UPDATES

സിനിമ

സനയും സന്യയും; ഹൃദയം കീഴടക്കിയ രണ്ടു പെണ്‍കുട്ടികള്‍

ദംഗല്‍ പുത്രിമാരെന്ന പേരില്‍ ഫാത്തിമ സനയും സന്യ മല്‍ഹോത്രയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിക്കഴിഞ്ഞു

ദംഗല്‍ ഒരു ആമീര്‍ ഖാന്‍ ചിത്രമായാണ് മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതെങ്കിലും സിനിമ കണ്ടവരൊക്കെ പറയുന്നത് മിസ്റ്റര്‍ പെര്‍ഫക്ഷനെക്കാള്‍ ഇഷ്ടം തോന്നുക ഗീതയേയും ബബിതയേയും അവതരിപ്പിച്ച താരങ്ങളെയാമെന്നാണ്. മഹാവിര്‍ ഫോഗട്ടിന്റെ മക്കളായ ഗീതകുമാരി, ബബിത എന്നിവരുടെ വേഷം അഭിനയിച്ച ഫാത്തിമ സന ഷെയ്ഖ്, സന്യ മല്‍ഹോത്ര എന്നിവര്‍ അസാമന്യ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഗീതയുടെയും ബബിതയുടെയും കുട്ടിക്കാലം അവതരിപ്പിച്ച സൈറ വസീം, സുഹാനി ഭട്‌നാഗര്‍ എന്നിവരും ഒരു തരിപോലും പ്രേക്ഷകനെ നിരാശരാക്കിയില്ല. ദംഗലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ് തന്നെയാണെന്നതിന് തെളിവാണ് ഈ താരങ്ങള്‍.

കശ്മിര്‍ സ്വദേശിയായ സൈറ വാസിം എന്ന പതിനഞ്ചുകാരിയുടെ ആദ്യ സിനിമയാണ് ദംഗല്‍ എങ്കിലും ഗീതയുടെ കുട്ടിക്കാലം ഏറ്റവും വിശ്വസനീയതയോടെ തന്നെ അവതരിപ്പിച്ചു.പ്രത്യേകിച്ച് ഗുസ്തി രംഗങ്ങളൊക്കെ തനിമ ഒട്ടും ചോരാതെ. സൈറയെ ബിഗ് സ്‌ക്രീനില്‍ ആദ്യമായിരിക്കും കാണുന്നതെങ്കിലും കാമറയ്ക്കു മുന്നില്‍ ഈ കൊച്ചുമിടുക്കി എത്തുന്നത് പക്ഷേ ആദ്യമായിട്ടല്ലായിരുന്നു. ടാറ്റ സ്‌കൈ, നോക്കിയ ലൂമിയ എന്നിവയുടെ പരസ്യത്തില്‍ നേരത്തെ സൈറ അഭിനയിച്ചിട്ടുണ്ട്. സുഹാനി ഭട്‌നാഗറും ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും സിനിമയില്‍ ഇതാദ്യമായിരുന്നു. പക്ഷേ അതിന്റെ യാതൊരു പതര്‍ച്ചയും സുഹാനിയുടെ അഭിനയത്തില്‍ കാണാനില്ലായിരുന്നു.

maxresdefault

ദംഗലില്‍ കൂടി ബോളിവുഡിന്റെ പ്രിയതാരങ്ങളായി മാറി കഴിഞ്ഞിരിക്കുകയണു ഗീതയുടെയും ബബിതയുടെയും മുതിര്‍ന്ന കാലം അവതരിപ്പിച്ച ഫാത്തിമ സന ഷെയ്ഖും സന്യ മല്‍ഹോത്രയും. ആദ്യം ഈ വേഷങ്ങളിലേക്ക് എത്തുമെന്നു കേട്ടിരുന്നത് കൊങ്കണ റൗണട്ടും തപ്‌സി പാനുവും ആയിരുന്നു. എന്നാല്‍ നീണ്ട ഓഡീഷനുകള്‍ക്കുശേഷം സനയേയും സന്യയേയും തെരഞ്ഞെടുക്കുകയായിരുന്നു.

സനയെ ദംഗലിനു മുമ്പ് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഓര്‍ക്കുന്നില്ലേ കമല്‍ഹാസന്‍ ചിത്രമായ അവ്വൈ ഷണ്‍മുഖിയുടെ ഹിന്ദി പതിപ്പായ ചാച്ചി 420 ലെ കുട്ടിത്താരത്തെ, കമലിന്റെയും തബുവിന്റെയും മകളായി എത്തുന്ന കൊച്ചുമിടുക്കിയെ. ആ കുട്ടി തന്നെയാണ് ദംഗലിലെ ഗീത. ചാച്ചി 420 കൂടാതെ ബഡേ ദീവാല, ഷാരുഖും ജൂഹി ചൗളയും ഒന്നിച്ച വണ്‍ ടു കാ ഫോര്‍, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത തഹാന്- എ ബോയ് വിത്ത് എ ഗ്രനേഡ്, ബിറ്റു ബോസ്, ആകാശ് വാണി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എന്നാല്‍ ദംഗല്‍ തീര്‍ച്ചയായും സനയുടെ തലവര മാറ്റും എന്നുറപ്പാണ്. അത്രയ്ക്ക് മികവോടെയാണ് സന ഗീതയെ അവതരിപ്പിച്ചിരിക്കുന്നത്.

മുംബൈക്കാരിയായ സനയോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ബബിതയെ അവതരിപ്പിച്ച ഡല്‍ഹി സ്വദേശി സന്യ മല്‍ഹോത്രയും. ബബിത ഫോഗട്ടിന്റെ അതേ രൂപസാദൃശ്യമാണ് സന്യക്കെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ബിരുദ വിദ്യാര്‍ത്ഥിയായ സന്യ പ്രൊഫഷണല്‍ നര്‍ത്തകി കൂടിയാണ്. നൃത്തത്തിനൊപ്പം തന്നെ അഭിനയ മോഹവും ഉണ്ടായിരുന്ന സന്യ മുംബൈയില്‍ നടന്ന ഒരു ഡാന്‍സ് റിയാലിറ്റിഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഈ നഗരമാണ് തന്റെ സിനിമ സ്വപ്‌നങ്ങള്‍ക്ക് സാധൂകരണം നല്‍കുകയെന്നു തിരിച്ചറിഞ്ഞു. പിന്നീട് പിതാവിന്റെ സമ്മതം വാങ്ങി മുംബൈയിലേക്ക് തന്നെ തിരിച്ചെത്തിയതും അതുകൊണ്ടാണ്.
എന്നാല്‍ മുംബൈയില്‍ എത്തിയ സന്യക്ക് ഒരു കാര്യം വ്യക്തമായി. വിചാരിച്ചയത്ര എളുപ്പമല്ല സിനിമപ്രവേശനമെന്ന്. സിനിമ ഒഡീഷനില്‍ പങ്കെടുക്കുക എന്നതു തന്നെ വലിയ കടമ്പയാണ്. ഇതു മനസിലാക്കിയാണ് പരസ്യ ചിത്രങ്ങള്‍ തേടി സന്യ എത്തിയത്. അവിടെ നിരവധി അവസരങ്ങള്‍ ഈ പെണ്‍കുട്ടിക്ക് കിട്ടി.

19dangal-girls2

മുംബൈയില്‍ എത്തി ഒരു വര്‍ഷം കഴിഞ്ഞു കാണണം. വളരെ അപ്രതീക്ഷിതതമായി ദംഗലിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ മുകേഷ് ഛബ്രയുടെ ഓഫിസില്‍ നിന്നും സന്യക്ക് ഒരു ഫോണ്‍ വരുന്നത്. ഒഡീഷനില്‍ പങ്കെടുക്കാന്‍. ഗീതയുടെ റോളിലേക്കുള്ള ഓഡീഷനില്‍ ആയിരുന്നു പങ്കെടുത്തത്. ഒഡീഷനില്‍ പങ്കെടുത്തു കഴിഞ്ഞപ്പോള്‍ ഈ ചിത്രത്തില്‍ തനിക്ക് വേഷം ഉണ്ടെന്നു സന്യ മനസുകൊണ്ട് വിശ്വസിച്ചിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും മറുപടിയൊന്നും വന്നില്ല. മാത്രമല്ല അപ്പോള്‍ വന്ന പത്രവാര്‍ത്തകള്‍ പ്രകാരം ഗീതയെ അവതരിപ്പിക്കുന്നത് കങ്കണ റൗണട്ട് ആണെന്നു സന്യ വായിച്ചു. അതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

വിഷമം തോന്നിയെങ്കിലും ബാഡ് ലക്ക് എന്ന് സ്വയം ആശ്വസിക്കാന്‍ സന്യ മനസിനെ പഠിപ്പിച്ചു. ഇതിനിടയില്‍ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കെടുക്കാന്‍ സന്യ ഡല്‍ഹിക്കു പോയി. അവിടെ നിന്നും തിരിച്ച് മുംബൈയില്‍ എത്തിയപ്പോഴാണ് മുകേഷ് ഛബ്രയുടെ ഓഫിസില്‍ നിന്നും ഫോണ്‍. സന്യ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആമിറിന് നേരില്‍ കാണണം എന്നുമായിരുന്നു ഫോണിലൂടെ കേട്ടത്. മുകേഷിന്റെ ഓഫിസില്‍ എത്തി ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് ഞാന്‍ നോക്കി. അതില്‍ വേറെയാരുടെയും പേര് ഉണ്ടായിരുന്നില്ല; ഫാത്തിമ സനയുടേതൊഴിച്ച്- സന്യ പറയുന്നു. പക്ഷേ അവര്‍ എന്നെ ബബിതയുടെ വേഷത്തിലേക്ക് തെരഞ്ഞെടുത്തു- സന്യ പറയുന്നു.

19dangal-girls7


19dangal-girls11

എന്നാല്‍ ദംഗല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ അഭിനയജീവിതം താന്‍ എന്നന്നേക്കുമായി ഉപേക്ഷിക്കുമായിരുന്നുവെന്നാണ് ഫാത്തിമ സന പറയുന്നത്. കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി കാര്യങ്ങളൊന്നും ഞാന്‍ ആഗ്രഹിച്ചതുപോലെയായിരുന്നില്ല പോയത്. നല്ലൊരു വേഷം എന്നെ തേടി വരുന്നില്ല. എല്ലാ ദിവസവുമെന്നപോലെ ഓഡീഷനു പോകും, പക്ഷെ ഒന്നും നടക്കില്ല. എങ്കില്‍ ഇത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി. ഫോട്ടോഗ്രഫിയില്‍ എനിക്കു കമ്പം ഉണ്ടായിരുന്നു. ആറുമാസത്തോളം ഞാനൊരു ഫോട്ടോ സ്റ്റുഡിയോയില്‍ ജോലി ചെയ്തു. അങ്ങനെയാണ് സിനിമാട്ടോഗ്രഫി പഠിക്കാനുള്ള തോന്നല്‍ ഉണ്ടാകുന്നത്. ഒരു പരസ്യചിത്ര ഛായാഗ്രാഹകന്റെ അസിസ്റ്റന്റായി ചേരുകയും ചെയ്തു. അങ്ങനെ ജീവിതം മറ്റൊരു വഴിയിലൂടെ മുന്നോട്ടു പോകുമ്പോഴാണ് കഴിഞ്ഞ ജനുവരിയില്‍ എനിക്ക് ദംഗലിന്റെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം കിട്ടുന്നത്.

dangal-girls

മുകേഷ് ഛബ്രയുടെ അസിസ്റ്റന്റ് ഓഡീഷനുള്ള സീന്‍ എനിക്ക് അയച്ചു തന്നു. അപ്പോഴാണ് സത്യത്തില്‍ ഞാന്‍ ഗീത ഫോഗട്ടിനെ കുറിച്ച് കേള്‍ക്കുന്നത്. ഗൂഗിള്‍ ചെയ്ത് അവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ സ്വയം നാണക്കേട് തോന്നി. രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടിയ ഗീതയെപ്പോലൊരാളെ എനിക്ക് അറിയില്ലെന്നു പറഞ്ഞാല്‍ അത് നാണക്കേട് തന്നെയാണ്. എന്നാല്‍ അതിലും വലിയൊരു പ്രശ്‌നം ഗീതയുടെയും എന്റെയും രൂപങ്ങള്‍ തമ്മില്‍ ഒരു ചേര്‍ച്ചയുമില്ലെന്നതായിരുന്നു. അവര്‍ വളരെ കരുത്തുറ്റ ഒരു സ്ത്രീയാണ്. ഞാനാണെങ്കില്‍ മെലിഞ്ഞൊരു പെണ്‍കുട്ടിയും.

ഞാന്‍ ഈ വേഷത്തിന് ഒട്ടും യോജിച്ചതല്ലെന്നു ഓഡീഷന്‍ ടീമിനെ അറിയിച്ചതാണ്. വന്നു പങ്കെടുക്കൂ എന്ന അവരുടെ നിര്‍ബന്ധമാണ് പിന്നീട് സംഭവിച്ചതിനെല്ലാം കാരണം– ഗീത ഒരു അഭിമുഖത്തില്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍