UPDATES

നവമാധ്യമങ്ങള്‍ക്ക് ഫാസിസം കൂച്ചുവിലങ്ങിടുമ്പോള്‍

Avatar

ജിനേഷ് ദേവസ്യ

മാധ്യമ ധര്‍മം, മാധ്യമങ്ങളുടെ സമൂഹത്തിലെ റോള്‍ എന്നിങ്ങനെ, അതിഭാവുകത്വം കലര്‍ന്ന നിര്‍‍വചനങ്ങള്‍ ഇന്ന് ഒരു പരിഹാസ്യ വിഷയമാണ്. പത്രങ്ങളും അനുബന്ധ പ്രസിദ്ധീകരണങ്ങളും അച്ചടിച്ചിറക്കാനുള്ള ഭാരിച്ച ചെലവ്, മിക്ക മാധ്യമ സ്ഥാപനങ്ങളെയും അവരുടെ ഉല്‍പ്പന്നത്തിന്റെ (വാര്‍ത്തയുടെ) ഗുണത്തില്‍ വിട്ടുവീഴ്ച ചെയ്യിക്കുന്നതില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. പത്രമുതലാളിമാര്‍ എഡിറ്റോറിയല്‍ പോളിസി മുന്‍കാലത്തെ അപേക്ഷിച്ച് ജനവിരുദ്ധമായി മാറ്റിക്കഴിഞ്ഞു. വിപണികേന്ദ്രീകൃതമായ പ്രൊഡക്റ്റായി വാര്‍ത്ത മാറിയപ്പോള്‍ മാധ്യമരംഗത്ത് പങ്കാളിത്തമില്ലാത്ത കീഴാളരും ദരിദ്രരും വാര്‍ത്തകള്‍ക്ക് പുറത്തായി. ഒഴുക്കിനോടൊപ്പം നീന്താന്‍ പാകത്തില്‍ മെയ്‌വഴക്കം ആര്‍ജിച്ച, മഞ്ഞഭാഷക്കാരായ ജീര്‍ണലിസ്റ്റുകളുടെ എഴുത്തുകള്‍ക്കു മുന്നില്‍ പത്തുലക്ഷം വീടുകളുടെ പ്രഭാതങ്ങള്‍ പൊട്ടിവിരിഞ്ഞു. വാക്കുകളുടെ സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും തിരിച്ചറിയാനുള്ള വിവേകമില്ലായ്മയാല്‍ പടച്ചുവിടുന്ന പൈങ്കിളി വാര്‍ത്തകള്‍ക്കു മുന്നില്‍ പ്രസക്തമായ പല വാര്‍ത്തകളും മുങ്ങിമരിച്ചു. 

മാറിയ ഈ ലോകക്രമത്തില്‍ ഫോര്‍ത്ത് എസ്‌റ്റേറ്റ്, സമൂഹത്തിന്റെ നാഡീസ്പന്ദനം പോലുള്ള വിശേഷണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നത് അശ്ലീലമാണ്.എന്നാല്‍ ഈ പുതിയ കാലത്ത് നവമാധ്യമങ്ങളുടെ ഇടപെടലുകള്‍ മാത്രമാണ് പൊതുസമൂഹത്തിന് പ്രതീക്ഷ നല്‍കുന്ന ഏകഘടകം. 

ഡെസ്‌കില്‍ കയറ്റി ടാര്‍ഗറ്റ് ഓഡിയന്‍സിനായി വെട്ടിവൃത്തിയാക്കാത്ത വാര്‍ത്തകള്‍ ഇക്കാലത്ത് ജനങ്ങളിലെത്തിക്കുന്നത് ഫെയ്‌സ് ബുക്കും ട്വിറ്ററുമടങ്ങുന്ന സോഷ്യല്‍ മീഡിയയാണ്. പരമ്പരാഗത മാധ്യമങ്ങളുടെ ന്യൂസ്‌ഡെസ്‌ക് വരെ പരമാവധി ആയുസുള്ള നികുതിവെട്ടിപ്പുകാരുടെയും മായം ചേര്‍ക്കുന്നവരുടെയും വാര്‍ത്തകള്‍ നവമാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞു. സദാചാരക്കാരുടെ മര്‍മ്മത്തെ തച്ചുതകര്‍ത്ത കിസ് ഓഫ് ലവ് സമരത്തിന് നിദാനം സോഷ്യല്‍ മീഡിയ ആയിരുന്നു. ആദിവാസികളുടെ നില്‍പ്പുസമരത്തിനും മികച്ച പിന്തുണയാണ് സോഷ്യല്‍ മീഡിയ നല്‍കിയത്. പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ നില്‍പ്പുസമരത്തിന്റെ വിജയത്തിന് നവമാധ്യമങ്ങളുടെ പങ്ക് നിര്‍ണായകമായിരുന്നു.

എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യം ഭരണഘടനയുടെ ഭാഗമായുള്ള രാജ്യത്ത് നിലവിലെ സാഹചര്യങ്ങളില്‍ ഈ സ്വാതന്ത്ര്യത്തിന് നീണ്ട ആയുസുണ്ടെന്ന് കരുതുക മൌഢ്യമാണ്. ഫാസിസം എല്ലാ കാലത്തും ആദ്യം ഇല്ലാതാക്കുന്നത് എതിര്‍ശബ്ദങ്ങളെയാണ്. എന്ത് കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം പോലും നഷ്ടപ്പെട്ട ഒരു ജനതക്ക് അഭിപ്രായ സ്വാതന്ത്ര്യം എന്നത് കിട്ടാക്കനിയാകുന്ന കാലം വിദൂരമല്ലെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. കല്‍ബുര്‍ഗിക്ക് കൂടുതല്‍ പിന്മുറക്കാര്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഡിജിറ്റല്‍ ഇന്ത്യ വിവാദം, പോണ്‍ സൈറ്റ് നിരോധനം എന്നിവ വിര്‍ച്വല്‍ ലോകത്തും വേണമെങ്കില്‍ ഞങ്ങള്‍ കൈ വയ്ക്കുമെന്ന ഫാസിസ്റ്റുകളുടെ മുന്നറിയിപ്പായി വായിക്കേണ്ടതുണ്ട്. ഞങ്ങള്‍ ചിലത് പറയും, ചിലത് ചെയ്യും, അത് അംഗീകരിക്കാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകിനെടാ, എന്ന് ആക്രോശിക്കാന്‍ വര്‍ഗീയസംഘടന ഭാരവാഹികളോടൊപ്പം ജനപ്രതിനിധികളുമുണ്ട്. അതിനാല്‍ അഭിപ്രായ സ്വാതന്ത്ര്യം നമ്മുടെ സംസ്‌കാരത്തിനെതിരാണെന്നും ഞങ്ങള്‍ അനുവദിച്ച് തരുന്ന വെബ്സൈറ്റുകള്‍ അല്ലാത്തവ വേണ്ടവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാം എന്നും ഫാസിസ്റ്റുകള്‍ പറയുന്ന കാലം വിദൂരത്താണെന്ന് ഇന്നത്തെ അവസ്ഥവച്ച് കരുതുന്നത് ഈ ജനാധിപത്യരാജ്യത്തെക്കുറിച്ചുള്ള അതിമോഹം മാത്രമായിരിക്കും. 

(തിരുവനന്തപുരത്ത് ഒരു സ്വകാര്യ കമ്പനിയില്‍ കണ്ടന്റ് റൈറ്റര്‍. 2007 വര്‍ഷം പ്രസ് അക്കാദമിയില്‍ നിന്ന് ജേണലിസം കഴിഞ്ഞു. പത്രങ്ങളിലും മാഗസിനുകളിലും ജോലി ചെയ്തിട്ടുണ്ട്) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍