UPDATES

ട്രെന്‍ഡിങ്ങ്

‘നിങ്ങളുടെ ജാതിക്കാരൊക്കെ ഇങ്ങനെയാണ്’ എന്ന് ആദിവാസിക്കുട്ടികളോട് പറയുന്ന അധ്യാപകരോട്

സംഭവത്തിനടിസ്ഥാനമായ ചൂരല്‍ പ്രയോഗത്തിലോ ജാതീയ അധിക്ഷപത്തിലോ ലവലേശം തെറ്റ് കണ്ടുപിടിക്കാന്‍ അധ്യാപികയ്‌ക്കോ സ്‌കൂള്‍ അധികാരികള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല

ശാലിനി

ശാലിനി

2014 മുതല്‍ മഹിള സമഖ്യയുടെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. മറയൂര്‍ സ്‌പെഷ്യല്‍ എം എസ് കെ (മഹിളാ ശിക്ഷണ്‍ കേന്ദ്രം) വിദ്യാഭ്യാസത്തില്‍ നിന്ന് പലവിധ കാരണങ്ങളാല്‍ പുറത്താക്കപ്പെടുന്ന പെണ്‍കുട്ടികളുടെ പഠന തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന് വേണ്ടി സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന പ്രത്യേക കേന്ദ്രങ്ങളാണ്. ഇടമലക്കുടിയില്‍ പഠനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിനായി 13 തവണ ഈ മൂന്നു വര്‍ഷത്തിനിടെ പോയിട്ടുണ്ട്.

കുട്ടികളെ അധ്യയന വര്‍ഷാരംഭത്തില്‍ സ്‌കൂളുകളില്‍ എത്തിക്കുന്നതിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളില്‍ പ്രതികൂല കാലാവസ്ഥയാണ് പ്രഥമ സ്ഥാനത്ത്. ജൂണ്‍ മുതല്‍ ഓണാവധി കഴിയും വരെയും മഴകാരണം ജീപ്പുകളൊന്നും കുടിയിലേക്കെത്താറില്ല. എടലിപ്പാറയിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിലും സൊസൈറ്റി കുടിയിലെ ചില സ്ഥലങ്ങളിലും ഇരിപ്പുകല്ല്, മീന്‍കൊത്തി ഊരുകളിലെ ചില സ്ഥലങ്ങളിലും മാത്രമാണ് മൊബൈല്‍ ബന്ധം ഉള്ളത്. രാവിലെ 9 മണിക്കാണ് സൊസൈറ്റി കുടിയിലെ ടവര്‍ (സോളാര്‍ ഓപ്പറേറ്റിംഗ്) പ്രവര്‍ത്തന സന്നദ്ധമാകുന്നത്.

26 കുടികളിലായി 1200 ഓളം കുടുംബങ്ങളും 2500 ഓളം ജനസംഖ്യയുമുള്ള കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തിലെ ഫോണ്‍ സൗകര്യത്തെക്കുറിച്ചാണ് പറയുന്നത്.

കുട്ടികള്‍ക്കാവശ്യമുള്ള കാര്യങ്ങളോടും സ്‌കൂളില്‍ നിന്ന് അറിയിക്കുന്ന കാര്യങ്ങളോ എന്തിന് പ്രസവം, അപകടം, മറ്റ് അത്യാഹിതങ്ങള്‍ക്കു പോലും ഇടമലക്കുടിയില്‍ ലഭ്യമായ ഫോണ്‍ സൗകര്യങ്ങളോ വാഹനസൗകര്യങ്ങളോ പര്യാപ്തമല്ല.

എങ്കിലും….

ലഭ്യമാകാവുന്ന ഏറ്റവും മികച്ച പരിശീലകരെ ഉള്‍പ്പെടുത്തി നടത്തിയ ക്യാമ്പുകളും ഊരു സന്ദര്‍ശന പരിപാടികളും വിജയമായിരുന്നു എന്നു തെളിയിക്കുന്നതായിരുന്നു 26 കുട്ടികള്‍ എം എസ് കെയിലേക്കെത്തിയത്. രണ്ടോ മൂന്നോ വര്‍ഷമൊക്കെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നും പലവിധ കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ടവരാണ് എംഎസ് കെ യിലെ കുട്ടികള്‍. വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഊരുകളിലെ ഏകാധ്യാപക വിദ്യാലയങ്ങളില്‍ നാലാം ക്ലാസ് വരെ പൂര്‍ത്തിയാക്കിയതിനു ശേഷം അഞ്ചാം ക്ലാസ്സില്‍ നേരിട്ട് പ്രവേശനം നേടുന്നത്. സ്‌കൂളിലേക്കുള്ള ദൂരം തന്നെയാണ് പ്രധാന കാരണം. ഇടമലക്കുടിയില്‍ നിന്ന് കുട്ടികള്‍ അഞ്ചാം ക്ലാസ് പഠിക്കേണ്ടി വരുന്നത് 34 കിലോമീറ്റര്‍ അകലെയുള്ള മൂന്നാര്‍ എംആര്‍എസ് (ആണ്‍കുട്ടികള്‍ മാത്രം), 65 കിലോമീറ്റര്‍ അകലെയുള്ള അടിമാലിയിലെ സ്‌കൂളുകള്‍, 75 കിലോമീറ്റര്‍ അകലെയുള്ള മറയൂരിലെ സ്‌കൂള്‍ ഒക്കെയാണ്. ദൂരം പ്രശ്‌നമല്ലെന്നു വച്ച് ഈ സ്‌കൂളുകളില്‍ പ്രവേശനം നേടിയാലും ഭാഷ കുട്ടികളെ സംബന്ധിച്ച് പ്രധാന വെല്ലുവിളിയാണ്. ഹോസ്റ്റലുകളിലെ ഭക്ഷണരീതിയും ഭക്ഷണസമയക്രമവും ഒക്കെ കുട്ടികളെ പഠനത്തില്‍ നിന്ന് അകറ്റുന്ന കാരണങ്ങള്‍ തന്നെയാണ്. സാംസ്‌കാരികമായ പ്രത്യേകതകള്‍ അവരെ മറ്റ് ആദിവാസി വിഭാഗങ്ങളില്‍ നിന്നു പോലും അകന്നു നില്‍ക്കുന്നതിന് പ്രേരിപ്പിക്കുന്നുണ്ട്.
ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുത്ത് കുട്ടികള്‍ പൊതു വിദ്യാലയങ്ങളില്‍ പഠനം തുടരണമെങ്കില്‍ അധ്യാപകരും സ്‌കൂള്‍ അധികാരികളും വിവിധ വകുപ്പുകളും പൊതു സമൂഹവും നിര്‍വഹിക്കേണ്ട ചുമതല അത്യന്തം ഗൗരവമേറിയതു തന്നെയാണ്.

അവിടെയാണ് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ താമസിച്ചു എന്ന കാരണത്താല്‍ ‘നിങ്ങളുടെ ജാതിക്കാരൊക്കെ’ ഇങ്ങനെയാണ്; നല്ല ഡ്രസൊക്കെ ഇട്ടു ക്ലാസില്‍ വരുന്നത് കൊണ്ട് മറ്റ് കുട്ടികള്‍ക്കൊപ്പം ഇരുത്താം എന്നൊക്കെ പറയുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ആദിവാസി കുട്ടികളുടെ അഭിമാനം തന്നെയാണ്.

ആദിവാസി വിദ്യാര്‍ത്ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനവും ജാതിയാക്ഷേപവും; അടിയേറ്റ് കൈ മുറിഞ്ഞു

സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതില്‍ താമസം വരുത്തിയതിന് അധ്യാപിക ശിക്ഷിച്ചതിന് പരാതിപ്പെട്ട കുട്ടി ഉള്‍പ്പടെയുള്ള എം എസ് കെ യിലെ കുട്ടികളെ ഇന്ന് സ്റ്റാമ്പ് വിതരണം ചെയ്യുമ്പോള്‍ മനഃപൂര്‍വം ഒഴിവാക്കി; ശേഷം സ്റ്റാമ്പ് കിട്ടാത്ത കുട്ടികളെ എഴുന്നേല്പിച്ച് നിര്‍ത്തുന്നു, ബാക്കി ശകാരം വര്‍ഷിക്കുന്നു. മറയൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും എസ്.ഐ വന്ന് വിവരങ്ങള്‍ അന്വേഷിച്ചു. കേസിനു വേണ്ട നടപടികളുമായി കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ തയാറായി നില്‍ക്കുമ്പോഴാണ് കുറ്റക്കാരിയായ അധ്യാപികയുടെ തുടര്‍ നടപടികള്‍. പി.റ്റി.എ പ്രസിഡന്റിന്റെ വക ഗീതോപദേശം വേറെയുമുണ്ട്. നിങ്ങളെ അച്ഛനമ്മമാര്‍ അടിക്കാറില്ലേ; അധ്യാപകര്‍ നിങ്ങളുടെ നന്മയ്ക്കു വേണ്ടിയല്ലേ ശിക്ഷിക്കുന്നത്, അധ്യാപകര്‍ക്ക് അതിനുള്ള അവകാശമുണ്ട് തുടങ്ങിയ വാക്യങ്ങള്‍ ഉള്‍പ്പടുത്തിയുള്ള ഉപദേശ ശകലങ്ങള്‍.

സംഭവത്തിനടിസ്ഥാനമായ ചൂരല്‍ പ്രയോഗത്തിലോ ജാതീയ അധിക്ഷപത്തിലോ ലവലേശം തെറ്റ് കണ്ടുപിടിക്കാന്‍ അധ്യാപികയ്‌ക്കോ സ്‌കൂള്‍ അധികാരികള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. അത് ബോധ്യപ്പെടണമെങ്കില്‍ ഉപദേശിച്ചും പ്രസംഗിച്ചും ‘ബോധവത്കരണം’ നടത്തിയും ആദിവാസികളെ മുഖ്യ ധാരയിലേക്കെത്തിക്കാന്‍ കഴിയുമെന്ന വിശ്വാസം ആദ്യം മാറ്റി വയ്ക്കുക.

പരിഷ്‌കൃത സമൂഹത്തിന്റെ മുഴുവന്‍ പൊതു ബോധവും ആവാഹിച്ച് നടപ്പിലാക്കാന്‍ വെമ്പല്‍ കൊള്ളുന്ന അധ്യാപക സമൂഹത്തോട് എന്തു പറയാന്‍…!

ആരോ പറഞ്ഞത് ഓര്‍ക്കുന്നു… പറഞ്ഞിട്ടു കാര്യമില്ല; വിവരമൊക്കെ പിള്ളേര്‍ക്ക് പറഞ്ഞുകൊടുത്ത് ഉണ്ടായിരുന്ന സ്‌റ്റോക്ക് തീര്‍ന്നവരാണ് അധികവും.

അത് ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു!

(ശാലിനി ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശാലിനി

ശാലിനി

മഹിള സമഖ്യ പത്തനംതിട്ട ജില്ല കോര്‍ഡിനേറ്റര്‍ ആണ് ശാലിനി. ഇടുക്കിയുടെ ചുമതലയും വഹിക്കുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍