UPDATES

ട്രെന്‍ഡിങ്ങ്

കണ്ണന്താനം കേരളത്തിന്റെ പ്രതിനിധിയല്ല, ന്യൂനപക്ഷമായ ക്രിസ്ത്യാനികളുടെയുമല്ല

കണ്ണന്താനം മന്ത്രിയാകുമ്പോൾ കേരള ഭരണകൂടം കാണിച്ച ആവേശം ലജ്ജിപ്പിക്കുന്നതാണ്

ആർഎസ്എസ് നേതൃത്വം നൽകുന്നതും നരേന്ദ്ര മോദി സർക്കാരിന്റെ കാർമ്മികത്വത്തിൽ നടപ്പിലാക്കുന്നതുമായ ഹിന്ദു ഭീകരവാദത്തെ എതിർക്കുന്നവരും ചെറുക്കുന്നവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പല കാരണങ്ങളുണ്ട് അതിന്.

അടുത്ത കാലം വരെ നിയമസഭയിൽ ബിജെപിക്ക് പ്രാതിനിധ്യം ഇല്ലായിരുന്നു. പാർലമെന്റിൽ ഇന്നുവരെ ഇല്ല. നിലവിൽ കേരളത്തിനെതിരെ ദേശീയതലത്തിൽ ബിജെപിയും അവരുടെ പി.ആർ മാധ്യമങ്ങളും, ജേർണലിസ്റ്റ് വേഷമിട്ട വക്താക്കളും വെറുപ്പ് പടർത്തുകയാണ്. കേരളത്തിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ആർഎസ്എസ് പലവട്ടം ശ്രമിച്ചിട്ടും അതിനിരകളായ മുസ്ലീം സമുദായത്തിന്റെ സംയമന രാഷ്ട്രീയത്തിന്റെ വിശാലതയിൽ അത് തകർന്നു. സിപിഎം അണികൾക്ക് നേരെ അക്രമം അഴിച്ച് വിട്ടിട്ടും കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ ആർഎസ്എസ് ആണ് ആക്രമിക്കപ്പെട്ടതെന്നും കമ്യൂണിസ്റ്റുകളും മുസ്ലീങ്ങളും സർക്കാരുമാണ് പ്രതികളെന്നും പ്രചരിപ്പിക്കാൻ ശ്രമിച്ചു. അതും പരാജയപ്പെട്ടു. നുണക്കഥകൾക്കും വെറുപ്പിനുമെതിരെ കേരള സമൂഹം പ്രതികരിച്ചു. കേരള മുഖ്യമന്ത്രിയെ സംസ്ഥാനത്തിന് പുറത്ത് നേരിടുമെന്ന ആർ.എസ്.എസ് ഭീഷണി ഒറ്റക്കെട്ടായി സമൂഹം പുച്ഛിച്ച് തള്ളി.

ബിജെപി അവരുടെ രാഷ്ട്രീയം തുടരുകയാണ്. അത് നേരിടുമെന്നു പറയുന്നവരുടെ പ്രതീക്ഷകളിലൊന്നായി അതുകൊണ്ട് കേരളം തുടരുന്നു. ഇന്ത്യാ വിഭജനകാലത്തെ കലാപം ആളിക്കത്തിക്കാൻ ആസൂത്രണം ചെയ്ത, മോഹൻദാസ് ഗാന്ധിയെ വെടിവച്ച് കൊന്ന, മുസ്ലീം, ദളിത് വിരുദ്ധ ബ്രാഹ്മണിക്കൽ ഹിന്ദുത്വം പ്രചരിപ്പിച്ച, കമ്യുണിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞാബദ്ധരായ, ബാബ്റി പള്ളി തകർത്ത, ഗുജറാത്തിൽ വംശഹത്യ നടത്തിയ, രാജ്യത്തുടനീളം വർഗ്ഗീയ കലാപങ്ങൾ ആസൂത്രണം ചെയ്ത/ചെയ്യുന്ന, രോഹിതിനെ, ജുനൈദിനെ, അഖ്ലാഖിനെ, പെഹ്ലു ഖാനെ, കൽബുർഗിയെ, പൻസാരയെ, ധബോൽക്കറിനെ, ഗൗരി ലങ്കേഷിനെ… പേരെടുത്തു പറഞ്ഞാൽ തീരാത്തത്ര ലക്ഷക്കണക്കിന് മനുഷ്യ ജീവിതങ്ങൾ ഇല്ലാതാക്കിയ, വിദ്യാഭാസ പദ്ധതി, ചലച്ചിത്രം, കല, സംസ്കാരിക, അക്കാദമിക് ചരിത്രങ്ങളും പ്രവർത്തനങ്ങളും അട്ടിമറിക്കുന്ന, അസഹിഷ്ണുതയുടെ ഹിംസ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന അതേ ബിജെപിയുടെ കേന്ദ്ര നിർവ്വാഹക സമിതി അംഗമാണ് അൽഫോൺസ് കണ്ണന്താനം എന്ന മുൻ ഐഎഎസ് ഓഫീസർ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫാഷിസ്റ്റ് ഭരണത്തിന് ആക്കം കൂട്ടാനാണ് അയാൾ മന്ത്രിയാകുന്നത്. അയാൾ കേരളത്തിന്റെ പ്രതിനിധിയല്ല, ഇന്ത്യയിലെ ന്യൂനപക്ഷ മതസമൂഹമായ ക്രിസ്ത്യാനികളുടെ പ്രതിനിധിയല്ല.

അയാളെ പോലൊരു ബ്യൂറോക്രാറ്റ് – കുടിയൊഴിപ്പിക്കലിന്റെ പേരിൽ ‘വാഴ്ത്തപ്പെടുന്ന’യാൾ- ബിജെപിയിൽ ചേരുന്നതിൽ അത്ഭുതമില്ല. പി. സദാശിവം, വി.കെ സിങ്ങ് എന്ന് തുടങ്ങി വിവിധ മേഖലകളിൽ മാധ്യമങ്ങൾ പരിപാലിച്ച താരങ്ങൾ ക്യൂ നിന്ന് കേറുന്ന ലാവണമാണ് ഫാഷിസം. ഒരു സമൂഹത്തിന്റെ പ്രതീക്ഷയും പുതു രാഷ്ട്രീയത്തിന്റെ പ്രാതിനിധ്യവും നിറഞ്ഞ് നിന്നിരുന്ന സി.കെ ജാനുവിനെ ബിജെപിയിലേക്ക് തള്ളിവിട്ട സമൂഹത്തോട് തോന്നുന്ന നിരാശയൊന്നും ഇയാൾ ബിജെപിയോട് ഒട്ടുമ്പോഴില്ല, ഉണ്ടാകരുത്.

പക്ഷേ, ഇയാൾ മന്ത്രിയാകുമ്പോൾ കേരള ഭരണകൂടം കാണിച്ച ആവേശം ലജ്ജിപ്പിക്കുന്നതാണ്. പരിചയമുള്ളയാൾ കേന്ദ്ര മന്ത്രിയാകുമ്പോഴുള്ള സംസ്ഥാന ഭരണ സൗകര്യത്തിന്റെ ലോജിക് ഒക്കെ മനസിലാക്കാം. പക്ഷേ സിപിഎം കേന്ദ്രസമിതി അംഗം പി.കെ ശ്രീമതി (സംഭവാമി യുഗേ യുഗേ പോലും!), മന്ത്രി കെ.റ്റി ജലീൽ എന്നിവരുടെ ഫേസ് ബുക്ക് പോസ്റ്റുകൾ നാളെ ഇടത് രാഷ്ട്രീയത്തിന് നേരെ തിരിഞ്ഞ് കൊഞ്ഞനം കുത്തും. സി.എമ്മിന്റെ ചായ വിരുന്നും.

ലോകത്തിന്റെ പ്രതീക്ഷയുടെ ഭാരം പേറുക എന്നതും രാഷട്രീയമാണ്.

(ശ്രീജിത് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍