UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാത്തിമ സോഫിയ വധം: ഒടുവില്‍ വൈദികര്‍ കീഴടങ്ങി

Avatar

അഴിമുഖം പ്രതിനിധി

കോയമ്പത്തൂര്‍ സ്വദേശി ഫാത്തിമ സോഫിയ കൊല്ലപ്പെട്ട കേസില്‍ നാലു വൈദികര്‍ ഇന്നു പൊലീസില്‍ കീഴടങ്ങി. കൊലപാതക വിവരം മറച്ചുവച്ചു പ്രതിയെ രക്ഷപെടാന്‍ സഹായിച്ചതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇന്ന് ഉച്ചയോടെ പാലക്കാട് ഡിവൈഎസ്പി ഓഫിസില്‍ എത്തിയാണ് വൈദികര്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിസ്ഥാനത്തുള്ള കോയമ്പത്തൂര്‍ ബിഷപ്പ് ഇന്നും പൊലീസില്‍ കീഴടങ്ങിയിട്ടില്ല. ബിഷപ്പ് ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ സോഫിയ (17) 2013 ജൂലൈ 23 നാണ് പാലക്കാട് ചന്ദ്രാപുരത്തുള്ള സ്റ്റെന്‍സിലാസ് ചര്‍ച്ച് ബംഗ്ലാവില്‍വച്ച് കൊലപ്പെട്ടത്. സോഫിയായുടെ കുടുംബവുമായി പരിചയമുണ്ടായിരുന്ന ഫാദര്‍ ആരോഗ്യരാജ് എന്ന വൈദികന്‍ വീട്ടില്‍ ആരുമില്ലായിരുന്ന നേരത്ത് പെണ്‍കുട്ടിയെ ചന്ദ്രാപുരത്തുള്ള പള്ളി ബംഗ്ലാവിലേക്ക് കൂട്ടി കൊണ്ടുപോവുകയും അവിടെ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതു ചെറുത്ത പെണ്‍കുട്ടിയെ ആരോഗ്യരാജ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. പൊലീസ് ആദ്യം ഈ കേസ് ആത്മഹത്യയായി കണ്ട് അവസാനിപ്പിച്ചതാണെങ്കിലും സോഫിയയുടെ അമ്മ ശാന്തി റോസ്ലിന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ തന്റെ മകളുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും തെളിയിക്കാന്‍ കഴിഞ്ഞു. സോഫിയയുടെ ഘാതകന്‍ ഫാദര്‍ ആരോഗ്യരാജിനെ 2015 ഡിസംബറില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

ഒരമ്മാവിന്‍ പോരാട്ട കഥൈ

ആരോഗ്യരാജ് നടത്തിയ കൊലപാതകത്തെ കുറിച്ചു കോയമ്പത്തൂര്‍ ബിഷപ്പ് ഡോ. തോമസ് അക്യുനസ്, സ്‌റ്റെന്‍സിലാസ് ചര്‍ച്ചിലെ വികാരി ഫാദര്‍ മതലൈമുത്തു, കോയമ്പത്തൂര്‍ കോട്ടൂര്‍ ക്രൈസ്റ്റ് കിംഗ് ചര്‍ച്ചിലെ ഫാദര്‍ കുളന്തരാജ്, കോയമ്പത്തൂര്‍ ബിഷപ്പ് ഹൗസിലെ ഫാദര്‍ മേല്‍ക്യൂര്‍ എന്നിവര്‍ക്ക് അറിവുണ്ടായിട്ടും ഇതു നിയമത്തിനു മുന്നില്‍ നിന്നും മറച്ചുവയ്ക്കുകയും ആരോഗ്യരാജിനെ സഭനിയമപ്രകാരമുള്ള ശിക്ഷാനടപടിക്കു മാത്രം വിധേയനാക്കുകയുമായിരുന്നു ഇവര്‍ ചെയതത്. പിന്നീട് ശാന്തി നടത്തിയ അന്വേഷണത്തില്‍ ആരോഗ്യരാജ് കുറ്റസമ്മതം നടത്തുകയും വികാരിമാരില്‍ ചിലര്‍ തങ്ങള്‍ക്ക് അറിവുള്ള സത്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഈ സംഭാഷണങ്ങള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത ശാന്തി പൊലീസില്‍ തെളിവായി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നുആരോഗ്യരാജിനെ അറസ്റ്റ് ചെയ്യുകയും ബിഷപ്പ് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഇതോടെ സഭയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നു കാണിച്ച് ശാന്തി റോസ്ലിനെ സഭയില്‍ നിന്നും പുറത്താക്കുകയുണ്ടായി. എന്നാല്‍ തന്റെ മകളുടെ കൊലപാതകത്തില്‍ പങ്കുള്ളവരെ കൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ പിന്മാറില്ലെന്ന നിലപാടിലായിരുന്നു ശാന്തി. തങ്ങളും അറസ്റ്റ് ചെയ്യപ്പെടുമെന്ന ഘട്ടം എത്തിയപ്പോള്‍ ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കേരള ഹൈക്കോടതി ഇവര്‍ക്കു ജാമ്യം നിഷേധിക്കുകയും ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കേസ് നടക്കുന്ന പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കി.

എന്നാല്‍ പാലക്കാട് കോടതിയില്‍ എത്തിയാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരുന്നതാണെങ്കിലും ഓരോരോ കാരണങ്ങള്‍ നിരത്തി വൈദികര്‍ ആരും തന്നെ കോടതിയില്‍ എത്താറില്ലായിരുന്നു.

ഒടുവില്‍ കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന പാലക്കാട് ഡിവൈഎസ്പി എം. സുള്‍ഫിക്കര്‍ കോയമ്പത്തൂര്‍ എത്തി ഇവരെ അറസ്റ്റ് ചെയ്യുമെന്ന് ശാന്തിക്ക് വാക്ക് നല്‍കി. എന്നാല്‍ ഓരോരോ കാരണങ്ങളാല്‍ അറസ്റ്റ് വൈകി. ഒടുവില്‍ പ്രസ്തുത ഡിവൈഎസ്പിക്ക് സ്ഥലമാറ്റം ഉണ്ടാവുകയും ചെയ്തു. താന്‍ മാറി പോകുന്നതിനു മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യുമെന്നു സുള്‍ഫിക്കര്‍ ശാന്തിക്കു വാഗ്ദാനം നല്‍കിയെങ്കിലും അതും നടക്കില്ലെന്നു കണ്ടതോടെ ശാന്തി കോയമ്പത്തൂരില്‍ നിന്നും കഴിഞ്ഞ ആഴ്ച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ട് തന്റെ പരാതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട വിവരവങ്ങള്‍ തന്നെ ഒരു മണിക്കൂറിനുള്ളില്‍ അറിയിക്കണമെന്ന് തൃശൂര്‍ റേഞ്ച് ഐ ജിക്ക് നിര്‍ദേശം നല്‍കിയ ഡിജിപി ഈ കേസില്‍ പ്രത്യേക താത്പര്യം എടുക്കുകയും നെയ്യാറ്റിന്‍കരയിലേക്ക് സ്ഥാലം മാറ്റം കിട്ടിയ എം സുള്‍ഫിക്കറോട് തന്നെ പ്രതികളായ വൈദികരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഡിജിപി നേരിട്ട് ഇടപെട്ടതോടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച പൊലീസിനു മുന്നില്‍ കീഴടങ്ങാതെ ഗത്യന്തരമില്ലെന്നു കണ്ടതോടെയാണ് വൈദികര്‍ നാലുപേര്‍ ഇന്ന് പാലക്കാട് ഡിവൈഎസ്പി ഓഫിസില്‍ എത്തി അറസ്റ്റിന് വഴങ്ങിയത്. ഈ മാസം 17ന് കേസുമായി ബന്ധപ്പെട്ട കുറ്റപത്രം പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍