UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ഷക ആത്മഹത്യ ഇപ്പോള്‍ ഫാഷന്‍ ട്രെന്‍ഡെന്ന് ബി.ജെ.പി എം.പി

അഴിമുഖം പ്രതിനിധി

കര്‍ഷക ആത്മഹത്യകളെ പരിഹസിച്ച് ബി.ജെ.പി എം.പി. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ഇപ്പോള്‍ ഫാഷനും ട്രെന്‍ഡുമായിരിക്കുകയാണെന്ന ബി.ജെ.പി എം.പി ഗോപാല്‍ ഷെട്ടിയുടെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നോര്‍ത്ത് മുംബൈയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് ഷെട്ടി. കാര്‍ഷിക മേഖല വന്‍ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ തന്റെ സര്‍ക്കാര്‍ നടപ്പാക്കുന്ന കാര്‍ഷിക പദ്ധതികള്‍ വിശദീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നാളെ മധ്യപ്രദേശില്‍ നടക്കാനിരിക്കെയാണ് സ്വന്തം പാര്‍ട്ടി എം.പി തന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

 

മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 3.228 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 124 കര്‍ഷകര്‍ ഇവിടെ മാത്രം ആത്മഹത്യ ചെയ്തു കഴിഞ്ഞു. ഇതിനിടെയാണ് ഷെട്ടിയുടെ വിവാദ പരാമര്‍ശം. ഇതുകൊണ്ടും ഷെട്ടി നിര്‍ത്തിയില്ല. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഇപ്പോള്‍ മത്സരമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും പട്ടിണിയും മൂലം എല്ലാ കര്‍ഷകരുമൊന്നും ആത്മഹത്യ ചെയ്യുന്നില്ല. എന്നാല്‍ ഇന്നതൊരു ഫാഷനായി മാറിയിരിക്കുകയാണ്. അഞ്ചു ലക്ഷം രൂപ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയാല്‍ ഏഴു ലക്ഷം രൂപ അയല്‍ സംസ്ഥാനം നല്‍കും. ഇക്കാര്യത്തില്‍ ഇപ്പോള്‍ മത്സരം തന്നെയാണെന്നും ഷെട്ടി പരിഹസിച്ചു.

 

ഷെട്ടിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നിട്ടുണ്ട്. മഹാരാഷ്ട്ര അതിന്റെ ഏറ്റവും വലിയ കാര്‍ഷിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്താണ് ഇത്തരമൊരു പ്രസ്താവന ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് സഞ്ജയ് നിരുപം പ്രസ്താവിച്ചു. കടക്കെണിയും വിളനാശവും മൂലം ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴാണ് ബി.ജെ.പി ഇത്തരം പ്രസ്താവനകളിലൂടെ തങ്ങളുടെ യഥാര്‍ഥ മുഖം പുറത്തുകാണിച്ചിരിക്കുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.

 

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ 124 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ തന്നെ ബോംബെ ഹൈക്കോടതിയെ അറിയിച്ചത് രണ്ടു ദിവസം മുമ്പാണ്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായി ഇടപെടണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബി.ജെ.പിയുടെ വിവാദ പ്രസ്താവന. നേരത്തെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്ന് പ്രസ്താവിച്ചതും വിവാദമായിരുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍