UPDATES

സയന്‍സ്/ടെക്നോളജി

ക്യാന്‍സര്‍ ബാധിച്ചു മരിച്ച മകന് ഒരച്ഛന്‍റെ ആദരാഞ്ജലി, വിഡിയോ ഗെയിമിലൂടെ

Avatar

സാറാ കപ്ലാന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

സന്ധ്യാസമയം. നിങ്ങള്‍ ഒരു ആശുപത്രിമുറിയിലാണ്. നീലയും പച്ചയും നിറമുള്ള ഭിത്തികളില്‍ വിളക്കുകള്‍ നിഴല്‍ വീഴ്ത്തുന്നു. നിങ്ങള്‍ക്കു കണ്ണടയുണ്ട്. ചുളിഞ്ഞ പച്ച ഷര്‍ട്ടിട്ട നിങ്ങളുടെ മുഖം അതീവ ക്ഷീണിതമാണ്. എടുക്കാനാകാത്തത്ര ഭാരം ചുമക്കുന്നവനെപ്പോലെ നിങ്ങള്‍ നടക്കുന്നു.

ഈ അനിമേറ്റഡ് ആശുപത്രിയിലെവിടെയോ ഒരു കുഞ്ഞ് കരയുന്നു. നിങ്ങളുടെ കുഞ്ഞ്.

വെളിച്ചം മങ്ങുന്നു, കരച്ചില്‍ കൂടിവരികയാണ്. നിങ്ങള്‍ക്ക് മകനെ കാണാനാകുന്നില്ല, പക്ഷേ അവന്റെ കരച്ചില്‍ കേള്‍ക്കാം. വേദനകൊണ്ടുപുളയുന്ന കുഞ്ഞിന്റെ നിലവിളി. നിങ്ങള്‍ മുറിക്കു ചുറ്റും ക്ലിക്ക് ചെയ്യുന്നു. കാന്‍സര്‍ കൊണ്ടു മരിക്കുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനുള്ള എന്തെങ്കിലും വസ്തുവിനായി. നിങ്ങള്‍ അവനെ താരാട്ടുന്നു, ജ്യൂസ് നല്‍കുന്നു. ‘ ശ് ശ് ജോയല്‍’ നിങ്ങള്‍ പറയുന്നു. ‘ശ് ശ്’ ഒന്നിനും കുഞ്ഞിന്റെ കരച്ചില്‍ മാറ്റാനാകുന്നില്ല.

പരാജിതനായി നിങ്ങള്‍ കസേരയിലേക്കു വീഴുന്നു. പ്രാര്‍ത്ഥിക്കുന്നു.

‘ദൈവമേ, അവനെ എനിക്കു വേണം, ഇവിടെ. ദയവായി.’

കരച്ചില്‍ അവസാനിക്കുന്നു. ജോയല്‍ ഉറങ്ങുന്നു. ഇപ്പോഴത്തേക്ക്. സ്‌ക്രീന്‍ കറുപ്പിലേക്കു മടങ്ങുന്നു.

റയാന്‍ ഗ്രീന്‍ തയാറാക്കിയ പുതിയ വിഡിയോ ഗെയിമിലെ ഒരു രംഗമാണിത്. ചൊവ്വാഴ്ച പുറത്തിറക്കിയ ഈ ഗെയിം – ദാറ്റ് ഡ്രാഗണ്‍, ക്യാന്‍സര്‍ – മകനെ മാരകരോഗത്തിനു വിട്ടുകൊടുക്കേണ്ടിവരുന്ന കുടുംബത്തിന്റെ അനുഭവങ്ങളുടെ ചിത്രീകരണമാണ്.

ഗ്രീന്റെ സ്വന്തം ജീവിതത്തില്‍നിന്നുള്ള ഒരു രംഗംകൂടിയാണത്. നാലുവര്‍ഷം മുന്‍പ് ഈ വിഡിയോ ഗെയിമിലേക്കുള്ള പ്രേരണയായത് സ്വന്തം അനുഭവമാണ്. ശത്രുക്കളെയും അപകടങ്ങളെയും കീഴടക്കുന്ന ക്ലാസിക് വിഡിയോ ഗെയിമുമായുള്ള സാമ്യമല്ല, സാമ്യമില്ലായ്മയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.

‘ജോയലിന്റെ രോഗനിര്‍ണയം ആദ്യം ഒരു സാഹസികത പോലെയായിരുന്നു. കരുതലുള്ള ഈ പിതാവ് ഞാനാകാം. രോഗത്തെ പൊരുതിത്തോല്‍പ്പിക്കാന്‍ സഹായിക്കുന്ന നായകന്‍’. ഗെയിം പുറത്തിറക്കുന്നതിനു മണിക്കൂറുകള്‍ മുന്‍പ് ഗ്രീന്‍ പറഞ്ഞു. ‘ പക്ഷേ നാം നിസഹായരാകുന്ന ചില ഘട്ടങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്. ഉത്തരമറിയാത്ത ആ സമയത്താണ് നമുക്ക് സഹായം ലഭിക്കുക’.

ആശുപത്രിയിലെ ആ രംഗത്തിലാണ് ക്രിസ്തുമത വിശ്വാസിയായ ഗ്രീനിന് ആദ്യമായി പ്രാര്‍ഥനയ്ക്ക് നേരിട്ട് ഉത്തരം ലഭിച്ചത്. ‘ദൈവകൃപയുടെ നിമിഷമായിരുന്നു അത്’, ഗ്രീന്‍ പറഞ്ഞു. ‘ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.’

2010ല്‍ ഒന്നാംപിറന്നാള്‍ പിന്നിട്ട് അധികമാകും മുന്‍പാണ് ജോയല്‍ ഗ്രീന്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതനാണെന്നറിയുന്നത്. 2014 മാര്‍ച്ച് 13ന് അഞ്ചാംവയസില്‍ ജോയല്‍ മരിച്ചു.

ഇതിനിടയ്ക്കുള്ള നാലുവര്‍ഷം ജോയലിന്റെ മാതാപിതാക്കളായ എമിക്കും റയാനും പരീക്ഷണകാലമായിരുന്നു. ഈ വര്‍ഷങ്ങളെ വിഡിയോ ഗെയിമാക്കി മാറ്റുന്നതിലൂടെ മകന്റെ സ്മരണ നിലനിര്‍ത്തുക മാത്രമല്ല അഗാധ വേദന നിറഞ്ഞ നിമിഷങ്ങളും ആ കുഞ്ഞുജീവിതത്തിലെ ചെറിയ അതിശയങ്ങളും പങ്കുവയ്ക്കുകയുമാണ് ഗ്രീന്‍.

ജോയലിനെ ആദരിക്കാനുള്ള ഒരു മാര്‍ഗം. സ്വയം കാണാന്‍ അവസരം കിട്ടാത്ത ലോകത്ത് ജോയലിന്റെ സാന്നിദ്ധ്യം നിലനിര്‍ത്താനുള്ള ശ്രമം. ക്യാന്‍സറുണ്ടാക്കുന്ന അലങ്കോലങ്ങളുടെ വിവരണമാണത്. ഡ്രാഗണിനെ കൊല്ലാനുള്ള പരാജയപ്പെട്ട ശ്രമത്തെ ദൈവകൃപയെപ്പറ്റിയുള്ള സന്ദേശമാക്കി മാറ്റാനുള്ള ശ്രമം.

അഞ്ചുമുതല്‍ 10 വരെ മിനിറ്റ് ദൈര്‍ഘ്യമുള്ള 14 എപ്പിസോഡുകളിലായി കളിക്കാര്‍ക്ക് ജോയലിനെ പരിചയപ്പെടുത്തുകയും ക്യാന്‍സര്‍ബാധിതനായ അവന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ കൊണ്ടുപോകുകയും ചെയ്യുന്നു. ഹോം വിഡിയോകളില്‍നിന്നും സ്റ്റുഡിയോയില്‍ ടേപ് ചെയ്തവയില്‍നിന്നുമാണ് കഥാപാത്രങ്ങളുടെ ശബ്ദം വരുന്നത്. കുഞ്ഞ് ജോയലിന്റെ ചിരി യഥാര്‍ത്ഥ ജോയലിന്റെ ചിരി തന്നെയാണ്.

പ്ലേഗ്രൗണ്ടിലെ സ്ലൈഡില്‍ കളിക്കാരന്‍ താഴേക്ക് തള്ളുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന ജോയലാണ് ഒരു എപ്പിസോഡില്‍. മറ്റൊന്നില്‍ മകന്റെ എംആര്‍ ഐ റിപ്പോര്‍ട്ട് കാണുന്ന എമിയും റയാനുമാണ്. രോഗനിര്‍ണയം ശുഭകരമല്ലെന്ന് അവര്‍ അറിയുന്നു.

ഇടയ്ക്കിടയ്ക്ക് കളിക്കാരനു ചെയ്യാന്‍ ചിലതുണ്ട് ഗെയിമില്‍. ഒരു ഗോ കാര്‍ട്ട് ആശുപത്രി ഇടനാഴിയിലൂടെ കൊണ്ടുപോകുക, ഊതിവീര്‍പ്പിച്ച സര്‍ജിക്കല്‍ ഗ്ലോവുകളില്‍നിന്നുണ്ടാക്കിയ ബലൂണുകളില്‍ തൂങ്ങിയാടുന്ന കുഞ്ഞു ജോയലിനെ ഇടയ്ക്കിടെ മുള്ളുപോലെ നില്‍ക്കുന്ന ക്യാന്‍സര്‍ മുകുളങ്ങളില്‍നിന്നു രക്ഷിക്കുക എന്നിങ്ങനെ.

പരമ്പരാഗത വിഡിയോ ഗെയിമുമായി ‘ദാറ്റ് ഡ്രാഗണ്’ ഏറെ സാമ്യമുള്ളത് റയാനും എമിയും അവരുടെ മറ്റുമക്കളോട് ജോയലിന്റെ രോഗത്തെപ്പറ്റി വിവരിക്കുന്ന ഭാഗത്താണ്. ‘ ജോയല്‍ ദ് ബേബി നൈറ്റ്’ എന്നാണ് ഇതിനു പേര്. ആരോ കീകള്‍ ഉപയോഗിച്ച് ക്യാന്‍സറെന്ന ഡ്രാഗണെ കൊല്ലാനുള്ള യാത്രയില്‍ തീഗോളങ്ങളെ ഒഴിവാക്കാനും ദുഷ്ടജീവികളെ കൊല്ലാനും ഇതില്‍ അവസരമുണ്ട്.

എങ്കിലും മിക്കസമയവും കാഴ്ചക്കാരാകാനും തീവ്രവികാരങ്ങള്‍ അനുഭവിക്കാനുമാണ് ഈ ഗെയിമിലൂടെ കഴിയുക. സ്വന്തം കുഞ്ഞിന്റെ മരണം നേരിടേണ്ടിവരുന്ന കുടുംബം ഒരു നിമിഷത്തെ ദൈവകൃപയ്ക്കായി കാത്തിരിക്കുന്നത് ഇതില്‍ കാണാം.

ജോയലിന്റെ മരണത്തിന് ഒന്നരവര്‍ഷം മുന്‍പാണ് ഗ്രീനും ജോഷ് ലാര്‍സനും ഈ ഗെയിം നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടവരാണ് ഇരുവരും. പരമ്പരാഗതമായ ‘അപകടം നേരിട്ട് നേട്ടമുണ്ടാക്കുന്ന’ തരം ഗെയിമുകളെക്കാള്‍ സഹാനുഭൂതി വളര്‍ത്തുന്ന ആത്മീയത ഉണര്‍ത്തുന്ന ഗെയിമുകളിലുള്ള താല്‍പര്യമാണ് ഇരുവരെയും അടുപ്പിച്ചത്. ഇരുവരും ചേര്‍ന്ന് ചില ചെറിയ പ്രോജക്ടുകള്‍ ചെയ്തു. ഒരു വലിയ പ്രോജക്ടിനായി കാത്തിരിക്കുകയായിരുന്നു അവര്‍.

നവംബര്‍ 2012ല്‍ ഗ്രീന്‍ ലാര്‍സനോട് ചോദിച്ചു: എന്തുകൊണ്ട് നമുക്ക് ജോയലിനെപ്പറ്റി ചെയ്തുകൂടാ.

ആശുപത്രിയില്‍ നിലവിളിക്കുന്ന ജോയലിനെ സമാധാനിപ്പിക്കാനാകാതെ കുഴങ്ങുന്ന റയാന്റെ രംഗത്തിലായിരുന്നു തുടക്കം. പല വിഡിയോ ഗെയിം കോണ്‍ഫറന്‍സുകളിലും ഈ രംഗം അവര്‍ കാണിച്ചു. പണം മുടക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

പ്രതികരണം വേഗത്തിലും വന്‍തോതിലുമായിരുന്നു. ‘ഇത് നാമെല്ലാവരും നേരിടേണ്ട നിമിഷമാണ്. ഒരുപക്ഷേ നേരിട്ടുകഴിഞ്ഞിട്ടുമുണ്ടാകാം,’ 2013ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഗെയിം ഡെമോ കണ്ടശേഷം ഗെയിം റൈറ്റര്‍ ജെന്‍ ഫ്രാങ്ക് എഴുതി. ‘ ഇത് ഭീതിദമാകേണ്ടതാണ്. പക്ഷേ, ‘ദാറ്റ് ഡ്രാഗണ്‍, ക്യാന്‍സര്‍’ ആകാവുന്നിടത്തോളം കാലം പ്രതീക്ഷയും സന്തോഷവും നിലനിര്‍ത്തേണ്ടതിനെപ്പറ്റിയാണ്.’

ലാര്‍സനും ഗ്രീനും ധനസഹായത്തിനു ബുദ്ധിമുട്ടേണ്ടിവന്നില്ല. അവരുടെ ഗെയിം ഗെയിമിങ്ങിന്റെ ലോകത്ത് വിശിഷ്ടാതിഥിയായി മാറി. ‘താങ്ക് യു ഫോര്‍ ഗെയിമിങ്’ എന്ന വാര്‍ത്താചിത്രം ഇതേപ്പറ്റിയാണ്. ഗെയിമിങ് സൈറ്റുകളിലും ന്യൂയോര്‍ക്ക് ടൈംസിലും ഇത് പരാമര്‍ശങ്ങള്‍ നേടി.

ഇതെല്ലാം നടക്കുമ്പോഴും ജോയലിന് അസുഖത്തില്‍നിന്നു വിമുക്തി നേടാനായില്ല. 15 ട്യൂമറുകളും ഒന്‍പതു റൗണ്ട് റേഡിയേഷനുകളും നല്‍കിയ വേദനയ്‌ക്കൊടുവില്‍ അവന്‍ മരണത്തിനു കീഴടങ്ങി.

ജോയലിന്റെ മരണശേഷം ഗെയിം പ്രോജക്ട് തുടരുക അസാധ്യമായിരുന്നു. അവര്‍ ഗെയിമിന്റെ ഫോക്കസ് മാറ്റി. കളിയുടെ വിവിധ ലവലുകള്‍ എന്നതില്‍നിന്ന് ജോയലിലേക്ക് ഗെയിമിന്റെ ശ്രദ്ധാകേന്ദ്രത്തെ മാറ്റി. അവനോടൊപ്പം സമയം ചെലവിടുക, അവന്റെ ചിരി കാണുക, അവന്‍ സ്‌നേഹിച്ചതിനെയൊക്കെ സ്‌നേഹിക്കുക.

ജോയലിനോടൊപ്പം വീണ്ടും സമയം ചെലവഴിക്കാനുള്ള അതിയായ ആഗ്രമായിരുന്നു ഇതിനെല്ലാം കാരണമെന്ന് ഗ്രീന്‍ പറയുന്നു. ജോയലിന്റെ മരണത്തിനുശേഷമുള്ള മാസങ്ങളില്‍ ഗ്രീനിന് ദുഃഖത്തിനിടയിലും ജീവിതലക്ഷ്യവും തുടര്‍ച്ചയും നല്‍കാന്‍ ഗെയിമിനായി. ജോയലിന്റെ മരണത്തിനു ശേഷം ഗ്രീനിന്റെ ജീവിതത്തില്‍ മാറ്റം വരാത്ത ഏക കാര്യമായി ഗെയിം.

ഇപ്പോള്‍ അതും അവസാനിച്ചിരിക്കുന്നു. ജീവിച്ചിരുന്നെങ്കില്‍ ജോയല്‍ ഏഴാം വയസിലെത്തുമായിരുന്ന ദിവസം ഗ്രീന്‍ ഗെയിം പുറത്തിറക്കിയും പിറന്നാള്‍ പാര്‍ട്ടി സംഘടിപ്പിച്ചും ആഘോഷിക്കുകയാണ്. ആരാധകരോടും സുഹൃത്തുക്കളോടും ഗെയിമിനെപ്പറ്റിയുള്ള അഭിപ്രായം ആരായുന്ന ഇവര്‍ അവരുടെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ചൊവ്വാഴ്ച രാത്രി പാന്‍കേക്ക് കഴിക്കാനും അഭ്യര്‍ത്ഥിക്കുന്നുണ്ട്. ജോയലിന്റെ പ്രിയഭക്ഷണമായിരുന്നു പാന്‍കേക്ക്.

ഗെയിം തയ്യാറാക്കാന്‍ വേണ്ടി കഴിഞ്ഞ മാസങ്ങളില്‍ ആഴ്ചയില്‍ 80 മുതല്‍ 90 വരെ മണിക്കൂറുകള്‍ ജോലി ചെയ്തിരുന്ന ഗ്രീനിന് മകന്റെ ജീവിതത്തിന്റെ അവസാന ഭാഗമായ ഗെയിമിനുശേഷം എന്ത് എന്ന് ചിന്തിക്കാനായിട്ടില്ല. ചിന്തിക്കുമ്പോള്‍ ഭയം തോന്നുന്നുവെന്ന് ഗ്രീന്‍ സമ്മതിക്കുന്നു. ഗെയിം പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും ജോയലിനെ നഷ്ടപ്പെടുന്നു എന്ന ഭയം.

‘ ജോയലിന്റെ ദുഃഖത്തില്‍ ഞാന്‍ വളരെയധികം സമയം ചെലവിട്ടുകഴിഞ്ഞു. അവനെക്കുറിച്ചുള്ള ഓര്‍മകളില്‍, അവനെ ആദരിച്ചുകൊണ്ട്, അവനുവേണ്ടി കാര്യങ്ങള്‍ ചെയ്തുകൊണ്ട്. തീവ്രമായ ദുഃഖം എന്നെ ഒരിക്കലും വിട്ടുപിരിഞ്ഞിട്ടില്ല’.

ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് ഗ്രീന്‍ പറയുന്നു: ” മതിയാക്കാന്‍ ഞാന്‍ തയാറാണ്. പക്ഷേ മറ്റൊരു രീതിയില്‍ ദുഃഖം വീണ്ടും തുടങ്ങുമെന്നു ഞാന്‍ ഭയക്കുന്നു.’

ഇങ്ങനെയാണെങ്കിലും തന്റെ അദ്ധ്വാനഫലം ആളുകള്‍ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാന്‍ ഗ്രീനിനു താല്‍പര്യമുണ്ട്. ഗെയിം കളിച്ചവരെ അത് ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചോ എന്ന ആകാംക്ഷയും. ഇപ്പോള്‍ത്തന്നെ ജോയലിന്റെ കഥ അറിഞ്ഞ നൂറുകണക്കിന് ആളുകളുടെ സന്ദേശങ്ങള്‍ വന്നുകഴിഞ്ഞു.

‘ദാറ്റ് ഡ്രാഗണ്‍, ക്യാന്‍സര്‍’ വികസിപ്പിച്ചെടുക്കാന്‍ സഹായിച്ച റേസര്‍ ഇന്‍കോര്‍പറേറ്റ് ഇതില്‍നിന്നുള്ള ലാഭത്തിന്റെ നല്ലൊരു ശതമാനം മോര്‍ഗന്‍ ആഡംസ് ഫൗണ്ടേഷനും ഫാമിലി ഹൗസ് എസ്എഫിനും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സംഘടനകളാണ് ജോയലിന്റെ ചികില്‍സയ്ക്ക് ഗ്രീനെയും എമിയെയും സഹായിച്ചത്. കമ്പനിയിലെ 600 ജീവനക്കാര്‍ക്കും വേണ്ടി പാന്‍കേക്ക് ബ്രേക്ക്ഫാസ്റ്റും കമ്പനി സംഘടിപ്പിച്ചതായി ഗ്രീന്‍ അറിയിച്ചു.

ഗെയിമില്‍ നിന്ന് ആളുകള്‍ എന്തു നേടണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഗ്രീനിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘ഗെയിം ആളുകളെ മാറ്റത്തിനു വിധേയരാക്കുമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ക്കു കടന്നുപോകേണ്ടിവന്നതെല്ലാം അറിയാനുള്ള ക്ഷണമാണ് ഈ ഗെയിം. ഞങ്ങളുടെ വേദന മാത്രമല്ല സന്തോഷങ്ങളും പങ്കുവയ്ക്കാനുള്ള ക്ഷണം. അത് മറ്റുള്ളവരോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം വരുത്തുമെന്നു ഞാന്‍ കരുതുന്നു. ഹൃദയത്തില്‍നിന്നു തുടങ്ങിയാല്‍ ജോയലിന്റെ കഥയ്ക്ക് തിരമാല പോലെ ഫലമുണ്ടാക്കാനാകും.’

പറഞ്ഞുനിര്‍ത്തി ഗ്രീന്‍ ചിരിച്ചു, ‘മക്കള്‍ ലോകത്ത് മാറ്റമുണ്ടാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്റെ പ്രതീക്ഷകള്‍ വളരെ ഉയരത്തിലാണ്; മറ്റേതൊരു പിതാവിന്റേതും പോലെ.’


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍