UPDATES

ട്രെന്‍ഡിങ്ങ്

‘കക്കൂസി’ന്റെ സംവിധായിക ദിവ്യ ഭാരതി ജീവനുമായി ഓടുകയാണ്; കേസുകള്‍, വധ-ബലാത്സംഗ ഭീഷണി; പോകാനുമിടമില്ല

തന്നെ വേട്ടയാടുന്നത് പുതിയ തമിഴകം മാത്രമല്ല; ബിജെപിയും ആര്‍എസ്എസും കൂടി ചേര്‍ന്നാണെന്ന് ദിവ്യ പറയുന്നു.

ഷാഹിന കെകെ

ഷാഹിന കെകെ

തമിഴ്‌നാട്ടിലായിരുന്നു രണ്ടു ദിവസം, ‘കക്കൂസ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായിക ദിവ്യാ ഭാരതിയെ കാണാന്‍ പോയതാണ്; അഭിമുഖമെടുക്കാനും എഴുതാനും. തികച്ചും ഔദ്യോഗികമായ യാത്ര. മധുരയിലാണ് ദിവ്യയുടെ വീട്. പുറപ്പെടുന്നതിനു മുമ്പ്, ലഭ്യമായ മൂന്നു നമ്പറുകളിലും ഏറെത്തവണ ശ്രമിച്ചിട്ടും ദിവ്യയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ അങ്ങേത്തലയ്ക്കല്‍ ഫോണ്‍ എടുത്തത് സഖാവ് മതിവണ്ണനാണ്, സിപിഐ (എംഎല്‍- ലിബറേഷന്‍) പ്രവര്‍ത്തകന്‍. മധുരയിലേക്ക് വരാന്‍ പറഞ്ഞു അദ്ദേഹം. ട്രെയിന്‍ കയറി കുറച്ചു കഴിഞ്ഞപ്പോള്‍ യാത്ര ഡിണ്ടിഗലിലേക്കു നീട്ടാന്‍ പറഞ്ഞു, അദ്ദേഹം. ഡിണ്ടിഗല്‍ റെയിവേ സ്റ്റേഷനില്‍ ഒരാള്‍ എന്നെ കൂട്ടാന്‍ വരും എന്നുമറിയിച്ചു. ഡിവൈഎഫ്‌ഐയുടെ ജില്ലാ വൈസ് പ്രസിഡന്റ് ശരത് ആണ് റെയില്‍വേ സ്റ്റേഷനില്‍ വന്നത്. ശരത്തിന്റെ ബൈക്കില്‍ ഒരു നാലഞ്ച് കിലോമീറ്റര്‍ ദൂരെ ഒരു വീട്ടിലേക്ക്. ദിവ്യ അവിടെയാണ് ഉണ്ടായിരുന്നത്. ഒരു ഇടതുപക്ഷ അനുഭാവിയുടെ വീടാണ്. ഇപ്പോള്‍ അവര്‍ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഒരു എന്‍ജിഒ നടത്തുന്നു. അവിടെ അകത്തു ഒരു മുറിയിലിരുന്നു സംസാരിച്ചു, കുറേ മണിക്കൂറുകള്‍.

നിലവിലുള്ള അവസ്ഥ ആദ്യം പറയാം. ദിവ്യ എങ്ങനെ ഇങ്ങനെയൊക്കെ ആയി എന്നത് പിന്നാലെയും. ‘കക്കൂസ്’ എന്ന സിനിമയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. തോട്ടിപ്പണി ചെയ്യുന്ന മനുഷ്യരെ കുറിച്ചാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി. തമിഴ്‌നാട്ടില്‍ ഇരുപത്തഞ്ചോളം സ്ഥലങ്ങളില്‍ യാത്ര ചെയ്താണ് ദിവ്യ ഈ സിനിമ ചെയ്തത്. ഒന്നര വര്‍ഷമെടുത്താണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. തമിഴ്നാട്ടില്‍ തോട്ടിപ്പണി ചെയ്യുന്നവര്‍ എത്ര ഉണ്ടെന്നതിന് സര്‍ക്കാരിന്റെ കയ്യില്‍ ഒരു കണക്കുമില്ല. ലക്ഷക്കണക്കിനുണ്ടാകും എന്ന് ദിവ്യ പറയുന്നു. 2015 മുതല്‍ 2016 വരെ- സിനിമ ഷൂട്ട് ചെയ്ത കാലയളവിനിടയില്‍ മാത്രം- 27 പേരാണ് തമിഴ്‌നാട്ടില്‍ സെപ്റ്റിങ്ക് ടാങ്കില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചു മരിച്ചത്.

2017 ഫെബ്രുവരിയിലാണ് സിനിമ പുറത്തിറങ്ങിയത്. രാജ്യത്തൊട്ടാകെ നിരവധി കേന്ദ്രങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു. പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്, കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ മാസം മുതല്‍. അണ്ണാ യൂണിവേഴ്സിറ്റിയിലെ ദളിതരായ പത്തൊമ്പത് ശുചീകരണ തൊഴിലാളികള്‍ യൂണിവേഴ്സിറ്റി ഡീനിനെതിരെ പരാതി നല്‍കുന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഡീന്‍ അങ്ങേയറ്റം മനുഷ്യത്വഹീനമായ ജോലികള്‍ ചെയ്യിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്യുന്നു എന്നായിരുന്നു പരാതി. സിനിമക്ക് വേണ്ടി നേരത്തെ തന്നെ ഇവരെയൊക്ക ദിവ്യ പരിചയപ്പെടുകയും അഭിമുഖമെടുക്കുകയും ചെയ്തിരുന്നു. പരാതിക്കു ശേഷം ദിവ്യ വീണ്ടും ഇവരുടെ അഭിമുഖമെടുത്ത് യൂ റ്റ്യൂബില്‍ അപ്ലോഡ് ചെയ്തു. അതിന്റെ പിറ്റേന്ന് മുതല്‍ അവള്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ വരാന്‍ തുടങ്ങി. മൂന്നു നാല് ദിവസത്തിനിടെ ആയിരക്കണക്കിന് കോളുകള്‍. ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമുള്ള ഭീഷണികള്‍.

ദിവ്യയുടെ സിനിമ പള്ളാര്‍ സമുദായത്തെ അപമാനിക്കുന്നതാണ് എന്നാരോപിച്ച് ഒരു വിഭാഗം രംഗത്ത് വന്നു. ഇവരുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന പുതിയ തമിഴകം എന്ന പാര്‍ട്ടിയും അതിന്റെ നേതാവ് കൃഷ്ണസ്വാമിയുമാണ് ദിവ്യക്കെതിരെ കടുത്ത ആക്ഷേപവുമായി രംഗത്ത് വന്നത്. യൂണിവേഴ്സിറ്റി ഡീന്‍ പുതിയ തമിഴകം പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളയാളാണെന്നു ദിവ്യ പറയുന്നു. ഈ പാര്‍ട്ടിയാകട്ടെ കഴിഞ്ഞ കുറേ നാളുകളായി ബിജെപി അനുകൂല നിലപാടുകളിലൂടെയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഗോവധ നിരോധനത്തെ ഇവര്‍ അനുകൂലിച്ചിരുന്നു. എന്തായാലും തന്നെ വേട്ടയാടുന്നത് പുതിയ തമിഴകം മാത്രമല്ല; ബിജെപിയും ആര്‍എസ്എസും കൂടി ചേര്‍ന്നാണെന്ന് ദിവ്യ പറയുന്നു.

രണ്ടാഴ്ച മുന്‍പ് ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തു. 2009 ല്‍ നിയമവിദ്യാര്‍ത്ഥിയായിരിക്കെ നടത്തിയ ഒരു സമരത്തിന്റെ പേരിലുള്ള കേസിലാണ് അറസ്റ്റ്. ദളിത് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു ഹോസ്റ്റലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി നടത്തിയ സമരം. ഹോസ്റ്റലിനുള്ളില്‍ ഒരു ദളിത് വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടര്‍ന്നായിരുന്നു സമരം. ആ കേസില്‍ ദിവ്യ കോടതിയില്‍ ഹാജരായില്ല എന്ന് കാണിച്ച് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരറസ്റ്റ്. എന്തായാലും അന്ന് തന്നെ ജാമ്യത്തില്‍ ഇറങ്ങാന്‍ സാധിച്ചു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ തമിഴകം ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ അടുത്ത കേസ്. 153 A അടക്കമുള്ള വകുപ്പുകള്‍. ദിവ്യയുടെ സിനിമ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നുവത്രേ. ഇപ്പോള്‍ അഞ്ചു ജില്ലകളിലായി, പന്ത്രണ്ട് കേസുകള്‍ ദിവ്യക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. വീട്ടിലോ നാട്ടിലോ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാം, അല്ലെങ്കില്‍ ആക്രമിക്കപ്പെടാം എന്ന സ്ഥിതി. ഞാന്‍ യാത്ര പുറപ്പെടുമ്പോള്‍ മധുരയില്‍ വെച്ച് ദിവ്യയെ കാണാം എന്നായിരുന്നു ധാരണ. പക്ഷേ പിന്നീട് അത് ഡിണ്ടിഗലിലേക്കു മാറ്റി. സിപിഐ (എംഎല്‍-ലിബറേഷന്‍) പ്രവര്‍ത്തകയാണ് ദിവ്യ. എന്നാല്‍ സിപിഎമ്മും സിപിഐയും അടക്കം എല്ലാ ഇടതു പക്ഷ സംഘടനകളും ഒന്നിച്ച് നിന്നാണ് ദിവ്യയെ പിന്തുണക്കുന്നത്.

ഡിണ്ടിഗലിലെ ആ വീട്ടില്‍ നിന്നും ദിവ്യക്ക് അന്ന് ഇറങ്ങണമായിരുന്നു. ആ വീട് ഒരു ഓഫീസ് കൂടിയായതിനാല്‍ അവിടെ നില്‍ക്കാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല. അഭിമുഖം പൂര്‍ത്തിയാക്കി അവളെ അവിടെ വിട്ടിട്ടു പോരാന്‍ വയ്യായിരുന്നു. അന്നേ ദിവസം എന്റെ കൂടെ ഹോട്ടല്‍ മുറിയിലേക്ക് കൂട്ടി. പിറ്റേന്ന് ഒരു ഡിവൈഎഫ്‌ഐ സഖാവ് വന്ന് ദിവ്യയെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ഇത് വരെയും സുരക്ഷിതയാണെന്ന് സഖാക്കള്‍ പറയുന്നു. കടുത്ത അനിശ്ചിതത്വമാണ്. എല്ലാ കേസുകളിലെയും എഫ്‌ഐആര്‍ സംഘടിപ്പിക്കാനും നിയമസഹായം നല്‍കാനും സഖാക്കള്‍ ശ്രമിക്കുന്നുണ്ട്.

ഒരു കോട്ടണ്‍ മില്‍ തൊഴിലാളിയുടെ മകളാണ് ദിവ്യ. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത, കഷ്ടിച്ച് എഴുത്തും വായനയും മാത്രമറിയാവുന്ന തൊഴിലാളിയുടെ മകള്‍. മാസവാടക പിരിക്കാന്‍ വരുന്ന മുതലാളിയെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാത്തതിന് തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത് കണ്ടാണ് ദിവ്യ വളര്‍ന്നത്. ദിവ്യയുടെ കൂടെ പഠിച്ച മിക്ക പെണ്‍കുട്ടികളും പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കാതെ വിവാഹം ചെയ്യുകയോ കോട്ടണ്‍ മില്ലില്‍ തൊഴിലെടുക്കാന്‍ പോവുകയോ ചെയ്തു പോന്നു. പതിനാലാം വയസ്സിലാണ് ദിവ്യ സിപിഐ(എം എല്‍-ലിബറേഷന്‍) അംഗമാവുന്നത്. മധുരൈ ലോ കോളേജില്‍ പഠിക്കുന്ന കാലത്തും ദിവ്യയുടെ പ്രധാന പ്രവര്‍ത്തനം തൊഴിലാളികള്‍ക്കിടയില്‍ തന്നെയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള കൂലി ലഭിക്കാന്‍ വേണ്ടി അവരെ സംഘടിപ്പിച്ച് നിരവധി സമരങ്ങള്‍ ചെയ്തു. നാല്പത്തഞ്ചും അന്‍പതും രൂപയായിരുന്നു കൂലി. ബാക്കി ഇടനിലക്കാര്‍ കൊണ്ട് പോകും. 2015ല്‍ മധുരയില്‍ സെപ്റ്റിങ്ക് ടാങ്കില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചു മരിച്ച ഒരു തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാനും അവര്‍ക്കു നഷ്ടപരിഹാരം നേടിക്കൊടുക്കാനും ഒക്കെയായി നടത്തിയ ഇടപെടലുകളാണ് ദിവ്യയെ ഈ സിനിമയിലേക്ക് എത്തിച്ചത്. അന്ന് മുതല്‍ തോട്ടിപ്പണി എടുക്കുന്ന മനുഷ്യരോടൊപ്പം ക്യാമറയുമായും അല്ലാതെയും ദിവ്യ ജീവിച്ചു. അങ്ങനെ രണ്ടു വര്‍ഷത്തിന് ശേഷം ഈ സിനിമ ഉണ്ടായി.

ഒരേ പ്രമേയത്തില്‍ ഏതാണ്ട് ഒരേ കാലത്തു രണ്ടു സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നു. ഒന്ന് കേരളത്തിലും മറ്റേതു തമിഴ്നാട്ടിലും, ഒന്ന് ഫീച്ചറും മറ്റേത് ഡോക്യുമെന്ററിയും. വിധുവിന്റെ ‘മാന്‍ഹോളിന്’ കേരളം ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. ദിവ്യാ ഭാരതിയോ? നിര്‍ത്താതെ ഓടുകയാണ്. ഒന്നിന് പിറകെ ഒന്നായി കേസുകള്‍, വധഭീഷണി, ബലാത്സംഗഭീഷണി. ചവിട്ടി നില്‍ക്കാന്‍ മണ്ണില്ല. മുന്നില്‍ അനിശ്ചിതത്വം മാത്രം. നാളെ എങ്ങോട്ടു പോകണമെന്നറിയില്ല.

പ്രത്യയശാസ്ത്രവും സ്വത്വവാദവും സൃഷ്ടിക്കുന്ന ഭിന്നതകളുടെ പേരില്‍ പരസ്പരം പരിഹാസവും വെറുപ്പും വാരി വിതറുന്നവര്‍ ഇടയ്ക്കൊക്കെ ഒന്ന് കേരളത്തിന് പുറത്തു പോയി വരണമെന്നാണ് എന്റെ അപേക്ഷ. സ്‌നേഹം, അഭിവാദ്യം… ദിവ്യയെ വിട്ടു കൊടുക്കാതെ ചേര്‍ത്ത് നിര്‍ത്തുന്ന എല്ലാ സഖാക്കള്‍ക്കും.

(ഷാഹിന ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഷാഹിന കെകെ

ഷാഹിന കെകെ

അസി. എഡിറ്റര്‍, ഓപ്പന്‍ മാഗസിന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍