UPDATES

ട്രെന്‍ഡിങ്ങ്

കണ്ടു കൊതിക്കേണ്ട കരിയർ ഗ്രാഫാണ് നിർമല സീതാരാമന്റേത്

ചെറിയ കളിയല്ല. ഇനിയുള്ള കാലം ഭയപ്പെടേണ്ട പേരുകളിൽ ഒന്നായി കരുതി വച്ചോളൂ. നമ്മളിനി ധാരാളം ഈ പേര് ചർച്ച ചെയ്യും.

2006-ലാണ് ബിജെപിയിൽ ചേരുന്നത്. മുമ്പുള്ള കാലത്തെ മൂന്നായി വിഭജിക്കാം. 80-കളിൽ ജെഎൻയു വിദ്യാർത്ഥിയായ, സോഷ്യലിസ്റ്റ് വ്യാമോഹങ്ങളിൽ ആകൃഷ്ടയായ തമിഴ് ബ്രാഹ്മിൺ യുവതി. നവ സാമ്പത്തിക കാലത്തിന്റെ ആദ്യ ചുവട് വയ്പായ ഗാട്ട് കരാറിന്റെ സ്വാധീനം ഇന്‍ഡോ- യൂറോപ്പ് വസ്ത്ര വിപണിയിൽ എന്ന വിഷയത്തിലെ സാമ്പത്തിക ശാസ്ത്ര പിഎച്ച്ഡി പഠനം പൂർത്തിയാക്കി ജെഎൻയുവിൽ നിന്ന് പുറത്തോട്ട്.

തൊണ്ണൂറുകളിൽ മൾട്ടി നാഷണൽ കമ്പനികളിൽ ഉദ്യോഗസ്ഥ. ഭർത്താവ് പറകാല പ്രഭാകറിന്റെ നാടായ ആന്ധ്ര തലസ്ഥാനമായ ഹൈദരാബാദ് കേന്ദ്രീകരിച്ച് ജീവിതം. ഹൈദരാബാദിലെ പ്രണവ സ്കൂളിന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാൾ.

തൊണ്ണൂറുകളുടെ അവസാനം വാജ്പേയ് സർക്കാർ കാലത്ത് പ്രഭാകർ ബിജെപി രാഷ്ട്രീയത്തിൽ സജീവമാകുന്നതോടെ മൂന്നാം ഘട്ടം ആരംഭിക്കുന്നു. പ്രഭാകർ 2000-ത്തിൽ ആന്ധ്ര പ്രദേശ് ബിജെപി വക്താവാണ്. പതുക്കെ പതുക്കെ ബിജെപിയോടടുത്ത നിർമല സീതാരാമൻ 2006-ൽ ബിജെപി അംഗമായി. 2007-ൽ സാക്ഷാൽ ചിരഞ്ജീവി, പ്രജാരാജ്യം പാർട്ടി ഉണ്ടാക്കിയപ്പോൾ മനമിളകി പ്രഭാകർ ആ വഴിക്ക് പോയി. പക്ഷേ നിർമ്മല ബിജെപിയിൽ ഉറച്ച് നിന്നു. ശരിക്കും കഥ തുടങ്ങുന്നത് അവിടെ നിന്നാണ്.

2004-ലെ പരാജയം ബിജെപിക്ക് കനത്തതായിരുന്നു. എന്നാൽ അതിലും വലിയ പ്രഹരമായിരുന്നു 2009-ലെ തോൽവി. പാർട്ടി ആസ്ഥാനം മൂകമായി, പഴയ താരങ്ങൾ അപ്രസക്തരായി. ഇനിയാര് പാർട്ടി നയിക്കും എന്ന് ബിജെപി അമ്പരന്ന് നിൽക്കുമ്പോൾ ആർഎസ്എസ്, നിതിൻ ഗഡ്കരിയെ കൊണ്ടുവന്നു. ഗഡ്കരി ഒരു പുതു ടീമിനേയും.

ആ ടീമിലെ അംഗമായി 2010-ലാണ് നിർമല സീതാരാമൻ ജെഎൻയു കാലശേഷം ഡൽഹിയിൽ സ്ഥിരവാസത്തിനെത്തുന്നത്. പാർട്ടി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേശീയ വക്താവായി. കോട്ടൺ സാരിയും സൗമ്യതയും വടിവൊത്ത ഇംഗ്ലീഷും മുറി ഹിന്ദിയുമായി നിർമല സീതാരാമൻ പെട്ടെന്ന് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. സ്റ്റേജിൽ ഇടിച്ച് കയറിയില്ല, മറ്റ് വക്താക്കൾ സംസാരിക്കുമ്പോൾ കേൾവിക്കാരിയായിരുന്നു. മുതിർന്ന നേതാക്കളോട് ബഹുമാനാകലത്തിൽ ആയിരുന്നു.

പക്ഷേ, രവിശങ്കർ പ്രസാദ് എന്ന, ധാർഷ്ട്യത്തിന്റെ ആൾരൂപം നയിക്കുന്ന ദേശീയ വക്താക്കൾ ടീമിലെ ജൂനിയർ അംഗം മാത്രമായിരുന്നു നിർമല സീതാരാമൻ. സുഷമ സ്വരാജ് അടക്കമുള്ള നേതാക്കളുടെ പരിഹാസ പാത്രം. നിർമലയേക്കാൾ ജൂനിയറായി ദേശീയ വക്താവായി എത്തിയ മീനാക്ഷി ലേഖിയും മറ്റും ബിജെപിയുടെ താരമായി മാറി. 2014 തിരഞ്ഞെടുപ്പിൽ മീനാക്ഷി ലേഖിക്കടകം സീറ്റ് ലഭിച്ചപ്പോൾ നിർമല സീതാരാമൻ തഴയപ്പെട്ടു.

പക്ഷേ, നരേന്ദ്ര മോദി മന്ത്രിസഭയിൽ ധനം, പ്രതിരോധം, വാണിജ്യം എന്നീ കനപ്പെട്ട മൂന്ന് വകുപ്പുകൾ ഒന്നിച്ച് അരുൺ ജെയ്റ്റിയുടെ തലയിലായപ്പോൾ ധനകാര്യമന്ത്രാലയത്തിന്റെ നടത്തിപ്പിന് മുൻ ധനമന്ത്രി യശ്വന്ത് സിൻഹയുടെ മകൻ ജയന്തിനൊപ്പം നിർമല സീതാരാമന് നറുക്ക് വീണു. ഒപ്പം വാണീജ്യവകുപ്പും. ജെഎൻയു ഇകണോമിക്സ് പിഎച്ച്ഡിക്കും ഗാട്ട് കരാറിനും ഹിന്ദി ഭക്തരുടെ രഹസ്യ ഇംഗ്ലീഷ് ആരാധനയ്ക്കും തമിഴ് ബ്രാഹ്മണ ജന്മത്തിനും സ്തുതിയായിരിക്കട്ടെ!

മൂന്നേ മൂന്ന് കൊല്ലം! ദാറ്റ് വാസ് ഇനഫ്. പ്രോട്ടോക്കോൾ അനുസരിച്ച് മുൻ ബിജെപി അധ്യക്ഷൻ നിതിൻ ഗഡ്കരിയും വക്താക്കളെ നിയന്ത്രിച്ചിരുന്ന രവിശങ്കർ പ്രസാദും കേന്ദ്ര മന്ത്രിസഭയിൽ നിർമല സീതാരാമന് കീഴിലാണിപ്പോൾ. പ്രധാനമന്ത്രിയുടെ ഇടതും വലതും കാക്കുന്ന സൗത്ത് – നോർത്ത് ബ്ലോക്ക് വരേണ്യ നാൽവർ സംഘത്തിലെ ഒരാൾ.

ചെറിയ കളിയല്ല. ഇനിയുള്ള കാലം ഭയപ്പെടേണ്ട പേരുകളിൽ ഒന്നായി കരുതി വച്ചോളൂ. നമ്മളിനി ധാരാളം ഈ പേര് ചർച്ച ചെയ്യും.

(ശ്രീജിത് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍