അഴിമുഖം പ്രതിനിധി
കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നും 16 പേര്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാന്‍ രാജ്യംവിട്ടതായുള്ള വാര്‍ത്തകള്‍ പലവഴിയില്‍ ഉരുത്തിരിയുമ്പോള്‍ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി ബിന്ദു എന്ന വീട്ടമ്മയുടെ കണ്ണീര്‍ തോരുന്നില്ല. കാണാതായവരില്‍ ഉള്‍പ്പെടുന്ന ഇസാ-ഫാത്തിമ ദമ്പതിമാരില്‍ ഫാത്തിമ ബിന്ദുവിന്റെ മകള്‍ നിമിഷയാണ്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും മതം മാറുകയും ചെയ്ത മകള്‍ ഇപ്പോള്‍ രാജ്യദ്രോഹിയെന്ന അപമാനവും പേറുമ്പോള്‍ ഈ അമ്മ തന്റെ ദുഃഖത്തോടൊപ്പം ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ അലംഭവാത്തെ ചൂണ്ടിക്കാട്ടി രോഷാകുലയുമാകുന്നു.
ഒരുമാസം മുമ്പ് മകളെ കാണാനില്ലെന്നും തനിക്ക് ഉള്ള സംശയങ്ങളും ഉള്‍പ്പെടുത്തി അന്നത്തെ ഡിജിപി ടി പി സെന്‍കുമാറിനും എഡിജിപി ബി സന്ധ്യക്കും പരാതി നല്‍കിയിട്ടും ആ പരാതിയോ തന്റെ ദുഖമോ ഗൗരവത്തോടെ കാണാന്‍ കൂട്ടാക്കാത്ത പൊലീസ് ഉദ്യോഗസ്ഥരാണ് ഇന്നത്തെ തന്റെ അവസ്ഥയുടെ കാരണക്കാരെന്നു ബിന്ദു കുറ്റപ്പെടുത്തുന്നു.
കാസര്‍ഗോഡ് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിമിഷ അവിടെവച്ചാണ് ഇസയെ പരിചയപ്പെടുന്നത്. ആദ്യം ഇയാള്‍ ക്രിസ്റ്റിന്‍ എന്നായിരുന്നു നിമിഷയെ പരിചയപ്പെടുത്തിയിരുന്നത്. മകളെ കാണാതായതിനെ തുടര്‍ന്ന് ആദ്യം അവിടെയുള്ള പൊലീസില്‍ പരാതി നല്‍കി. ആ അന്വേഷണത്തിലാണ് മകള്‍ നാലുദിവസത്തെ പരിചയം മാത്രമുള്ള ഒരു യുവാവിനെ വിവാഹം കഴിച്ചെന്ന് അറിയുന്നത്. ഇസ്ലാം മതത്തിലേക്ക് അവള്‍ മാറിയെന്നും ഫാത്തിമ എന്ന പേര് സ്വീകരിച്ചതായും അറിഞ്ഞു. പൊലീസ് ഇരുവരെയും മജിസ്‌ട്രേറ്റ്‌കോടതിയില്‍ ഹാജരാക്കിയെങ്കിലും പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ള വിവാഹം കഴിക്കാനും മതം സ്വീകരിക്കാനും അവകാശമുണ്ടെന്നു പറഞ്ഞു കോടതി അവര്‍ക്കിരുവര്‍ക്കും അനുകൂലമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. ഇതിനുശേഷം മൂന്നുമാസത്തേക്ക് തനിക്ക് മകളെ കുറിച്ച് ഒരുവിവരവും ഉണ്ടായിരുന്നില്ലെന്നും ബിന്ദു പറയുന്നു.
ഒരു ദിവസം മകള്‍ തന്നെ വിളിച്ചു. ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണെന്നും പാലക്കാടാണ് അവര്‍ താമസിക്കുന്നതെന്നും പറഞ്ഞു. ഇതേ തുടര്‍ന്ന് അവരുടെ വീട്ടിലെത്തി മകളെ കണ്ടെന്നും ഏതു മതത്തില്‍ ആയാലും തന്റെ മകളെ സ്വീകരിക്കാന്‍ തയ്യാറാണെന്നും അറിയിച്ച. പിന്നീട് അവിടെ നിന്നും മടങ്ങി. തുടര്‍ന്നുള്ളൊരു ദിവസം നിമിഷ വീട്ടിലേക്കു വിളിച്ചു താന്‍ ഗര്‍ഭിണിയാണെന്നും അങ്ങോട്ടേക്കു വരാമെന്നും അറിയിച്ചു. പറഞ്ഞതിന്‍പ്രകാരം വീട്ടിലെത്തിയ നിമിഷ മൂന്നുമണിക്കൂറോളം ചെലവഴിച്ചശേഷം തിരികെ പോയി. ഇതിനു മൂന്നുദിവസം കഴിഞ്ഞ് നിമിഷ തന്നെ വിളിച്ച് ശ്രീലങ്കയില്‍ പോവുകയാണെന്നു പറഞ്ഞു. പ്രാര്‍ത്ഥനയ്ക്കാണെന്നാണ് പറഞ്ഞത്. എന്നാല്‍ ചില സംശയങ്ങള്‍ തോന്നിയതുകൊണ്ട് ആ യാത്ര മുടക്കാന്‍ നോക്കി. എന്നാല്‍ നിമിഷയുടെ ഭര്‍ത്താവ് തന്നെ അനുസരിക്കാന്‍ തയ്യാറായില്ല. ശ്രീലങ്കയിലേക്കു പോകുന്നതിനു മുമ്പായി ഇനി ഫോണ്‍ വിളി സാധ്യമാകുമോയെന്നറിയാന്‍ കഴിയില്ലെന്നു നിമിഷ പറഞ്ഞിരുന്നു. ഇവര്‍ എങ്ങോട്ടാണു പോയതെന്നോ എന്തിനാണു പോകുന്നതെന്നോ ഇസയുടെ വീട്ടുകാര്‍ക്കും കാര്യമായ അറിവില്ലായിരുന്നു.
വിളിയില്ലായിരുന്നെങ്കില്‍ ഇടയ്ക്ക് നിമിഷ മെസേജ് അയക്കുമായിരുന്നു. ശബ്ദം കേള്‍ക്കണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഒരു വോയ്‌സ് മെസേജ് അയച്ചു. ജൂണ്‍ നാലിനായിരുന്നു ആ മെസേജ് വന്നത്. പിന്നീട് ഒരു വിവരവും ഇല്ല. ഇതേ തുടര്‍ന്നാണ് ഉന്നത പൊലീസ് അധികൃതരെ കണ്ടു തന്നെ പരാതി നല്‍കിയത്. എന്നാല്‍ കാര്യമായ അന്വേഷണങ്ങള്‍ നടന്നില്ല. അന്നവര്‍ വേണ്ടരീതിയില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തനിക്കു മകളെ നഷ്ടപ്പെടില്ലായിരുന്നുവെന്നും ബിന്ദു പറയുന്നു.
ഇപ്പോഴവള്‍ രാജ്യദ്രോഹിയാണെന്നും തീവ്രവാദിയാണെന്നും എല്ലാവരും പറയുന്നു. എന്റെ മകള്‍ ഒരിക്കലും രാജ്യദ്രോഹിയാകില്ല. എന്നാല്‍ ഇപ്പോള്‍ കാണാതായിരിക്കുന്ന 16 പേരില്‍ ഒരാള്‍ എന്റെ മകളാണ്. അവള്‍ക്കിങ്ങനെയൊരു അവസ്ഥ വരാന്‍ ഇവിടുത്തെ പൊലീസും കാരണമാണ്. യഥാര്‍ത്ഥത്തില്‍ അവരാണ് രാജ്യദ്രോഹികള്‍, എന്റെ മകളല്ല. കരച്ചിലടക്കി ആ അമ്മ പറയുന്നു.