UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

അവാര്‍ഡ് മടക്കിക്കൊടുക്കല്‍; പ്രതിഷേധങ്ങളുടെ ഒരു ഉള്ളടക്കവിശകലനം

പുരസ്‌കാരം തിരിച്ച് നല്‍കലും സ്ഥാനം ഉപേക്ഷിക്കലും ഒപ്പം അതിനോടുള്ള വിമര്‍ശനങ്ങളും ഒക്കെ സമാന്തരമായി മുന്നേറിക്കൊണ്ടിരിക്കുകയാണല്ലോ. ഒരു വശത്ത് ഇന്ത്യയിലെ പല ഭാഗങ്ങളില്‍നിന്നായി കൂടുതല്‍ കൂടുതല്‍ കലാ, സാഹിത്യ, സാംസ്‌കാരിക പ്രമുഖര്‍ പദവികളും പുരസ്‌കാരങ്ങളും ഉപേക്ഷിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുമ്പോള്‍ മറുവശത്ത് കേരളത്തിലെ ‘ഇരുത്തം’ വന്ന സാംസ്‌കാരിക നായകരില്‍ ചിലര്‍ കൂട്ടം ചേര്‍ന്ന് അതിനെ വിമര്‍ശിച്ചുകൊണ്ട് പ്രസ്താവനകള്‍ ഇറക്കുന്നു.

ചെറുതും വലുതുമായ എല്ലാ അവാര്‍ഡുകളും മഹത്തരമാണ്, തിരിച്ചു നല്‍കുന്നത് അനാദരവാണ്, വേണ്ടാത്തവര്‍ അത് വാങ്ങാന്‍ നില്ക്കരുതായിരുന്നു, വാങ്ങിയിട്ട് മടക്കി കൊടുക്കുന്നത് കാപട്യമാണ് എന്നൊക്കെയാണ് വാദങ്ങള്‍. കൂട്ടത്തില്‍ കഴമ്പുള്ള വിമര്‍ശനങ്ങള്‍, അല്ല വിയോജിപ്പുകള്‍ കേട്ടത് സാമൂഹ്യ മാധ്യമങ്ങളില്‍നിന്നാണ്. കേന്ദ്ര സാഹിത്യ അക്കാദമി പോലെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങളിലേക്ക് കാവി സംസ്‌കാരത്തിന്റെ കലാ, സാഹിത്യ പ്രതിനിധികളെ തിരുകി കയറ്റാന്‍ ശ്രമങ്ങള്‍ വ്യാപകമായി നടക്കവേ അവയില്‍ മറുപക്ഷത്തിന് ആകെയുള്ള പ്രതിനിധികള്‍ കൂടി സ്വയം ഇട്ടെറിഞ്ഞ് പോകുന്നത് സാംസ്‌കാരിക ഹിന്ദുത്വവല്‍ക്കരണം എന്ന പരിവാര അജണ്ടയെ സഹായിക്കുകയല്ലേ ഉള്ളു എന്നതാണ് അതില്‍ പ്രമുഖം.

അക്കാദമിയുടെ മൗനം
കേന്ദ്ര സാഹിത്യ അക്കാദമി അധികാരികള്‍ പറയുന്നത് തങ്ങള്‍ക്ക് ഈ കാര്യത്തില്‍ വ്യക്തിപരമായി അഭിപ്രായം പറയാനാവില്ല, അതിന് കൗണ്‍സിലിന്റെ അംഗീകാരം വേണം, മീറ്റിങ്ങ് കൂടാനിരിക്കുകയാണ് എന്നൊക്കെയാണ്. അതുപോലും വരുന്നത് അംഗത്വം ഉപേക്ഷിച്ചും, അവാര്‍ഡുകള്‍ തിരികെ നല്കിയും വ്യക്തികള്‍ നടത്തിയ പ്രതിഷേധം ജനശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ മാത്രവും. ഇതില്‍ നിന്നുതന്നെ നിലവിലുള്ള അവസ്ഥയില്‍ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നുള്ള ചെറുത്തുനില്‍പ്പുകള്‍ എത്രത്തോളം സാദ്ധ്യമാണ് എന്നതിനെ കുറിച്ചുള്ള ചില പരോക്ഷ സൂചനകള്‍ വായിച്ചെടുക്കാനാവും. നോക്കുകുത്തികളായി ഇരിക്കാനേ പറ്റുവെന്ന് ഉറപ്പായാല്‍ പിന്നെ സത്യസന്ധതയും ആത്മാഭിമാനവും ഉള്ളവര്‍ അത്തരം സ്ഥാനങ്ങളില്‍ തുടര്‍ന്നിട്ട് എന്ത് കാര്യം?

അര്‍ഹിക്കുന്നില്ല എന്ന് തോന്നിയിട്ടാവണം അവാര്‍ഡുകള്‍ മടക്കി കൊടുക്കുന്നത് എന്ന പി. വല്‍സലയുടെ പ്രസ്താവന ഒരുതരം കെറുവ് വര്‍ത്തമാനം പോലെ അന്തസ്സാരശൂന്യമാണ്. കാനായിയുടെ, വാങ്ങിച്ച അവാര്‍ഡുകള്‍ മടക്കിക്കൊടുക്കുന്നത് അച്ഛനമ്മമാരെ വേണ്ടാതാവുമ്പോള്‍ വൃദ്ധസദനത്തില്‍ ആക്കുന്നതു പോലെയാണെന്നും മുകുന്ദനെ പോലുള്ളവരുടെ, അവാര്‍ഡ് തിരികെ കൊടുക്കലല്ല സൃഷ്ടിയിലൂടെ പ്രതിഷേധമാണ് വേണ്ടത് എന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉള്ളടക്കത്തില്‍ വ്യത്യസ്തമായിരിക്കുമ്പോഴും സത്താപരമായി കാര്യമുള്ളവയാണെന്ന് തോന്നുന്നില്ല. ആദ്യത്തേതിന്റെ സംഘി ഐക്യദാര്‍ഢ്യം ‘കേന്ദ്രത്തില്‍ പുതിയ ഭരണം വന്നിട്ട് ഒരു വര്‍ഷം പിന്നിട്ടതേയുള്ളൂ. അറുപതു വര്‍ഷത്തിലധികം ഭരണം നടത്തിയവര്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത സാമൂഹികപ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പല സംസ്ഥാനങ്ങളിലെയും സാമൂഹികാന്തരീക്ഷം വ്യത്യസ്തമാണ്. എവിടെയെങ്കിലും നടക്കുന്ന ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ ഭാരതസംസ്‌കാരം മുഴുവന്‍ തകര്‍ന്നുവെന്ന് നിലവിളിക്കുന്നവരുടെ ഉള്ളിലെന്താണെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്’ തുടങ്ങിയ വാചകങ്ങളില്‍ പ്രകടമാണ്. മുകുന്ദന്റേത് പക്ഷെ അത്തരമൊരു വിമര്‍ശനമല്ല. എന്നിരുന്നാലും കലാപരമായ വ്യവഹാരങ്ങളില്‍ സൃഷ്ടിപരമായ ധ്യാനത്തിന്റെ പ്രസക്തിയെ കുറിച്ച് അറിവുള്ള, അതിനെ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ഗ്ഗോപാസകര്‍ തന്നെ നിത്യേനെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് അധിനിവേശത്തെ കലാകാരന്മാര്‍ സാവകാശം തപസ്സിരുന്ന് സര്‍ഗ്ഗ സൃഷ്ടി നടത്തി പ്രതിരോധിക്കട്ടെ എന്ന് പറയുന്നത് അസംബന്ധമാണ്.

ഇവിടെ പ്രസക്തമാകുന്നത് രാജ്യവ്യാപകമായി നടക്കുന്ന ഫാസിസ്റ്റ് അധിനിവേശത്തെ പ്രശ്‌നവല്‍ക്കരിക്കുകയും അതിനെതിരേ പൊതുജനാഭിപ്രായം രൂപീകരിക്കുകയും ചെയ്യേണ്ടതുണ്ട് എന്നതാണ്; അത് മാത്രമാണ്. അതെങ്ങനെ എന്നതാണ് യുദ്ധ കാലാടിസ്ഥാനത്തില്‍ പരിഗണിക്കപ്പെടേണ്ടുന്ന ചോദ്യം. സര്‍ഗ്ഗപരമായ സൃഷ്ടി ആവശ്യപ്പെടുന്ന വാത്മീകാവസ്ഥ എന്ന കാലബന്ധിയായ സൗകര്യം വര്‍ത്തമാനകാലത്തെ സംബന്ധിച്ചിടത്തോളം പാഴ്ച്ചിലവല്ലെങ്കില്‍, താങ്ങാനാവുന്ന ഒരു ചിലവല്ല. അതുകൂടി പരിഗണിച്ച് വേണമായിരുന്നു വിമര്‍ശനങ്ങളിലെ ബൗദ്ധിക വ്യായാമങ്ങള്‍.

 

 

പ്രതിഷേധത്തിന്റെ പ്രസക്തി
അവിടെയാണ് ഈ പ്രതിഷേധത്തിന്റെ പ്രസക്തി. അവാര്‍ഡ് തിരികെ നല്കിയും, അംഗത്വം രാജിവച്ചും കൊണ്ട് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വ്യാപിച്ചുകൊണ്ടിരിക്കുന്ന കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും സമരത്തിന്റെ പ്രസക്തി അത് ഫാസിസ്റ്റ് അധിനിവേശമെന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യത്തെ തലക്കെട്ടുകള്‍ സൃഷ്ടിച്ചുകൊണ്ട് ജനശ്രദ്ധയിലേയ്ക്ക് തറപ്പിക്കുന്നു എന്നതാണ്. അവാര്‍ഡ് കിട്ടാത്തവര്‍ ഈ സമരത്തില്‍ പങ്കെടുത്ത് തങ്ങളുടെ പ്രതിഷേധം എങ്ങനെ രൂപപ്പെടുത്തും എന്ന വിമര്‍ശനത്തിന് ചുണ്ടില്ലാത്തവര്‍ എങ്ങനെ ചുംബന സമരത്തില്‍ പങ്കെടുക്കും എന്ന ചോദ്യത്തിന്റെ പ്രസക്തിയേ ഉള്ളു. പ്രശ്‌നം പ്രതീകങ്ങളെ, പ്രതിഷേധ സമരങ്ങളില്‍ അവയ്ക്കുള്ള സാധ്യതകളെ തിരിച്ചറിയുന്നതിലാണ്.

അവാര്‍ഡ് മടക്കി കൊടുക്കുന്നതിലും, അംഗത്വം രാജിവയ്ക്കുന്നതിലും ഉള്ള പ്രസക്തി അതിലൂടെ അവ സമരങ്ങളില്‍ നാളെ തീര്‍പ്പുണ്ടാക്കുമെന്നതോ, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ പ്രത്യക്ഷമായി ശാക്തീകരിച്ച് തെരുവില്‍ മറുപക്ഷ സൈന്യത്തിന്റെ മാര്‍ച്ച് സാദ്ധ്യമാക്കുമെന്നതോ അല്ല. പുരസ്‌കാരങ്ങള്‍ ത്യജിക്കുകയും, സ്ഥാനങ്ങള്‍ ഉപേക്ഷിക്കുകയും മാത്രമാണ് ഏകവും പരമവുമായ സമരമാര്‍ഗ്ഗമെന്നതും അല്ല.

ഫാസിസം ആത്യന്തികമായി ചോദ്യം ചെയ്യുന്നത് വ്യക്തിയുടെ ഏജന്‍സിയെയാണ്. അതിനെതിരെയുള്ള പ്രതിഷേധങ്ങളും അതുകൊണ്ട് തന്നെ ഏകശിലോന്മുഖമായിക്കൊള്ളണമെന്ന ഒരു തിട്ടൂരവും എവിടെനിന്നും നിലവില്‍ വരുന്നില്ല. ഇന്നുവരെ ഒരു പ്രാദേശിക അവാര്‍ഡ് പോലും കിട്ടാത്ത ഈ ലേഖകനെ പോലെയുള്ള നിരവധി പേര്‍ തങ്ങള്‍ എന്ത് മടക്കി കൊടുക്കും എന്ന അങ്കലാപ്പില്‍ ഈ സമരത്തില്‍ പങ്കെടുക്കാതെ ഇരുന്നിട്ടില്ല. സാറാജോസഫിനും മുകുന്ദനും പാറക്കടവിനും കിട്ടുന്ന വാര്‍ത്താ പ്രാധാന്യം ഒരിക്കലും തങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് കിട്ടില്ല എന്നത് അറിഞ്ഞുകൊണ്ട് തന്നെ തങ്ങള്‍ക്കാവും വിധം ആ സമരത്തില്‍ പങ്കുചേരുകയാണ് അത്തരം മനുഷ്യര്‍ അവരുടെ ‘അദ്ധ്വാന’ത്തിന്റെ സാദ്ധ്യമായ വിവിധ രൂപങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്നത്. അത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടാവാം, മറ്റുള്ളവര്‍ ഇട്ട പോസ്റ്റ് ലൈക് ചെയ്തും, അത് പങ്കുവച്ചും ആകാം. അതൊന്നുമല്ലെങ്കില്‍ ചായക്കടയിലോ ബസ് സ്റ്റാന്റിലോ വച്ച് കിട്ടുന്ന നാലുപേരോട് ഈ വിഷയത്തില്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ പങ്കുവച്ചുകൊണ്ടാവാം. ഇതില്‍ ഏതെങ്കിലും ഒന്ന് മറ്റൊന്നിനെക്കാള്‍ സര്‍ഗ്ഗാത്മകമോ ഉള്ളടക്കസമ്പുഷ്ടമോ പ്രധാനമോ ആകുന്നില്ല.

 

അക്കാദമി ഭരണകൂടത്തിന്റെ ഭാഗമോ?
പുരസ്‌കാരം മടക്കിക്കൊണ്ടുള്ള ഒരു പ്രതിഷേധം വേണ്ട എന്ന് വച്ച എഴുത്തുകാര്‍ അതിന് നല്കിയ വിശദീകരണങ്ങളില്‍ വേറിട്ട് നില്ക്കുന്ന ഒന്നാണ് കഥാകൃത്തായ സക്കറിയയുടേത്. അദ്ദേഹം അത്തരമൊരു പ്രതിഷേധത്തിന്റെ പ്രസക്തിയെ തള്ളിപറയുന്നില്ല എന്ന് മാത്രമല്ല, അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നാല്‍ ഏറെക്കുറെ ഒരു സ്വാശ്രയ ഘടനയുള്ള എഴുത്തുകാരുടെ സ്ഥാപനം എന്ന നിലയില്‍ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകളെ അതാത് സര്‍ക്കാരുകള്‍ നല്കുന്നത് എന്നതിലുപരി എഴുത്തുകാരുടെ ഒരു സമിതി എഴുത്തുകാരന് രചനാപരമായ മൂല്യത്തെ മുന്‍നിര്‍ത്തി നല്കുന്ന പുരസ്‌കാരമായി കാണുന്നു. കേന്ദ്ര ഫണ്ട് കൊണ്ടാവാം ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്, പക്ഷേ ആ ഫണ്ടും വായനക്കാരുള്‍പ്പെടെയുള്ള പൗരസമൂഹത്തിന്റെ നികുതിപ്പണത്തില്‍ നിന്ന് എടുക്കുന്നതാണ്. ‘തന്നില്‍ വിശ്വാസമര്‍പ്പിച്ച് പുരസ്‌കാരം നല്കിയ എഴുത്തുകാരുടെ സമൂഹത്തെയും, അതിനുപിന്നിലെ നിശബ്ദപൗരസമൂഹത്തെയും മോദി ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് നയങ്ങളോടുള്ള എന്റെ പ്രതിഷേധമറിയിക്കാന്‍ മുന്‍ നിര്‍ത്തേണ്ടതില്ല എന്ന് തോന്നുന്നു. മാത്രമല്ല അക്കാദമികള്‍ ഭരണകൂടത്തിന്റെ ഭാഗമാണ് എന്ന ഒരു തെറ്റിദ്ധാരണയ്ക്ക് ഇടം കൊടുക്കാതിരിക്കേണ്ടതുണ്ട്.’ എന്ന രണ്ട് കാര്യങ്ങളാണ് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തന്നെ ഒരു ‘സാമാന്യ നീതി പ്രശ്‌നം’ ആയി മുന്നോട്ട് വയ്ക്കുന്നത്.

 

ഇതില്‍ പ്രതിഷേധിച്ച എഴുത്തുകാരോട് സാമാന്യ അര്‍ത്ഥത്തില്‍ ഐക്യദാര്‍ഢ്യപ്പെടുമ്പൊഴും സക്കറിയ പരോക്ഷമായി ആവിഷ്‌കരിക്കുന്നത് അവരുടെ പ്രവര്‍ത്തി ഭരണകൂടത്തിന്റെ ഭാഗമാണ് അക്കാദമി എന്ന്‍ തെറ്റിദ്ധാരണ പരത്തുന്നു എന്നും, പുരസ്‌കാരം മടക്കലിലെ ‘സാമാന്യ നീതി പ്രശ്‌നം’ കാണാതിരിക്കുന്നു എന്നുമുള്ള വിമര്‍ശനം തന്നെയാണ്.

 

അക്കാദമികള്‍ ഭരണകൂടത്തിന്റെ ഭാഗമാണോ? നിര്‍വചന പ്രകാരം അല്ലായിരിക്കാം. പക്ഷേ ഇന്ന് പ്രയോഗത്തിലോ? ഭരണഘടനയോട് നീതിപുലര്‍ത്തിക്കൊണ്ട് ഭരണം നടത്തും എന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരത്തില്‍ വന്ന ഒരു ഭരണകൂടം അതിനെ പല തലങ്ങളില്‍ ദുര്‍വ്യാഖ്യാനം ചെയ്തും, വളച്ചൊടിച്ചും അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്ന കാലത്താണ് സക്കറിയ സാഹിത്യ അക്കാദമി ഭരണകൂടത്തിന്റെ ഭാഗമല്ല എന്ന് കേവല നിര്‍വചനങ്ങളെ അവലംബിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഒരു ഫാഷിസ്റ്റ് വ്യവസ്ഥയില്‍ സ്വതന്ത്രാധികാര സ്ഥാപനങ്ങള്‍ ഫലത്തില്‍ ഏത് അധികാരത്തെ മുന്‍നിര്‍ത്തിയാവും പ്രവര്‍ത്തിക്കുക എന്ന്, അത് അധിനിവേശിച്ചുകഴിഞ്ഞ സ്ഥാപനപരമായ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട് ചെറുത്ത് നില്‍പ്പുകള്‍ പോലും എത്രത്തോളം സാധ്യമാകും എന്ന് അറിയാത്ത ആളൊന്നുമല്ല സക്കറിയ.

 

പുരസ്‌കാരം തിരികെ നല്‍കല്‍ വലിച്ച് നീട്ടിയാല്‍ ഫലകം പോര, പുരസ്‌കാര തുകയും മടക്കി നല്കണം, കേവലം തുക പോര, അത് കൈപ്പറ്റിയപ്പോള്‍ ഉള്ള മൂല്യം തന്നെ വേണം എന്നൊക്കെയുള്ള യുക്തികള്‍ സംഘി പക്ഷത്തുനിന്നും നിരന്നുകഴിഞ്ഞു. ഇത് മലയാളം പോലെ ഒരു പ്രാദേശിക ഭാഷയെ സംബന്ധിച്ചിടത്തോളമെങ്കിലും എഴുത്തുകൊണ്ട് ജീവിക്കുന്ന ഒരുമനുഷ്യനെ നിരായുധനാക്കി കളഞ്ഞേക്കാം. ആ നിലയ്ക്ക് ഓരോ പുരസ്‌കാരവും അത്തരം ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഭരണകൂടം ആഘോഷപൂര്‍വ്വം അണിയിക്കുന്ന ഒരു അദൃശ്യ വിലങ്ങാണെന്ന് പറയേണ്ടിവരും. ആ ഒരു സാധ്യതയ്ക്കപ്പുറം ഇത്തരം വിമര്‍ശനങ്ങളില്‍ എന്തെങ്കിലും ഉള്ളടക്കമുണ്ടോ?

 

 

വിമര്‍ശനങ്ങളിലെ വിചിത്രയുക്തി
സാമൂഹ്യവും, സാംസ്‌കാരികവുമായ അടിയന്തിരാവസ്ഥകളില്‍ ഒക്കെ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു പരിദേവനമാണ് എഴുത്തുകാര്‍ എവിടെപ്പോയി, എന്തുകൊണ്ട് അവര്‍ ഒന്നും മിണ്ടുന്നില്ല, ഒന്നും ചെയ്യുന്നില്ല എന്നത്. എന്തുകൊണ്ട് നാം പ്രതിരോധങ്ങളുടെ ചുമതല എഴുത്തുകാര്‍ക്ക് മാത്രമായി ചാര്‍ത്തിക്കൊടുക്കുന്നു; സ്വാഭാവികമായും അത് ദുര്‍ബലമാകുമ്പോഴുള്ള രോഷവും സാംസ്‌കാരിക നായകര്‍ എന്ന വിപുലമായ വിഭാഗത്തില്‍ ചിത്രകാരന്മാരും ശില്പികളും സിനിമയും നാടകവും ഉള്‍പ്പെടെയുള്ള ദൃശ്യകലകളില്‍ പ്രവര്‍ത്തിക്കുന്നവരും സംഗീതജ്ഞരും മിമിക്രിക്കാരും ഒക്കെ ഉള്‍പ്പെടുന്നതായി നമ്മള്‍ തന്നെ നിര്‍വചിക്കുന്ന കലാകാരന്മാരുടെ ഒരു വൈവിദ്ധ്യമാര്‍ന്ന ഒരു വന്‍ സഞ്ചയവും, ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവികളുടെ മറ്റൊരു വന്‍വിഭാഗത്തിനും ഒപ്പം വരുന്ന മറ്റൊന്ന് മാത്രമാണ് എഴുത്തുകാര്‍. അതില്‍ തന്നെ സര്‍ഗ്ഗപരമായ എഴുത്ത്, വിശകലനാത്മകമായ എഴുത്ത്, നിരൂപണം തുടങ്ങിയ വിവിധ ശാഖകളും ഉണ്ട്. പക്ഷേ ചോദ്യം എഴുത്തുകാര്‍ എന്തേ മൗനം എന്നതാണ്. ഇത്തരം ഒരു ആശ്രയത്തെ സാധൂകരിക്കും വിധം നമ്മുടെ പൊതുബോധനിര്‍മ്മിതിയില്‍ ഇത്ര വലിയ ഒരു സ്വാധീനം നാം എഴുത്തുകാര്‍ക്ക് എന്നെങ്കിലും അനുവദിച്ച് കൊടുത്തിട്ടുണ്ടോ?

 

ഇല്ല എന്നത് തന്നെയാണ് ഉത്തരം. അത് സ്ഥാപിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടതും ഇല്ല. എഴുത്തുകാര്‍ പൊതുബോധനിര്‍മ്മിതിയില്‍ നിര്‍ണ്ണായകമായ ഒരു പങ്ക് വഹിക്കണമെങ്കില്‍ അക്ഷരാഭ്യാസം വ്യാപകമായി സാധ്യമായ ഒരു സമൂഹം എന്ന ചുരുങ്ങിയ മുന്നുപാധിയെങ്കിലും നിവര്‍ത്തിക്കപ്പെടണം. ഇന്ത്യയില്‍ അത് എത്രത്തോളം സാധ്യമായിട്ടുണ്ട്? കേരളം നൂറുശതമാനം സാക്ഷരത നേടി എന്നൊക്കെ പറയുമ്പോഴും കേവലമായ എഴുത്തിനും വായനയ്ക്കും അപ്പുറം എഴുത്തുകാരെന്ന സാക്ഷരതയുടെ അസന്തുലിതമായ വികസനത്തിന്റെ അങ്ങേ തലയ്ക്കല്‍ നില്ക്കുന്നവരെ പൊതുബോധനിര്‍മ്മിതിയ്ക്ക് ആധാരമാക്കാന്‍ പോന്നത്ര സമഗ്രമായ ഒരു സാക്ഷരത നമ്മളെങ്കിലും നേടിയിട്ടുണ്ടോ?

 

ഇല്ല എന്നത് തന്നെ പിന്നെയും ഉത്തരം. അതങ്ങനെ നിലനില്‍ക്കുമ്പോഴാണ് എഴുത്തുകാരില്‍ നാം എല്ലാ പ്രതിരോധങ്ങളുടെയും സൈന്യാധിപസ്ഥാനം നല്കി കൃത്യവിലോപത്തിന് അവരെ വിചാരണ ചെയ്യുന്നത്. അതായത് ഇത്തരം വിമര്‍ശനങ്ങള്‍ വ്യാപകമാകുന്നതിന് പിന്നില്‍ പൊതുസമൂഹത്തില്‍ നിന്ന് അക്ഷരലോകത്തിലേക്ക് സദാ പ്രതീക്ഷാനിര്‍ഭരമായി തുറന്നിരിക്കുന്ന കണ്ണുകള്‍ ഒന്നുമല്ല, എഴുത്തുകാര്‍ക്കിടയില്‍ തന്നെയുള്ള പടലപ്പിണക്കങ്ങളും, ഈഗോ സംഘട്ടനങ്ങളും തന്നെയാണ്. പുരസ്‌കാരങ്ങള്‍ തിരികെ നല്കിയവരും അംഗത്വങ്ങള്‍ രാജിവച്ചവരുമായ ആരും അത് ചെയ്യാത്തവര്‍ക്കെതിരേ പരക്കെ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടതായോ, പ്രസ്താവനകള്‍ ഇറക്കിയതായോ അറിവില്ല. എന്നാല്‍ എഴുത്തുകാരുടെ തന്നെ വികസിച്ച് വരുന്ന ഒരു പുതുതലമുറ അത് ഏറ്റെടുക്കുന്നതും കാണാം. കൂടാതെ പ്രതിഷേധത്തെ പ്രത്യക്ഷമായും പരോക്ഷമായും ആക്രമിക്കുക കടമയായി സ്വയം ഏറ്റെടുത്തവരുടെ വിമര്‍ശനങ്ങള്‍; അത് അന്തരീക്ഷത്തില്‍ ആകെയുണ്ട് താനും. അതായത് എഴുത്തുകാരെവിടെ എന്ന കോലാഹലത്തിന് പിന്നില്‍ പൊതുസമൂഹമോ, പൊതുബോധമോ അതിന്റെ യുക്തിയോ ഒന്നുമല്ല, എഴുത്തുകാര്‍ തന്നെയാണ്.

 

 

ആസന്നഘട്ടങ്ങള്‍ ആവശ്യപ്പെടുന്നത്
ആസന്നഘട്ടങ്ങള്‍ ആവശ്യപ്പെടുന്നത് ധനാത്മകമായ ഒരു മുന്‍ഗണനാ ക്രമമാണ്. അതില്‍ ആര് പ്രതിഷേധിക്കണം, എങ്ങനെ പ്രതിഷേധിക്കണം, എന്തുകൊണ്ട് ചിലര്‍ പ്രതിഷേധിക്കുന്നില്ല, എന്തുകൊണ്ട് ചില പ്രതിഷേധങ്ങള്‍ ആഘോഷമാകുന്നില്ല തുടങ്ങിയ ചോദ്യങ്ങള്‍ അല്ല പ്രധാനം; പ്രതിഷേധം ഉണ്ട്, ഉണ്ടാകുന്നു എന്ന് ഉറപ്പ് വരുത്തുകയാണ്.

അത് നിര്‍ണ്ണയിക്കേണ്ടുന്നത് ഇടപെടലുകള്‍ സമരത്തെ എവിടേക്ക് കൊണ്ടുപോകുന്നു എന്നതിനെക്കുറിച്ചുള്ള വസ്തുതാപരമായ കരുതലുകളാണ്. പുരസ്‌കാരങ്ങള്‍ മടക്കി നല്കുകയും, അംഗത്വം രാജിവയ്ക്കുകയും ചെയ്യുന്നവര്‍ അതിലൂടെ സ്വയം തലവാചകങ്ങള്‍ ആകുന്നുണ്ടാകാം. അതിലപ്പുറം പ്രതീകവല്‍ക്കരിക്കപ്പെടുന്ന പ്രതിഷേധത്തിന്റെ ഉള്ളടക്കത്തിനോട് അവര്‍ക്ക് പ്രതിബദ്ധതയില്ലെന്നും വന്നേക്കാം. അത്തരം തലക്കെട്ടുകള്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടില്ലാത്ത, സാംസ്‌കാരിക നായകരല്ലാത്തവരുടെ ശബ്ദത്തെ കേള്‍ക്കാനാവാത്ത വണ്ണം നേര്‍പ്പിച്ചു കളയുന്നുണ്ടാവാം. പക്ഷേ ചോദ്യം, ഒച്ച കേള്‍പ്പിക്കലാണോ എന്തിനുവേണ്ടി ഒച്ചവയ്‌ക്കേണ്ടി വന്നോ ആ പ്രശ്‌നത്തിന് സാധ്യമായ എല്ലാ പരിഹാരങ്ങളെയും ഏകോപിപ്പിക്കുകയാണോ അടിയന്തിരാവശ്യം എന്നതാണ്.

ഞങ്ങളുടെ ശബ്ദം കേള്‍ക്കുന്നില്ലെങ്കില്‍ ഒരു പ്രശ്‌നവും അത് ഞങ്ങളുടെതാണെങ്കില്‍ പോലും ഇവിടെ പരിഹരിക്കപ്പെടേണ്ടതില്ല എന്നതാണ് നിലപാടെങ്കില്‍ ആരാണാ ഞങ്ങളെന്ന് നമ്മുടെ കൂട്ടത്തില്‍ നിന്ന് തന്നെ മനുഷ്യര്‍ എഴുന്നേറ്റ് വന്ന് ചോദ്യം ചെയ്യുന്ന അവസ്ഥ ഉണ്ടാകും. മള്‍റ്റിറ്റ്യൂഡ് എന്ന കല്പന ആന്റിഎസ്റ്റാബ്ലീഷ്‌മെന്റ് ആകുന്നത് അവര്‍ക്ക് ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനത്തോട് എതിര്‍പ്പുണ്ടായതുകൊണ്ടല്ല, മറിച്ച് യുദ്ധസമാനമായ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളോട് പ്രതികരിക്കാന്‍ എസ്റ്റാബ്ലിഷ്‌മെന്റ് ഒരു തടസ്സമാകുന്നു എന്നതിനാലാണ്. അതുകൊണ്ട് തന്നെ ബഹുജനങ്ങളുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ക്ക്, പ്രതിഷേധങ്ങള്‍ക്ക് അതീതമായ ഒരു സുരക്ഷിത മേഖലയുണ്ട് എന്ന തോന്നല്‍ കേവലം ബ്രഹദാഖ്യാനങ്ങളുടെ മാത്രം ധാരണാപിശകല്ല.

അത് പല തലങ്ങളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. മനസിലാക്കണോ വേണ്ടയോ എന്ന് അവരവര്‍ക്ക് തീരുമാനിക്കാം. അവരുടെ സൂക്ഷ്മാഖ്യാനങ്ങള്‍ക്കും.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍