UPDATES

ട്രെന്‍ഡിങ്ങ്

എന്റെ മകളെ കൊന്നു, എന്നെ മതത്തില്‍ നിന്ന് വിലക്കി, എനിക്കെതിരെ അപവാദം പ്രചരിപ്പിച്ചു; എന്നിട്ടും ആ പുരോഹിതര്‍ ഇപ്പോഴും സ്വതന്ത്രരാണ്

ഒരമ്മാവിന്‍ പോരാട്ട കഥൈ അവസാനിക്കുന്നില്ല

വൈകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യമാണ്. ഒരമ്മാവിന്‍ പോരാട്ട കഥൈ എന്ന പേരില്‍ അഴിമുഖം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത കോയമ്പത്തൂര്‍ സ്വദേശി ശാന്തി റോസിലിന്‍ എന്ന അമ്മ, സ്വന്തം മകളുടെ ഘാതകനായ വൈദികനും അയാള്‍ക്കു കൂട്ടു നിന്ന ബിഷപ്പ് അടക്കമുള്ള പുരോഹിതന്മാര്‍ക്കും എതിരെ നടത്തിയ നിയമപോരാട്ടത്തെ കുറിച്ചായിരുന്നു. പിന്നീട് മറ്റു മാധ്യമങ്ങളിലും ഈ വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.

പാലക്കാട് വാളയാറിലെ ചന്ദ്രാപുരത്തുള്ള സ്‌റ്റൈന്‍സിലാസ് ചര്‍ച്ച് ബംഗ്ലാവില്‍വച്ച് ഡിഗ്രി വിദ്യാര്‍ത്ഥിയായ ഫാത്തിയ സോഫിയ എന്ന പതിനേഴുകാരി കൊലചെയ്യപ്പെട്ടപ്പോള്‍ ലോക്കല്‍ പോലീസ് ആ കേസ് ആത്മഹത്യയാക്കി ചിത്രീകരിച്ച് എല്ലാം അടച്ചുപൂട്ടി. എന്നാല്‍ ഏകമകളുടെ മരണം ആത്മഹത്യയല്ലെന്നും അവള്‍ ആരോഗ്യരാജ് എന്ന പുരോഹിതനാല്‍ കൊല ചെയ്യപ്പെട്ടതാണെന്നും മനസിലാക്കി ഫാത്തിമ സോഫിയയുടെ മാതാവ് ശാന്തി നടത്തിയ പോരാട്ടത്തില്‍ പ്രതിയെ കുറ്റക്കാരനായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായി.

കുറ്റം ചെയ്തവര്‍ക്കൊപ്പം തന്നെ ശിക്ഷയര്‍ഹിക്കുന്നവരാണ് അറിഞ്ഞ കുറ്റം മറച്ചുവയ്ക്കാനും പ്രതിയെ നിയമത്തിന്റെ പിടിയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്താനും ശ്രമിച്ച കോയമ്പത്തൂര്‍ ബിഷപ്പ് അടക്കമുള്ളവരും; അവരും നിയമത്തിനു കീഴടങ്ങണമെന്ന ആവശ്യവുമായി വീണ്ടും നിയമസംവിധാനങ്ങള്‍ക്കു മുന്നില്‍ ശാന്തി എത്തി. പ്രതിപട്ടികയില്‍ ഉള്ള കോയമ്പത്തൂര്‍ ബിഷപ്പ് ഡോ. തോമസ് അക്യുനസ്, സ്‌റ്റൈന്‍സിലാസ് ചര്‍ച്ച് വികാരി ഫാദര്‍ മതലൈമുത്തു, കോയമ്പത്തൂര്‍ കോട്ടൂര്‍ ക്രൈസ്റ്റ് കിംഗ് ചര്‍ച്ചിലെ ഫാദര്‍ കുളന്തരാജ്, കോയമ്പത്തൂര്‍ ബിഷപ്പ് ഹൗസിലെ വികാരി ഫാദര്‍ മേല്‍ക്യൂര്‍ എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിക്കാതെ കോടതിയില്‍ കീഴടങ്ങാന്‍ കേരള ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ഓരോരോ കാരണങ്ങള്‍ ഉണ്ടാക്കി ഈ പുരോഹിതന്മാര്‍ നിയമവ്യവസ്ഥയെ കബളിപ്പിച്ചുകൊണ്ടേയിരുന്നു.
ഇതിനൊടുവിലാണ് ശാന്തി കേരള ഡിജിപി ലോക്‌നാഥ് ബഹ്‌റയെ കണ്ടു കേസിന്റെ അവസ്ഥ അറിയിച്ചതും ഡിജിപിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രതികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് ഉണ്ടാവുന്നതും. മറ്റു ഗത്യന്തരമില്ലാതെ ബിഷപ്പ് അടക്കമുള്ളവര്‍ പാലക്കാട് ഡിവൈഎസ്പി ഓഫിസില്‍ കീഴടങ്ങുകയും ചെയ്തു.

ഈ വാര്‍ത്ത (ഫാത്തിമ സോഫിയ വധം: ഒടുവില്‍ വൈദികര്‍ കീഴടങ്ങി) കേട്ട് ആശ്വസിച്ചതും നിയമവ്യവസ്ഥയില്‍ ഒരിക്കല്‍ കൂടി വിശ്വാസം രേഖപ്പെടുത്തിയവരും ഏറെയുണ്ടായിരുന്നു.

പക്ഷേ.. ആ അമ്മയുടെ കണ്ണീരും നീതികിട്ടാത പോകുന്നതിന്റെ വേദനയും ഇപ്പോഴും തീര്‍ന്നിട്ടില്ല എന്നതാണു വാസ്തവം.

ശാന്തി റോസ്ലിന്‍

ലൈംഗികാതിക്രമത്തിനിടയില്‍ ഫാത്തിമ സോഫിയ ഫാദര്‍ ആരോഗ്യരാജിനാല്‍ കൊല ചെയ്യപ്പെടുകയായിരുന്നു. പ്രതി തന്നെ അതു ഏറ്റു പറയുന്നതിന്റെ തെളിവ് ശാന്തിയുടെ പക്കലുണ്ട്. താന്‍ ചെയ്ത കുറ്റം ബിഷപ്പ് അടക്കമുള്ളവരോട് ഏറ്റു പറയുന്നതിന്റെ തെളിവും ആരോഗ്യരാജ് തന്നെ ശാന്തിക്കു നല്‍കിയിതാണ്. എന്നാല്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആരോഗ്യരാജ് ഇപ്പോള്‍ ജാമ്യത്തിലാണ്. ആറരലക്ഷം രൂപ മുടക്കി അയാള്‍ക്കു ജാമ്യം ലഭിച്ചു. കുറ്റം മറച്ചുവെന്ന കേസ് നിലനില്‍ക്കുന്ന ബിഷപ്പ് അടക്കമുള്ള പുരോഹിതരും ഇപ്പോള്‍ സ്വതന്ത്രരായി ളോഹയ്ക്കുള്ളില്‍ തന്നെ ജീവിക്കുന്നു. ആരോഗ്യരാജിനെ സഭ തന്നെ സുരക്ഷിതമായൊരിടത്തു താമസിപ്പിക്കുന്നു. അതായത് ഒരു കൊലപാതകത്തിന്റെ പിന്നിലുള്ളവരെല്ലാം തന്നെ പുറത്തിറങ്ങി നടക്കുന്നു. തനിക്കു നീതി കിട്ടണം എന്നാഗ്രഹിച്ചു നടക്കുന്ന ഒരമ്മ കണ്ണീരും വേദനയുമായി ജീവിക്കുന്നു.

തെളിവില്ലാതാകുന്ന കേസ്
ഫാത്തിമ സോഫിയയുടെ ഘാതകന്‍ ഫാദര്‍ ആരോഗ്യരാജ്, പ്രതി ചെയ്ത കുറ്റം നിയമത്തിനു മുന്നില്‍ നിന്നും മറച്ചുവച്ച ബിഷപ്പ് അടക്കമുള്ള പുരോഹിതരും ഈ കേസില്‍ നിന്നും യാതൊരു ദണ്ഡനകളും ഏല്‍ക്കാതെ രക്ഷപ്പെടുമെന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. കാരണം, കൊലപാതകത്തിനു തെളിവായ വസ്തുക്കളൊന്നും പൊലീസിന്റെ കൈവശം ഇല്ല. എവിടെ പോയി എന്നു ചോദിച്ചാല്‍ ഉത്തരമില്ല. സോഫിയ ചുരിദാറിന്റെ ഷാളില്‍ തൂങ്ങി മരിച്ചു എന്നു പറഞ്ഞായിരുന്നു വാളയാര്‍ പൊലീസ് ആറുമാസത്തിനകം തന്നെ കേസ് അവസാനിപ്പിച്ചത്. പിന്നീട് കേസ് റീ ഓപ്പണ്‍ ചെയ്തുള്ള അന്വേഷണത്തിലാണ് 2015 ഡിസംബറില്‍ ആരോഗ്യരാജിനെ അറസ്റ്റ് ചെയ്തത്. പക്ഷേ ഇപ്പോള്‍ പൊലീസ് പറയുന്നത് ആ ഷാള്‍ അടക്കമുള്ള പല തെളിവുകളും നഷ്ടപ്പെട്ടതായാണ്. ആദ്യം ഈ കേസ് അന്വേഷിച്ച എസ് ഐ യുടെ പിഴവാനെന്നാണ് കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന പാലക്കാട് മുന്‍ ഡിവൈഎസ്പി എം. സുള്‍ഫിക്കര്‍ പറയുന്നത്. കേരള ഹൈക്കോടതയില്‍ ശാന്തി നല്‍കിയ പെറ്റീഷനെ തുടര്‍ന്നു കോടതി ഡിവൈഎസ്പിയോടു തിരക്കിയപ്പോഴാണ് പല തെളിവുകളും നഷ്ടപ്പെട്ടതായി പറയുന്നത്. എന്നാല്‍ ലഭ്യമായിരുന്ന എല്ലാ തെളിലുകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും ഇതുവരെയായിട്ടും പൊലീസ് അവ കോടതിയില്‍ സബ്മിറ്റ് ചെയ്തിട്ടില്ലെന്നു ശാന്തി പറയുന്നു.

പുരോഹിതര്‍ സ്റ്റേഷനില്‍

പൊലീസ് ഒളിച്ചു കളിക്കുകയാണ്. ഞങ്ങളെ ഒരുഭാഗത്ത് പലതും പറഞ്ഞ് ആശ്വസിപ്പിക്കും. പക്ഷേ ബിഷപ്പിനടക്കമുള്ളവര്‍ക്കു സഹായം ചെയ്യുന്ന രീതിയിലാണ് പൊലീസ് ഇടപെടുന്നതെന്ന്  ഈ അമ്മ പറയുന്നു. ചൈല്‍ഡ് അബ്യൂസ്ഡ കേസ് ഫാദര്‍ ആരോഗ്യരാജിനുമേല്‍ ഉണ്ടാകുമെന്നും തെളിവുകള്‍ നഷ്ടപ്പെടുത്തിയതിനു വാളയാര്‍ മുന്‍ എസ് ഐക്കെതിരേ നടപടിയുണ്ടാകുമെന്നുമൊക്കെയാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. അതായത് എന്റെ മോളുടെ കൊലപാതകത്തില്‍ പങ്കുള്ളവരാരും ആ കുറ്റത്തിന് ശിക്ഷിക്കപ്പെടില്ലെന്ന്. എന്റെ മോളെ കൊന്ന ആരോഗ്യരാജിനു പോലും ചൈല്‍ഡ് അബ്യൂസിനു മാത്രമായിരിക്കും ശിക്ഷ കിട്ടുക. ശിക്ഷിക്കപ്പെടുമെന്നും എങ്ങനെ വിശ്വസിക്കും? അതേ സമയം ബിഷപ്പും മറ്റുള്ളവരും ഒരു കുഴപ്പവും കൂടാതെ ഈ കേസില്‍ നിന്നു രക്ഷപ്പെടുകയും ചെയ്യും. കേരള പൊലീസ് ഇങ്ങനെയാണ് ഈ കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ എന്റെ മോളുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്തണം. അതിനുവേണ്ടിയാണ് എന്റെ അടുത്ത പോരാട്ടം; ശാന്തി പറയുന്നു.

പ്രലോഭനവും ഭീഷണിയും
കേസുമായി വീണ്ടും ഞങ്ങള്‍ മുന്നോട്ടു പോവുകയാണെന്ന് അറിഞ്ഞതോടെ ബിഷപ്പ് തോമസ് അക്യുനസിന്റെ അഭിഭാഷകന്‍ ഞങ്ങളുടെ അഭിഭാഷകനെ കണ്ട് കേസില്‍ ബിഷപ്പിനെ മാപ്പു സാക്ഷിയാക്കണമെന്നും സംഭവം നടക്കുമ്പോള്‍ അദ്ദേഹം സ്ഥലത്ത് ഇല്ലായിരുന്നുവെന്നു പറയണമെന്നും ആവശ്യ്നപ്പെട്ടു. എന്നാല്‍ ആ ബിഷപ്പുമായി യാതൊരു ഒത്തു തീര്‍പ്പിനും ഞാന്‍ തയ്യാറായില്ല. എന്റെ മോളെ കൊന്നവരെ ചോദ്യം ചെയ്തതിന്റെ പേരില്‍ എന്നെ മതത്തില്‍ നിന്നും വിലക്കിയവരാണവര്‍. അവരോട് ഞാനെങ്ങനെ ക്ഷമിക്കും?

ഫാ. ആരോഗ്യരാജ്

എന്റെ നിലപാട് അറിഞ്ഞതോടെ മറ്റൊരു പ്രലോഭനവുമായി അവര്‍ എത്തി. എന്നെ മതത്തില്‍ തിരിച്ചെടുക്കാമെന്നായിരുന്നു അത്. രണ്ടു വര്‍ഷമായി എന്നെ വിലക്കിയിട്ട്. എന്റെ മകളുടെ മരണത്തിനു വിലയിട്ട് എനിക്ക് ഒരു മതത്തിലേക്കും തിരിച്ചുപോകണ്ടാ. കര്‍ത്താവ് എനിക്കൊപ്പം ഉണ്ട്. എന്റെ ശരികളും ന്യായവും കര്‍ത്താവിന് അറിയാം. പുരോഹിതന്മാരുടെ വിലപേശലില്‍ ഞാന്‍ വീഴില്ല. ഞാന്‍ മൂലം പുരോഹിതരുടെ മാനം പോയെന്നും മാധ്യമങ്ങളില്‍ വാര്‍ത്തയും പടവും വന്നതുകൊണ്ട് സമൂഹത്തില്‍ അവരുടെ പേരും വിശ്വാസവും തകരുന്നുവെന്നുമൊക്കെയാണു പറയുന്നത്. തെറ്റ് ചെയ്തുകൊണ്ടാണ് അവര്‍ക്ക് ഇങ്ങനെയൊക്കെ നേരിടേണ്ടി വരുന്നത്. അഭ്യര്‍ത്ഥിച്ചിട്ടും പ്രലോഭനം തന്നിട്ടും ഞാന്‍ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ തികച്ചും നീചമായ രീതിയിലുള്ള ആരോപണങ്ങളാണ് അവരെനിക്കെതിരേ ഉയര്‍ത്തുന്നത്. ഫാദര്‍ മതലൈമുത്തു ചാനലുകാരോടു പറഞ്ഞതു ഞാനെന്റെ മകളെ വിറ്റ് പണം ഉണ്ടാക്കുകയായിരുന്നുവെന്നാണ്; ഒരു പുരോഹിതനാണ് അങ്ങനെ പറഞ്ഞത്. എന്റെ മകളെ അവര്‍ കൊന്നു, ഇപ്പോള്‍ വീണ്ടും വീണ്ടും കൊല്ലുന്നു; ഒരമ്മയാണു ഞാന്‍. ഇതൊക്കെ എങ്ങനെ സഹിക്കും. പക്ഷേ അവര്‍ക്കെന്നെ ഒരു തരത്തിലും തളര്‍ത്താന്‍ പറ്റില്ല. തെറ്റു ചെയ്തവര്‍ ആരായാലും അവര്‍ക്കു ശിക്ഷ കിട്ടണം.

അമ്പതിനായിരം രൂപ കൊടുത്താല്‍ സഭയില്‍ തിരിച്ചെടുക്കാനുള്ള കേസ് വാദിച്ചു ജയിപ്പിച്ചു തരാമെന്നു വക്കീല്‍ പറയുന്നു. കേസിന്റെ ഓരോ കാര്യത്തിനായും കേരളത്തിലേക്കുള്ള വരവുപോക്കിനായും മറ്റും നിറയെ പണം എനിക്കിപ്പോള്‍ തന്നെ ചെലവായി. അതെത്ര കഷ്ടപ്പെട്ടാണെങ്കിലും ഞാനുണ്ടാക്കും. പക്ഷേ അമ്പതിനായിരം രൂപ മുടക്കി എനിക്കു സഭാ വിലക്കു മാറാനുള്ള കേസ് നടത്തണ്ട. സത്യം എന്നായാലും ജയിക്കും. കര്‍ത്താവില്‍ വിശ്വസിക്കുന്നു ഞാന്‍. ആ കര്‍ത്താവ് തന്നെ എനിക്ക് അതിനുള്ള വഴി കാണിച്ചു തരും. അവരിപ്പോള്‍ പറയുന്നു എന്നെ വിലക്കിയിട്ടില്ലെന്ന്. വിലക്കി കൊണ്ടുള്ള ഉത്തരവ് എന്റെ കൈവശം ഉണ്ട്.

ഓരോ തവണയും ഇങ്ങനെയാണു സത്യം വഴിമാറ്റി അവര്‍ പറയുന്നത്. എന്നിട്ടും എപ്പോഴും അവര്‍ തന്നെ ജയിക്കുന്നു. എന്റെ വീടിനു നേരെ ആക്രമണം നടത്തിയവരും എന്നെ പച്ചയ്ക്കു കത്തിക്കുമെന്നു പറഞ്ഞവരും കോടതിയില്‍ പിഴയടച്ച് കേസില്‍ നിന്നും മോചിതരായി. ഇതുപോലെ തന്നെയാകുമോ എന്റെ മോളെ കൊന്നവരും. അവരും നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടുപോരുമോ? അങ്ങനെ വരരുത്. പുരോഹിതന്റെ പ്രവര്‍ത്തി മറന്നു കൊലപാതികയും അതിനു കൂട്ടുനിന്നവരുമാണ് ശിക്ഷപ്പെടേണ്ടത്. അവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ ഈ അമ്മാവിന്‍ പോരാട്ടം തുടരും; ശാന്തി പറയുന്നു.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍