UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മുടെ പെണ്‍മക്കളെ എന്തിനാണ് അച്ഛനില്‍ നിന്ന് അകറ്റുന്നത്?

കുറച്ചു ദിവസം മുന്‍പാണ് ഫാദേഴ്സ് ഡേ നമ്മളെല്ലാവരും ആഘോഷത്തോടെ ഫേസ്ബുക്കില്‍ കൊണ്ടാടിയത്. അച്ഛന്‍റെ മഹത്വവും ത്യാഗവും പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകള്‍ നമ്മളെല്ലാം  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിനിടയില്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മകളും. ഇതേ സമയത്ത് തന്നെ ആണ് അച്ഛന്‍- മകന്‍- പേരക്കുട്ടി ബന്ധത്തെകുറിച്ച് സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ആശങ്കകളെ അടിസ്ഥാനമാക്കി എടുത്ത ഒരു ഡോക്യുമെന്ററി കണ്ടത്. ബിന്ദു ഗോപിനാഥ് സംവിധാനം ചെയ്ത ‘താമരനൂല്‍’ എന്ന ഡോക്യുമെന്ററി കൈകാര്യം ചെയുന്ന വിഷയത്തില്‍ നിന്നാണ് ഈ ലേഖനം ഞാന്‍ എഴുതുന്നത്‌.

ഡല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരമ്മ തന്‍റെ മകളും ഭര്‍ത്താവിന്റെ അച്ഛനും തമ്മിലുള്ള ബന്ധത്തെ പേടിക്കുന്നതും ആ ഭയം എന്തെന്ന് തിരിച്ചറിഞ്ഞ മുത്തശ്ശന്‍ ആത്മഹത്യ ചെയ്യുന്നതുമാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം. ഒരു 30 കൊല്ലം മുന്‍പുള്ള മലയാള സിനിമാ – കഥാരംഗത്ത്‌ ഇത്തരത്തില്‍ ഒരു പ്രമേയം കടന്നുവരിക കൂടി ചെയ്തേക്കില്ല. പത്മരാജന്റെ ‘മൂവന്തി’ എന്ന കഥയിലെ ഒരു ബലാത്കാരരംഗം ആണ് എന്‍റെ തലമുറയിലെ ആളുകള്‍ക്ക് ഇത്തരത്തിലുള്ള ഒരു പ്രശ്നത്തെ ആദ്യമായി പരിചയപ്പെടുത്തിയത്.

അച്ഛനും മകളും അടുത്തിടപഴകുമ്പോള്‍ ഇന്ന് അമ്മമാരുടെ നെഞ്ചില്‍ തീയാണ് എന്ന് പലരും പറയാറുണ്ട്‌. നമ്മുടെ മുന്നിലെ പത്രവാര്‍ത്തകളും ഈ ഭയത്തെ ശരിവയ്ക്കുന്നു. ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തില്‍ കമല്‍ അവതരിപ്പിച്ചതും ഈ വിഷയം തന്നെയാണ്.  രണ്ടാനച്ഛന്‍ ശരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന 12 -ആം ക്ലാസുകാരിയുടെ കഥയാണ് ആ സിനിമ പറഞ്ഞത്. ഒടുവില്‍ അമ്മ സത്യം തിരിച്ചറിയുന്നതും അദ്ദേഹത്തെ കൊല്ലുന്നതുമാണ് കഥാതന്തു. പദ്മരാജന്‍റെ കഥയെ ആസ്പദമാക്കി എടുത്ത ‘സക്കറിയയുടെ ഗര്‍ഭിണികളി’ലും ഈ വിഷയം പ്രതിപാദിക്കുന്നുണ്ട്.


താമരനൂലില്‍ നിന്നുള്ള ദൃശ്യം

നമ്മുടെ ഇടയിലെ അച്ഛന്മാരൊക്കെ ഇങ്ങനെയാണോ? ഈ ചിത്രങ്ങള്‍ കണ്ടിറങ്ങിയ ഒരുപാട് സുഹൃത്തുക്കള്‍ (പല പ്രായത്തില്‍ ഉള്ളവരും) ഇങ്ങനെ പറയുന്നത് കേട്ടിടുണ്ട്; “സ്വന്തം മോളെ മടിയിലിരുത്തി താലോലിക്കുമ്പോള്‍  മറ്റുള്ളവര്‍ അതിനെ തെറ്റിദ്ധരിക്കുമോ എന്ന പേടിയാണ് പലപ്പോഴും. സ്വന്തം പങ്കാളി പോലും ഈ കാര്യത്തില്‍ സംശയിക്കുന്നത് കാണുമ്പോള്‍ സ്വയം പുച്ഛം തോന്നും”.  എത്രയേറെ സങ്കടം ഉണ്ടാകുന്ന ഒരവസ്ഥയാണിത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ എന്‍റെ അച്ഛനെ കുറിച്ചാണ് ആലോചിക്കാറ്. 

എന്‍റെ 16 വയസ്സു മുതല്‍ ഞാന്‍ ജീവിക്കുന്നത് എന്‍റെ വളര്‍ത്തച്ഛന്‍റെ കൂടെയാണ്. എന്‍റെയും എന്‍റെ ഏടത്തിയുടേയും ജീവിതത്തില്‍ ഏതവസരത്തിലും മറിച്ചൊന്നു ചിന്തിക്കുക കൂടി ചെയ്യാതെ ഞങ്ങള്‍ക്ക് വേണ്ടി ഏതറ്റംവരെയും പോകുന്ന, പോയിട്ടുള്ള ഒരാളാണ് അദ്ദേഹം. അമ്മ പ്രശ്നമുണ്ടാക്കും എന്നുറപ്പുള്ള ഏതു കാര്യവും ധൈര്യമായി അച്ഛനോട് പറയാം. സാരല്ല്യ രമേ… അനുവല്ലേ അല്ലെങ്കില്‍ ഐശ്വര്യയല്ലേ എന്ന് പറഞ്ഞ് അതങ്ങ് പാസ്സാക്കും. ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ എല്ലാ പ്രണയങ്ങളും, പ്രണയഭംഗങ്ങളുമൊക്കെ അറിയാവുന്ന, അതിന്‍റെ എല്ലാ മാനസികപ്രശ്നങ്ങളും  മനസിലാക്കുകയും കൂടെനില്‍ക്കുകയും ചെയ്ത അച്ഛന്‍. അദ്ദേഹം ഞങ്ങളുടെ ജൈവപരമായ അച്ഛന്‍ (bilogical father) അല്ല എന്ന് ആരും എളുപ്പത്തില്‍ കണ്ടുപിടിക്കാറേ ഇല്ല. (അങ്ങനെ മണ്ടത്തരം പറ്റിയ പലരും ഉണ്ട്). പക്ഷെ ഇത്തരത്തില്‍ ഒരു തുറന്ന സമീപനമോ ആശയവിനിമയമോ സ്വന്തം അച്ഛനോട് പോലും സാധ്യമല്ലാത്തവരാണ് നമ്മളില്‍ പലരും എന്നത് ഒരു സത്യം തന്നെയായി നിലനില്‍ക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ ബന്ധങ്ങള്‍ ഇത്തരത്തില്‍ അടഞ്ഞു പോകുന്നത്? ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’യിലെ രണ്ടാനച്ഛനെ പോലെ ഉള്ളവര്‍ ഇല്ല എന്ന് വാദം ശരിവയ്ക്കുമ്പോള്‍ തന്നെ, സ്വന്തം  അച്ഛനുമായി സൌഹൃദബന്ധം നിലനിര്‍ത്തുക എന്നത് എത്രമനോഹരമെന്നു തിരിച്ചറിയുക കൂടി വേണം നമ്മള്‍.

അച്ഛന്‍ മകളെ പീഡിപ്പിച്ചു, ഗര്‍ഭിണിയാക്കി എന്നുള്ള വാര്‍ത്തകള്‍ നമുക്കിന്നു പുത്തരിയല്ല. പ്രശ്നമുണ്ട്. ശരി തന്നെ. അതിനു പരിഹാരം തേടാനായി നാം എന്താണ് ചെയ്യാറ്?

ഇതിനെ രണ്ടു രീതിയില്‍ സമീപിക്കാം. 1) ഒരു പ്രായം കഴിഞ്ഞാല്‍ (ഇന്നത്തെ കാലത്ത് 7 വയസ്സുകഴിഞ്ഞാല്‍ തന്നെ) അച്ഛനോടും അമ്മാമന്‍, ചെറിയച്ഛന്‍, ഏട്ടന്‍ അങ്ങനെ ആണ്‍പ്രജകളോട് ഒരു അകലം സൂക്ഷിച്ചു മാത്രം പെരുമാറുക.  ഈ നിലപാടാണ്‌ പൊതുവേ  എല്ലാവരും സമീപിച്ചുകൊണ്ടിരിക്കുന്നത്. വളരെ എളുപ്പമാണ് ഇത്.  സ്വന്തം ശരീരത്തിനുമേല്‍ ഏതു നിമിഷവും ഉണ്ടായേക്കാവുന്ന അതിക്രമത്തെ  ഭയന്ന് സ്വന്തം വീടിനുള്ളില്‍ അടങ്ങി ഒതുങ്ങി കഴിയുക. എന്തൊരു ലളിതമായ പരിഹാരം, അല്ലെ? നമ്മുടെ ഒക്കെ ചെറുപ്പകാലത്ത് എല്ലാ മുതിര്‍ന്നവരും നമ്മെ ഇത് പറഞ്ഞു പേടിപ്പിച്ചിട്ടില്ലേ? അവരോടു ഇടപഴകരുത് എന്നതിന് പകരം. ശരിയായ സ്പര്‍ശനം എന്താണ്, തെറ്റായ സ്പര്‍ശനം എന്താണ് എന്ന് പറഞ്ഞു തരാന്‍ ആരെങ്കിലും ശ്രമിച്ചിരുന്നോ? എന്‍റെ ഓര്‍മ്മയില്‍ ഇല്ല.

ഒരു ചെറിയ കട്ട്‌ എന്‍റെ എം എ ക്ലാസ്സ്‌ മുറിയിലേക്ക്. ഞാന്‍ പഠിച്ചത് ജെന്‍ഡര്‍ സ്റ്റഡീസ് എന്ന വിഷയം ആണ്. ഞങ്ങളുടെ അദ്ധ്യാപിക മോളി കുരുവിളയുടെ ക്ലാസ്സ്‌.  “ഞാന്‍ കൌണ്‍സിലിങ്ങിനു പോകുമ്പോള്‍ ഒക്കെ പെണ്‍കുട്ടികളോട് പറയാറുണ്ട്‌ സ്വന്തം അച്ഛനെപ്പോലും വിശ്വസിക്കരുത് എന്ന്. അച്ഛനായാലും അമ്മാവനായാലും പെണ്ണെന്നു പറഞ്ഞാല്‍ ശരീരം മാത്രമാണ് അവര്‍ക്കെ”ന്ന്‍. അദ്ധ്യാപിക അഭിമാനത്തോടെ പറഞ്ഞു നിര്‍ത്തി. ഞങ്ങളുടെ എം എ ക്ലാസ്സില്‍ ഏറെ വിവാദചര്‍ച്ചകള്‍ക്ക് ഇടയാക്കിയ ഒരു വാചകമായിരുന്നു ഇത്. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ മേധാവി, അതും ഈ വിഷയങ്ങളെ കുറിച്ചൊക്കെ കൃത്യമായ നിലപാടുകള്‍ ഉണ്ടാകേണ്ട ഒരു സ്ത്രീ തന്നെ ആണ് ഈ വാചകങ്ങള്‍ പറയുന്നത് എന്നത് ഇവിടെ പ്രത്യേകം  ശ്രദ്ധിക്കണം. ഇത്തരം ആശയങ്ങള്‍ നമ്മുടെ സമൂഹത്തിനെ, അതിലെ ബന്ധങ്ങളെ എങ്ങനെയാണ് വളരാന്‍ സഹായിക്കുക? ഒരു പെണ്‍കുട്ടിയുടെ ശരീരത്തെക്കുറിച്ചുള്ള ബോധങ്ങളെ സൃഷ്ടിക്കുക? മറ്റൊരു വ്യക്തിയെ അംഗീകരിക്കാനും വിശ്വസിക്കാനും അവര്‍ക്ക് എങ്ങനെ സാധിക്കും?

നമുക്ക് തിരിച്ചു വരാം, ഇനി രണ്ടാമത്തെ പരിഹാരം എന്തായിരിക്കും? എന്തായാലും അതൊരിക്കലും എളുപ്പമായ; വളരെ വേഗം സാധിക്കുന്ന ഒന്നാകില്ല എന്നുറപ്പ്. സ്ത്രീ എന്നത് ഒരു വ്യക്തിയാണ് എന്ന കാഴ്ചപ്പാട് സമൂഹത്തില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാനം. ഞാന്‍ പറഞ്ഞില്ലേ, അതൊട്ടും എളുപ്പമായ ഒന്നല്ല. എല്ലാ വ്യക്തികളുടെയും ഉള്ളില്‍ ഈ ബോധം ഉണ്ടാക്കണം. ഈ അവബോധ നിര്‍മാണം ഒരു രാത്രികൊണ്ട്‌ ഒരാള്‍ വിചാരിച്ചാല്‍ നടക്കുന്ന ഒന്നല്ല എന്ന് നിങ്ങളെപോലെ എനിക്കും അറിയാം. നിസ്സാരമായി പറയാന്‍ സാധിക്കും എങ്കിലും നടപ്പില്‍ വരുത്താന്‍ ഇതിലേറെ ശ്രമകരമായ മറ്റൊന്നില്ല എന്ന തിരിച്ചറിവും ഉണ്ട്. ഇതൊരു സമൂഹത്തിന്‍റെ മുഴുവനായുള്ള മാനസികരോഗത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമാണ്. ഒരു വ്യക്തിയുടെയോ പുരുഷ സമൂഹത്തിന്‍റെയോ  മാത്രം പ്രശ്നമല്ല ഇതെന്ന് തിരിച്ചറിയുമ്പോള്‍ കൂടിയാണ് നാം വിഷയത്തിന്‍റെ ഉള്ളിലേക്ക് കടന്നുചെന്നു എന്ന് പറയാനെങ്കിലും സാധിക്കൂ.

ഇത്തരം പ്രശ്നങ്ങള്‍ ഒരു മാനസിക രോഗമാണ് എന്ന്‍ തിരിച്ചറിയുകയും അതിനുള്ള കൃത്യമായ ബോധവത്കരണവും ചികിത്സയും നല്‍കുക എന്നതാണ് അടിസ്ഥാനപരമായി ഒരു സമൂഹം ചെയ്യേണ്ടത്. ഈ പ്രശ്നങ്ങള്‍ പരിഹാരം ഇല്ലാത്തവയോ  മാറ്റാനോ തടയാനോ സാധിക്കാത്തവയും അല്ല.  ഇതൊരു  പ്രശ്നം ആണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. അത്തരം ഒരു പ്രശ്നം ഉണ്ടായാല്‍ അതിനെ മറച്ചുവയ്ക്കാതെ പരിഹാരങ്ങള്‍ തേടുകയാണ് വേണ്ടത്. പരിഹാരം ഉണ്ട്. കാരണം സമൂഹത്തില്‍ സ്ത്രീയെ വ്യക്തി എന്ന നിലയില്‍ കാണുന്ന; ഇടപെടുന്ന എത്രയോ ആളുകളെ നമുക്ക് അടുത്തറിയാം. അപ്പോള്‍ ഇത്  “പുരുഷസമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രശ്നമൊന്നും അല്ല. അതുകൊണ്ട് തന്നെ ഇതിനു പരിഹാരമുണ്ട്” എന്നതു സുനിശ്ചിതം.

എന്‍റെ പല സുഹൃത്തുക്കളും പറയാറുണ്ട്‌; “അച്ഛനോട് ഒന്നും പറയാന്‍ പറ്റില്ല. എന്റെ കാര്യങ്ങള്‍ ഒക്കെ പങ്കുവയ്ക്കുന്നത് അമ്മയോടാണ്. വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം എങ്ങനെയാ അച്ഛനുമായി പങ്കുവയ്ക്ക?” നമ്മുടെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും നമ്മള്‍ അച്ഛന്‍ എന്ന ആളില്‍ നിന്ന് മറച്ചു വയ്ക്കുന്നു. എന്തിനാണ് നമ്മുടെ നിത്യജീവിതത്തില്‍ നിന്ന് നമ്മുടെ അച്ഛനെ ഒഴിവാക്കി നിര്‍ത്തുന്നത്? നമ്മള്‍ നമ്മെ തന്നെ അടച്ചിട്ട്; നിയന്ത്രിച്ച് ഇടപെടുന്ന ഒരു സമൂഹത്തില്‍ ഫാദേര്‍സ് ഡേ ആഘോഷിക്കുന്നതിനെക്കാള്‍  പ്രധാനമല്ലേ അച്ഛനും മകളും/ മകനും തമ്മിലുള്ള ആരോഗ്യകരമായ ഒരു ബന്ധം വളര്‍ത്തി എടുക്കുക എന്നത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍