UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ വളി വിടുന്ന അച്ഛന്‍ മാത്രമാണോ?-ഫാദേര്‍സ് ഡെ സ്പെഷ്യല്‍

Avatar

കാതറിന്‍ ഷാവെര്‍
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

നിങ്ങള്‍ കാണാന്‍പോകുന്ന ഫാദേര്‍സ് ഡെ ആശംസകളിലെല്ലാം ഒരു ബഫൂണ്‍ രൂപമായിരിക്കും അച്ഛന്‍. കീഴ്ശ്വാസം വിടുന്ന, ബിയര്‍ കുടിക്കുന്ന അച്ഛന്‍. റിമോട്ട് കെട്ടിപ്പിടിച്ച് മീന്‍പിടിച്ച് കുട്ടികളെ നോക്കാത്ത അച്ഛന്‍.

ആശംസാകാര്‍ഡ് വ്യവസായം അച്ഛന്മാരെപ്പറ്റി സങ്കല്‍പ്പിച്ചിരിക്കുന്നത് അങ്ങനെയാണ്. തമാശക്കാര്‍ഡുകള്‍ വാങ്ങുന്ന കുട്ടികളും അങ്ങനെയാണ് ധരിച്ചിരിക്കുന്നത്. അച്ഛന്മാരെ ആദരിക്കുന്ന കാര്യം വരുമ്പോള്‍ ഏറ്റവുമധികം ചെലവാകുന്നത് ഇത്തരം കാര്‍ഡുകളാണ്.

എന്നാല്‍ ആരാണ് ഈ അച്ഛന്‍മാര്‍? അവര്‍ ഏത് നൂറ്റാണ്ടിലാണ്?

ഗ്രില്‍ ചെയ്യുന്നതോ എന്തെങ്കിലും അറ്റകുറ്റപ്പണി ചെയ്യുന്നതോ ആയ അച്ഛന്മാരാണ് പിന്നെയുള്ളത്.

ഇന്നത്തെ അച്ഛന്‍മാരെ വെച്ച് നോക്കുമ്പോള്‍ ഈ ഗ്രീറ്റിംഗ് കാര്‍ഡ് അച്ഛന്‍ അത്ര ചേരുന്നില്ല. ഇന്നത്തെ അച്ചന്മാര്‍ ചോറുപൊതി കെട്ടുന്നവരും വീട്ടുജോലിയില്‍ സഹായിക്കുന്നവരുമാണ്.

എങ്കിലും ഇത്തരം വാര്‍പ്പുമാതൃകകള്‍ ഇപ്പോഴും ചെലവാകുമെന്നാണ് ആശംസാകാര്‍ഡ് കമ്പനികള്‍ പറയുന്നത്. മികച്ച ബെസ്റ്റ്സെല്ലര്‍ കാര്‍ഡുകള്‍ ഇതൊക്കെയാണ്. “Keep Calm We found the Remote”. “Happy Farters Day”, “The Evolution of Dad” എന്നതിനൊപ്പം കുരങ്ങന്‍ മനുഷ്യനായി ടിവിയുടെ മുന്നില്‍ ഇരിക്കുന്ന ഒരു ചിത്രവും.

അച്ഛന്‍ കാര്‍ഡുകളിലെ പ്രധാനചിത്രങ്ങള്‍ ഇവയാണ്. ബിയര്‍, ഗോള്‍ഫ്, മീന്‍പിടിക്കുന്ന ചൂണ്ട, ടിവി, ചാരുകസേര, ഗുഹാമനുഷ്യന്‍, അല്ലെങ്കില്‍ കീഴ്ശ്വാസത്തെപ്പറ്റിയുള്ള തമാശ.

‘ഡൂ ഫാദേര്‍സ് മാറ്റര്‍’ എന്ന പുതിയ പുസ്തകത്തിന്‍റെ രചയിതാവായ പോള്‍ റെബേന്‍ പറയുന്നത് ഈ ചിത്രങ്ങളൊക്കെ അറുപതുകളില്‍ ശരിയായിരുന്നിരിക്കാം എന്നാണ്. അന്നൊക്കെ അച്ഛന്‍മാര്‍ മാത്രമായിരുന്നു ജോലിചെയ്തിരുന്നത്, പല അച്ഛന്മാര്‍ക്കും ഒരു ഡയപ്പര്‍ മാറ്റാനോ ഭക്ഷണം ഉണ്ടാക്കാനോ അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് കുട്ടികളെ നോക്കാനായി ജോലി ഉപേക്ഷിക്കുന്ന പുരുഷന്‍മാരും ഉണ്ട്. പണം സമ്പാദിക്കുന്ന എന്നതിനെക്കാള്‍ കുടുംബത്തെ പാലിക്കുക എന്ന റോളാണ് പുരുഷന്മാര്‍ക്ക് ചേരുന്നത്. അപ്പോള്‍ ഈ ചിത്രങ്ങള്‍ ഒരു സ്റ്റീരിയോടൈപ് ആകും. 

ഇത് കാലത്തിന് ചേരാത്തവയാണ്. നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളെ ഊതിപ്പെരുപ്പിക്കുമ്പോള്‍ തമാശയുണ്ടാകുമെന്ന് നമുക്കറിയാം. എന്നാല്‍ ഈ ഊതിപ്പെരുപ്പിക്കല്‍ ഇപ്പോള്‍ സംഭവിക്കാത്ത ഒന്നിനെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പിന്നെ അതില്‍ തമാശയില്ല. 

രണ്ടുകുട്ടികളുടെ അച്ഛനും വീട്ടില്‍ നിന്ന് ജോലിചെയ്യുന്നയാളുമായ മാറ്റ് ഷ്നീഡര്‍ പറയുന്നു. “എന്തിനാണ് നമ്മള്‍ മാതൃദിനം ആഘോഷിക്കുകയും അവര്‍ കുടുംബത്തിനുവേണ്ടി ചെയ്യുന്നവയെ ബഹുമാനിക്കുകയും അച്ഛന്‍മാരെ കളിയാക്കുകയും ചെയ്യുന്നത്? എനിക്കാരും ഇങ്ങനെയൊരു കാര്‍ഡ് അയക്കില്ല, അത് ഞാന്‍ ഇഷ്ടപ്പെടില്ല എന്ന് അറിയാം”

പിന്നെന്തിനാണ് പിതൃത്വത്തെ ആഘോഷിക്കുന്ന ഒരു ദിവസം ഇങ്ങനെ അച്ഛന്മാരെ കളിയാക്കുന്നത്? ആധുനിക അച്ഛന്‍മാര്‍ വ്യത്യസ്തരായാലും പല കുടുംബങ്ങളിലും ഇത്തരം ഒരു അച്ഛന്‍ ഓര്‍മ്മ നിലനില്‍ക്കുന്നതുകൊണ്ടാണ് കാര്‍ഡുകള്‍ ചെലവാകുന്നത് എന്നാണ് ആശംസാകാര്‍ഡ് കമ്പനികളുടെ പക്ഷം.

അമ്മമാരുടെ കാര്‍ഡുകളെക്കാള്‍ ഇത്തരം തമാശകള്‍ ആസ്വദിക്കാന്‍ കഴിയുന്നത് അച്ഛന്‍മാര്‍ക്കാണ് എന്നതും കാരണമായി പറയുന്നുണ്ട്. നിങ്ങളെ സിനിമയ്ക്ക് കൊണ്ടുപോയി എന്നതിനെക്കാള്‍ തമാശ റിമോട്ട് പിടിച്ചുവയ്ക്കുന്നതിലോ കീഴ്ശ്വാസം വിടുന്നതിലോ ഉണ്ട്. അമ്മയ്ക്ക് മാതൃദിനത്തിന് ഒരു ഫാര്‍ട്ട് ജോക്ക് ഉള്ള കാര്‍ഡ് കൊടുത്തുനോക്കൂ, അത് അത്ര നന്നായി സ്വീകരിക്കപ്പെട്ടുവെന്ന് വരില്ല.

ഇത് അച്ഛനെ കളിയാക്കലാണ്, അപമാനിക്കലല്ല എന്നും അഭിപ്രായമുള്ളവരുണ്ട്‌. അമേരിക്കന്‍ കാര്‍ഡുകളില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ടിം വ്യാട്ടിന്‍റെ ഒരു കാര്‍ട്ടൂണ്‍ ഇങ്ങനെയാണ്. ടിവിയുടെ ഉള്ളില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന മൂന്നുകുട്ടികള്‍. അവരെ നോക്കിനില്‍ക്കുന്ന അച്ഛന്‍. കുട്ടികള്‍ അമ്മയോട് പറയുന്നു, ഇങ്ങനെ മാത്രമേ അച്ഛന്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ എന്ന്.

ഇത്തരം തമാശകാര്‍ഡുകളില്‍ അമ്മ ഒരു നായികയാവണം എന്നും അച്ഛന്‍ ഒരു തമാശകഥാപാത്രമാകണമെന്നുമാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. ഉയര്‍ന്നനിലയിലുള്ളവരെ കളിയാക്കുമ്പോള്‍ തമാശ ജനിക്കുന്നു. കുടുംബത്തില്‍ അച്ഛന് ആ നിലയാണ് ഉള്ളത്.

“ആളുകളുടെ വീടുകളില്‍ നടക്കുന്നതിനെ ഉപയോഗിക്കുക എന്നത് പ്രധാനമാണ്. അല്ലെങ്കില്‍ കാര്‍ഡുകള്‍ ചെലവാകില്ല.” വ്യാട്ട് പറയുന്നു. “അച്ഛനെ ഒരു മണ്ടനായി ചിത്രീകരിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.”

തന്റെ ചെറുപ്പത്തില്‍ ഇത്തരം കാര്‍ഡുകള്‍ അച്ഛന് വേണ്ടി വാങ്ങിയിട്ടുണ്ട് എന്ന് കാതറിന്‍ സെരാമി പറയുന്നു. ആ കാര്‍ഡുകള്‍ ചിരിയുണര്‍ത്തിയതുകൊണ്ടാണ് വാങ്ങിയതെന്നും അവര്‍ പറയുന്നു. “എന്റെ അച്ഛനും അതെ രീതിയിലുള്ള ഒരു കസേരയുണ്ടായിരുന്നു, അദ്ദേഹം സദാ ടിവി കണ്ടുകൊണ്ടിരിക്കുമായിരുന്നു.”

എന്നാല്‍ ഈ വര്‍ഷം അവര്‍ കുറച്ചുകൂടി ഗൌരവമായ കാര്‍ഡാണ് തെരഞ്ഞെടുത്തത്. ഇപ്പോള്‍ താന്‍ വളര്‍ന്നുവെന്നും അച്ഛനോടൊപ്പമല്ല ജീവിക്കുന്നതെന്നും അത്തരമൊരു തമാശ ഇപ്പോള്‍ ചേരില്ല എന്നും അവര്‍ പറയുന്നു.

ആശംസാകാര്‍ഡ് കമ്പനികള്‍ ഇത് കേള്‍ക്കുന്നുണ്ട്. കൂടുതല്‍ കുടുംബത്തോട് ചേര്‍ന്നുനില്‍ക്കുന്ന അച്ഛന്‍മാരെ ഇനി കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തുമെന്ന് ഹാള്‍മാര്‍ക്ക് പറയുന്നു. ഇത്തവണ അവര്‍ രണ്ടാനച്ഛന്‍മാരെയും സിംഗിള്‍ അച്ഛന്മാരെയും മുത്തച്ഛന്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ അച്ഛന്‍മാര്‍ക്ക് ഇഷ്ടപ്പെടുന്ന തരം കാര്‍ഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ഹാള്‍മാര്‍ക്ക് എഡിറ്റോറിയല്‍ ഡയരക്ടറായ മാറ്റ് ഗോവന്‍ പറയുന്നു. ഒരു കാര്‍ഡില്‍ ഒരു ചെറിയ കുഞ്ഞിനേയും രണ്ടുകുട്ടികളെയും പിടിച്ചിരിക്കുന്ന അച്ഛന് ചുറ്റും പറന്നുനടക്കുന്ന പാല്‍ ഗ്ലാസുകളും പാല്‍ക്കുപ്പികളുമാണ് ഉള്ളത്. മറ്റൊന്നില്‍ മസില്‍ പെരുപ്പിച്ച രണ്ടുപുരുഷന്‍മാര്‍ പഞ്ചഗുസ്തിയിലാണ്. ഒരാള്‍ പറയുന്നു, “നിങ്ങള്‍ വെയിറ്റ്ലിഫ്റ്റിംഗ് ചെയ്യുന്നുണ്ട് അല്ലേ?” മറുപടി ഇങ്ങനെ, “ഇല്ല, കുട്ടികളെ എടുക്കുന്നു.”

“കുട്ടിയുടെ ജീവിതത്തില്‍ അച്ഛന്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന്‍ പറയുകയാണ്‌ ഇതൊക്കെ.”

അധികം വൈകാതെ തന്നെപ്പോലെയുള്ള അച്ഛന്‍മാരെ കാര്‍ഡുകളില്‍ വരയ്ക്കാന്‍ കഴിഞ്ഞേക്കുമെന്ന് വ്യാട്ട് പറയുന്നു. രണ്ടും മൂന്നും വയസുള്ള കുട്ടികളെ വളര്‍ത്തുന്നതും വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന വ്യാട്ട് ആണ്.

“പഴയ അച്ഛന്‍രൂപം തമാശനിറഞ്ഞതായതുകൊണ്ടാണ് ഞാന്‍ അത് തന്നെ ഇപ്പോഴും ഉപയോഗിക്കുന്നത്. പുതിയ അച്ഛന്‍മാരില്‍ നിന്നും തമാശകള്‍ ഉണ്ടാക്കാന്‍ കഴിയും. എങ്കിലും പഴയ തമാശകളും നില്‍ക്കട്ടെ.” വ്യാട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍