UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്താണ് ഫാസിസം എന്ന ചോദ്യത്തിന് ഇനി ഹിറ്റ്ലറെ വിരല്‍ ചൂണ്ടേണ്ടതില്ല

Avatar

ലാ ജെസ്

‘എന്താണ് മതം’? നബി (സ) മറുപടി പറഞ്ഞു: ‘സത്‌സ്വഭാവമാകുന്നു മതം!’

നോമ്പും നമസ്‌കാരവുമുണ്ടായിരുന്ന സ്ത്രീ പൂച്ചയെ കെട്ടിയിട്ടതിന്റെ പേരില്‍ നരകത്തില്‍ പോയതും ഇതൊന്നുമില്ലാതിരുന്ന ഒരു സ്ത്രീ നായയ്ക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗാവകാശിയായതും ഇസ്ലാമിക ചരിത്ര പാഠങ്ങളില്‍ പറയുന്നുണ്ട്. ജൂതന്റെ ശവശരീരം വഹിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ എഴുന്നേറ്റു നിന്ന്, മനുഷ്യന്‍ മതത്തിനും ജാതിക്കും അതീതമാണെന്ന് പ്രഖ്യാപിച്ചതും പ്രാവാചക ചരിത്രത്തില്‍ ഉണ്ട്.

ഭൂമിയില്‍ പിറന്നു വീഴുന്ന ഓരോ വ്യക്തിയുടെയും നന്മയും തിന്മയും അവന്റെ/ അവളുടെ മാത്രമാണ്.

ഓരോ മനുഷ്യന്റെയും അസ്തിത്വം അംഗീകരിക്കുവാനും അവന്റെ ജീവിതത്തെയും വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും നിലപാടുകളെയും സഹിഷ്ണുതയോടെ അംഗീകരിക്കാനും കഴിയാത്ത കാലത്തോളം യഥാര്‍ത്ഥ മതം പുലരുന്നില്ല എന്ന് ‘യഥാര്‍ത്ഥ മതവാദികള്‍’ എന്ന് സ്വയം വിചാരിക്കുന്ന വര്‍ഗീയ വാദികള്‍ മനസ്സിലാക്കുന്നില്ല .

മഹാഭാരതത്തില്‍ സ്വയം പണയപ്പെട്ടു, ശേഷം പത്‌നിയെ പണയം വെച്ച യുധിഷ്ഠരന്റെ ധര്‍മനിഷ്ഠയെക്കുറിച്ച് ഭീഷ്മര്‍ പോലും സന്ദേഹപ്പെടുമ്പോള്‍ യഥാര്‍ത്ഥ ധര്‍മ്മാധര്‍മ്മങ്ങള്‍ എന്താണ് എന്ന സംശയങ്ങള്‍ അവശേഷിക്കുന്നു. ‘ഭാരതപര്യടന’ത്തില്‍ മാരാര്‍ പറയുന്നു: ‘ആനയ്ക്ക് തന്റെ ബലം അറിഞ്ഞു കൂടെന്നും അത് കൊണ്ടാണത് പാപ്പാന്റെ-ആനയുടെ ധാതാവിന്റെ- നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി നില്ക്കുന്നതെന്നും പൊതു ചൊല്ലുണ്ടല്ലോ. ആനയുടെ ആ കീഴടക്കത്തില്‍ താന്‍ ബലത്തിനാളല്ല എന്ന ബോധമാണ് ഉള്ളതെന്നും അതില്‍ ഒരു ധര്‍മാനുഷ്ഠാനവുമില്ലെന്നും ആര്‍ക്കും മനസ്സിലാക്കാം. ധാതാവിന് അഥവ വിധിക്ക് വഴങ്ങുന്നത് ദുര്‍ലംഘ്യമായ ഒരവശതയെന്നല്ലാതെ ഒരു ധര്‍മാനുഷ്ടാനമാണെന്നു ആരും പറയാറില്ല .

പൊരുതുകയും മനുഷ്യ മഹത്വം തിരിച്ചറിയുകയും ചെയ്തവന്‍റേത് മാത്രമേ യഥാര്‍ത്ഥ ധര്‍മം ആകുന്നുള്ളൂ. ഈ ധര്‍മപ്രാപ്തിയെ വേരോടെ പിഴുതെറിയാനുള്ള ടൂളിനെയാണ് ഫാസിസം എന്ന് വിളിക്കുന്നത്. ചിന്തിക്കുവാനും എഴുതുവാനും വായിക്കുവാനും പഠിക്കുവാനും പാട്ടുപാടാനും ആനന്ദിക്കുവാനും സമ്മതിക്കാത്തത് മനുഷ്യന്‍ മനുഷ്യനായി മാറുമെന്ന ഭയമുള്ളത് കൊണ്ടാണ്. ലോകത്ത് യഥാര്‍ത്ഥ ധര്‍മം പുലരുമെന്ന ഭയമുള്ളത് കൊണ്ടാണ്. മനുഷ്യമനസിന് സന്തോഷവും സമാധാനവും ആനന്ദവും നല്‍കുന്നതിനപ്പുറം എന്ത് ധര്‍മം ആണ് പുലരുവാനുള്ളത്? അധികാരത്തിനും അടിച്ചമര്‍ത്തലിനും സംരക്ഷണത്തിനും അപ്പുറമുള്ള മനുഷ്യസ്‌നേഹത്തെക്കുറിച്ച് എത്ര പേര്‍ക്കറിയാം. വികൃതമായി ഉറഞ്ഞുതുള്ളുന്ന അല്ലെങ്കില്‍ മുഖം മൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന അതുമല്ലെങ്കില്‍ നിഷ്‌കളങ്കതയെന്നു പേരിട്ടു വിളിക്കുന്ന അപക്വതയുടെ രൂപമായി നേരെ മുന്നിലുള്ള ഫാസിസത്തിന്റെ പകല്‍ക്കാഴ്ചകള്‍ എത്ര പേര് തിരിച്ചറിയുന്നു?

സാധാരണ മനുഷ്യര്‍ക്ക് ആ തിരിച്ചറിവുണ്ടാക്കി കൊടുക്കാതെ ഫാസിസത്തെക്കുറിച്ചുള്ള ദേശീയ, അന്തര്‍ദേശീയ ശില്പശാലകള്‍ നമുക്ക് ഗുണം ചെയ്യില്ല. എന്താണ് ഫാസിസം എന്ന് ചോദിച്ചാല്‍ ഹിറ്റ്ലറുടെ കഥ പറയേണ്ടതില്ല. ഉത്തരേന്ത്യയിലേക്ക് വിരല്‍ ചൂണ്ടേണ്ടതില്ല. സ്വന്തം വീട്ടിലും നാട്ടിലും പരിസരങ്ങളിലും ചൂണ്ടിക്കാണിച്ചു കൊടുക്കുക. അതിനുമപ്പുറം ഒരാള്‍ സ്വത്വത്തോട് ചെയ്യുന്ന, സ്വന്തം ശരീരത്തോടും മനസ്സിനോടും ചെയ്യുന്ന ക്രൂരതയെ, അനീതിയെ കാണിച്ചു കൊടുക്കുക. ഫാസിസം നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്. അത് തിരിച്ചറിഞ്ഞ് ഓരോ വ്യക്തിയും ധര്‍മം അനുഷ്ഠിക്കുമ്പോഴേ ഈ പോരാട്ടം വിജയിക്കുകയുള്ളൂ.”ധര്‍മസ്യ തത്വം നിഹിതം ഗുഹായാം”

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും ആകാശവാണിയില്‍ പ്രോഗ്രാം അനൗണ്‍സറുമാണ് ലാ ജെസ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍