയെന്നും അബ്ദുള്ള സൂചിപ്പിക്കുന്നു.

“സവ്ജാനില്‍ മോര്‍ടാര്‍ ഷെല്ലുകള്‍ വീഴുമ്പോള്‍ ഞാന്‍ പൂഞ്ചിലായിരുന്നു. രണ്ടു ദിവസം നീണ്ട ഷെല്‍ ആക്രമണം നിന്നതിനുശേഷമാണ് ഒരു മൃതദേഹം മറവ് ചെയ്തത്. എത്രകാലം നാമിതുപോലെ സഹിക്കും.?”

രണ്ടു രാജ്യത്തും സമാധാനം ആഗ്രഹിക്കാത്ത ജനങ്ങളുണ്ടെന്ന് പറഞ്ഞ അബ്ദുള്ള, നവാസ് ഷരീഫാണ് പ്രധാനമന്ത്രിയെങ്കിലും യഥാര്‍ത്ഥ അധികാരം സൈന്യത്തിന്റെ കയ്യിലാണെന്ന് പറഞ്ഞു.

കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണുന്നതിനെക്കുറിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സംസാരിച്ചപ്പോള്‍ സ്വന്തം കക്ഷിയില്‍ നിന്നും എതിര്‍പ്പുകളുണ്ടായി. പാക്കിസ്ഥാനുമായി സൌഹൃദത്തെക്കുറിച്ച് സംസാരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പലരും അദ്ദേഹത്തോട് പറഞ്ഞു.

“ഈ നാശം പിടിച്ച തെരഞ്ഞെടുപ്പുകള്‍ തുലയട്ടെ. ഓരോ തെരഞ്ഞെടുപ്പും ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനെക്കാള്‍ അതിനെ ദുര്‍ബ്ബലമാക്കുകയാണെന് ഞാന്‍ കരുതുന്നു. അത് മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്.”

അബ്ദുള്ളയെ വിമര്‍ശിക്കുന്നതിനേക്കാള്‍ ഭരണകക്ഷിയും മറ്റ് രാഷ്ട്രീയക്കാരും ഇതിനെക്കുറിച്ച് ആലോചിക്കുകയാണ് വേണ്ടത്. അദ്ദേഹം പറഞ്ഞതാണ് മുന്നോട്ടുള്ള ഏകമാര്‍ഗമെന്ന് മനസിലാക്കുകയും. അല്ലെങ്കില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി പുകയുന്ന നാഗ വിഘടനവാദം പോലെ കാശ്മീരും പുകഞ്ഞുകൊണ്ടേയിരിക്കും. നരേന്ദ്ര മോദി, അബ്ദുള്ളയുടെ പ്രസ്താവനകള്‍ക്കനുകൂലമായി നീങ്ങുകയും ഗൌരവമായ ചില രാഷ്ട്രീയപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിന്റെയും സമയമായി.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍