UPDATES

ട്രെന്‍ഡിങ്ങ്

പ്രളയജലം മൂടിയ കാറില്‍ രക്ഷപെട്ടത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല; ഒരു അവിശ്വസനീയ അനുഭവം

മനുഷ്യനിൽ മാത്രം പ്രതീക്ഷ തോന്നിയ കുറെ മണിക്കൂറുകളാണ് കഴിഞ്ഞത്.

രക്ഷപ്പെട്ടതിനെ പറ്റി ഒരു വരി പോലും കുറിക്കാനാകാത്ത മാനസികാസ്ഥയിലായിരുന്നു രണ്ടു ദിവസം. വല്ലാത്തൊരു ട്രോമയിലൂടെയാണ് കടന്നുപോയത്. കണ്ണിനു മുന്നിൽ വെള്ളം പൊന്തിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലത്തു നിന്ന് അനിയത്തിയെയും അവളുടെ മകനെയും അവളുടെ ഭർത്താവിന്റെ പ്രായമായ അമ്മയെയും കൂട്ടി രക്ഷപ്പെട്ടു പോന്നതോർക്കുമ്പോൾ ഇപ്പോഴും അത് സാധിച്ചു എന്ന് വിശ്വസിക്കാനായിട്ടില്ല.

ബുധനാഴ്ച രാവിലെ ഞാൻ എറണാകുളത്തേക്ക് പോകുമ്പോൾ ചാലക്കുടിയിൽ മുട്ടൊപ്പം വെള്ളമേ ഉള്ളൂ. തിരിച്ചെത്തുമ്പോഴേക്കും അത് നെഞ്ചറ്റമായി, അവിടെയുള്ള കുറെയധികം വീടുകളിൽ ഒന്നാം നില വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. അപ്പോഴും ചാലക്കുടി ട്രാൻസ്പോർട്ട് സ്റ്റാന്റിന്റെ പിറകുവശത്തുള്ള അനിയത്തിയുടെ വീട്ടിലോ പരിസരത്തുള്ള വീടുകളിലോ വെള്ളം കയറിയിട്ടില്ല. അവിടെ ഈ വിധം വെള്ളം പൊന്തുമെന്ന് മുന്നറിയിപ്പും ഉണ്ടായിരുന്നില്ല.

ആ ദിവസം ഒറ്റ രാത്രി കൊണ്ടാണ് വെള്ളം പൊന്തിയത്. വെള്ളം പൊങ്ങുന്നു എന്നറിഞ്ഞ നിമിഷം, പുറത്തു കടക്കാൻ ശ്രമിച്ചപ്പോൾ കണ്ടത് നാലു ചുറ്റിനും വെള്ളം നിറയുന്നതാണ്. പ്രായമായ അമ്മയുണ്ട്, അനിയത്തിയുടെ മകനുണ്ട്, അനിയത്തിയും ഒപ്പമുണ്ട്. ഇരച്ചെത്തുന്ന പ്രളയജലത്തിലൂടെ ഇവരെയും കൊണ്ട് ഒരു തരത്തിലും പുറത്തെത്താൻ ഞാനോലോചിച്ചിട്ട് ഒരു വഴിയുമില്ല. അവശേഷിക്കുന്ന മാർഗം വീടിന്റെ ടെറസ്സിലേക്ക് കയറുക എന്നതാണ്. പക്ഷെ, അനിയത്തി താമസിക്കുന്നത് ഒരു ഒറ്റ നില വീട്ടിലാണ്. ആ വീടിന് രണ്ടാം നിലയില്ല. പല വീടുകളുടെയും ഒന്നാം നില പൂർണമായും മുങ്ങിക്കഴിഞ്ഞു. ഏതു വരെ വെള്ളം പൊന്തും എന്ന് ഉറപ്പില്ല. അതു കൊണ്ട് തന്നെ അവരെയും കൂട്ടി ടെറസ്സിനു മുകളിലേക്ക് കയറുന്നത് സുരക്ഷിതമല്ല.

പിന്നെ മറ്റൊന്നും നോക്കിയില്ല. വീടിനു മുന്നിൽ കിടന്നിരുന്ന കാറിൽ എല്ലാവരെയും കയറ്റി, രണ്ടും കല്പിച്ച് പുറത്തു കടക്കാൻ തീരുമാനിച്ചു. അപ്പുറത്ത് എത്താൻ കഴിയുമോ എന്ന് ഒരു ഉറപ്പുമില്ല. അപ്പോൾ കാറിൽ വെള്ളം കയറിയിട്ടില്ല. അല്പം കൂടി കാത്തു നിന്നാൽ അതിലും വെള്ളം കയറും. പിന്നെ പുറത്തെത്താനുള്ള ആ വഴിയും അടയും.

അതിസാഹസികമായാണ് പ്രളയജലത്തിലൂടെ വണ്ടി ഓടിച്ചത്. ഫസ്റ്റ് ഗിയറിലോ സെക്കന്റ് ഗിയറിലോ എടുത്താൽ വണ്ടി ഓഫാകും, വെള്ളത്തിൽ താഴും . ITI ഭാഗത്ത് അപ്പോൾ വെള്ളം കയറിയിട്ടില്ല എന്ന് നാട്ടുകാരിൽ ചിലർ പറയുന്നുണ്ട്. അവിടെ വരെ എത്തിയാൽ രക്ഷപ്പെടാം. പക്ഷെ, അങ്ങോട്ടെത്തുന്ന റോഡിലേക്ക് കടക്കാൻ ഇപ്പോൾ നില്‍ക്കുന്ന സ്ഥലത്തു നിന്നും മുറിച്ചു കടക്കാതെ വഴിയില്ല. അവിടെ ഒരു നില പൊക്കത്തിൽ വെള്ളമുണ്ട്. അതു വഴി കാറോടിക്കുക എന്നത് ജീവൻ മരണ പോരാട്ടമാണ്. ഇത്തിരി ദൂരം കാറ് പൂർണമായും മുങ്ങും. അവിടെ വച്ച് കാർ ഓഫായാൽ അപകടമാണ്.

പിറകിലും വെള്ളം ഉയർന്നു കൊണ്ടിരിക്കുകയാണ്. വേറെ വഴിയില്ല എന്നു തോന്നിയപ്പോൾ റിസ്ക് എടുക്കാൻ തന്നെ തീരുമാനിച്ചു. ഫസ്റ്റ് ഗിയറിലോ സെക്കന്റ് ഗിയറിലോ അവിടെ കടക്കാൻ കഴിയില്ല. വണ്ടി ഓഫാവുകയോ ഒലിച്ചു പോവുകയോ ചെയ്യും. മുഴുവൻ ശക്തിയിൽ എടുക്കാനായാൽ ചിലപ്പോൾ പുറത്തെത്താനായേക്കും. ഒടുവിൽ മുന്നൂറ് നാനൂറ് മീറ്റർ പിറകിൽ നിന്ന് 80 / 90 കിലോമീറ്ററിലേക്ക് വണ്ടി റൈസ് ചെയ്ത് മുഴുവൻ സ്പീഡിലും വെള്ളത്തിലേക്കിറങ്ങി. ആ ഊക്കിൽ ഏതാണ്ട് മധ്യഭാഗം വരെയെത്തി. അവിടെ വണ്ടി മുഴുവൻ വെള്ളം മൂടിത്തുടങ്ങിയപ്പോഴും ഞാൻ അതേ ഊക്കിൽ തന്നെ ആക്സിലറേറ്റർ ചവിട്ടിക്കൊണ്ടിരുന്നു. അവിടെ വച്ച് കൈവിട്ടു പോയി എന്ന് തന്നെ തോന്നിയിരുന്നു. പുഴവെള്ളമാണ്, വെള്ളത്തിന് ഒഴുക്കുമുണ്ട്. വണ്ടി വശത്തേക്ക് നീങ്ങുന്നത് അറിയുന്നുണ്ട്. വണ്ടിയിൽ വെള്ളം നിറഞ്ഞു തുടങ്ങി. അനിയത്തിയും അവളുടെ അമ്മയും ഉറക്കെ നിലവിളിച്ചു തുടങ്ങി.

എന്തു വന്നാലും ആക്സിലറ്റേറിൽ നിന്ന് കാലെടുക്കില്ല എന്ന് ഉറപ്പിച്ചിരുന്നു. അതേ ഊക്കിൽ ആഞ്ഞ് ചവിട്ടിയപ്പോൾ വണ്ടി നിലം തൊട്ട് അല്പം കൂടി മുന്നോട്ടു തള്ളി, അതോടെ മറുകര കണ്ടു. സത്യത്തിൽ വെള്ളത്തിലൂടെ ഊളിയിട്ടു വരുന്നതു പോലെയാണ് അപ്പുറത്ത് കടന്നത്. രക്ഷപ്പെട്ടു എന്ന് വിശ്വസിക്കാൻ അല്പ നേരം പാടുപെട്ടു. വണ്ടിയുടെ നമ്പർ പ്ളേറ്റ് വെള്ളത്തിന്റെ ഊക്കിൽ പൊട്ടിപ്പോയി. പ്ളാസ്റ്റിക് പാർട്സിൽ ഉൾപ്പെടെ വെള്ളം കയറി. അന്നേരം തോന്നിയ ഒരു കോൺഫിഡൻസിന്റെ പുറത്ത് രക്ഷപ്പെട്ടു എന്നേയുള്ളൂ… ആ കോൺഫിഡൻസ് ഒരു നിമിഷം കൈവിട്ടു പോയെങ്കിൽ പ്രളയജലം വന്നു മൂടിയേനെ.

മനുഷ്യരുടെ നന്മയും ഒത്തൊരുമയും തിരിച്ചറിഞ്ഞ മണിക്കൂറുകളായിരുന്നു ആ ദിവസങ്ങൾ. വേഗം രക്ഷപ്പെട്ടോളൂ എന്ന് വിളിച്ച് പറഞ്ഞ് ഓടി വന്ന മനുഷ്യർ മുതൽ തുടർന്നുള്ള യാത്രയിൽ മുഴുവൻ ഞങ്ങൾക്കു നേരെ സഹായഹസ്തം നീട്ടിയ ജീവിതത്തിലിതു വരെ കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത മനുഷ്യർ, വെള്ളം കയറിയ ചളിക്കുണ്ടുകളിൽ മുങ്ങിത്താഴ്ന്നവർക്കു നേരെ കൈ നീട്ടുന്നവർ, വഴി പറഞ്ഞു തന്ന് സഹായിച്ചവർ, ഭക്ഷണം വാങ്ങിക്കൊടുക്കുന്നവർ.

മനുഷ്യനിൽ മാത്രം പ്രതീക്ഷ തോന്നിയ കുറെ മണിക്കൂറുകളാണ് കഴിഞ്ഞത്. ചാലക്കുടിയിൽ കുടുങ്ങിക്കിടന്ന കുറെ പേർക്കു കൂടി സോഷ്യൽ മീഡിയ വഴിയും സുഹൃത്തുക്കൾ വഴിയും സഹായമെത്തിക്കാനായി. അവരും സുരക്ഷിത സ്ഥാനങ്ങളിലുണ്ട് എന്നറിയുന്നതിൽ ആശ്വാസം.

സഹായം നീട്ടിയ, വിവരങ്ങൾ തിരക്കിയ, സുരക്ഷിതരല്ലേ എന്ന് സ്നേഹത്തോടെ തിരക്കിയ നേരിട്ടറിയുന്നവരും അല്ലാത്തവരുമായ എല്ലാവരോടും നന്ദി.

ഇങ്ങനെയും മലയാളികളുണ്ട്: പ്രളയത്തിലകപ്പെട്ടവര്‍ വിശപ്പടക്കാന്‍ പാടുപെടുമ്പോള്‍ ചാക്ക് കണക്കിന് സാധനങ്ങള്‍ സ്റ്റോര്‍ ചെയ്യുന്നവര്‍

(രാംദാസ് ഫേസ്ബുക്കില്‍ എഴുതിയത്)

പി എസ് രാംദാസ്

പി എസ് രാംദാസ്

എഴുത്തുകാരന്‍, ബാങ്ക് ഉദ്യോഗസ്ഥന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍