UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അച്ഛന്‍ ബലാത്സംഗം ചെയ്ത മകള്‍ക്ക് അടി ശിക്ഷ; ‘കംഗാരു കോടതി’കളുടെ ക്രൂര വിധികള്‍

Avatar

ആനി ഗോവെന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ആറ് മുതിര്‍ന്നവരുടെ മുന്നില്‍ നിലത്ത് പിങ്ക് വസ്ത്രം ധരിച്ച പെണ്‍കുട്ടി ഇരുന്നു.  സെല്‍ഫോണ്‍ ക്യാമറയില്‍ പതിഞ്ഞ ആ വിഡിയോ ദൃശ്യത്തില്‍ ഒരാള്‍ വിരല്‍ ചൂണ്ടി ആക്രോശിക്കുന്നു – ഈ പെണ്‍കുട്ടിയെ ശിക്ഷിക്കണം. ഒരു ഗ്രാമീണന്‍ പെണ്‍കുട്ടിയുടെ അരയില്‍ കയര്‍ കെട്ടുന്നു. അതിന്റെ മറ്റേയറ്റം കയ്യില്‍പ്പിടിച്ച് ഒരു മരക്കൊമ്പ് അന്തരീക്ഷത്തിലേക്കുയര്‍ത്തുന്നു. തല താഴ്ത്തുന്ന പെണ്‍കുട്ടിക്കുമേല്‍ ആദ്യത്തെ അടി വീഴുകയായി. വീണ്ടും, വീണ്ടും, വീണ്ടും. ആകെ പത്തുതവണ മരക്കൊമ്പ് ഉയര്‍ന്നുതാഴുന്നു. പെണ്‍കുട്ടി നിലവിളിക്കുന്നു.

പതിയെപ്പതിയെ ജനക്കൂട്ടം അടക്കിപ്പറയുന്നു: മതിയാക്കൂ. എന്നാല്‍ ആരും തടയാന്‍ മുന്നോട്ടുവരുന്നില്ല. അവസാനം അയാള്‍ മരക്കൊമ്പ് വലിച്ചെറിയുന്നു. കഴിഞ്ഞു.

പെണ്‍കുട്ടിക്ക് 13 വയസ് കാണണം. ഏറിയാല്‍ 15. അവളുടെ വീട്ടുകാര്‍ക്ക് അത് നിശ്ചയമില്ല. അവള്‍ ഒരിക്കലും സ്‌കൂളില്‍ പോയിട്ടില്ല. ജീവിതത്തിന്റെ മുഴുവന്‍ കാലവും വീട്ടിലെ ജോലികള്‍ ചെയ്തു; ഇടയ്ക്കിടെ ഭിക്ഷ യാചിച്ചു; പിതാവിന്റെ തെരുവുസര്‍ക്കസില്‍ ഞാണിന്മേല്‍ക്കളിച്ചു. അങ്ങനെ 20 രൂപ നേടി.

അവളുടെ കുറ്റം? പിതാവ് ബലാല്‍സംഗം ചെയ്തത് പുറത്തു പറയാന്‍ ഭയന്നു.


ഒരു ഗ്രാമസമിതി

ഇന്ത്യ 120 കോടി ആളുകളുടെ രാജ്യമാണ്. വളരുന്ന സമ്പദ് വ്യവസ്ഥയും ചെറുപ്പക്കാരായ ജനതയും ലോകവേദിയില്‍ രാജ്യത്തെ വില്‍ക്കാന്‍ തല്‍പരനും ഊര്‍ജസ്വലനുമായ പ്രധാനമന്ത്രിയുമുള്ള നാട്. വനിതകളുടെ ഒരു തലമുറ ശക്തമായ പങ്ക് നിറവേറ്റുന്നിടം – ജോലിസ്ഥലത്തും കോളജുകളിലും ഓണ്‍ലൈനിലും കാലഹരണപ്പെട്ട സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പോരാടുന്നിടം. ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ, ബലാല്‍സംഗത്തിനും ലൈംഗിക പീഡനങ്ങള്‍ക്കുമെതിരെ, ചലച്ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ.

എങ്കിലും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പുരുഷാധിപത്യം ഗ്രാമത്തിലെ വാട്ടര്‍ പമ്പ് മുതല്‍ നീതിന്യായ വ്യവസ്ഥ വരെ മാറാതെ നിലനില്‍ക്കുന്നു. മാറ്റത്തിനുള്ള മുറവിളികളെ അവഗണിക്കുന്നു.

പുരുഷാധിപത്യമുള്ള ഗ്രാമസമിതികള്‍ നൂറ്റാണ്ടുകള്‍ മുന്‍പുമുതല്‍ നിലവിലുള്ള സംവിധാനമാണ്. അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കുകള്‍ പറഞ്ഞുതീര്‍ക്കുന്നവരായും പല തലങ്ങളിലുള്ള ജാതിവ്യവസ്ഥയുടെ നടത്തിപ്പുകാരായും ഇവ പ്രവര്‍ത്തിക്കുന്നു. 1992 മുതല്‍ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമഭരണസംവിധാനം നിലവില്‍ വന്നെങ്കിലും ഗ്രാമീണ ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെടാത്ത സംഘങ്ങള്‍ ഐക്യത്തിനുവേണ്ടി എന്ന പേരില്‍ അവര്‍ക്കിഷ്ടമുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതു തുടരുന്നു.

ഇത്തരം സമിതികള്‍ നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചിട്ട് അഞ്ചുവര്‍ഷം കഴിയുമ്പോഴും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇവയുടെ പെരുമാറ്റം നിയന്ത്രിക്കാനുള്ള നിയമങ്ങളെപ്പറ്റി ആലോചിക്കുന്നതേയുള്ളൂ.

വ്യത്യസ്ത ജാതി, മതങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹവും പ്രണയബന്ധങ്ങളും വിലക്കുക, ദുരഭിമാന കൊലപാതകങ്ങള്‍ക്കു പ്രേരിപ്പിക്കുക തുടങ്ങിയവയൊക്കെ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടും. സ്ത്രീകള്‍ക്കാണ് മിക്കപ്പോഴും കഠിനശിക്ഷ ലഭിക്കുക.

ലൈംഗിക അതിക്രമ സംഭവങ്ങളിലും ഇവര്‍ ഇടപെടുന്നു. മിക്കപ്പോഴും പണം നല്‍കി കേസുകള്‍ ഒതുക്കാനാണ് ശ്രമം. ബലാല്‍സംഗം ചെയ്തയാളെ വിവാഹം കഴിക്കാന്‍ ഇരയായ സ്ത്രീയെ നിര്‍ബന്ധിക്കുന്നതും പതിവാണ്. 2012ല്‍ ഡല്‍ഹിയില്‍ ഒരു വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് പരാതി നല്‍കല്‍ എളുപ്പമാകും വിധം നിയമങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. എന്നാല്‍ പൊലീസ് സ്റ്റേഷന്‍ വരെയുള്ള വഴി ഇപ്പോഴും നീളമേറിയതാണ്.

‘ബലാല്‍സംഗക്കേസുകളില്‍ ഗ്രാമസഭകളുടെ പങ്ക് ഔദ്യോഗികമായോ പൊതുവായോ വെളിപ്പെടുത്തപ്പെടുന്നില്ല. ഇടപെടല്‍ പിന്‍വാതിലിലൂടെയാണ്,’ ഓള്‍ ഇന്ത്യ ഡമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍  അംഗം ജഗ്മതി സംഗ്വാന്‍ പറയുന്നു. ‘ ഇരയുടെ കുടുംബത്തോട് ഒത്തുതീര്‍പ്പിനു തയാറാകാന്‍ അവര്‍ ആവശ്യപ്പെടുന്നു. മാദ്ധ്യസ്ഥം വഹിക്കുന്നു. അത് ഇരയുടെ താല്‍പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടായിരിക്കും.’

എന്നാല്‍ പരിമിതികളാല്‍ ഞെരുങ്ങുന്ന നീതിന്യായ വ്യവസ്ഥയും ഏറിയ നിയമച്ചെലവുകളുമുള്ള രാജ്യത്ത്  നിര്‍ണായക പങ്കാണു വഹിക്കുന്നതെന്നാണ് ഹരിയാനയില്‍ ഇത്തരം സമിതികളുടെ അസോസിയേഷനിലെ നേതാവായ സുബി സിങ് സമായിന്റെ വാദം. ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഇറച്ചിവില്‍പന നിരോധിച്ചെന്നും യുവാക്കളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിച്ചെന്നും വിവാഹാവസരങ്ങളില്‍ ഉച്ചത്തിലുള്ള സംഗീതം തടഞ്ഞെന്നും സിങ് അഭിമാനിക്കുന്നു. കുടുംബവഴക്കുകളില്‍ പൊലീസ് കേസുകള്‍ പിന്‍വലിക്കാനും ഒത്തുതീര്‍പ്പുണ്ടാക്കാനും ഈ സമിതികള്‍ ആളുകളോട് ആവശ്യപ്പെടുന്നു.

‘എന്തിനു കോടതിയില്‍ പോകണം. നമുക്ക് അത് പരിഹരിക്കാം എന്നു ഞങ്ങള്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കാനും ആവശ്യപ്പെടും,’ സിങ് പറയുന്നു.

ഇവയുടെ ക്രൂരമായ ചില ഉത്തരവുകള്‍ രാജ്യാന്തര തലത്തില്‍ വാര്‍ത്തയായിട്ടുണ്ട്.


ഹരിയാനയില്‍ ഗ്രാമ സമിതിയുടെ വിധി പ്രകാരം ബലാത്സംഘം ചെയ്യപ്പെട്ട പെണ്‍കുട്ടി

2014ല്‍ സ്വന്തം സമുദായത്തിനു പുറത്തുള്ള ഒരാളുമായി പ്രണയത്തിലായ യുവതിക്ക് പശ്ചിമ ബംഗാളിലെ ഗ്രാമസമിതി വിധിച്ച ശിക്ഷ കൂട്ടബലാല്‍സംഗമായിരുന്നു. സമിതി നേതാവ് അംഗങ്ങളോട് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മഹാരാഷ്ട്രയില്‍  പഞ്ചായത്തുകള്‍ എന്നറിയപ്പെടുന്ന ഇത്തരം ജാതി സമിതികളുടെ പീഡനത്തിനിരയായ നൂറോളം പേരെയാണ് ഓരോ വര്‍ഷവും കമ്മിറ്റി ഫോര്‍ ഇറാഡിക്കേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഫെയ്ത്ത് എന്ന സംഘടന സഹായിക്കുന്നത്. ഇവരില്‍ കൂടുതലും സ്ത്രീകളാണ്.

പരിശുദ്ധി തെളിയിക്കാന്‍ തിളയ്ക്കുന്ന എണ്ണയുള്ള പാത്രത്തിന്റെ അടിയില്‍നിന്ന് നാണയം എടുക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു. വനത്തിലൂടെ അല്‍പവസ്ത്രധാരിയായി നടക്കുകയാണ് മറ്റൊരു സ്ത്രീക്കു വിധിച്ച ശിക്ഷ. ആ സമയത്ത് സമിതി അംഗങ്ങള്‍ അവരുടെ മേല്‍ തീയില്‍നിന്നെടുത്ത മാവുരുളകള്‍ എറിഞ്ഞുകൊണ്ടിരുന്നു.

‘യാതൊരു വ്യവസ്ഥയുമില്ലാത്തതും ഏകപക്ഷീയവും കിരാതവുമായ ശിക്ഷകള്‍ നടപ്പാക്കുന്നതുമായ സമാന്തര നീതിന്യായ വ്യവസ്ഥ അനുവദിച്ചുകൂടാ,’ സാമൂഹിക പ്രവര്‍ത്തകനായ ഹമീദ് ധാബോള്‍ക്കര്‍ പറയുന്നു. ‘ ഇരയായ പെണ്‍കുട്ടിക്കു തന്നെ ശിക്ഷ വിധിച്ചപ്പോള്‍ സംഭവിച്ചത് അതാണ്’.

മരിക്കുന്നതിനുമുപ് അനസൂയ ചവാന്റെ അസ്ഥിത്വം ഭര്‍ത്താവിന്റെ തെരുവുസര്‍ക്കസ് പ്രദര്‍ശനത്തില്‍ അവള്‍ നടന്ന ഞാണുകളെപ്പോലെ അപകടകരമാംവിധം അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. എങ്കിലും രണ്ട് പെണ്‍മക്കളെ പിതാവിന്റെ ക്രോധത്തില്‍നിന്നു രക്ഷിക്കാന്‍ അവര്‍ക്കായിരുന്നു. എന്നാല്‍ മദ്യപാനവും ക്ഷയരോഗവും അവരെ കീഴടക്കി. കഴിഞ്ഞ വര്‍ഷം മരണവും.

മൂത്ത സഹോദരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്ന് അക്കാലത്ത് അനസൂയയുടെ ടീനേജുകാരിയായ മകള്‍ പിതാവിനോട് അപേക്ഷിച്ചു. എന്നാല്‍ ശിവറാം യശ്വന്ത് ചവാന്‍ വിസമ്മതിച്ചു. ഭക്ഷണമുണ്ടാക്കാനും വീടുനോക്കാനും അയാള്‍ക്കുവേണ്ടി പണമുണ്ടാക്കാനും ഒരാള്‍ വേണമായിരുന്നു.

അതുവരെ ആ പെണ്‍കുട്ടിയുടെ ജീവിതം ആയാസകരമെങ്കിലും ചെറിയ ചെറിയ സന്തോഷങ്ങള്‍ നിറഞ്ഞതായിരുന്നു. അവള്‍ക്കു സുഹൃത്തുക്കളുണ്ടായിരുന്നില്ല. എങ്കിലും ചെളിയില്‍ തലകുത്തിനിന്നു കളിക്കാന്‍ അവള്‍ക്ക് ഏഴുവയസുകാരിയായ ലൈല എന്ന സഹോദരിയുണ്ടായിരുന്നു. പിതാവുനല്‍കുന്ന പണം കൊണ്ട് സ്‌നാക്കുകളും കുല്‍ഫിയും വാങ്ങിയിരുന്നു.

വിവാഹ ബാന്‍ഡ് സംഘത്തില്‍ ജോലി ചെയ്തിരുന്ന പിതാവ് ജനുവരിയിലെ ഒരു രാത്രിയില്‍ മദ്യപിച്ച് വീട്ടിലെത്തി. അവളും സഹോദരിയും നിലത്ത് നല്ല ഉറക്കത്തിലായിരുന്നു. അവളുടെ പിതാവും നിലത്തുകിടന്നു. പിന്നെ അവളുടെ വായ് പൊത്തി.

മാര്‍ച്ച് ആദ്യം തന്റെ ഗോതമ്പ്, കരിമ്പ് പാടങ്ങളിലേക്കു തൊഴിലാളികളെ അന്വേഷിച്ച് പോകും വഴിയാണ് പ്രദേശത്തെ ഗോപാല്‍ സമുദായം മൗജെ ജവാല്‍വാഡിക്കടുത്ത് ഗ്രാമസമിതി വിളിക്കുന്നത് കൃഷിക്കാരനും തൊഴിലാളി പ്രവര്‍ത്തകനുമായ സച്ചിന്‍ തുക്കാറാം ഭിസെ അറിയുന്നത്. മുഴുവന്‍ സംഭവങ്ങളും അറിഞ്ഞില്ലെങ്കിലും കാര്യങ്ങള്‍ ഏതാണ്ടു മനസിലായ ശിവറാം ചൗഹാന്റെ മക്കള്‍ അയാളെ ഒറ്റപ്പെടുത്തിയിരുന്നു. അയാള്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറായി.


ഹരിയാനയിലെ ഹിസാറിലെ ഒരു ഗ്രാമ മുഖ്യന്‍ സുബേ സിംഹ് സമേന്‍

പൊതുവെ നിരക്ഷരരും ദരിദ്രരുമായ സമുദായമാണ് ഗോപാല്‍. തെരുവുപ്രകടനങ്ങളും പശുവളര്‍ത്തലും കൊണ്ടാണ് ഉപജീവനം. ഇവരില്‍ പലരും സഹ്യപര്‍വതനിരകളുടെ തണലിലുള്ള ഫലഭൂയിഷ്ഠമായ കൃഷിഭൂമികളില്‍ ചെറിയ ചെറിയ ജോലികളുമായി താമസിക്കുന്നു.

ഭിസെ നോക്കിനില്‍ക്കെ ഗ്രാമീണര്‍ ഗ്രാമത്തിലെ തുറസായ സ്ഥലത്ത് ഒത്തുകൂടി. പെണ്‍കുട്ടിയും പിതാവും സമിതിക്കു മുന്നില്‍ മുട്ടുകുത്തിനിന്നു. തലകുനിച്ച് ചവാന്‍ കുറ്റം സമ്മതിച്ചുവെന്ന് ഭിസെ ഓര്‍ക്കുന്നു. ശിക്ഷ ഏല്‍ക്കാന്‍ അയാള്‍ തയ്യാറായിരുന്നു. അപ്പോഴാണ് സമിതി അംഗങ്ങള്‍ പെണ്‍കുട്ടിക്കു നേരെ തിരിഞ്ഞത്.

‘കുറ്റം പെണ്‍കുട്ടിയുടേതാണെന്ന് അവര്‍ പറഞ്ഞു. ചൗഹാന്‍ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നായിരുന്നു ന്യായം,’ ഭിസെ പറയുന്നു. ‘ ഞാന്‍ ക്രുദ്ധനായി. പെണ്‍കുട്ടി എങ്ങനെ കുറ്റക്കാരിയാകും? സര്‍പഞ്ച് പറഞ്ഞു: ‘ നീ അയോഗ്യയാണ്. നീയാണ് കുറ്റക്കാരി.’ കുട്ടി കരയുകയായിരുന്നു.

ഭിസെ തന്റെ സെല്‍ഫോണ്‍ ക്യാമറ പുറത്തെടുത്ത് മുന്നില്‍ നടക്കുന്ന സംഭവങ്ങള്‍ പകര്‍ത്തിത്തുടങ്ങി. സമിതിയുടെ തീരുമാനം ഇതായിരുന്നു – പിതാവിന് അയ്യായിരം രൂപ പിഴയും 15 അടിയും. പെണ്‍കുട്ടിക്ക് അഞ്ച് അടി. വടി ഒടിയും വരെ അടി തുടരണം.

തെളിവുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഭിസെയുടെ പരാതിയില്‍ സമിതിയിലെ ഏഴു പേരും അറസ്റ്റിലായി. ഗൂഢാലോചന, പണം പിടുങ്ങല്‍, അക്രമം എന്നിവയാണ് കുറ്റങ്ങള്‍. കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പിതാവും അറസ്റ്റിലായി.

‘അടി എന്നെ വേദനിപ്പിച്ചില്ല. കാരണം അവര്‍ വളരെ പതിയെയാണ് അടിച്ചത്,’ ഒരു മാസത്തിനുശേഷം പെണ്‍കുട്ടി പറഞ്ഞു.

സഹോദരനും കുടുംബത്തിനുമൊപ്പമാണ് ഇപ്പോള്‍ അവളുടെ താമസം. മുളച്ചില്ലകളില്‍ വലിച്ചുകെട്ടിയ തുണിവീട്. തൂണുകള്‍ ഉറപ്പിക്കാന്‍ കല്ലുകള്‍. അതിനുമുന്നില്‍ വിരിച്ച ടാര്‍പോളിനില്‍ ചുരുണ്ടുകിടക്കുകയായിരുന്നു അവള്‍.

സംസാരിക്കുമ്പോള്‍ പെണ്‍കുട്ടി കരഞ്ഞുതുടങ്ങി. മറാത്തി സംസാരിക്കുന്ന സന്ദര്‍ശകരുടെ കാല്‍ തൊട്ടു ബഹുമാനം പ്രകടിപ്പിച്ച് താന്‍ മാത്രമാണു കുറ്റക്കാരിയെന്ന് അവള്‍ പറഞ്ഞു.

‘കുറ്റം എന്റേതായതുകൊണ്ടാണ് എന്നെ അടിക്കാന്‍ ഞാന്‍ അവരോടു പറഞ്ഞത്. സംഭവത്തെപ്പറ്റി ഞാന്‍ വീട്ടില്‍ ആരോടും പറഞ്ഞില്ല എന്നതാണ് എന്റെ കുറ്റം. പിതാവ് എന്റെ കൈപിടിച്ചതേയുള്ളൂ എന്നാണു ഞാന്‍ പറഞ്ഞത്. അത് എന്റെ തെറ്റാണ്.’

അവള്‍ക്കൊപ്പമുള്ള സഹോദരഭാര്യയും തെറ്റ് പെണ്‍കുട്ടിയുടേതാണെന്നു പറയുന്നു. ‘വീട്ടിലുള്ളവരോട് അവള്‍ പറഞ്ഞിരുന്നെങ്കില്‍ അവളുടെ സഹോദരന്മാര്‍ പിതാവിനെ അടിക്കുമായിരുന്നു. പഞ്ചായത്ത് വിളിക്കുമായിരുന്നില്ല. പ്രശ്‌നം അവിടെ അവസാനിക്കുമായിരുന്നു. സഹോദരന്മാര്‍ അടിച്ചില്ലെങ്കില്‍ അവരുടെ ഭാര്യമാര്‍ അടിക്കുമായിരുന്നു.’

ഇപ്പോള്‍ സംഭവം മറക്കാനാണ് പെണ്‍കുട്ടി ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു. സംഭവത്തിനുശേഷം വനിതാ പൊലീസ് ഓഫിസര്‍ കുട്ടിയുമായി സംസാരിച്ചു; വൈദ്യ പരിശോധന നടത്തി; സംസ്ഥാന ഫണ്ടില്‍ നിന്ന് ചെറിയൊരു തുകയും ലഭിച്ചു.

ഇത്തരം ഗ്രാമസമിതികള്‍ ഒത്തുചേര്‍ന്ന് കുറ്റവാളികള്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിക്കുന്നത് കഴിഞ്ഞ മാസം മഹാരാഷ്ട്ര സര്‍ക്കാര്‍ തടഞ്ഞു. ഏറ്റവും സാധാരണവും ക്രൂരവുമായ ശിക്ഷയാണിത്. ഒരു വ്യക്തിയെയും കുടുംബത്തെയും പ്രദേശത്തെ സാമൂഹിക ജല പൈപ്പുകളും കടകളും ആരാധനാലയങ്ങളും തുടങ്ങി എല്ലാ സാമൂഹിക ബന്ധങ്ങളില്‍നിന്നും വിലക്കുകയാണ് ഇത് ചെയ്യുന്നത്.

ഇതേ മാതൃക പിന്തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഊരുവിലക്ക് തടയാനുള്ള നിയമങ്ങള്‍ കര്‍ശനമാക്കാനും നീക്കമുണ്ട്.

ജാതി പഞ്ചായത്തുകള്‍ അനുചിതമായി പ്രവര്‍ത്തിക്കുന്നുവെന്ന പരാതികള്‍ ഏറുന്നതിനാലാണ് ഈ നിയമം കൊണ്ടുവന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ‘വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അനുവദിക്കാനാകില്ല. സര്‍ക്കാര്‍ ഇതര സംഘങ്ങളുടെ സമാന്തര നീതിന്യായ വ്യവസ്ഥ അനുവദനീയമല്ല. വ്യക്തികളുടെ അന്തസിനും അവകാശത്തിനും മേല്‍ ഒത്തുതീര്‍പ്പ് സാദ്ധ്യമല്ല.’

ഏപ്രിലില്‍ ഗ്രാമസമിതി പിരിച്ചുവിടാന്‍ ഗോപാല്‍ സമുദായം തീരുമാനിച്ചു. ഇനിമുതല്‍ കുറ്റകൃത്യങ്ങള്‍ നേരിട്ട് പൊലീസിനെ അറിയിക്കുമെന്ന് സമുദായ നേതാവ് ദിലീപ് ദിന്‍കര്‍ യാദവ് പറഞ്ഞു.

പഞ്ചായത്ത് അംഗങ്ങളും അടിശിക്ഷ നടപ്പാക്കിയ ആളും പുറത്തുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ആദ്യത്തെ തോന്നല്‍. ഒരു ചെറിയ ക്ഷേത്രത്തിനു സമീപം ജീവിക്കുന്ന ഏതാനും കുടുംബങ്ങള്‍ അടങ്ങിയ ഗ്രാമത്തിലേക്കു നടത്തിയ യാത്രയില്‍ ആരെയും കണ്ടില്ല.

‘ ഞങ്ങള്‍ക്ക് അയാളെ അറിയില്ല,’ അയല്‍ക്കാരില്‍ ഒരാള്‍ പറഞ്ഞു.


പെണ്‍കുട്ടിയെ അടിച്ച അരുണ്‍ യാദവും ഭാര്യയും

എന്നാല്‍ ഏതാനും ടെലിഫോണ്‍ സംഭാഷണങ്ങള്‍ക്കുശേഷം അരുണ്‍ യാദവ് കാണാമെന്നു സമ്മതിച്ചു. പ്രദേശത്തെ ദേശീയ പാത നാലിനടുത്തുള്ള റസ്റ്ററന്റില്‍ അയാള്‍ ദിലീപ് യാദവിനൊപ്പം വന്നു.  ബാന്‍ഡ് സംഘാംഗമായ, നിരക്ഷരനായ, അരുണ്‍ യാദവ് അധികമൊന്നും സംസാരിച്ചില്ല. കണ്ണുകള്‍ മൂടുംവിധം തൊപ്പിവച്ച അയാള്‍ക്കൊപ്പം വന്ന, ദിലീപ് യാദവിന് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്ന ഒരാളുടെ ഭാവമുണ്ടായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയുടെ ഓര്‍മച്ചടങ്ങിനായാണ് തന്നെ ഗ്രാമത്തിലേക്കു വിളിച്ചതെന്നും അത് പിന്നീട് ഗ്രാമസമിതി യോഗമായി മാറുകയായിരുന്നുവെന്നും അരുണ്‍ യാദവ് പറഞ്ഞു. ‘ അവരെ അടിക്കുന്ന ചുമതല ഏറ്റെടുക്കാന്‍ ആരോ എന്നോടു പറഞ്ഞു. ഞാന്‍ അതു ചെയ്തു. പിന്നീട് ചായ കുടിച്ച് സ്ഥലം വിട്ടു.’

പെണ്‍കുട്ടി സത്യം മറച്ചുവച്ചുവെന്നും ശിക്ഷ അര്‍ഹിക്കുന്നുവെന്നും ഇരുവരും പറഞ്ഞു. പെണ്‍കുട്ടിയുടെ ഭാവി ഉറപ്പാക്കുന്ന കാര്യം വിഷമകരമാണെങ്കിലും ശ്രമിക്കുമെന്നായിരുന്നു ദിലീപ് യാദവിന്റെ അഭിപ്രായം.

‘എന്റെ മകള്‍ക്കാണ് ഇതുപോലെ എന്തെങ്കിലും സംഭവിച്ചിരുന്നത് എങ്കില്‍ ഞങ്ങള്‍ അവളെ ബലാല്‍സംഗം ചെയ്തയാള്‍ക്കു വിവാഹം ചെയ്തു കൊടുക്കുമായിരുന്നു. ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകാറില്ല. കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയാല്‍ എല്ലാവരും കാര്യമറിയും. പിന്നെ അവള്‍ വലിയ ബാദ്ധ്യതയാകും. അതിലും നല്ലത് അയാളെത്തന്നെ വിവാഹം ചെയ്യുന്നതാണ്.’

പെണ്‍കുട്ടിക്ക് ഒരു വരനെ കണ്ടെത്തിയെന്ന് അയാള്‍ പറയുന്നു. മറ്റൊരു ബാന്‍ഡ് വാദ്യക്കാരന്‍. ഈയിടെ ഭാര്യ മരിച്ച ചെറുപ്പക്കാരന്‍, ആറുമാസത്തിനുള്ളില്‍ അവരുടെ വിവാഹം നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍