UPDATES

ട്രെന്‍ഡിങ്ങ്

ഈ സമരത്തെ ദുരുദ്ദേശ്യമെന്ന് ആക്ഷേപിക്കുന്നവർ ജനാധിപത്യത്തിന്റെ എതിർചേരിയില്‍ തന്നെയാണ്

ഈ സമരം ജനതയെ ജനാധിപത്യവത്കരിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക്‌ ഊർജ്ജമാകുന്ന സമരമാണ്‌

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമരം ശക്തമാക്കി മുന്നോട്ടുപോകുന്നതിന് ഇടയിലാണ് സമരം ചെയ്യുന്നവര്‍ സങ്കുചിത താത്പര്യക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയിറക്കുന്നത്. അനാവശ്യമായ കോലാഹലമാണ് എന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അമരക്കാരൻ പറയുന്നത്. സമരത്തിന്റെ ഉദ്ദേശശുദ്ധിയേയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്.

കേരളത്തിലെ ജനകീയ സമരങ്ങളിൽ സർവസാധാരണയായി കണ്ടുവരുന്ന ഒരു ആരോപണമാണ് ‘മാവോയിസ്റ്റ് സാന്നിധ്യം’. ഇത്തിരി വൈകിയാണെങ്കിലും കന്യാസ്ത്രീകളുടെ സമരത്തിലും അതുണ്ടെന്ന് കണ്ടുപിടിച്ചിരികയാണ് ഇന്ത്യൻ കാത്തലിക്‌സ്‌ ഫോറം നേതാവ് ടോജോ. എന്നാൽ ഈ സമരം തന്നെ ദുരുദ്ദേശപരമാണെന്നും സമരകോലാഹലമാണെന്നും പറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് സാക്ഷാൽ കോടിയേരി ബാലകൃഷ്ണൻ.

നാമൂസ് പെരുവള്ളൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

ഇടക്കെപ്പോഴോ അധികാര ഇടനാഴിയിലെ ഒത്തുതീർപ്പു ബാന്ധവങ്ങളിൽ നിലച്ചുപോയ നവോത്ഥാനശ്രമങ്ങളെ മുന്നോട്ടെടുക്കാൻ കെൽപ്പ്‌ കാണിക്കാൻ പുരോഗമന കേരളത്തിനാകെയും ഒരു തുടക്കം നൽകുന്ന ഒരു സമരമാണ്‌ എറണാകുളത്ത്‌ വഞ്ചി സ്ക്വയറിൽ നടക്കുന്നത്‌.

നിലവിലെ സാഹചര്യം, ഏതൊരാളും എപ്പോവേണമെങ്കിലും സമരമുഖത്തേക്ക്‌ എടുത്തെറിയപ്പെടുംവിധം കാര്യങ്ങൾ അന്യാധിനിവേശങ്ങൾക്കടിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത്‌ ഒരു ജനാധിപത്യവാദിയുടെ തിരിച്ചറിവാണ്‌.

മതാധികാര-കോർപ്പറേറ്റ്‌-മുതലാളിത്തത്തിന്‌ ദല്ലാൾപ്പണി ചെയ്യുന്ന രാഷ്ട്രീയ-അധികാരവർഗ്ഗങ്ങളും പൗരോഹിത്യക്കൂട്ടവും സ്വസ്ഥ-സ്വൗര്യജീവിതത്തെ അത്രമേൽ ആഴത്തിൽ അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സ്വരാജ്യത്ത്‌/സ്വസമുദായത്തിൽ ‘പൗരത്വം’ നിഷേധിക്കപ്പെട്ട്‌ മനുഷ്യർ അവകാശത്തിനവകാശമില്ലാത്ത കേവല അപരങ്ങളായിത്തീരുന്നു. രാഷ്ട്ര-സമുദായ ശരീരങ്ങളിൽ അവർ അഭയാർത്ഥികളോ നിഷ്കാസിതരോ ആയി മാറുകയും ചെയ്യുന്നു.

ഇത്തരം സന്ദർഭങ്ങളിൽ പോരാളികൾ അവരുടെ ശരീരത്തെ അപകടകമരമാംവിധം വിദ്ധ്വംസകാത്മകമായിത്തന്നെ വിന്യസിക്കുന്നു. അതിനുള്ള ഉദാഹരണങ്ങൾ നവോത്ഥാനചരിത്രത്തിലെമ്പാടും കാണാവുന്നതാണ്‌. വില്ലുവണ്ടിസമരം മുതൽ അന്തർജ്ജനസമരങ്ങൾ വരെ ഈ ശരീരവിന്യാസങ്ങൾക്കുള്ള മുൻകാല മാതൃകകളാണ്‌.

ഭരണഘടനാപരമായ അവകാശങ്ങൾ ധ്വംസിക്കപ്പെട്ട്‌ പൗരർ, നിഗൂഢ ഭരണകൂട സംവിധാനങ്ങൾക്കുള്ളിൽ തളയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ്‌, അതിനെ സധൈര്യം എതിരിട്ട്‌ ഏതാനും സ്ത്രീകൾ ജനാധിപത്യത്തോട്‌ സമരത്താൽ സംവദിക്കാൻ തയ്യാറാകുന്നത്‌.

Also Read: തൃപ്പൂണിത്തുറയിലെ ഹൈ-ടെക് ചോദ്യം ചെയ്യലും എകെജി സെന്ററിലെത്തിയ ശശി എംഎല്‍എയും; സഭയും സിപിഎമ്മും, ഒരു താരതമ്യ സാഹിത്യം

ഈ സമരം ജനതയെ ജനാധിപത്യവത്കരിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക്‌ ഊർജ്ജമാകുന്ന സമരമാണ്‌. ഈ സമരത്തെ പിന്തുണക്കേണ്ടത്‌ മതേതര-ജനാധിപത്യ നിലപാടുകളിലൂന്നി ജീവി(പ്പി)ക്കുന്ന ഭരണഘടനയുടെ തന്നെ സംരക്ഷണാർത്ഥമാണ്‌. ഈ സമരത്തിന്റെ ഉദ്ദേശ്യം തീർച്ചയായും ജനാധിപത്യമാണ്‌. ജനാധിപത്യത്തെ ദുരുദ്ദേശ്യമെന്ന് ആക്ഷേപിക്കുന്നവർ നിശ്ചയം, ജനാധിപത്യത്തിന്റെ എതിർചേരിയിലാണ്‌.

(നാമൂസ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

തൃപ്പൂണിത്തുറയിലെ ഹൈ-ടെക് ചോദ്യം ചെയ്യലും എകെജി സെന്ററിലെത്തിയ ശശി എംഎല്‍എയും; സഭയും സിപിഎമ്മും, ഒരു താരതമ്യ സാഹിത്യം

നാമൂസ് പെരുവള്ളൂര്‍

നാമൂസ് പെരുവള്ളൂര്‍

പ്രസാധകന്‍, സൂചിക ബുക്സ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍