UPDATES

ട്രെന്‍ഡിങ്ങ്

ഇത് എന്തുതരം രാജ്യമാണ്! കുട്ടികളെക്കൊണ്ട് വീണ്ടും പരീക്ഷ എഴുതിക്കുന്നവരോട് ഒരച്ഛന് പറയാനുള്ളത്

ഇതിപ്പോ അവന്‍ ഒറ്റയ്ക്കല്ല. 28 ലക്ഷം കുട്ടികളാണ് ഇക്കൊല്ലം CBSE 10th പരീക്ഷ എഴുതുന്നത്. കഷ്ടം. പാവം കുഞ്ഞുങ്ങള്‍.

സ്കൂൾ ജീവിതം പന്ത്രണ്ട് വർഷവും ഞാൻ കഴിഞ്ഞത് ബോർഡിങ്ങിലായിരുന്നു. എന്നെ ബോർഡിങ്ങിലേക്ക് കൊണ്ടുവിട്ട ആദ്യ ദിവസം ഓർമ്മയില്ലേ എന്നു പറഞ്ഞാൽ കാര്യം പിടികിട്ടുമല്ലോ. കൊല്ലത്ത് ദേവമാത കോൺവെന്റിൽ അഞ്ചു വയസ്സിൽ തുടങ്ങിയ പ്രവാസി ജീവിതം നാലാം ക്ലാസ്സായപ്പോൾ തിരുവനന്തപുരത്ത് നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ ബോർഡിങ്ങിലേക്ക് മാറി.

1984-ൽ എട്ടാം ക്ലാസ്സിലെ ക്രിസ്മസ് അവധിക്കാലത്താണ് അച്ഛൻ പോകുന്നത്. 1987 മാർച്ച് രണ്ടിന് ICSE പരീക്ഷ തുടങ്ങി. രണ്ടാഴ്ച്ച കഴിഞ്ഞത് തീർന്നു. കൃത്യം തീയതി ഓർമ്മയില്ല. പക്ഷേ ആ ദിവസം, പരീക്ഷ തീർന്ന ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ ദിവസമായിരുന്നു. പന്ത്രണ്ട് വർഷവും വീട്ടിൽ നിന്നകന്ന് ബോർഡിങ്ങിൽ കഴിഞ്ഞിട്ട്, ഇനി നാട്ടിൽ ചെന്ന് അമ്മയോടൊത്ത് ഹരിപ്പാട്ട് വീട്ടിൽ കഴിയാമല്ലോ എന്നത് കാരണം.

ബോർഡിങ്ങ് ജീവിതത്തിന്റെ അവസാനത്തെ ദിവസമാണ് പരീക്ഷ തീരുന്ന ദിവസം. പരീക്ഷയൊക്കെക്കഴിഞ്ഞ് വൈകിട്ട് നടന്ന് ക്ലാസ് ടീച്ചറായ മേരി മാത്യൂ ടീച്ചറിന്റെ വീട്ടിലേക്ക്… കൂടെ ബോർഡിങ്ങിലെ partners in crime ന്റെ കൂടെ… Sajimon Melel, Shaji Eapen, Varghese George ഇവന്മാരെ മൂന്നിനേം കൃത്യമായി ഓർമ്മയുണ്ട്… നടന്ന് പേരൂർക്കട, അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ വഴി നടന്ന പാതിരാത്രി എപ്പഴോ തിരിച്ചു ബോർഡിങ്ങിലെത്തിയത്….
സന്തോഷവും ആശ്വാസവും സങ്കടവും ചിരിയും കളിയും എല്ലാംകൂടി ചേർന്നൊരു പറഞ്ഞു പിടിപ്പിക്കാൻ പറ്റാത്ത ഫീലിങ്ങ്. ഏറ്റവും സന്തോഷകരമായ ദിവസം.

അപ്പു ഇക്കൊല്ലം പത്തിൽ. പഠിത്തമൊക്കെ സ്വന്തം പ്രയത്നം. ട്യൂഷനൊന്നുമില്ല. വേണ്ടാന്നാണ് അവന്റെ അഭിപ്രായം. അങ്ങനായിക്കോട്ടെയെന്ന് ഞങ്ങളും.

പഠനത്തിന് അങ്ങോട്ട് ഉശിര് പോരെന്ന് അവന്റെ അമ്മയ്ക്ക് തോന്നിയപ്പോ എന്നോട് ഒന്നിടപെടാൻ ആവശ്യപ്പെട്ടു.

അവൻ വല്യ Manchester United ആരാധകനാണ്. Old Traffordൽ സ്റ്റേഡിയത്തിലിരുന്ന് ലൈവായി യുണൈറ്റഡിന്റെ ഒരു കളി കാണണമെന്നുള്ളത് യുണൈറ്റഡ് ഫാൻസിന് ഹജ്ജിന് സമം. നേരിട്ടെന്നോടവനിത് പറഞ്ഞിട്ടില്ലെങ്കിലും മനസ്സിലാഗ്രഹം കാണുമെന്നൂഹിക്കാം. ഞാൻ Vito Corleone ആയി. ഒരു ഓഫർ വച്ചു…

An offer which he couldn’t refuse.

അതിങ്ങനെ.

എടാ ഉവ്വേ, അച്ഛന് ഒരു കാര്യം നിന്നോട് ചോദിക്കാനുണ്ട്. നിന്റെ വല്യ ആഗ്രഹമല്ലേ Manu-വിന്റെ കളി old Traffordൽ പോയി കാണുന്നത്? അതിപ്പോ നിനക്ക് ഇത്രേം വയസ്സല്ലേ ആയുള്ളു… അത് നീ വിചാരിച്ചാൽ നടക്കില്ലല്ലോ… പക്ഷേ നമുക്കത് നടപ്പിലാക്കാം. അച്ഛൻ Rajiv Mohanraj
അങ്കിളിനോട് പറഞ്ഞിട്ടുണ്ട്… നടപ്പിലാക്കാം… ഉറപ്പ്.

പരന്തു… വൺ കണ്ടിഷൻ.

പത്തിലെ പരീക്ഷ തീരുന്ന അന്ന്, നീ വന്ന് എന്നോട് ഒരു കാര്യം സത്യസന്ധമായി പറയണം.
അതിതാണ്.

“അച്ഛാ, I DID MY BEST”

മതി.
നീയിങ്ങനെ പറഞ്ഞാ മാത്രം മതി.

നീ നന്നായി പഠിച്ചോ ഇല്ലയോ, നീ നിന്റെ പരമാവധി പരിശ്രമം നടത്തിയോ ഇല്ലയോ എന്നൊന്നും ഞാനാരോടും ചോദിക്കില്ല. നിന്റമ്മയോടോ നിന്നോട് പോലുമോ ഞാൻ ചോദിക്കില്ല… പക്ഷേ നീ പറയണം… അച്ഛാ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു…

പരീക്ഷാ ഫലം എന്തുമായിക്കോട്ടെ… ജയിച്ചോട്ടെ തോറ്റോട്ടെ…. ഇറ്റ് ഡസിന്റ് മാറ്റർ… നീയത് പറയണം… അച്ഛാ I DID MY BEST. അതു മതി…. DONE DEAL… നടന്നാൽ രാജീവിനെ കാര്യം അറിയിക്കുക…. off to Manchester as soon as realistically possible.

പാവം. ഇത് പറഞ്ഞ ദിവസം ചങ്ങായി ആകെ മാറി. SELF DIRECTED, SELF MOTIVATED LEARNING. അവന് ഇങ്ങനെയാകാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചതല്ല. കുത്തിയിരുന്ന് വായനയും പഠിത്തവും.

ഇന്നായിരുന്നു അവന്റെ CBSE Class 10 പരീക്ഷ തീരേണ്ടിയിരുന്നത്. ഇന്നത്ത മാത്തമാറ്റിക്സ് പരീക്ഷയോടുകൂടി തീരേണ്ടതായിരുന്നു, ഉച്ചയ്ക്ക്. പരീക്ഷയൊക്കെക്കഴിഞ്ഞ് എളുപ്പമായിരുന്നു എന്ന് എന്നെ വിളിച്ചു പറഞ്ഞു. എന്നിട്ട് 31 വർഷം മുമ്പ് ഞാൻ പോയപോലെ കൂട്ടുകാരുമൊത്ത് കറങ്ങിനടന്ന് പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാൻ പോയി എന്റെ കുഞ്ഞ്.

വൈകിട്ട് ഞാനിന്ന് ഇച്ചിരി നേരത്തേയിറങ്ങി കോളേജിൽ നിന്ന്. വൈകിട്ട് അവൻ തിരിച്ചു വീട്ടിൽ വരുമ്പോൾ അവനത് പറയുന്നത് കേൾക്കാൻ… അച്ഛാ, പരീക്ഷ എല്ലാം കഴിഞ്ഞു… I DID MY BEST.

പകരം കേൾക്കുന്നതിതാണ്. ഇന്ന് നടന്ന CBSE Mathematics പരീക്ഷ ചോദ്യങ്ങൾ Delhi-യിൽ ചോർന്നിരുന്നു. കണക്ക് പരീക്ഷ CBSE വീണ്ടും നടത്തും. തീയതി പിന്നീട് അറിയിക്കും.

നിറുത്തുകയാണ്
സഭ്യമായതൊന്നുമല്ല വായിൽ വരുന്നത്. അതുകൊണ്ട് നിറുത്തുന്നു.

അപ്പു അവന്റെ മുറിയിലുണ്ട്.
അവൻ ഉറങ്ങി കഴിഞ്ഞിരിക്കുന്നു.

കുട്ടികളാണ്. അവർ ചിലപ്പോൾ കാര്യമാക്കില്ല. വേറെ മാർഗ്ഗമില്ലല്ലോ… ഇനിയുമെഴുതണം എന്ന് പറഞ്ഞാൽ ഇനിയും പഠിക്കും, ഇനിയുമെഴുതും. അല്ലാതെന്ത് ചെയ്യാൻ…

ഇതിപ്പോ അവന്‍ ഒറ്റയ്ക്കല്ല. 28 ലക്ഷം കുട്ടികളാണ് ഇക്കൊല്ലം CBSE 10th പരീക്ഷ എഴുതുന്നത്. കഷ്ടം. പാവം കുഞ്ഞുങ്ങള്‍.

നമ്മൾ ശരിക്കും എന്താണ് നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്നത്?

ഇത് എന്ത് തരം രാജ്യമാണ്?

(കൃഷ്ണന്‍ ബാലേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്‍

ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്‍

ഫോറന്‍സിക് സര്‍ജന്‍, അസി. പ്രൊഫസര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡെപ്യൂട്ടി പോലീസ് സര്‍ജന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍