UPDATES

ഫസലിനെ കൊന്നത് തങ്ങളെന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കുറ്റസമ്മതം; കേസ് വഴിത്തിരിവിലേക്ക്

തലശ്ശേരി ഫസല്‍ വധക്കേസ് പുതിയ വഴിത്തിരിവിലേക്ക്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം ചന്ദ്രശേഖരനുമുള്‍പ്പെടെ എട്ട് സിപിഐഎം പ്രതികളാണെന്ന് സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ഇപ്പോള്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതി സുബീഷാണ് ഫസല്‍ വധത്തിന് പിന്നില്‍ താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പോലീസിന് മൊഴിനല്‍കിയത്. മൊഴിയുടെ ശബ്ദരേഖയും വീഡിയോയുമടങ്ങുന്ന തെളിവുകള്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി, ഡിജിപിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചു.

അന്ന് സിപിഐഎം ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും ലോക്കല്‍ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനും അറിയാതെ ഇത്തരമൊരു കൊലപാതകം നടക്കില്ലെന്നായിരുന്നു സിബിഐ വാദിച്ചത്. ആര്‍എസ്എസാണ് കൊലയ്ക്ക് പിന്നിലെന്ന് ആരോപിച്ച് കാരായി രാജന്‍  സ്വകാര്യ ചാനലിന് നല്കിയ അഭിമുഖവും സിപിഐഎമ്മാണ് പ്രതികളെന്ന് സംശയിക്കാനുള്ള കാരണമാണെന്ന് വാദിച്ച സിബിഐ നാട്ടില്‍ സംഘര്‍ഷമുണ്ടാക്കി  വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള സിപിഐഎം ശ്രമമാണ് കൊലയ്ക്ക് കാരണമെന്നും പറഞ്ഞിരുന്നു.

കാരായി രാജനും ചന്ദ്രശേഖരനും കേസുമായി ബന്ധപ്പെട്ട് വിചാരണഘട്ടത്തില്‍ ജയിലില്‍ കിടക്കേണ്ടി വന്നു. പിന്നീട്  ജാമ്യം കിട്ടിയെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ഇരുവര്‍ക്കും അനുവാദം ലഭിക്കാത്തതിനാല്‍ എറണാകുളത്താണ് വര്‍ഷങ്ങളായി ഇരുവരും താമസിക്കുന്നത്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ പാട്യം ഡിവിഷനില്‍ നിന്ന് ജനവിധി തേടിയ രാജന്‍ പതിനെട്ടായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തലശേരി മുന്‍സിപ്പാലിറ്റിയിലെ ചിറക്കര ഡിവിഷനില്‍ നിന്ന് ചന്ദ്രശേഖരനും വിജയിച്ചു. തുടര്‍ന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാരായി രാജനും തലശേരി മുന്‍സിപ്പല്‍ ചെയര്‍മാനായി  തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രശേഖരനും കണ്ണൂരില്‍ പ്രവേശിക്കാനാകാത്തതിനാല്‍ സ്ഥാനം രാജിവെക്കേണ്ടി വന്നു. സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടേറിയേറ്റ് അംഗമായി രാജനും തലശേരി ഏരിയാക്കമ്മിറ്റിയംഗമായി ചന്ദ്രശേഖരനും തുടരുകയായിരുന്നു.

ഫസല്‍ വധക്കേസിനു പിന്നില്‍ ആര്‍എസ്എസാണെന്ന് ആരോപണങ്ങള്‍ മുമ്പും ഉയര്‍ന്നിരുന്നു. സിപിഐഎം പ്രവര്‍ത്തകരാണ് പ്രതികളെന്ന സിബിഐ കണ്ടെത്തലിനെതിരെ ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ നേരത്തെ രംഗത്തുവരികയും ചെയ്തിരുന്നു.

പുറത്തു വരുന്ന വിവരങ്ങള്‍ പ്രകാരം തലശ്ശേരി ഫസല്‍ വധത്തിന് പിന്നില്‍ തങ്ങളാണെന്ന് പടുവിലായി മോഹനന്‍ കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷാണ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ കുറ്റസമ്മതം നടത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ആര്‍എസ്എസ് പ്രചാരകന്‍, ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് നേതാവ് ശശി, ഡയമണ്ട് മുക്കിലെ മനോജ് എന്നിവരും താനുമുള്‍പ്പെടുന്നവരാണ് ഫസല്‍ വധത്തിന് പിന്നിലെന്നാണ് സുബീഷ് മൊഴി നല്‍കിയിരിക്കുന്നത്. ഇയാളുടെ മൊഴിയുടെ ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും അന്വേഷണസംഘം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

നിര്‍ണായകമായ വെളിപ്പെടുത്തല്‍ വന്നതോടെ കഴിഞ്ഞ ഞായറാഴ്ച കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥരും പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ എസ്പി സഞ്ജയ് കുമാര്‍ തിരുവനന്തപുരത്തെത്തി ഇക്കാര്യം മുഖ്യമന്ത്രിയെയും ഡിജിപി ബെഹ്‌റയെയും അറിയിച്ചിട്ടുമുണ്ട്.

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി സി ബി ഐ കണ്ടെത്തലിന്‍റെ മുനയൊടിക്കുന്നതാണ്. പുതിയ മൊഴി പുറത്തുവരുന്നതോടെ കോടതിയുടെ അനുവാദത്തോടെയുള്ള തുടരന്വേഷണമാകും ഇനിയുള്ള വഴികളെന്നാണ് നിയമ വൃത്തങ്ങള്‍ നലകുന്ന സൂചനകള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍