UPDATES

ട്രെന്‍ഡിങ്ങ്

130 കോടി മനുഷ്യർക്ക് നാളെയിലേക്കു നോക്കാനുള്ള കൊച്ചു കൊച്ചു ജയങ്ങൾ

തങ്ങളിൽ അർപ്പിക്കപ്പെട്ട ചുമതലയോടും ഭരണഘടനാപരമായ ബാധ്യതകളോടും കൂറ് പുലർത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനോടും അതിന്റെ ഉദ്യോഗസ്‌ഥന്മാരോടും നമ്മൾ കടപ്പെട്ടിരിക്കുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു സ്ഥാനാര്‍ഥി രാജ്യസഭയിലേക്ക് ജയിക്കുക എന്നത് ഒരു ചരിത്ര സംഭവമൊന്നുമല്ല. പക്ഷെ അഹമ്മദ് പട്ടേലിന് കിട്ടിയ ഓരോ വോട്ടും സംഭവമാണ്: ആ ഓരോ വോട്ടും പ്രതിരോധത്തിന്റേതാണ് എന്നതാണ് കാരണം: പണത്തിന്റെ, മുഷ്‌കിന്റെ, അഹങ്കാരത്തിന്റെ, അധികാരത്തിന്റെ നേരെ പ്രതിരോധിച്ചുനിൽക്കാനുള്ള ജനാധിപത്യത്തിന്റെ ശേഷിയുടെ അടയാളമാണ് ആ ഓരോ വോട്ടും. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക്, അതിൽ ബിജെപിക്കാരുണ്ടെങ്കിൽ അവർക്കും, ആഘോഷിക്കാനുള്ള വക അതിലുണ്ട്.

ജയത്തേക്കാൾ ഞാൻ മൂല്യം കാണുക അവരുടെ പ്രതിരോധത്തിനാണ്. വളരെ ന്യായമായി വരുന്ന ചോദ്യം, അത്തരം ബോധ്യമുണ്ടെങ്കിൽ പിന്നെ അവരെന്തിനു നാട്ടിൽ നിന്നില്ല എന്നാണ്. ആ ചോദ്യം ചോദിക്കുന്നത്, സംസ്‌ഥാനത്തേയും രാജ്യത്തെയും അധികാരം ചോദ്യം ചെയ്യാനാവാത്തവിധം കൈയാളുന്നവരും അവരുടെ അനുയായികളുമാണ് എന്നതാണ് അതിന്റെ ഉത്തരം. കളിയുടെ അടിസ്‌ഥാന നിയമങ്ങളെക്കുറിച്ച് ബഹുമാനമുള്ളവർക്കു ചോദിക്കാനുള്ളതാണ് ആ ചോദ്യം, അല്ലാതെ കളിക്കളത്തിൽ കൈയൂക്ക് കാണിക്കുന്നവർക്കല്ല. അവരോടു മറുപടി പറയേണ്ട ബാധ്യത എനിക്കില്ല.

ഗുജറാത്തിൽനിന്ന് ഈ തെരഞ്ഞെടുപ്പിൽ രാജ്യസഭയിലേക്കുള്ള മൂന്നു സീറ്റുകളിൽ രണ്ടു സീറ്റും ബിജെപി യ്ക്ക് അർഹതപ്പെട്ടതാണ്, ഒന്ന് കോൺഗ്രസിനും. അതിനെ അതിന്റെ വഴിയ്ക്കു വിടുകയല്ല ബിജെപി നേതൃത്വം ചെയ്തത്. കോൺഗ്രസ് മുക്ത ഭാരതം എന്ന അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ മുദ്രാവാക്യം സാക്ഷാത്കരിക്കാൻ, ഒരുവേള പ്രതിപക്ഷ മുക്ത ഭാരതം എന്ന തനി ഫാസിസ്റ്റ് സ്വപ്നം കാണാനുള്ള അവസരമായി അവരതു കണ്ടു. പണവും പ്രലോഭനവും വാരിയെറിഞ്ഞുള്ള ആ കളിയുടെ അശ്ലീലമായ അരങ്ങേറ്റമായിരുന്നു ബാലറ്റ് പേപ്പർ അമിത് ഷായെ കാണിച്ചുകൊണ്ട് രണ്ട് എംഎൽഎമാർ നടത്തിയത്. ബിജെപി എന്ന രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പരാജയത്തേക്കാളുപരി ആ പാർട്ടിയുടെ അധ്യക്ഷൻ കുതന്ത്രങ്ങളൊപ്പിച്ച് അത്തരമൊരു അപമാനത്തിലേക്കു സ്വയം നടന്നുകയറി എന്നതാണ് ഞാൻ കാണുന്ന കാര്യം. ചരിത്രം നേർരേഖയിലല്ല സഞ്ചരിക്കുകയെന്നും അത് വൈരുധ്യാത്മകമാണെന്നും അദ്ദേഹത്തിന് അറിയുമായിരിക്കില്ല.

കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും നേതാക്കളും ഉറക്കമൊഴിച്ച് കാത്തിരിക്കുകയും അധികാരത്തിന്റെ അദൃശ്യരൂപങ്ങൾ അന്തരീക്ഷത്തിൽ മുഴുവൻ നിറഞ്ഞുനിൽക്കുകയും ചെയ്യുമ്പോഴും തങ്ങളിൽ അർപ്പിക്കപ്പെട്ട ചുമതലയോടും ഭരണഘടനാപരമായ ബാധ്യതകളോടും കൂറ് പുലർത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനോടും അതിന്റെ ഉദ്യോഗസ്‌ഥന്മാരോടും നമ്മൾ കടപ്പെട്ടിരിക്കുന്നു. സ്വതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ കൊണ്ട് നമ്മളുണ്ടാക്കിയെടുത്ത ഈടുവയ്പുകൾ ചിലതെങ്കിലും അയോഗ്യ കരങ്ങൾക്കൊണ്ട് ഇല്ലാതാക്കപ്പെടുമ്പോൾ ഇതൊരാശ്വാസമാണ്. അവയിൽ ചിലതെങ്കിലും അവയുടെ നിയമപരമായ സ്വരൂപത്തിലേക്ക് മടങ്ങാൻ ശ്രമിക്കുമെന്ന് നമുക്കാഗ്രഹിക്കുക.

ഒരു കാര്യം കൂടി: ഒരു ജെഡി-യു എംഎൽഎ, കോൺഗ്രസ് സ്‌ഥാനാർതഥിക്ക് വോട്ടു ചെയ്തു: ചോട്ടു വസവ എന്ന പട്ടികവർഗ്ഗക്കാരൻ എംഎൽഎ. 22 വർഷമായി സംസ്‌ഥാനം ഭരിക്കുന്ന ബിജെപി ആദിവാസികൾക്കുവേണ്ടി ഒന്നും ചെയ്തില്ല എന്ന് പറഞ്ഞാണ് കോൺഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുചെയ്തത്. പിന്നാമ്പുറ കഥകൾ നമുക്കറിയില്ല. പക്ഷെ അതിലും ഒരു സന്ദേശമുണ്ട്.

കൊച്ചു കൊച്ച് ആശ്വാസങ്ങൾ, കൊച്ചു കൊച്ചു പ്രതീക്ഷകൾ. നൂറ്റിമുപ്പതുകോടി മനുഷ്യർക്ക് നാളെയിലേക്കു നോക്കാൻ കൊച്ചു കൊച്ചു ജയങ്ങൾ. അതിനുള്ള ഊർജ്ജം പ്രലോഭനങ്ങളെ പ്രതിരോധിച്ച ആ മനുഷ്യരിൽ നിന്നും കിട്ടിയിരിക്കുന്നു. ഒരൊറ്റ രാജ്യസഭാ വിജയത്തിന്റെ പ്രസക്തി അതാണ്.

ജയിക്കുമെന്നുറപ്പുള്ള യുദ്ധങ്ങൾക്കു മാത്രമല്ല മനുഷ്യർ ഇറങ്ങിപ്പുറപ്പെടുക. പക്ഷേ, ജയമാഗ്രഹിക്കാൻ കാരണങ്ങൾ വേണം. അധികാരത്തെ അതിജീവിക്കാൻ പാങ്ങുണ്ടെന്നു തെളിയിച്ച ആ 44 മനുഷ്യരാണ് ഇപ്പോൾ നമുക്ക് ആ കാരണം.

(കെ.ജെ ജേക്കബ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍