UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴ നല്‍കി പഠിച്ചത് യുഡിഎഫ് നേതാക്കളുടെ മക്കള്‍; തെളിവുകളുണ്ട്- ഡോ. ഫസല്‍ ഗഫൂര്‍/അഭിമുഖം

Avatar

ഡോ. ഫസല്‍ ഗഫൂര്‍/പ്രമീള ഗോവിന്ദ്

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശന വിവാദത്തില്‍ എം ഇ എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂറുമായി വോയിസ് ഓഫ് കേരള 1152 എ എമ്മിന് വേണ്ടി പ്രമീള ഗോവിന്ദ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

 

പ്രമീള ഗോവിന്ദ്: സ്വാശ്രയ വിഷയത്തെ ചൊല്ലി കേരള രാഷ്ട്രീയം വീണ്ടും കലങ്ങുകയാണ് വലിയ തോതിലുള്ള രക്തചൊരിച്ചിലുവരെ എത്തിച്ചേര്‍ന്നിരിക്കുന്നു. എങ്ങനെ കാണുന്നു കാര്യങ്ങള്‍…?

ഡോ. ഫസല്‍ ഗഫൂര്‍: വിഷയം അനാവശ്യമായിട്ട് രാഷ്ട്രീയവല്‍ക്കരിച്ചതുകൊണ്ടുള്ള പ്രശ്‌നമാണിത്. സ്വാശ്രയം എന്ന് പറയുമ്പോള്‍ കുറ്റക്കാരാണെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും കുറ്റക്കാരാണ്. കുറ്റക്കാരല്ലെങ്കില്‍ രണ്ടു കൂട്ടരും കുറ്റക്കാരല്ല. ഇത് നാലാമത്തെ ഗവണ്‍മെന്റാണ്. തുടങ്ങിയത് ആന്റണി ഗവണ്‍മെന്റാണ്. അതിനു ശേഷം വി.എസിന്റെ ഗവണ്‍മെന്റ്. പിന്നെ ഉമ്മന്‍ചാണ്ടിയുടെ ഗവണ്‍മെന്റ്. നാലാമത് പിണറായിയുടെ ഗവണ്‍മെന്റ്. എന്നിട്ടും സ്വാശ്രയം എവിടെയുമെത്തിച്ചേര്‍ന്നിട്ടില്ല. ഇതിന് കുറ്റക്കാര്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല. മാറിമാറിക്കൊണ്ടിരിക്കുന്ന കോടതിവിധികളാണ് ഇതിന് കൂടുതല്‍ കുറ്റക്കാരായി ഞാന്‍ കാണുന്നത്. ഇത് തുടങ്ങുമ്പോള്‍ 50:50 എന്ന രീതിയിലായിരുന്നു. അത് മാറിയിട്ട് ന്യൂനപക്ഷങ്ങള്‍ക്ക് 100 ല്‍ 100 സീറ്റെടുക്കാം, അതില്‍ സ്വന്തം അഡ്മിഷന്‍ നടത്താം എന്ന നിലവന്നു. കേരളത്തിലെ ന്യൂനപക്ഷമെന്ന് പറയുമ്പോള്‍ വിദ്യാഭ്യാസരംഗത്ത് ഭൂരിപക്ഷമാണ്. അതായത്  ക്രിസ്ത്യന്‍, മുസ്ലീം മേഖലയിലാണ് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത്. അതിലും ചേരിതിരിവുണ്ടായി. ഞങ്ങള്‍ 50:50 അംഗീകരിച്ചു. ക്രൈസ്തവസഭ അത് അംഗീകരിച്ചില്ല. രണ്ട് തട്ടിലായി മാനേജ്‌മെന്റുകള്‍. രണ്ട് തട്ടിലുള്ള ഫീസ് സ്ട്രക്ച്ചര്‍ വന്നു. പിന്നീട് വന്ന ജഡ്ജ്‌മെന്റനുസരിച്ച് ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും വ്യത്യാസമില്ല; രണ്ടുപേര്‍ക്കും 100ല്‍ 100 സീറ്റെടുക്കാമെന്ന് വന്നു. പിന്നെ മാനേജ്‌മെന്റുകള്‍ക്ക് സ്വന്തം എന്‍ട്രന്‍സ് ആവാമെന്ന് വിധിവന്നു. പിന്നീട് നീറ്റ് വന്നു. അവസാനമിതാ കൗണ്‍സിലിംഗിനെ പറ്റിയുള്ള തര്‍ക്കത്തിലെത്തി. ഫീസിനെക്കുറിച്ചുള്ള തര്‍ക്കം വന്നു. ഈ ഫീസ് കൂട്ടിയിരിക്കുന്നത് എല്‍ഡിഎഫ്. ആണോ യുഡിഎഫ് ആണോ എന്നതിനെപ്പറ്റിയുള്ള തര്‍ക്കം വന്നു. കഴിഞ്ഞ യുഡിഎഫിന്റെ കാലത്ത് ഭീമമായിട്ടുള്ള ഡിപ്പോസിറ്റ് എന്നുള്ള ഒരു സാധനം വന്നു. അപ്പോള്‍ ഫീസ് കൂട്ടിയില്ല. ഏകദേശം പതിനൊന്ന് ലക്ഷം രൂപ ഡിപ്പോസിറ്റ്. അതിന്റെ പലിശയെന്നത് തന്നെ ഒന്നൊന്നരലക്ഷം വരും. അത് ഫീസിനോടൊപ്പം ചേര്‍ത്താല്‍ ഈ ഫീസിന് അത് തുല്യമായിട്ട് വരും. ഫീസ് എല്‍ഡിഎഫ്. കൂട്ടിയെന്നുള്ള തര്‍ക്കം വന്നു. അതിപ്പോള്‍ എവിടെയുമെത്താതെ നില്‍ക്കുകയാണ്. ഏതായാലും നീറ്റിന്റെ വിധിയും കൗണ്‍സിലിംഗിന്റെ വിധിയും കൂടി വന്നാല്‍ ഇതിനെക്കുറിച്ച് വ്യക്തമായൊരു ചിത്രം കിട്ടും. ഈ ന്യൂനപക്ഷ-ഭൂരിപക്ഷ എല്‍ഡിഎഫ് – യുഡിഎഫ് തര്‍ക്കങ്ങള്‍ ബാക്കി നില്‍ക്കും. ആരാണ് ന്യൂനപക്ഷം, ഈ ന്യൂനപക്ഷങ്ങള്‍ക്ക്  എന്തൊക്കെ അവകാശങ്ങളുണ്ട്. ഇതും ഈ വിധിയോടുകൂടി വ്യക്തമാക്കേണ്ടതുണ്ട്. എന്റെ അഭിപ്രായത്തില്‍ ഇതെവിടെയുമെത്തില്ല. ഇനിയും തര്‍ക്കം കോടതിയില്‍ തന്നെ തുടരും.

പ്രമീള: :യൂത്ത് കോണ്‍ഗ്രസ്സ് ഉന്നയിച്ച പത്ത് ആവശ്യങ്ങള്‍. അതിലെ മെഡിക്കല്‍ ഫീസ് രണ്ടരലക്ഷമാക്കി ഉയര്‍ത്തിയത് ഒരു ലക്ഷമാക്കി കുറയ്ക്കുകയെന്നത്, മാനേജ്‌മെന്റ് ക്വാട്ടാ ഫീസ് എട്ടരലക്ഷമായി നിജപ്പെടുത്തുക, എന്‍.ആര്‍.ഐ. ക്വാട്ടാ ഫീസ് പതിനഞ്ച് ലക്ഷത്തില്‍ നിന്ന് പന്ത്രണ്ടര ലക്ഷമാക്കുക, പരിയാരത്തെ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക, സ്വാശ്രയ കോഴയെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക… ഈ പത്തെണ്ണവും ന്യായമാണ് എന്നവര്‍ വാദിക്കുന്നു. എങ്ങനെ കാണുന്നു ഇതിനെ…?

ഫസല്‍ ഗഫൂര്‍: ഡീന്‍ കുര്യാക്കോസിന്റെ നേതാക്കന്‍മാരുടെ കുട്ടികളാണ് ഈ കോളേജുകളില്‍ പഠിക്കുന്നത്. അവരാണ് കൂടുതല്‍ കോഴ കൊടുത്ത് പഠിച്ചിട്ടുള്ളത്. അല്ലാതെ എല്‍ഡിഎഫിന്റേതല്ലായെന്നത് ഞാന്‍ രേഖകള്‍ സഹിതം വേണമെങ്കില്‍ തെളിയിക്കാം. ഫീസ് കുറയ്ക്കുകയെന്നത് വലിയൊരു ആരോപണമായി കാണുന്നില്ല. 1.85 ലക്ഷം ഫീസുള്ളത് 10 ശതമാനം കൂട്ടുമ്പോള്‍ തന്നെ 2.10 ലക്ഷമാകുമെന്നതാണ്. എന്‍ആര്‍ഐയിലൊന്നും കുറയ്ക്കുന്ന പ്രശ്‌നമില്ല. രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം ഒരു കോടിയടുപ്പിച്ചുണ്ട്. അതെല്ലാം കോടതി അംഗീകരിച്ചതാണ്. നാട്ടിലുള്ള പണക്കാരാണ് സ്‌പോണ്‍സര്‍ഷിപ്പില്‍ പഠിക്കുന്ന എന്‍ആര്‍ഐകള്‍.

അനാവശ്യമായി പൈസ ചെലവാക്കി സര്‍ക്കാര്‍ ഇവിടെ മെഡിക്കല്‍ കോളേജുകളുണ്ടാക്കേണ്ട കാര്യമില്ല. ഇവിടെ ഇഷ്ടം പോലെ പ്രൈവറ്റ് മെഡിക്കല്‍ കോളേജുകള്‍ വന്നുകഴിഞ്ഞു. അതില്‍ അമ്പത് ശതമാനം സീറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുന്നു. കേരളത്തില്‍ അഞ്ച് മെഡിക്കല്‍ കോളേജുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മുപ്പത് മെഡിക്കല്‍ കോളേജുകളായി മാറി. മുന്നൂറ്, നാനൂറ് കോടി രൂപ മുടക്കി ജില്ലാ ആശുപത്രികളൊക്കെ മെഡിക്കല്‍ കോളേജുകളാക്കേണ്ട കാര്യമില്ല. ആ പൈസ മുടക്കി ജില്ലാ ആശുപത്രികളെല്ലാം നല്ല ആശുപത്രികളാക്കുക. മെഡിക്കല്‍ കോളേജുകളെന്നു വച്ചാല്‍ മൂലധനത്തിന്റെ ഏര്‍പ്പാടാ. പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള സ്റ്റാഫിനെ അപ്പോയിന്റ്‌മെന്റ് ചെയ്യണം. ആ സ്റ്റാഫിനെ കിട്ടാനില്ല എന്നത് തന്നെ വേറെ കാര്യം. ഉദാഹരണത്തിന് ഒരു താലൂക്ക് ആശുപത്രിയില്‍ ഇ.എന്‍.ടി.ക്ക് ഒരു നല്ല ഡോക്ടര്‍ മതി. മെഡിക്കല്‍ കോളേജായാലോ പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നൊക്കെ പറഞ്ഞ് ശമ്പളമെത്ര കൊടുക്കേണ്ടിവരും. അഞ്ച് ലക്ഷം വരെ കൊടുക്കേണ്ടിവരും. അതിന് പകരം ഒരു ലക്ഷം മുടക്കിയാല്‍ നല്ലൊരു ഡിപ്പാര്‍ട്ട്‌മെന്റ് മുന്നോട്ട് കൊണ്ടുപോകാം. 

പ്രമീള: ക്യാപിറ്റേഷന്‍ ഫീസ് പ്രശ്‌നങ്ങളും… മറ്റും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും നിലവിലുണ്ടായിരുന്നതല്ലേ?

ഫസല്‍ ഗഫൂര്‍: ഈ ആവശ്യം ഉന്നയിക്കുന്നവരുടെ കുട്ടികള്‍ ഏതൊക്കെ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നു? അവര്‍ എന്ത് ക്വാട്ടയിലാണ് അഡ്മിഷന്‍ നേടിയത്? അവര്‍ എന്ത് ഫീസാണ് കൊടുക്കുന്നത്. അതിലെത്രത്തോളം ബ്ലാക്ക് മണിയുണ്ട് ഈ രാഷ്ട്രീയക്കാരുടെ കൈയില്‍. പകല്‍ മാനേജ്‌മെന്റുകളെ കുറ്റപ്പെടുത്തുകയും രാത്രി അവരുടെ മക്കള്‍ക്ക് വേണ്ടി അഡ്മിഷനായി പോയി കാണുകയും ചെയ്യുന്നതാണ് ഇവിടുത്തെ പല നേതാക്കന്‍മാരുടെയും സ്വഭാവം. എന്റെ കൈയില്‍ തന്നെ അതിന്റെ തെളിവുണ്ട്.

സാധാരണക്കാരുടെ പ്രശ്‌നങ്ങളെപ്പറ്റിയല്ല ഇവിടെ പറയുന്നത്. ഇത് ഇവരുടെ ഇരട്ടത്താപ്പുകളെ പറ്റിയാണ് സംസാരിച്ചത്. അവര്‍  ഇതിനെ എതിര്‍ത്ത് പറയുകയും അവരുടെ മക്കളെ കൊണ്ടുപോയി ഇത്തരം മെഡിക്കല്‍ കോളേജുകളില്‍ ചേര്‍ക്കുകയും അതിനു വേണ്ടിയുള്ള ഒത്താശകള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നതിനെകുറിച്ചാണ് പറഞ്ഞത്. എന്നിട്ട് പരസ്യമായി മാനേജുമെന്റുകളെ ചീത്ത പറയുകയും ചെയ്യുന്നു. അതു വേണ്ട. നമ്മള്‍ സത്യസന്ധമായിട്ട് കാര്യങ്ങള്‍ കാണുകയാണ് വേണ്ടത്.

സാധാരണക്കാര്‍ക്ക് നീതി ലഭിക്കാന്‍ ജെയിംസ് കമ്മിറ്റിയുണ്ട്. ജെയിംസ് കമ്മിറ്റിയില്‍ പരാതി കൊടുക്കുകയും ജയിംസ് കമ്മിറ്റി നടപടിയെടുക്കുകയും ചെയ്യാമല്ലോ. സുപ്രീംകോടതിയുടെ നേരിട്ട് നിരീക്ഷണത്തിലുള്ള കമ്മിറ്റിയാണ് ജയിംസ് കമ്മിറ്റി. അതിലേക്ക് പോവാമല്ലോ.

പ്രമീള: എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ നിലപാടിലെ വ്യത്യാസം…?

ഫസല്‍ ഗഫൂര്‍: രണ്ടു സര്‍ക്കാരുകളുടെ കാലഘട്ടത്തിലും സ്വാശ്രയ കോളേജുകള്‍ നല്‍കിയിട്ടുണ്ട്. ജനസംഖ്യാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഉത്തര്‍പ്രദേശിനേക്കാള്‍ കൂടുതല്‍ മെഡിക്കല്‍ കോളേജ് കേരളത്തിലുണ്ട്. ഈ മെഡിക്കല്‍ കോളേജുകളില്‍ സൗകര്യങ്ങളുണ്ടോ? സ്റ്റാഫുണ്ടോ? അഡ്മിഷന്‍ ന്യായമായാണോ നടക്കുന്നത്? അതൊക്കെ പരിശോധിക്കേണ്ടേ? അതിന്റെ ചുമതല ജയിംസ്‌ കമ്മിറ്റിക്ക് മാത്രമല്ല.  ഇവിടെ ആരോഗ്യ സര്‍വ്വകലാശാലയുണ്ട്. പല സൗകര്യങ്ങളുമുണ്ട്. അതൊന്നും ചെയ്യാതെ തമ്മില്‍ ബഹളം വച്ചിട്ടെന്താ കാര്യം. 

(മാധ്യമ പ്രവര്‍ത്തകയാണ് പ്രമീള എസ് ഗോവിന്ദ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍