UPDATES

പുതുവൈപ്പിനില്‍ എന്താണ് ചെയ്യേണ്ടത്? ഒരു പത്രപ്രവര്‍ത്തകന് പറയാനുള്ളത്

കേരളത്തിൽ എന്തൊക്കെ നടക്കും, എന്തൊക്കെ നടക്കില്ല എന്ന് പുറമേക്കാരനായ പോലീസുകാരനോട് ചിലപ്പോൾ പറഞ്ഞുകൊടുക്കേണ്ടിവരും. അതുപക്ഷെ, സിപിഎം നേതൃത്വത്തോട് പറയേണ്ടിവരുന്നത് ഖേദകരമാണ്.

പുതുവൈപ്പിനില്‍ പോയിരുന്നു.

പല കാര്യങ്ങളിലും നാട്ടുകാർക്ക് തെറ്റിദ്ധാരണയുണ്ട്, ക്ഷമയും തലയ്ക്കു വെളിവും നാട്ടുകാർക്ക് വിശ്വാസവുമുള്ള ആരെങ്കിലും അവരോടു സമാധാനമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാൽ തീരുന്ന പ്രശ്നമേ അവിടെ ഉള്ളൂ എന്നാണ് എനിക്ക് മനസിലായത്.

1. തൊട്ടപ്പുറത്തുള്ള രണ്ടു എൽ.എൻ.ജി ടെർമിനലുകൾ കുഴപ്പമില്ല, പക്ഷെ എൽ.പി.ജി ടെർമിനൽ വന്നാൽ ഭീകര പ്രശ്നമാണ് എന്നാണ് ആളുകൾ മനസിലാക്കി വച്ചിരിക്കുന്നത്. ഒന്നാമത്തെ കാര്യം പെട്രോളിയം പ്രോജക്ടുകൾ തോന്നുന്നപോലെ നിർമിക്കാൻ ഒരു കമ്പനിക്കും പറ്റില്ല. അതിനു അന്താരാഷ്‌ട്ര പ്രോട്ടോക്കോളുകൾ ഉണ്ട്; അതുറപ്പാക്കാൻ സ്വതന്ത്ര സർക്കാർ ഏജൻസികൾ ഉണ്ട്, അവയുടെ ഇൻസ്പെക്ഷനുകൾ ഉണ്ട്. അവയനുസരിക്കാതെ ഒരു പ്രോജക്ടും ഒരിടത്തും വരില്ല. അക്കാര്യം ഉറപ്പുവരുത്തേണ്ടതും നാട്ടുകാരെ ബോധ്യപ്പെടുത്തേണ്ടതും സർക്കാരിന്റെയും ഐ.ഒ.സി യുടെയും ഉത്തരവാദിത്തമാണ്. അത് നടന്നതായി കണ്ടില്ല.

2. എൽ.എൻ.ജി കുഴപ്പമുള്ള വാതകമല്ല, പക്ഷെ എൽ.പി.ജി വളരെ അപകടമാണ് എന്നാണ് ചിലർ പറയുന്നത്. വഴിനീളെ ടാങ്കറുകളിൽ കൊണ്ടുനടക്കുന്നതും സിലിണ്ടറിലാക്കി വീട്ടിലെത്തിക്കുന്നതും ഇതേ എൽ.പി.ജി തന്നെയാണ്. ഇത്രയും ചെയ്യാനറിയാവുന്ന കമ്പനികൾക്ക് അപകടമുണ്ടാക്കാതെ ഒരു സംഭരണി ഉണ്ടാക്കാൻ പറ്റില്ല എന്ന് ആരോ മനുഷ്യരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു. ലോകത്ത് ഇത്തരം സംഭരണികളിലുള്ള സുരക്ഷാ നടപടികൾ നാട്ടുകാരെ ബോധ്യപ്പെടുത്താൻ പറ്റിയില്ല എന്നത് ഒരു വീഴ്ചയാണ്.

3. നാട്ടുകാർ പറയുന്നത് 500-ഓളം ടാങ്കറുകളിൽ ദിവസവും എൽ.പി.ജി നിറച്ചുകൊണ്ടുപോകാനാണ് കമ്പനിയുടെ പരിപാടി എന്നാണ്. അത് ഗ്യാസ് ലീക്കിനു കാരണമാകും, ജനങ്ങളുടെ ജീവിതത്തെ അപകടപ്പെടുത്തും എന്നാണ് അവർ വിശ്വസിക്കുന്നത്.

ടാങ്കറിൽ എൽ.പി.ജി നിറയ്ക്കുന്ന പണി ലോകമെങ്ങും, കൊച്ചിയിലടക്കം, എല്ലാ ദിവസവും നടക്കുന്ന കാര്യമാണെന്നും അങ്ങനെ ഭയക്കേണ്ടതില്ല എന്നും നാട്ടുകാരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം കമ്പനിക്കും സർക്കാരിനും ഉണ്ട്. കമ്പനിയുടെ പ്രോജക്റ്റ് റിപ്പോർട്ട് അനുസരിച്ച് സംഭരണിയിൽനിന്നും കുഴൽവഴി കൊച്ചി റിഫൈനറി, ഐ.ഒ.സിയുടെ കൊച്ചിയിലെ ബോട്ടിലിംഗ് പ്ലാന്റ്, ബി.പി.സി.എല്ലിന്റെ പാലക്കാടുള്ള ടെർമിനൽ വഴി സേലത്തെത്തിക്കാനാണ് 2200 കോടി രൂപയുടെ പദ്ധതി ലക്ഷ്യമിടുന്നത്. സർക്കാർ ഇക്കാര്യത്തിൽ ക്ലാരിറ്റി വരുത്തണം.

4. രണ്ട് എൽ.എൻ.ജി, ഒരു ക്രൂഡ് പമ്പിംഗ് സ്റ്റേഷൻ ഇവ ഇപ്പോൾത്തന്നെയുണ്ടെന്നും എൽ.പി.ജി ടെർമിനൽ കൂടി വന്നാൽ ഭീകരാക്രമണത്തിന് കാരണമാകുമെന്ന ഭയം എങ്ങനെ അഡ്രസ് ചെയ്യണം എന്ന് സർക്കാർ കണ്ടുപിടിക്കണം. ഇത്തരം വലിയ പദ്ധതികൾ പ്ലാൻ ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങളൊക്കെ പരിഗണിക്കും എന്നും, ഇന്ത്യൻ നേവിയുടെ ഒരു കമാൻഡ് കൊച്ചിയിലുണ്ടെന്നും അവരുടെ ജോലിതന്നെ നമ്മുടെ തീരങ്ങൾ സംരക്ഷിക്കുകയാണെന്നും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്.

5. ഈ പ്രോജക്ടിന്റെ കാര്യത്തിൽ നാട്ടുകാർക്ക് മറ്റു എതിർപ്പുകളും ഉണ്ട്. അതിൽ പ്രധാനം നിയമപരമായ എതിർപ്പുകളാണ്. പല നിയമങ്ങളുടെയും ലംഘനം നടക്കുന്നു എന്നവർ പറയുന്നു. പല ക്ലിയറൻസുകളും വേണ്ടരീതിയിലല്ല സമ്പാദിച്ചിട്ടുള്ളത് എന്നും അവർ ആരോപിക്കുന്നു. ഞാൻ മനസ്സിലാക്കിയിടത്തോളം കോടതി അക്കാര്യത്തിൽ ഒരു തീർപ്പാക്കിയതാണ്. അത് നാട്ടുകാരെ കൃത്യമായി ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിയമലംഘനം നടത്തി ഒരു പ്രൊജക്ടുമായി മുൻപോട്ടു പോകാൻ പറ്റില്ലെന്ന് സർക്കാരും ബന്ധപ്പെട്ട ഏജൻസികളും മനസിലാക്കണം. ആളുകൾ കണ്ണടച്ചു വെറുതെയിരിക്കില്ല.

സർക്കാർ ഏജൻസികൾ പ്രോജക്ടുകൾ ചെയ്യാൻ തുടങ്ങിയാൽ നാട്ടുകാർ മൊത്തം അവരുടെ അടിമകളാണ് എന്നൊരു തോന്നൽ അവരെ ഭരിക്കാറുണ്ട്. കുറച്ചുനാൾ മുൻപ് ബന്ധുവുമായി ഒരു പൾമണോളജിസ്റ്റിനെ കാണാൻ പോയി. ബന്ധു എവിടെയാണ് താമസിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു, കടവന്ത്ര എന്ന് പറഞ്ഞു. കടവന്ത്രയിൽ എവിടെ എന്നായി അദ്ദേഹം. അതെന്താണ് അങ്ങനെ ചോദിക്കുന്നത് എന്ന് ഞാൻ. മെട്രോയുടെ പണി നടക്കുന്നതിന്റെ അടുത്തെങ്ങാനുമാണോ എന്നറിയാനാണ് എന്ന് അദ്ദേഹം. മെട്രോയുടെ അരികിൽ താമസിക്കുന്ന ആളുകളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൂടുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർ തന്നെ ഇടപ്പള്ളിയിൽ നിന്നും കാക്കനാട്ടേക്കു താമസം മാറ്റി! ഡൽഹിയിൽ മെട്രോ പണിയുമ്പോൾ ഓരോ ദിവസവും പണികഴിയുമ്പോൾ ഡിഎംആർസി റോഡുകൾ കഴുകുമായിരുന്നത്രെ. കൊച്ചിയിലെ മനുഷ്യരുടെ ആരോഗ്യം കൊണ്ട് അമ്മാനമാടാനുള്ള അധികാരം തങ്ങൾക്കുണ്ടെന്ന് മെട്രോ കമ്പനി കരുതിയിരുന്നിരിക്കണം.

ഇതിന്റെ മറ്റൊരു രൂപമാണ് പുതുവൈപ്പിനിൽ. കഴിഞ്ഞ നാലുമാസമായി എൽ.പി.ജി ടെർമിനൽ പണി നടക്കുന്ന സ്‌ഥലത്തിന്റെ എതിര്‍ഭാഗത്ത് ആളുകൾക്ക് ജീവിക്കാൻ വയ്യാത്ത അവസ്‌ഥയാണ്‌ എന്ന് അവർ പറയുന്നു; കാരണം പൊടി. ഐ.ഒ.സി ടെർമിനൽ പണിയുമ്പോൾ നാട്ടുകാർ അതിന്റെ ദോഷം അനുഭവിക്കേണ്ട ആവശ്യമെന്ത്? അവരുടെ വീടുകളിൽ പൊടി നിറയാതെ പണി നടത്താൻ റോക്കറ്റ് ടെക്നൊളജിയൊന്നും ആവശ്യമില്ല. മാത്രമല്ല ഇത്തരം കാര്യങ്ങൾ കൂടി കണക്കിലെടുത്തായിരിക്കണം വർക്ക് ടെന്‍ഡര്‍ ചെയ്തിട്ടുണ്ടാവുക. അപ്പോൾ അക്കാര്യത്തിൽ വളരെ ഗുരുതരമായ വീഴ്ച വന്നിട്ടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്.

ചുരുക്കത്തിൽ, തങ്ങളുടെ ജീവനും ജീവിതത്തിനും അപകടം വരുത്തും എന്ന് നാട്ടുകാർ കരുതുന്ന കാര്യങ്ങളിൽ അവരുടെ ആശങ്കകൾ അകറ്റാനുള്ള ഫലപ്രദമായ നടപടികൾ ഉണ്ടായതായി കാണുന്നില്ല.

പിന്നെ ശനിയാഴ്ചത്തേയും ഇന്നലത്തേയും പോലീസ് നടപടി. ഒ.വി വിജയൻ പറഞ്ഞപോലെ ‘പണ്ടൊരു പരീക്ഷയെഴുതി’ എന്നത് മനുഷ്യരെക്കാണുമ്പോൾ പേപ്പട്ടിയെപ്പോലെ പെരുമാറാനുള്ള ലൈസൻസാണെന്നു കരുതുന്ന യതീഷ് ചന്ദ്ര എന്ന പോലീസുകാരനെ വച്ച് ജനങ്ങളുടെ സമരം അടിച്ചമർത്തി ‘വികസനം’ കൊണ്ടുവരാൻ ശ്രമിക്കുന്നത് അത്ര ഗുണകരമാവില്ല എന്ന് പോലീസ് വകുപ്പ് കൈകാര്യം ചെയ്യാൻ ഏല്‍പ്പിച്ചിരിക്കുന്ന മന്ത്രിയെ സിപിഎം നേതൃത്വം ഓർമിപ്പിക്കുന്നത് നന്നായിരിക്കും. സ്ത്രീകളെയും കുഞ്ഞുങ്ങളെയും തല്ലി ശരിയാക്കി വികസിപ്പിക്കാം എന്ന മണ്ടത്തരം എത്ര വേഗം കളയുന്നുവോ അത്രയും നല്ലത്.

കേരളത്തിൽ എന്തൊക്കെ നടക്കും, എന്തൊക്കെ നടക്കില്ല എന്ന് പുറമേക്കാരനായ പോലീസുകാരനോട് ചിലപ്പോൾ പറഞ്ഞുകൊടുക്കേണ്ടിവരും. അതുപക്ഷെ, സിപിഎം നേതൃത്വത്തോട് പറയേണ്ടിവരുന്നത് ഖേദകരമാണ്.

(ജേക്കബ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍