UPDATES

ട്രെന്‍ഡിങ്ങ്

വെര്‍ച്വല്‍ സ്‌പേസില്‍ നിന്ന് സോഷ്യല്‍ സ്‌പേസിലേയ്ക്കുള്ള ഒരു സതീശന്‍ കഞ്ഞിക്കുഴിയുടെ വഷളന്‍ വഴി

നമ്മള്‍ വിചാരിക്കുന്ന പോലെ വെറും ഊളത്തരമല്ല, പാതിവിജയിച്ച ഗൂഢാലോചനയാണ് ബല്‍റാമിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്നത്

കോളേജില്‍ കണ്ണൂരുകാരനായ ഒരു അധ്യാപകനുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരോട് മമതയില്ലാത്ത ഒരു സവര്‍ണ്ണ വലതുപക്ഷക്കാരന്‍. കണ്ണൂരുകാരനാണേലും വള്ളുവനാടന്‍ ഭാഷയിലാണ് സംസാരം. ഇടയ്ക്കിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പഴിക്കും- ”കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോ ശരിക്കും നേതാക്കള്‍ മുഴുവനും സിപിഐയിലായിരുന്നു. അവര്‍ക്കായിരുന്നു ആശയബലം. പക്ഷേ, ജനപിന്തുണ സിപിഎമ്മിന് ലഭിച്ചു. കാരണം എ.കെ.ജി, സിപിഎമ്മിന്റെ കൂടെ നിന്നു, എന്റെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, എ.കെ.ജി എന്നുവച്ചാ സ്‌നേഹാ. അത് ജനങ്ങള്‍ക്ക് ബോധ്യാണ്. അയാളെ പിഴിഞ്ഞാ സ്‌നേഹാ കിട്ടാ. കമ്മിറ്റ്‌മെന്റായിരുന്നു, ആ മനുഷ്യന്‍. ”

എസ്എഫ്ഐയില്‍ ഉള്ള കാലത്ത് പോലും അതിഭാവുകത്വമുള്ള ഈ കഥകള്‍ കേള്‍ക്കുമ്പോ ചിരിയേ വന്നിട്ടുള്ളൂ. പക്ഷേ ചിരിക്കപ്പുറം ഇപ്പോഴാലോചിക്കുമ്പോള്‍ അത്ഭുതം തോന്നും, ശരിക്കും ജനകീയനായ ഒരു മനുഷ്യന്‍ എന്നത് എന്തായിരിക്കും. പിന്നീട് പലരും പറഞ്ഞ്, പറഞ്ഞ് കേട്ടിട്ടുണ്ട്. ലീഗുകാരും കോണ്‍ഗ്രസുകാരുമെല്ലാം ആവേശത്തോടെ, അഭിമാനത്തോടെ പറയുന്ന പേര്‍-വി.എസ് പറഞ്ഞപോലെ ഗസറ്റില്‍ പേര് കൊടുത്ത് മാറ്റാതെ എ.കെ.ജിയായ എ.കെ ഗോപാലന്‍.

ബല്‍റാമേ, ചരിത്രത്തിലെ വനിതകള്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ

നമ്മള്‍ വിചാരിക്കുന്ന പോലെ വെറും ഊളത്തരമല്ല, പാതിവിജയിച്ച ഗൂഢാലോചനയാണ് ബല്‍റാമിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. എല്ലാ ഇടതുവിരുദ്ധ മഴവില്‍ സഖ്യങ്ങളുടേയും പിന്തുണ ഉറപ്പാക്കുന്ന അരാഷ്ട്രീയ-ക്രിമിനല്‍ ബുദ്ധികേന്ദ്രങ്ങളുടെ ഗൂഢാലോചന. എ.കെ.ജി എന്ന പേര് കോണ്‍ഗ്രസ്-ആര്‍എസ്എസ് സംഘങ്ങളൊക്കെ ഭയ, ബഹുമാനങ്ങളോടെ മാറ്റിവച്ചു. തീവ്ര ഇടതുപക്ഷക്കാര്‍ മുതല്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തെ ആശയപരമായി എതിര്‍ക്കുന്നവരെല്ലാം എ.കെ.ജിയുടെ ജനകീയതയെ, ആശയദാര്‍ഢ്യത്തെ, സ്ഥൈര്യത്തെ ബഹുമാനിച്ചു. ആദരിച്ചു. ഈയെമ്മസിനെ എതിര്‍ക്കാന്‍ എളുപ്പമായിരുന്നു. ആശയങ്ങളെ കുറിച്ച് സംസാരിച്ചയാളാണ്, ജനകീയത ഈയെമ്മിന് രണ്ടാമത്തെ ആശയമായിരുന്നു. പക്ഷേ, എ.കെ.ജി, കൃഷ്ണപിള്ള എന്നീ പേരുകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കൂടി ഭാഗമായി നിന്നു.

കെ.കരുണാകരന്‍ മുതല്‍ ഉമ്മന്‍ചാണ്ടിവരെയുള്ള കോണ്‍ഗ്രസുകാര്‍ അവരുടെ വഷളത്തരങ്ങള്‍ക്കപ്പുറം ധൈര്യപ്പെടാത്ത ദൗത്യം അവിടെയാണ് ബല്‍റാമെന്ന മധ്യവര്‍ഗ്ഗ ബിംബം, സോഷ്യല്‍മീഡിയ താരം, നിമിഷനേരം കൊണ്ട് ആയിരം ലൈക്കുകള്‍ വാരിക്കൂട്ടുന്നയാള്‍, വിദ്യാസമ്പന്നന്‍, സവര്‍ണ്ണന്‍ ഏറ്റെടുക്കുന്നത്. ഏ.കെ.ജിയെന്ന പേരിനൊപ്പം ബാലപീഡകന്‍ എന്ന അശ്ലീലം ബല്‍റാം ഒട്ടിച്ചു ചേര്‍ത്തു. ചരിത്രം അത് പിഴുതെറിഞ്ഞു കളയും, പക്ഷേ അതുവരെ അറച്ചു നിന്ന വലതുപക്ഷത്തിന് അവര്‍ പതിറ്റാണ്ടുകളായി കരുതിവച്ചിരുന്ന വൃത്തികേടുകള്‍ എറിഞ്ഞിടാനുള്ള അവസരം വന്നുചേര്‍ന്നു. വലതുപക്ഷ മാധ്യമങ്ങള്‍ക്ക് പുളകമായി. കൊടിക്കുന്നില്‍ സുരേഷിനോ, എം.ഐ ഷാനവാസിനോ സാധിക്കില്ല, ഈ വലത് സമൂഹത്തില്‍ ബല്‍റാമെന്ന മിഡില്‍ക്ലാസ് ബിംബത്തിന് സാധിക്കുന്ന കളിയാണത്. തൃത്താല ഗീല്‍ബല്‍സിയന്‍ തന്ത്രം.

മന്‍മോഹന്‍ സിംഗിനെ സ്വാതന്ത്ര്യപോരാളിയും എകെജിയെ ബാലികാപീഡകനുമാക്കുന്ന ബല്‍റാം രാഷ്ട്രീയം

പാവങ്ങളുടെ പടത്തലവന്‍ എന്ന് മന്‍മോഹന്‍സിങ്ങിനേയും ഉമ്മന്‍ചാണ്ടിയേയും ബല്‍റാം മാറിമാറി വിളിക്കുന്നതും ഇതേ ഇതിനാണ്, ഇതേ തന്ത്രം. പാവങ്ങളുടെ പടത്തലവന്‍ എന്ന വാക്കിന് ഇനിയൊരു അര്‍ത്ഥം ഉണ്ടാകരുത്. അത് കേള്‍ക്കുമ്പോള്‍ പാവങ്ങള്‍ക്ക് പുച്ഛം തോന്നണം. വിനായക് സവര്‍കറെ രാഷ്ട്രപിതാവ് എന്ന് വിളിക്കുന്ന സംഘി തന്ത്രമില്ലേ, ഇത് തന്നെ. വാക്കുകളുടെ അര്‍ത്ഥം ചോര്‍ത്തിക്കളയുക. അറപ്പിക്കുക.

യാദൃശ്ചികമല്ല, സംഘപരിവാര്‍ തന്ത്രം ബല്‍റാം പ്രയോഗിക്കുന്നത്. സ്വഭാവികമാണ്. ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ തേജോവധം ചെയ്യാന്‍ സംഘപരിവാരം ശ്രമിക്കുമ്പോള്‍ ചരിത്രബോധം തിരികെ പിടിച്ച് ഇടതുപക്ഷം അടക്കം നെഹ്രുവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഓര്‍മ്മിച്ച് ആദരിച്ചത് ബല്‍റാമിനറിയാം. ദേശീയതലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒരു പക്ഷേ സംഘപരിവാരത്തിനെതിരെ അണിചേര്‍ന്നേക്കുമെന്നും അറിയാം. ആ സാധ്യതകളെ ഒക്കെ ഒറ്റയടിക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമം കൂടിയാണ് ഏകദേശം ബല്‍റാം വിജയിപ്പിരിക്കുന്നത്. തന്റെ അസഭ്യവര്‍ഷത്തിന് മറുപടിയുണ്ടാകുമെന്ന് ബല്‍റാമിനറിയാം. അങ്ങനെ വരുമ്പോള്‍ ഇടതുവിരുദ്ധ സംഘങ്ങളുടെ പിന്തുണയുണ്ടാകുമെന്നറിയാം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്തുണയ്‌ക്കേണ്ടി വരുമെന്നറിയാം. മാധ്യമങ്ങള്‍ ആഹ്ളാദത്തോടെ ചര്‍ച്ച ചെയ്യുമെന്നറിയാം.

ചെറിയ കളിയല്ല. വെര്‍ച്വല്‍ സ്‌പേയ്‌സില്‍ നിന്ന് സോഷ്യല്‍ സ്‌പേയ്‌സിലേയ്ക്കുള്ള ഒരു സതീശന്‍ കഞ്ഞിക്കുഴിയുടെ വഷളന്‍ വഴിയാണിത്. ചരിത്രത്തേയും സമൂഹത്തേയും അപമാനിച്ചുകൊണ്ടുള്ള വഴി.

ബല്‍റാമിന് അറിയുമോ എകെജി വയലാര്‍ രവിയുടെ വീട്ടില്‍ ഒളിവിലിരുന്ന കാര്യം? സഖാവ് ഭാഗീരഥിയമ്മ ചോദിക്കുന്നു

മിസ്റ്റര്‍ ബല്‍റാം, ചരിത്രം പറയുമ്പോള്‍ ഫാന്‍റസി പോര, കവല പ്രസംഗവും ആകരുത്

(ശ്രീജിത് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍