UPDATES

ട്രെന്‍ഡിങ്ങ്

ഒരു മാറ്റവുമില്ല, സ്ത്രീകള്‍ തുറന്നുപറയുന്ന ഇക്കാലത്തും ഇതാണവസ്ഥ; ഒരു മാധ്യമപ്രവര്‍ത്തകയുടെ അനുഭവം

ഏതോ പണ്ഡിതന്‍ പറഞ്ഞ പോലെ മൂന്നാഴ്ച്ചത്തെ വാറന്റി പിരീഡിനുള്ളില്‍ ഒരു സ്ത്രീ അവളനുഭവിച്ച ദുരനുഭവം പറഞ്ഞിരിക്കണം എന്നൊക്കെയുള്ള കല്പനകള്‍ കേവലം ഡാര്‍ക് ഹ്യൂമറായിക്കാണാനെ സാധിക്കുന്നുള്ളൂ

സമൂഹത്തിലെ വിവിധ ഇടങ്ങളില്‍ ലൈംഗികമായി അപമാനിക്കപ്പെട്ടതിന്റെ തുറന്നു പറച്ചിലിനുള്ള വേദിയായിരിക്കുകയാണ് മീ ടൂ മൂവ്മെന്റ്. അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു സംഭവം ഇപ്പോള്‍ പുറത്തുപറയുന്നത് പ്രത്യേക ലക്ഷ്യങ്ങളോടെയാണെന്നും അതുകൊണ്ടുള്ള പ്രയോജനമെന്തെന്നുമുള്ള ചര്‍ച്ചകളും ഇവിടെ സജീവമാണ്. എന്നാല്‍ മീ ടൂ വെളിപ്പെടുത്തലുകള്‍ സജീവമായിരിക്കുന്ന ഈ കാലത്ത് പോലും സ്ത്രീകള്‍ പൊതുയിടങ്ങളില്‍ അപമാനിക്കപ്പെടുന്നുണ്ടെന്ന് തനിക്ക് ഇന്നലെയുണ്ടായ അനുഭവം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകയായ സിന്ധു നെപ്പോളിയന്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ ഇത്രയും ശക്തമായ ഒരു കാമ്പെയ്‌നിംഗ് നടക്കുമ്പോള്‍ അത് തുടരാന്‍ യാതൊരു മടിയുമില്ലാത്ത ഈ സമൂഹത്തില്‍ മീ ടൂവിന്റെ പ്രസക്തിയെന്താണെന്നും സിന്ധു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

“മീ റ്റു ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ തന്നെ ഉണ്ടായ അനുഭവത്തെ ചുറ്റിപ്പറ്റിയാണ് ഇതെഴുതുന്നത്.

ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ഇന്നത്ത ഓഫ് ദിവസം ചെലവഴിക്കാന്‍ പുല്ലുവിളയിലെ വീട്ടിലേക്ക് വരുകയായിരുന്നു. രാത്രി ഒന്‍പതരയോടെ തമ്പാനൂരില്‍ നിന്ന് കേറിയ ബസ്സില്‍ തീരെ തിരക്കുണ്ടായിരുന്നില്ല. സൈഡ് സീറ്റില്‍ ചാരി മൊബൈലും നോക്കിയിരിക്കുവായിരുന്നു ഞാന്‍. കോവളമെത്താറായപ്പോഴേക്കും സീറ്റിന്റെ ചാരുന്ന ഭാഗത്തിനും ഇരിക്കുന്ന ഭാഗത്തിനുമിടയിലെ വിടവിലൂടെ എന്തോ ശരീരത്തിലൂടെ ഇഴയുന്ന പോലെ തോന്നി. ഞെട്ടി തിരിഞ്ഞു നോക്കിയപ്പൊ പുറകിലെ സീറ്റിലിരുന്ന, അന്‍പതിലേറെ വയസ് തോന്നിക്കുന്ന ഒരു മനുഷ്യന്‍ കുനിഞ്ഞിട്ട് നിവര്‍ന്നിരിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. അയാളൊരു കയ്യുപയോഗിച്ച് മാസ്റ്റര്‍ബേറ്റ് ചെയ്യുകയും മറ്റേ കൈ കൊണ്ട് എന്നെ പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ദേഷ്യവും ഇറിറ്റേഷനും സങ്കടവുമൊക്കെ കൂടി എന്റെ ബാലന്‍സ് തെറ്റും പോലെ തോന്നി. അയാളെ ഞാന്‍ എന്തൊക്കെയോ പറഞ്ഞു. ഇറങ്ങിപ്പോടോ ഇവിടുന്നെന്ന് പറഞ്ഞു. അയാള്‍ തലയും താഴ്ത്തി ഇറങ്ങിപ്പോയി.

വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ സംഭവമല്ല ഇത്. ഇന്നലെ രാത്രി ഉണ്ടായതാണ്. ഇപ്പോള്‍ നടക്കുന്ന മീ റ്റു തുറന്നുപറച്ചിലുകളെ പലരും എതിര്‍ക്കുന്ന ലോജിക്ക് വച്ചാണെങ്കില്‍ ഞാനെന്തു കൊണ്ട് ഇന്നലെ തന്നെ അയാള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടില്ല എന്നായിരിക്കും ചോദ്യം. പക്ഷേ ഇന്നലെ ആ ബസിനുള്ളില്‍ വെച്ച് അയാളെ എന്റെ കണ്‍വെട്ടത്ത് നിന്നും മാറ്റാനാണ്/അയാളില്‍ നിന്ന്, ആ ബസില്‍ നിന്ന് ഇറങ്ങിപ്പോവാനാണ് എനിക്ക് തോന്നിയത്. എന്റെ ബഹളം കേട്ടു വന്ന കണ്ടക്ടര്‍ അയാളെ അപ്പൊ തന്നെ ബസ് നിര്‍ത്തിച്ച് ഇറക്കി വിടുകയായിരുന്നു. ഇപ്പോഴും എനിക്കയാളുടെ മുഖം ഓര്‍മ്മയുണ്ട്. ഇന്നലെ ഇതാരോടും പറയാന്‍ പോലും നില്‍ക്കാതെ അത്രയും തളര്‍ന്നാണ് വീട്ടിലേക്ക് വന്നു കയറിയത്. ഇന്ന് രാവിലെ നോര്‍മലായതില്‍പ്പിന്നെയാണ് ഇതേപ്പറ്റി ഒരാളോട് പറയുന്നത് പോലും.

ഒരു മൂന്നോ നാലോ കൊല്ലം മുന്‍പുള്ള ഞാനായിരുന്നെങ്കില്‍ പേടിച്ച് വിറച്ച് അയാളെ ഒന്നു നോക്കുക പോലും ചെയ്യാതെ അവിടുന്നിറങ്ങി ഓടിയേനെ. ഇന്നത്തെ എനിക്ക് ഇതൊരു ഓര്‍മ്മയായി കൊണ്ടു നടന്ന് അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞ് നിങ്ങളോട് മീ റ്റു പറഞ്ഞ് ഇത് വിവരിക്കേണ്ട ആവശ്യം വരുന്നില്ല. എനിക്കെന്നല്ല, ഇന്നത്തെ കാലത്ത് ഇത്തരം അബ്യൂസുകള്‍ അനുഭവിക്കുന്ന സ്ത്രീകളില്‍ പലരും അതിനെ പരസ്യമായിത്തന്നെ കൈകാര്യം ചെയ്യുന്നുണ്ട്.

പക്ഷേ ഇന്നലത്തെ അനുഭവം സംഭവിച്ചത് അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നെങ്കിലോ? അപരിചിതനായ ആ അബ്യൂസര്‍ക്ക് പകരം എനിക്കും നിങ്ങള്‍ക്കുമൊക്കെ അറിയാവുന്ന, സമൂഹത്തിന്റെ പല പ്രിവിലേജും അനുഭവിച്ച് നില്‍ക്കുന്ന ആളായിരുന്നു അന്ന് എന്നോടിത് ചെയ്തതെങ്കിലോ? അയാള്‍ എന്റെ നാട്ടില്‍, എനിക്കറിയാവുന്ന പലരുടെയും സുഹൃത്തായി, അതേ കെഎസ്ആര്‍ടിസി ബസില്‍ എനിക്കൊപ്പം ദിവസവും യാത്ര ചെയ്തുകൊണ്ടേയിരുന്നെങ്കിലോ? അയാളില്‍ നിന്നും ഒന്നും സംഭവിക്കാത്ത മട്ടില്‍ ഞാനൊരു പക്ഷേ ജീവിച്ചേനെ. സാമൂഹികവും സാമ്പത്തികവും സംസ്‌ക്കാരികപരവുമായ പല കാരണങ്ങള്‍ കൊണ്ടും ഇത്തരം അനുഭവങ്ങള്‍ മനസിലിട്ട് കൊണ്ടു നടക്കുന്ന എത്രയധികം സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ടെന്നറിയാമോ? നിങ്ങള്‍ക്ക് സങ്കല്പിക്കാനാവുമോ?

അടുത്ത തവണ തിരക്കുള്ള, സ്‌കൂള്‍ യൂണിഫോമിട്ട പെണ്‍കുട്ടികള്‍ കൂട്ടത്തോടെ നില്‍ക്കുന്ന, ഒരു ബസില്‍ കയറി നോക്കൂ. ആ കുട്ടികളുടെ ഇടയില്‍ തന്നെ നിന്ന്, ഇവിടുത്തെ ആണ്‍പടകള്‍ ‘ജാക്കി വയ്ക്കല്‍’ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന വൃത്തികേട് കാണിക്കുന്നവന്മാരെ നിങ്ങള്‍ക്ക് മിക്കവാറും കാണാനാവും. ഇതൊരു ഉദാഹരണം മാത്രമാണ്. നമ്മുടെ ബസുകള്‍ സങ്കല്‍പങ്ങള്‍ക്കും അപ്പുറത്തുള്ള അബ്യൂസുകള്‍ നടക്കുന്ന ഇടമാണെന്ന് എനിക്കുറപ്പാണ്.

സ്‌കൂള്‍ കുട്ടികളായിരിക്കുമ്പോള്‍, കരിയറിന്റെ തുടക്കകാലത്ത്, മാമനും അമ്മാവനും അങ്കിളും ചേട്ടനുമൊക്കെ അടങ്ങുന്ന കുടുംബ വലയങ്ങളില്‍, അധ്യാപകരായും കോച്ചായും മതപുരോഹിതരായും വീട്ടിലെ ഫ്യൂസായിപ്പോയ ബള്‍ബ് ശരിയാക്കാന്‍ വന്ന ഇലക്ട്രീഷ്യനായും ഒക്കെ ഇവിടുത്തെ പെണ്ണുങ്ങളില്‍ കടന്നുകയറ്റം നടത്തുന്ന, അശ്‌ളീലം മാത്രം കലര്‍ന്ന നോട്ടങ്ങളും ചിരിയും തന്ന് കടന്നു പോവുന്ന എത്രയെത്ര പുരുഷന്മാരുണ്ടെന്നോ!

മറുവശത്ത് നില്‍ക്കുന്നവന്‍ അധികാരമുള്ള ആണായതു കൊണ്ട്, അറുത്തു മുറിക്കാന്‍ പറ്റാത്ത ബന്ധളായതു കൊണ്ട്, തൊഴിലിടത്തിലെ മേലുദ്യോഗസ്ഥനായതു കൊണ്ട്.. അങ്ങനെ നൂറു നൂറു കാരണങ്ങളുണ്ടാവും ഒരുവള്‍ക്ക് മിണ്ടാതിരിക്കാന്‍. തന്നോട് അന്ന് മോശമായി പെരുമാറിയ മനുഷ്യന്‍ ഇന്നും സിനിമലോകത്തിന് പ്രിയപ്പെട്ടനാവുമ്പോള്‍, ഇന്നും കേന്ദ്രമന്ത്രിയായി തുടരുമ്പോള്‍, അങ്ങനെയങ്ങനെ ചെറുതും വലുതുമായ അനേകം കമ്മ്യൂണിറ്റികളില്‍ വിരഹിക്കുമ്പോള്‍ ഈ സ്ത്രീകളെല്ലാം ഇത്രയും കാലം ഒന്നും നടന്നിട്ടില്ലെന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിച്ച് ജീവിക്കുകയായിരുന്നു. മീറ്റു അവര്‍ക്ക് മാറി ചിന്തിക്കാനുള്ള അവസരം കൊടുത്തു. ഇറ്റ് ഈസ് അസ് സിമ്പിള്‍ അസ് ദാറ്റ്!

ഏതോ പണ്ഡിതന്‍ പറഞ്ഞ പോലെ മൂന്നാഴ്ച്ചത്തെ വാറന്റി പിരീഡിനുള്ളില്‍ ഒരു സ്ത്രീ അവളനുഭവിച്ച ദുരനുഭവം പറഞ്ഞിരിക്കണം എന്നൊക്കെയുള്ള കല്പനകള്‍ കേവലം ഡാര്‍ക് ഹ്യൂമറായിക്കാണാനെ സാധിക്കുന്നുള്ളൂ.

മീ റ്റു തുറന്നുപറച്ചിലുകളെ കണ്ണടച്ച് എതിര്‍ക്കുന്നവരൊക്കെ ഒന്നോര്‍ത്തു നോക്കൂ; അഞ്ചു സുന്ദരികള്‍ സിനിമയില്‍ സ്റ്റുഡിയോക്കാരനാല്‍ ഉപദ്രവിക്കപ്പെട്ട കുഞ്ഞു സേതുലക്ഷ്മിയെ… ഹൈവേ സിനിമയില്‍ വര്‍ഷങ്ങളായി കുടുംബസുഹൃത്തിനെ പേടിച്ച് കഴിയുന്ന ആലിയ ഭട്ടിന്റെ കഥാപാത്രത്തെ… അവരൊക്കെയും തുറന്നുപറച്ചിലുകളുടെ എഫക്റ്റ് കാണിച്ചു തന്നവരാണ്. പടം കണ്ടുകൊണ്ടിരിക്കുമ്പൊ, ഈ പെണ്ണുങ്ങടെ ഓരോ അവസ്ഥയേ എന്ന് മനസിലോര്‍ത്ത് സഹതപിക്കുന്നവര്‍ ഒക്കെയും പടം കഴിഞ്ഞ് ആ കഥാപാത്രങ്ങളെ അവിടെ ഉപേക്ഷിച്ചു പോരുകയാണ്. എന്നിട്ടിവിടെ വന്ന് തുറന്നുപറച്ചില്‍ നടത്തുന്ന പെണ്ണുങ്ങളെയെല്ലാം വെടിയെന്ന് വിളിച്ച് ഒരുളുപ്പുമില്ലാതെ ആക്ഷേപിക്കുന്നവരുമാണ്.

ഇത്രയും ഇവിടെ പറഞ്ഞു വച്ചതു കൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഫെമിനിസം പറയുന്ന, ജെന്റര്‍ ഇക്വാലിറ്റിയെപ്പറ്റി സംസാരിക്കുന്ന എന്റെ പല പോസ്റ്റുകളിലും വന്ന്, രണ്ടു വര്‍ത്തമാനം പറഞ്ഞില്ലെങ്കില്‍ മന:സമാധാനം കിട്ടാത്ത ഒരു കൂട്ടം ഏട്ടനിക്ക ഫാന്‍സ് ഇവിടെ വന്നു വിളമ്പാനുദ്ദേശിക്കുന്ന പുരുഷ രോദനങ്ങള്‍ എന്താണെന്നേ അറിയേണ്ടതുള്ളൂ.”

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

#MeToo: എംജെ അക്ബർ രാജി വെക്കില്ല: നിയമനടപടിയെടുക്കുമെന്ന് ഭീഷണി

ആഘോഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും സംഘപരിവാര്‍ പാളയത്തിലേക്ക്; ഇപ്പോള്‍ ‘ലൈംഗിക അതിക്രമി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍