UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകന്റെ ജീവനെടുത്തു; മുംബൈ റോഡുകളിലെ കുഴിയടച്ച് പിതാവിന്റെ ആദരാഞ്ജലി

Avatar

അഴിമുഖം പ്രതിനിധി

കഴിഞ്ഞ വര്‍ഷം അപകടത്തില്‍ മരിച്ച മകന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ദാദാറാവു ബില്ലോര്‍ കണ്ടെത്തിയ വഴി റോഡുകളിലെ കുഴികള്‍ നികത്തുകയാണ്. മുംബൈയില്‍ തന്റെ ശ്രദ്ധയില്‍പ്പെടുന്ന ഏതു കുഴിയും നികത്തുകയാണ് നാല്‍പത്തിയാറുകാരനായ ഈ പച്ചക്കറി കച്ചവടക്കാരന്‍. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍നിന്നു ശേഖരിക്കുന്ന അവശിഷ്ടങ്ങളും തറയോടുകളും കൊണ്ടാണ് കുഴിയടയ്ക്കല്‍. അപകടങ്ങളുണ്ടാകാത്തവിധം ഇത് ഉറപ്പിക്കുന്നു.

ബന്ധുവായ റാമിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ബില്ലോറിന്റെ മകന്‍ പ്രകാശ് അപകടത്തില്‍പ്പെട്ടത്. ജോഗേശ്വരി – വിഖ്രോളി ലിങ്ക് റോഡില്‍ വെള്ളത്തില്‍ മുങ്ങിയിരുന്ന ഒരു കുഴി പ്രകാശിന്റെ ജീവനെടുത്തു. റാം തലയ്ക്ക് ഗുരുതരമായ പരുക്കുകളോടെ രക്ഷപെട്ടു. നിര്‍മാണ പ്രവര്‍ത്തനത്തിനായി ഒരു സ്വകാര്യ കമ്പനിയാണ് റോഡ് കുഴിച്ചത്. എന്നാല്‍ കുഴി നികത്താന്‍ കമ്പനിയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ശ്രദ്ധിച്ചിരുന്നില്ല.

സംഭവത്തിനുശേഷം കുഴി പ്രശ്‌നം ഗുരുതരമാണെന്ന് ബില്ലോറിനു മനസിലായി. തുടര്‍ന്ന് രണ്ട് അപകടങ്ങള്‍ കൂടി നടന്നതോടെ ബില്ലോര്‍ രംഗത്തിറങ്ങി. ആദ്യ അപകടത്തില്‍ അംബര്‍നാഥില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അമ്മയും മകളുമാണ് അപകടത്തില്‍പ്പെട്ടത്. മകള്‍ അമ്മയെ കൊന്നുവെന്ന് പൊലീസ് ആരോപിച്ചതോടെ കാര്യം വഷളായി. ഏതാനും ആഴ്ചകള്‍ക്കുശേഷം ബാന്ദ്രയില്‍ ദമ്പതികള്‍ കുഴി മൂലം അപകടത്തില്‍പ്പെട്ടു. ഭാര്യ മരിച്ചു. ‘ രണ്ടു സംഭവങ്ങളിലും നിന്ന് എനിക്ക് ഒരു കാര്യം മനസിലായി. ആരെങ്കിലും മരിച്ചാല്‍ മാത്രമേ അധികൃതര്‍ നടപടിയെടുക്കൂ. കുഴികള്‍ നികത്താന്‍  ശ്രമിച്ചാല്‍ ആളുകള്‍ എന്റെ മകന് അനുഗ്രഹം നല്‍കുമെന്നു ഞാന്‍ കരുതി,’ 2015 ഡിസംബറില്‍ മരോള്‍ മരോഷി റോഡില്‍ ആദ്യത്തെ കുഴി നികത്തിയ ബില്ലോര്‍ പറയുന്നു.

‘റോഡിലെ കുഴിയടയ്ക്കാന്‍ അധികൃതര്‍ തയാറാകാത്തത് എന്റെ മകന്റെ ജീവനെടുത്തു. ആളുകള്‍ മരിക്കുന്നതു തടയാനാണ് എന്റെ ശ്രമം.’ അന്ധേരി ഈസ്റ്റ്, ഗോരേഗാവ് ഈസ്റ്റ്, മന്‍ഖുര്‍ദ്, ഘട്‌കോപാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ബില്ലോര്‍ കുഴിയടയ്ക്കുന്നത്. ‘പച്ചക്കറി വാങ്ങാന്‍ ദിവസവും മരോളില്‍നിന്ന് വാഷി എപിഎംസി മാര്‍ക്കറ്റ് വരെ ഞാന്‍ പോകുന്നു. വഴിയില്‍ കാണുന്ന കുഴികള്‍ ശ്രദ്ധിക്കുന്നു.’ കോണ്‍ട്രാക്ടര്‍മാരും അധികൃതരും ഉപേക്ഷിച്ചുപോകുന്ന നിര്‍മാണ സാമഗ്രികള്‍ ശേഖരിച്ചാണ് ജോലി. ‘ തറയോടുകളും മണ്ണും നിറച്ചാണ് കുഴിയടയ്ക്കല്‍. എന്നാല്‍ ഇത് അധികദിവസം നിലനില്‍ക്കാറില്ല.’

ബില്ലോറിന്റെ പച്ചക്കറിക്കടയിലെ ഏഴു ജോലിക്കാരും കുഴിയടയ്ക്കാന്‍ സഹായത്തിനുണ്ട്. ഇവരില്‍ ഒരാളായ ധര്‍മരാജ് വര്‍മ എല്ലായ്‌പോഴും ബില്ലോറിനൊപ്പം പോകും. ‘കഴിഞ്ഞ വര്‍ഷം മുതല്‍ ഞാന്‍ ബില്ലോറിനെ സഹായിക്കുന്നു. ആരെങ്കിലും കുഴികളെപ്പറ്റി വിവരം തന്നാല്‍ രണ്ടുദിവസത്തിനകം അത് നികത്തും.’

ബില്ലോര്‍ ഇതുവരെ 360 കുഴികള്‍ നികത്തി. തിങ്കളാഴ്ച വാച്ച്‌ഡോഗ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നടത്തിയ റാലിയില്‍ പങ്കെടുത്ത് ജെബി നഗര്‍ മെട്രോ സ്‌റ്റേഷനും മരോള്‍ നാക മെട്രോ സ്‌റ്റേഷനുമിടയില്‍ ഏഴു കുഴികള്‍ നികത്തി. ബലവത്തും നിലനില്‍ക്കുന്നതുമായ റോഡുകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും മുന്‍സിപ്പല്‍ കമ്മിഷണര്‍ അജോയ് മെഹ്തയ്ക്കും കത്തെഴുതുകയും ചെയ്തു ഫൗണ്ടേഷന്‍. ‘ അന്ധേരി – കുര്‍ള റോഡിലെ കുഴികള്‍ നികത്തണമെന്നും അനധികൃത പാര്‍ക്കിങ് തടയണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കമ്മിഷണര്‍ക്കും കത്തെഴുതി. കുഴികള്‍ ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്നു. നികുതിപ്പണം പാഴാക്കുന്നത് അവസാനിപ്പിച്ച് സുരക്ഷിതമായ റോഡുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറാകണം,’ വാച്ച് ഡോഗ് ഫൗണ്ടേഷനിലെ ഗോഡ്ഫ്രി പിമെന്റ പറഞ്ഞു.

ബില്ലോറും കുടുംബാംഗങ്ങളും സ്‌പോട്‌ഹോള്‍ എന്ന മൊബൈല്‍ ആപ്പിനും രൂപം നല്‍കിയിട്ടുണ്ട്. ബിഎംസി നന്നാക്കാത്ത കുഴികള്‍ കണ്ടെത്തി നന്നാക്കാനാണ് ഇത് ഉപയോഗിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറ, ജിപിഎസ്, ഇന്റര്‍നെറ്റ് എന്നിവയാണ് ആപ് ഉപയോഗിക്കുന്നത്. കുഴി കണ്ടെത്തുക, അത് ബിഎംസിയുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതാണ് രീതി. പരീക്ഷണഘട്ടത്തില്‍ പ്ലേസ്റ്റോറിലും ഐഒഎസിലും ലഭ്യമായ ഇത് മുംബൈയില്‍ ഇരുനൂറിലധികം പേര്‍ ഉപയോഗിക്കുന്നുണ്ട്.

സര്‍ക്കാര്‍ അധികൃതര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്ന ദിനം വരെ താന്‍ തന്റെ ദൗത്യം തുടരുമെന്ന് ബില്ലോര്‍ പറയുന്നു. ‘മഴക്കാലം ബൈക്ക് യാത്രക്കാര്‍ക്കു പേടിസ്വപ്‌നമാണ്. വെള്ളത്തിനടിയില്‍ ഒളിച്ചിരിക്കുന്ന ഏതു കുഴിയും ഗുരുതരമായ പരുക്കുകളിലേക്കു നയിക്കാം, ചിലപ്പോള്‍ മരണത്തിലേക്കും.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍