UPDATES

ട്രെന്‍ഡിങ്ങ്

പെണ്‍സുന്നത്ത് വിവാദം: ഇസ്ലാം ഇങ്ങനെയൊക്കെയാണ് ബാക്കിയായത്

സ്ഥലവും കാലവും ആവശ്യപ്പെടുന്ന മുറയ്ക്ക് മതപ്രമാണങ്ങളെ വിശദീകരിക്കുന്ന പാരമ്പര്യം കേരള ഇസ്ലാമിന് അപരിചിതമല്ല

(മുൻകൂർ ഉറപ്പിക്കപ്പെട്ട തീർപ്പുകളേക്കാൾ ആശയക്കുഴപ്പങ്ങൾക്കു ശേഷം തെളിഞ്ഞു വരുന്ന വെളിച്ചത്തിലാണ് ഇസ്ലാം മുന്നോട്ടു പോവുക. പെണ്‍സുന്നത്ത് അഥവാ സ്ത്രീകളിലെ ചേലാകര്‍മം വിവാദങ്ങൾക്കിടയിൽ വേറിട്ട വിചാരങ്ങളുമായി റഫീക് ഉമ്പാച്ചിയുടെ ഫേസ്ബുക്ക് പോസ്റ്റ്)

രണ്ടുമൂന്നു ദിവസം കഴിഞ്ഞാല്‍ ബലി പെരുന്നാളാണ്. അബ്രഹാം പ്രവാചകന്റെ ഓര്‍മ്മപ്പെരുന്നാള്‍. മൂത്രം പാത്തിയായും പിന്നെ പെണ്ണുകെട്ടു യന്ത്രമായും ഇരട്ടവ്യക്തിത്വമുള്ള അവയവത്തിന്റെ അറ്റം കണ്ടിക്കുന്നതിന്റെ യുക്തിയും ശാസ്ത്രവും മതത്തില്‍ തപ്പിയിട്ടു കാര്യമില്ല. തപ്പിയാലെത്തുന്നതാവട്ടെ ഇബ്രാഹിം നബിയിലും. പൗരസ്ത്യ മതങ്ങളിലെല്ലാം പ്രതാപിയായ പ്രപിതാമഹന്‍. ദൈവദൂതരായ ഇബ്രാഹിമിനെ പിന്തുടരുക എന്നതാണ് ഖുര്‍ആന്റെ ഒരു ശാസന. ആ പിന്തുടര്‍ച്ചയിലെ എണ്ണപ്പെട്ട സംഗതിയാണ് ലിംഗാഗ്രച്ഛേദനം. മുഹമ്മദ് നബി വരുന്നതിനും മുമ്പേയുള്ളതാണത്. അതൊരു അനുധാവനമാണ്. ഇത്തിരി രക്തം ചിന്തിയുള്ള പക്ഷം ചേരലാണ്. പൗരസ്ത്യ ദേശത്ത് പാരമ്പര്യമായി പിന്തുടര്‍ന്നു പോന്ന ആ സമ്പ്രദായത്തെ നബിയും ചര്യയാക്കി. ഇസ്ലാമിലേക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള ഒര’നുഷ്ടാനഹത്യ’യുമാക്കി. ചിലതൊക്കെ മുറിച്ചൊഴിവാക്കി വരൂ എന്നൊരു വേദനയുള്ള സഖ്യവും സൗഖ്യവും. സ്ത്രീകളുടെ കാര്യത്തിലും നബി, ഉണ്ടായിരുന്ന സമ്പ്രദായത്തെ അംഗീകരിച്ചു. അതിനെ പറ്റി സംസാരിച്ചു. വിശ്വാസത്തെ ഹനിക്കാത്ത പ്രാദേശിക പാരമ്പര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയുക എന്നതു കൂടിയാണത്. അതുകൊണ്ടു തന്നെ ജീവിത നന്മക്കു പൊരുത്തപ്പെടാനാവാത്തവയെ നിരാകരിക്കാന്‍ കഴിയുക എന്നതുമാണത്.

സ്ത്രീകളുടെ ലൈംഗികാവയവങ്ങളില്‍ കത്തിവെക്കുന്ന പ്രസ്തുത ശീലം നബി വിലക്കാതിരുന്നതും അനുവദിച്ചതും ഒരിക്കലും സ്ത്രീയുടെ ലൈംഗികാസക്തികളെ അങ്ങനെ ഒരു ച്ഛേദം കൊണ്ട് ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കുക ഉദ്ദേശിച്ചാവാനിടയില്ല, ഇന്നങ്ങനെയാണ് അതു വിശദീകരിക്കപ്പെടുന്നതെങ്കിലും. ആഗ്രഹിക്കുന്ന ലൈംഗികാസ്വാദനം ലഭിക്കാത്ത കാരണം കാണിച്ച് ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള അവകാശം വകവച്ചയാളാണ് നബി. നബിയങ്ങനെ അവളുടെ രതിരഥ്യകളെ വഴിമുടക്കില്ല. പ്രാര്‍ത്ഥനയും അത്തറും സ്ത്രീയും ഭൂമിയിലെ പരിമളങ്ങള്‍ എന്നു പറയാന്‍ മാത്രം മനുഷ്യഹൃദയ ജ്ഞാനം ഉണ്ടായിരുന്ന നബിയാണ്. ആ മൂന്നിനെയും ഒറ്റ മാലയില്‍ കോര്‍ക്കാന്‍ ഒരാള്‍ക്ക് ചില്ലറ ജ്ഞാനവും പ്രണയവും പ്രജ്ഞയും പോര. ഖദീജയുടെ മുന്നില്‍ ചെന്നു നിന്ന് സമ്മിലൂനി എന്നുരുവിട്ട വിശ്വപ്രണയി ഇങ്ങനെയൊരു സമ്പ്രദായം പ്രോത്സാഹിപ്പിക്കാനിടയില്ല. ച്ഛേദിക്കുന്നെങ്കില്‍ ചെറുങ്ങനെ മതിയെന്നാണ് ഒരു ഹദീസും. അതു കൊണ്ടുതന്നെ ലൈംഗികനിയന്ത്രണമാണ് ഉദ്ദേശമെങ്കില്‍, രണ്ടാം വട്ടം ആലോചിക്കാതെ മുസ്ലിങ്ങള്‍ എഫ്.ജി.എം ഉപേക്ഷിക്കുകയാണ് വേണ്ടത്. ശാരീരിക ആരോഗ്യത്തെയും ലൈംഗികാസ്വാദനത്തെയും ബാധിക്കുന്നതാണ് ഇതെങ്കില്‍, അതു വെറുക്കപ്പെട്ട (മക്‌റൂഹ്) കാര്യങ്ങളുടെ ഗണത്തിലാണ് വരിക. അതുകൊണ്ട് ഈ പൂട്ട് ഇനി തുറക്കാതിരിക്കാം. ആണുങ്ങള്‍ക്കു വേഗപ്പൂട്ടുകള്‍ ഘടിപ്പിച്ച് നമ്മുടെ പെണ്ണുങ്ങളെ കൂടുതല്‍ സന്തുഷ്ടരാക്കാനാണ് നോക്കേണ്ടതെന്നു ചുരുക്കം.

ഇപ്പോഴത്തെ ചര്‍ച്ചകളിലെ രസം വേറെയാണ്. അത് ഇസ്ലാമിലില്ലാത്തതല്ലേ, അനിസ്ലാമികമല്ലേ എന്ന ഒഴികഴിവിനു പഴുതു തരാതെ പെണ്ണുങ്ങളുടെ സുന്നത്തു കാര്യത്തില്‍ മതവിശാരദന്മാരുടെ കുറിപ്പുകളാണെവിടെയും. സാധാരണ പലതും ഇസ്ലാമിലില്ലാത്തതാണ് എന്ന ആശ്വാസത്തില്‍ വിട്ടു പിടിക്കാറാണ് പലരും. ഇതിപ്പോ ഇസ്ലാമില്‍ ഉള്ളതാണ്. ഇനിയെന്തു ചെയ്യും? കഴിഞ്ഞ പല ചര്‍ച്ചകളേക്കാളും ആശയക്കുഴപ്പം കൂട്ടാനുള്ള ശേഷിയാണ് ഈ വിഷയത്തിലെ ചര്‍ച്ചകളില്‍ എന്റെ താത്പര്യം കൂട്ടുന്നത്. ഒരു വിഭാഗം പ്രാകൃതവും ഗോത്രവര്‍ഗങ്ങളില്‍ നിലനിന്നിരുന്നതുമായ ആചാരമാണിത് എന്നു പറയുന്നു. വേറെ ഒരു കൂട്ടര്‍ അതൊന്നുമല്ല, ഇതു മതം നിര്‍ദേശിച്ച പുണ്യപ്രവൃത്തിയാണെന്നു വാദിക്കുന്നു. ചര്‍ച്ചകള്‍ രണ്ടു തട്ടിലാണെങ്കിലും മതം പഠിച്ചവരും അതില്‍ വിധിക്കാന്‍ പ്രായമുള്ളവരും പറയുന്നതിനാണല്ലോ മുഖവില. അവരു പറയുന്ന കണക്കിന് കേരളത്തില്‍ ആണ്‍കുട്ടികളുടെ സുന്നത്തു കല്യാണം പോലെ പെണ്‍കുട്ടികളുടെ സുന്നത്തു കല്യാണങ്ങള്‍ നടക്കുന്നില്ല എന്നത് കേരള ഇസ്ലാമിന് ഒരു കുറച്ചിലാണ്. കാരണം അത്രയും പോരിശയാക്കപ്പെട്ട ഒരു സംഗതിയാണ് കേരള മുസ്ലിംകള്‍ വേണ്ട എന്നു വച്ചിരിക്കുന്നത്.

എന്നാല്‍ പിന്നെ ഇനിയെങ്കിലും പി.കെ ഫിറോസ് പൂട്ടിട്ട കണക്കിനുള്ള ക്ലിനിക്കുകള്‍, കേരളമാകെ തുറക്കാത്തതെന്താവും? പെണ്‍കുട്ടികളുടെ സുന്നത്തു കൂടി കഴിക്കേണ്ടതിന്റെ ആവശ്യകത (ആവശ്യം എന്നു പറയില്ല, കത കൂടെ വേണം) പ്രസംഗങ്ങളില്‍ വിഷയമാകാത്തത് എന്തു കൊണ്ടാകും. ഒറ്റക്കാരണമേ ഉള്ളൂ. കേരളീയ മുസ്ലിങ്ങള്‍ അതിനു ചെവികൊടുക്കാന്‍ പോകുന്നില്ല. അവനവന്റെ ഇസ്ലാമിനെ ജീവിക്കുന്ന കാലവുമായും സാഹചര്യങ്ങളുമായും അപ്‌ഡേറ്റ് ചെയ്തവരാണ് സാധാരണ മുസ്ലിങ്ങള്‍. അവരെ നന്നായി മതപുരോഹിതര്‍ക്കും അറിയാം. അതു കൊണ്ട് ഇക്കാര്യം പറഞ്ഞാല്‍ വിലപ്പോവില്ല, ഉള്ള വില പോവുകയും ചെയ്യും. ഉള്ള വില കളഞ്ഞാല്‍ പൂട്ടിപ്പോകുന്ന കച്ചവടങ്ങളെ പറ്റിയും നല്ല ധാരണയുള്ളവരാണ് ഇസ്ലാമിന്റെ കേരളത്തിലെയും നടത്തിപ്പുകാര്‍. തോല്‍ക്കുന്ന കളിക്ക് അവര്‍ ഇറങ്ങില്ല. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ ഊന്നല്‍ അതു കൊണ്ടു തന്നെ അത് ഇസ്ലാമല്ല, ഇത് ഇസ്ലാമല്ല എന്ന ന്യായത്തില്‍ ഇനിയും മുന്നോട്ടു പോവുക എളുപ്പമല്ല എന്നതു തന്നെയാണ്. ഏറു കൊള്ളാതെ ഒഴിയാനിനി നമ്മുടെ വാക്കുവഴക്കം മതിയാവില്ല എന്നതാണ്. നമ്മുടെ ഇസ്ലാമിനെ നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നതാണ്. നമ്മെളെയും നമ്മുടെ ഇസ്ലാമിനെയും അപ്‌ഡേറ്റ് ചെയ്യാതെ പറ്റില്ല എന്നതാണ്. ആണുങ്ങളുടെ സുന്നത്തുമുറി തന്നെ ഖുര്‍ആനിലില്ല. അങ്ങനെ പറയുന്നത് അത് ഇസ്ലാമിലില്ല എന്നു പറയാനല്ല. പെണ്ണുങ്ങളുടെ ചേലാക്കര്‍മ്മവും ഇസ്ലാമിലുള്ളതാണ്. അതു വേണ്ടതില്ല എന്നു വെക്കാനായ സമൂഹമാണ് കേരള മുസ്ലിങ്ങള്‍. അഥവാ തങ്ങളുടെ മതത്തെയും കാലത്തെയും അവര്‍ പൊരുത്തക്കേടില്ലാതെ ഇക്കാര്യത്തിലെങ്കിലും രൂപപ്പെടുത്തി, പരുവപ്പെടുത്തി. ഇസ്ലാം ഇങ്ങനെയുള്ള അപ്‌ഡേഷനുകളിലൂടെ തന്നെയാണ് ഇക്കാലത്തിന്റെ കൈകളിലെത്തിയതും.

ഒരുദാഹരണത്തിന്..!
1794-ല്‍ ഫ്രാന്‍സാണ് ആദ്യമായി അടിമത്തം നിരോധിക്കുന്നത്. 1848-ലേ ഔപചാരികമാണെങ്കിലും അതവസാനിപ്പിക്കാന്‍ അവര്‍ക്കായുള്ളൂ. എന്നിട്ടത് അവസാനിച്ചോ എന്ന ചോദ്യങ്ങളൊക്കെ കാണും. അതവിടെ നില്‍ക്കട്ടെ. 1807-ല്‍ ബ്രിട്ടനും അടിമ വ്യാപരം നിര്‍ത്താന്‍ തീരുമാനിച്ചു. 1834-ലേ അവര്‍ക്കും അതവസാനിപ്പിക്കാനായുള്ളൂ. അപ്പോഴും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കും സിലോണിനും ഇളവു നല്‍കി. 1860-കളില്‍ അമേരിക്കയും റഷ്യയുമൊക്കെ ഇതേ തീരുമാനങ്ങളെടുത്തു. ഇതൊക്കെ കണ്ടും കേട്ടും, ലോകം മുന്നോട്ടും തങ്ങള്‍ പിറകോട്ടും പോവുകയാണോ എന്ന ആധിയുണ്ടായിരുന്ന ഓട്ടോമന്‍ സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമനും അടിമത്തം നിരോധിച്ചു കൊണ്ടുള്ള ഫിര്‍മാന്‍ പുറപ്പെടുവിച്ചു. വെളുത്ത അടിമകള്‍ക്കേ അപ്പോഴും സ്വാതന്ത്ര്യം ലഭിക്കുമായിരുന്നുള്ളൂ. സുല്‍ത്താന്‍ മഹ്മൂദിന്റെ മകന്‍ സുല്‍ത്താന്‍ അബ്ദുല്‍ മജീദ് 1854-ല്‍ വീണ്ടും ശാസന കടുപ്പിച്ചു. സഹജീവികളായ മനുഷ്യരെ വില്‍ക്കുന്നതും വാങ്ങുന്നതും നീചകൃത്യമാണെന്ന് അദ്ദേഹം വിളംബരം ചെയ്തു. 1856-ല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുര്‍ക്കിഷ് മാഗ്‌നാകാര്‍ട്ടാ എന്നു പേരുകേട്ട ഹാത്തിഹുമയൂണ്‍ വിളംബരം വന്നു. അടിമത്തം നിരോധിച്ചു കൊണ്ടുള്ള ഈ ഓട്ടോമന്‍ തീരുമാനത്തിനെതിരെ ഏറ്റവും വലിയ കോലാഹലവും കലഹവും നടന്നത് മക്കയുടെ തെരുവുകളിലായിരുന്നു. ജോണ്‍ ലൂയിസ് ബുക്കാര്‍ട്ട് അദ്ദേഹം നേരില്‍ കണ്ട ഹജ്ജിനെ കുറിച്ചെഴുതുമ്പോള്‍ ആ കാലത്തെ മക്കയിലെ അടിമ സമ്പ്രദായത്തെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അടിമത്തം നിരോധിക്കുന്നു എന്നത് മക്കയിലെ ജനങ്ങള്‍ക്കും പുരോഹിതര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഇസ്ലാമായിരുന്നില്ല. ആളുകള്‍ തങ്ങളുടെ ലാഭനഷ്ടങ്ങളുടെ കണക്കു കൂട്ടി വിഹ്വലരായി. ഉലമാക്കളായിരുന്നു വലിയ തമാശ. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സമ്പ്രദായമല്ലേ അടിമത്തം, ഖുര്‍ആന്‍ ലോകാവസാനം വരേ നിലനില്‍ക്കേണ്ടതല്ലേ, അപ്പോള്‍ ഖുര്‍ആന്‍ അപ്രസക്തമാകാതിരിക്കാന്‍ അടിമത്തവും ലോകത്തു വേണ്ടേ എന്നായിരുന്നു അവരുടെ ന്യായം. മറ്റൊരു ന്യായം പല പാപങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമല്ലേ അടിമകളെ മോചിപ്പിക്കുക, അപ്പോള്‍ അടിമകള്‍ ഇല്ലെങ്കില്‍ എങ്ങനെ (പാപം ചെയ്യും) പാപമോചനത്തിനു പ്രായശ്ചിത്തം ചെയ്യും എന്നതായിരുന്നു. സംഭവം ഇത്രയേയുള്ളൂ. ഏകനായ ദൈവത്തെ മാത്രമേ വണങ്ങാന്‍ പാടുള്ളൂ എന്ന തൗഹീദിന്റെ പ്രമാണങ്ങളെ കൂട്ടിപ്പിടിച്ചു നടക്കുന്നവര്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ടിലും തന്നെപ്പോലെ തന്നെയുള്ള വേറൊരു മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലായില്ല. ഒരു മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അവരിലൊരാളിന്റെ കുറ്റകൃത്യത്തിനും അവര്‍ ഒരേ വിലയിട്ടു. അപ്പോഴും ഇപ്പോഴും അതിനു മുമ്പേയും മനുഷ്യരുടെ കാലുകളിലണിയിച്ച ചങ്ങലകളെ അഴിക്കാന്‍ വന്ന ദൂതരായിരുന്നു മുഹമ്മദ് നബി. അത്രയുമാണ് കാര്യം. ഇസ്ലാം ഇങ്ങനെയൊക്കെയാണ് ബാക്കിയായത്.

ഉദ്ദിഷ്ടകാര്യം:
ഖുര്‍ആന്‍ ഒരു നിയമസംഹിതയല്ല. ഒറ്റവാക്കില്‍ ഇങ്ങനെ പറഞ്ഞാല്‍ അടുത്ത സുഹൃത്തുക്കള്‍ പോലും വാളെടുക്കും. ഖുര്‍ആനെ ഒരു നിയമ പുസ്തകമായി അവതരിപ്പിക്കുന്നത് ദൈവവചനങ്ങളുടെ ആ സമാഹാരത്തെ കുറച്ചു കാണലും തരംതാഴ്ത്തലുമാണ്. ഖുര്‍ആന്റെ സമഗ്രതയെ നിയമകാര്യത്തിലേക്ക് ചുരുക്കുകയാണ് ഖുര്‍ആനെ അങ്ങനെ മാത്രം വായിക്കണമെന്ന് ശഠിക്കുന്നവര്‍. ഉള്ളടക്കം കൊണ്ട് ഒരു ജീവിത പുസ്തകമാണത്. ഖുര്‍ആന്‍ ചില നേരത്ത് നിയമത്തിന്റ സ്വരത്തിലും മനുഷ്യരോട് സംസാരിക്കുന്നുണ്ട്. മറ്റൊന്ന് നബിചര്യയാണ്. നബിയുടെ വാക്കും പ്രവൃത്തിയും മൗനവും സമ്മതവുമൊക്കെയാണ് ഹദീസുകള്‍. ഈ ഉള്ളടക്കങ്ങളും അവയുടെ നിര്‍ദ്ധാരണവും ഏകോപനം, താരതമ്യം തുടങ്ങിയ മാനദണ്ഡങ്ങളും ആസ്പദമാക്കി ഇസ്ലാമിക പണ്ഡിതര്‍ മെനഞ്ഞ നിയമവ്യവസ്ഥയാണ് ശരീഅ. ഓരോ സമൂഹമാണ് അവര്‍ക്കാവശ്യമായ നിയമവ്യവസ്ഥ രൂപപ്പെടുത്തുന്നത് എന്ന തത്വത്തെ പാലിച്ചു തന്നെയാണ് ശരീഅ നിയമ നിര്‍മാണം നടന്നു വന്നത്. അതതു കാലത്തെ ചരിത്രത്തിന്റെ ഉല്‍പന്നമാണ് നിയമവ്യവസ്ഥകള്‍. നിയമവ്യവസ്ഥ മാറ്റങ്ങള്‍ക്ക് വിധേയപ്പെടുന്ന സ്ഥാപനമാകയാല്‍ ഇസ്‌ലാമിക സമൂഹങ്ങള്‍ക്കകത്ത് ഈ വ്യവസ്ഥകളുടെ പുനര്‍വായനകളും പുനരാഖ്യാനങ്ങളും സ്വഭാവികമായി നടന്നിട്ടുമുണ്ട്. രണ്ടു തരത്തിലതിനെ കാണാനാവും ചരിത്രത്തില്‍. സ്ഥലത്തിന്റെ സ്വാധീനങ്ങളും കാലത്തിന്റെ സ്വാധീനങ്ങളും അതിന്റെ പുനരെഴുത്തിന് കാരണമായിട്ടുണ്ട്.

കാലനുസൃതമായി ശരീഅ ഗ്രന്ഥങ്ങളുടെ പുനരാഖ്യാനങ്ങള്‍ നടന്നതിന്റെ ഫലമാണ് ഇന്നു ലഭ്യമായ അനേകം കര്‍മ്മ ശാസ്ത്ര ഗന്ഥങ്ങള്‍, ഭിന്നാഭിപ്രായങ്ങള്‍. അതിനൊപ്പം തങ്ങള്‍ ആശ്രയിക്കുന്ന ഗ്രന്ഥത്തിന്റെ വക്കിലും വശങ്ങളിലും അതതു കാലത്തിന്റെ നിയമ വശങ്ങള്‍ വ്യാഖ്യാന രൂപത്തില്‍ എഴുതിപ്പിടിപ്പിക്കുന്ന രീതിയും പണ്ഡിതര്‍ സ്വീകരിച്ചിട്ടുണ്ട്. ശറഹ്, ഹാശിയ എന്നിങ്ങനെയാണവയെ വിളിക്കുക. ഒറ്റക്കു നില്‍ക്കാന്‍ കെല്‍പ്പു നേടിയ ഗ്രന്ഥങ്ങളായി ഈ വിശദീകരണക്കുറിപ്പുകളും പുനര്‍നിര്‍ണയങ്ങളും മാറിയ ചരിത്രവുമുണ്ട്. കാലികമായ പുനരെഴുത്താണവര്‍ നിര്‍വഹിച്ചത്. പൊളിച്ചെഴുത്തുകളല്ല. മുന്‍കൂര്‍ എഴുതപ്പെട്ട ശരീഅ മാത്രമാണ് സാധു എന്ന സുനിശ്ചിതത്വത്തില്‍ മനുഷ്യജീവിതത്തെ തളച്ചിടുന്നതിനു പകരം പുതിയ കാലത്തിന്റെ ഉത്പന്നമായി നിയമവ്യവസ്ഥ രൂപപ്പെടുത്തുക വളരുന്ന ഒരു ജനതയുടെ ലക്ഷണവുമാണ്. അങ്ങനെ അല്ലാതെ വന്നപ്പോഴെല്ലാം ശരീഅ-നിയമം മുസ്‌ലിം ലോകത്തെ മര്‍ദ്ദകരുടെ ഉപകരണമായി മാറി. സ്ഥലവും കാലവും ആവശ്യപ്പെടുന്ന മുറയ്ക്ക് മതപ്രമാണങ്ങളെ വിശദീകരിക്കുന്ന പാരമ്പര്യം കേരള ഇസ്ലാമിന് അപരിചിതമല്ല.

കേരളത്തിലെഴുതപ്പെട്ട പ്രാമാണികമെന്ന് ആദരിക്കപ്പെടുന്ന ശരീഅ-കൃതിയാണ് ഫത്ഹുല്‍ മുഈന്‍. അതെഴുതിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ ഗുരുവിനോട് വിയോജിച്ചു കൊണ്ട് പുതിയ വിധികല്‍പനകള്‍ ധാരാളം നടത്തിയിട്ടുള്ളത് കാണാം. ഇത് നിഷേധാത്മക നിഷേധമല്ല, നിര്‍മാണാത്മക നിഷേധമാണ്. അതു കൊണ്ട് ചര്‍ച്ചകള്‍ നിരന്തരവും പുനര്‍ വായനകള്‍ നിര്‍ബന്ധവുമാക്കുകയാണ് നമുക്കും ചെയ്യാവുന്നത്. പഴുതു തരാത്ത അടഞ്ഞ പുസ്തകമാണ് ശരീഅയെങ്കില്‍, അതേ പുസ്തകങ്ങളുടെ താളുകളില്‍ എങ്ങനെ ‘ഖിലാഫന്‍ ലി ശൈഖിനാ’ (എന്റെ ഗുരുവിനോട് വിയോജിച്ചു കൊണ്ട്) എന്ന തുറന്നെഴുത്തു വന്നു. ഈ തുറന്നു പറച്ചിലിനാണ്, വിയോജിപ്പു രേഖപ്പെടുത്തലിനാണ് ലോക ജീവിതത്തെ കൂടുതല്‍ അറിയാനുള്ള അവസരം കൈവന്ന മതപഠിതാക്കളും സമുദായത്തിലെ യുവ അംഗങ്ങളും മുന്നോട്ടു വരേണ്ടത്. പുതിയ കാലത്തിന് അതിന്റെ തന്നെ വഴിവിളക്കുകളെയാണ് കത്തിച്ചു വെക്കേണ്ടത്.

റഫീക്ക് ഉമ്പാച്ചി

റഫീക്ക് ഉമ്പാച്ചി

മതപാഠശാലകളിൽ പ്രശസ്തമായ ദാറുൽ ഹുദയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ലേഖകൻ കവിയും ചലചിത്രഗാന രചയിതാവുമാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍