UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ് ബന്ധം അവിടെ നില്‍ക്കട്ടെ, ബിജെപിയുടെ മാസ് പ്രൊപ്പഗണ്ടയെ നേരിടാന്‍ എന്തുണ്ട് കൈയില്‍?

ഡാറ്റയാണ്, അതുപയോഗിച്ചുള്ള സോഷ്യൽ എഞ്ചിനിയറിംഗ്‌ ആണ് പുതിയ കാലത്തെ രാഷ്ട്രീയം.

ഒന്ന്

അട്ടപ്പാടിയിൽ മധു ക്രൂരമായി കൊല്ലപ്പെട്ടതിന് ശേഷം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദ്രർ സെവാഗ് ട്വിറ്ററിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഒരു കിലോ അരി മോഷ്ടിച്ച കുറ്റത്തിന് ഉബൈദും അബ്ദുൽ കരീമും ഹുസൈനും അടങ്ങിയ ആൾക്കൂട്ടം മധുവെന്ന ആദിവാസിയുവാവിനെ മർദിച്ചു കൊന്നു, ഇത് പരിഷ്‌കൃത സമൂഹത്തിനു അപമാനമാണ് എന്നായിരുന്നു ആ ട്വീറ്റ്. ഒറ്റനോട്ടത്തിൽ വലിയ പ്രശ്നമൊന്നും തോന്നുന്നില്ലെങ്കിലും ആ ട്വീറ്റിനകത്ത് ഒളിപ്പിച്ചു വച്ച പലതുമുണ്ടായിരുന്നു. കൊല്ലപ്പെട്ടയാളിന്റെ പേര് മധു. കൊന്നവർ ഉബൈദും അബ്ദുൽ കരീമും ഹുസൈനും. കൊലയാളികളുടെ കൂട്ടത്തിലെ സതീഷും ബിജുവും രാധാകൃഷ്ണനും മാത്തച്ചൻ ജോസഫുമടക്കമുള്ള പേരുകൾ ഒഴിവാക്കപ്പെട്ടത് നിഷ്കളങ്കമായിരുന്നില്ല. വ്യാപക പ്രതിഷേധത്തെത്തുടർന്ന് ട്വീറ്റ് പിൻവലിച്ച സെവാഗ് മാപ്പു പറഞ്ഞെങ്കിലും ഒന്നരക്കോടി ഫോളോവേഴ്സിൽ എത്രപേർ ആ തിരുത്ത് കണ്ടു കാണും?

രണ്ട്

ഇരുപതു ലക്ഷത്തോളം ഫോളോവേഴ്സുള്ള ബിജെപി എംപിയും നടനുമായ പരേഷ് രാവലിന്റെ ട്വിറ്റർ ഐഡിയിൽ നിന്ന് സമീപ ദിവസം ഒരു ട്വീറ്റ് അബദ്ധത്തിൽ പുറത്ത് വന്നു അന്നേ ദിവസം. ബിജെപി ട്വിറ്ററിൽ നടത്താൻ ഉദ്ദേശിച്ച ക്യാംപെയിന് വേണ്ടി തയ്യാറാക്കിയ നിരവധി ട്വീറ്റുകളുടെയും ടാഗുകളുടെയും വിവരങ്ങളായിരുന്നു അതിൽ. ആ ട്വീറ്റ് മിനുറ്റുകൾക്കകം പിൻവലിച്ചെങ്കിലും ട്വിറ്ററിൽ റ്റാഗുകൾ ട്രെൻഡ് ചെയ്യിക്കുന്നത് എങ്ങനെയെന്നുള്ളതിന്റെ ഏകദേശരൂപം അതിലുണ്ടായിരുന്നു.

മൂന്ന്

കേരളത്തിൽ ന്യൂനപക്ഷങ്ങൾക്ക് മുപ്പതു ലക്ഷം രൂപ ലോൺ കൊടുക്കുമ്പോൾ ഒ.ബി.സി വിഭാഗങ്ങൾക്ക് ഇരുപതു ലക്ഷം രൂപ മാത്രമേ സർക്കാർ ലോൺ കൊടുക്കുന്നുളളൂ എന്നൊരു പച്ച നുണ ട്വിറ്റർ വഴി എൻഡിഎയുടെ എം.പി രാജീവ് ചന്ദ്രശേഖർ പറയുന്നു. അതിനെ  ഫേസ്ബുക്കിൽ തോമസ് ഐസക്ക് പൊളിച്ചടുക്കുന്നു. ട്വിറ്ററിൽ രാജീവ് ചന്ദ്രശേഖറിന് രണ്ടേകാൽ ലക്ഷം ഫോളോവേഴ്സും തോമസ് ഐസക്കിന് പതിനായിരം ഫോളോവേഴ്‌സുമാണ് ഉള്ളത്.

നാല്

ആറ്റുകാൽ പൊങ്കാല ദിവസം സുഹൃത്ത് ഉൾപ്പെടുന്ന ഒരു വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഒരാൾ പൊങ്കാല സിപിഐ(എം) തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു എന്നൊരു മെസേജ് അയയ്ക്കുന്നു. അതിന് അരമണിക്കൂർ മുൻപാണ് സിപിഐ (എം) ജില്ലാക്കമ്മറ്റി ഓഫീസിനു മുൻപിൽ പോലും പൊങ്കാലയിടുന്നതിന്റെ ചിത്രങ്ങൾ ഞാൻ കണ്ടത്.

അഞ്ച്

രാജസ്ഥാനിൽ കഴിഞ്ഞ രണ്ടാഴ്ചയായി കർഷക സമരം നടക്കുന്നു. സമരം നയിക്കുന്ന കിസാൻ സഭ നേതാക്കളെ ഒന്നാകെ, ആയിരത്തി അഞ്ഞൂറോളം പേരെ സർക്കാർ ജയിലിൽ അടയ്ക്കുന്നു. സോഷ്യൽ മീഡിയയിൽ എവിടെയും ഒരു ചലനവുമില്ല. ദേശീയ തലത്തിൽ ഈ വിഷയം ഒരു ചർച്ചയാക്കാനുള്ള ശ്രമങ്ങൾ പോലും എങ്ങുമില്ല. ബിജെപി സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ മൂലം കർഷകർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ ചർച്ചയാക്കി നിർത്താൻ മാത്രമുള്ള പ്രചാരണ ആയുധങ്ങൾ ഒന്നുമില്ല.

ത്രിപുരയിൽ ഇടതുപക്ഷം തോറ്റു എന്നത് ഞെട്ടലുണ്ടാക്കുന്ന വാർത്തതായിരുന്നെങ്കിലും സ്വസ്ഥമായി ഇരുന്നാലോചിച്ചാൽ ഇത്രയും ഓർഗനൈസ്ഡ് ആയി പ്രവർത്തിക്കുന്ന ബിജെപിയെ തോൽപ്പിക്കാനുള്ള സംഘടനാ മിടുക്കോ പ്രചാരണ മികവോ ഒന്നും നിലവിലെ സിപിഐ(എം) കേന്ദ്ര നേതൃത്വത്തിനും ത്രിപുര നേതൃത്വത്തിനും ഉണ്ട് എന്ന് പറയാനാവില്ല എന്ന ഉത്തരത്തിൽ നാം എളുപ്പത്തിൽ എത്തും.

സിപിഐ (എം) അതിന്റെ പാർട്ടി കോൺഗ്രസ്സിന്റെ പടിവാതിലിൽ എത്തി നിൽക്കുമ്പോൾ പാർട്ടിയിലെ ഉത്തരവാദിത്വമുള്ള അംഗങ്ങൾ കേന്ദ്ര നേതൃത്വത്തിന് നേരെ ഉയർത്തേണ്ട ചില ചോദ്യങ്ങളുണ്ട്.

എന്താണ് ദേശീയ തലത്തിൽ സിപിഐ (എം) ഒരുക്കുന്ന പ്രചാരണായുധങ്ങൾ? എന്തൊക്കെയാണ് ബിജെപി ഒരുക്കുന്ന മാസ് പ്രൊപ്പഗാണ്ടയെ മറികടക്കാൻ സിപിഐ(എം) കരുതി വെച്ചിരിക്കുന്നത്? ഏകദേശം നാൽപത്‌ കോടിയിലധികം പേർ ഇന്റർനെറ്റും സ്മാർട്ട്‌ ഫോണും ഉപയോഗിക്കുന്ന ഇന്ത്യയിൽ അവർക്കിടയിൽ സംഘടിതമായി നുഴഞ്ഞു കയറി ആശയപ്രചരണം നടത്തുന്ന, ഒരു സമൂഹത്തിന്റെ കളക്റ്റീവ്‌ വികാരത്തെപ്പോലും സ്വാധീനിക്കുന്ന തരത്തിലുള്ള സോഷ്യൽ എഞ്ചിനിയറിംഗ്‌ നടത്തുന്ന ബിജെപി ഐ.ടി സെല്ലിനെ നേരിടാൻ എന്താണ് സിപിഐ(എം) മുന്നോട്ട്‌ വയ്ക്കുന്ന ബദൽ? ദേശീയ ചാനലുകളുടെ സിംഹഭാഗവും വലതു പക്ഷം കൈവശം വെച്ചിരിക്കുമ്പോഴാണ്, ട്വിറ്ററും വാട്സാപ്പും വഴി നുണകളും അർദ്ധ സത്യങ്ങളും തുടർച്ചയായി പ്രവഹിക്കുമ്പോഴാണ് മണിക് സർക്കാരിന് മൊബൈൽ ഫോൺ പോലുമില്ല എന്നതൊക്കെ പാർട്ടി വലിയ കാര്യമായി അവതരിപ്പിക്കുന്നത്. പുതിയ കാലത്തെ രാഷ്ട്രീയം (ഇതിനെ രാഷ്രീയം എന്ന് വിളിക്കാൻ എനിക്ക് ലജ്ജയുണ്ട്, പക്ഷെ അതാണ് ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത്) ഉരുത്തിരിയുന്ന വഴികളിലൊന്നും പാർട്ടിക്ക് കാര്യമായി ഒന്നും ചെയ്യാനാവുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ ആഴ്ച രൂപീകരിക്കപ്പെട്ട കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിന് പോലും സോഷ്യൽ മീഡിയയിൽ സിപിഐഎമ്മിനെക്കാൾ മെച്ചപ്പെട്ട പ്രചാരണ സ്ട്രാറ്റജിയുണ്ട്.

ഡാറ്റയാണ്, അതുപയോഗിച്ചുള്ള സോഷ്യൽ എഞ്ചിനിയറിംഗ്‌ ആണ് പുതിയ കാലത്തെ രാഷ്ട്രീയം. ബംഗാളിൽ ബുദ്ധദേവ് ഗവൺമെന്റ്‌ പരാജയപ്പെടുമ്പോൾ പറഞ്ഞിരുന്ന ഭരണവിരുദ്ധ വികാരമൊന്നും മണിക് സർക്കാരിന്റെ ഭരണത്തിന് നേരെ ഉണ്ടായിരുന്നില്ല. ഇരുപത്തിയഞ്ചു വര്‍ഷം കൊണ്ട് മെച്ചപ്പെട്ട ഒരു ത്രിപുര ഉണ്ടാക്കാൻ കഴിഞ്ഞിട്ടുമുണ്ട്. പക്ഷെ ആഞ്ഞടിച്ച പ്രചാരണ ത്തിനു മുൻപിൽ ബദൽ പ്രചാരണം നടത്താൻ പാർട്ടിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. സിപ ഐ(എം) റാലികൾ നടത്തി ജനങ്ങളെ ബോധവത്ക്കരിക്കാൻ ശ്രമിച്ചപ്പോൾ ഓരോ സ്മാർട് ഫോണുകളിലേക്കും വാട്സാപ്പ് വഴി നുഴഞ്ഞു കയറുന്ന നുണകളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ കാണാൻ ശ്രമിച്ചില്ല.

അപ്പോൾ കേരളത്തിൽ എങ്ങനെ ഇടതുപക്ഷം ശക്തമായി നിൽക്കുന്നു എന്നൊരു ചോദ്യം ഉയരുന്നുണ്ട്. അതിന് രണ്ടു മൂന്ന് ഉത്തരങ്ങളുണ്ട്. ഒന്നാമതായി കേരളത്തിൽ സംഭവിച്ച നവോത്ഥാനം രൂപപ്പെടുത്തിയെടുത്ത ഇടതുപക്ഷ മനസ്സ്. മറ്റൊന്ന് കേരളത്തിലെ പാർട്ടിയുടെ സംഘടനാ മികവ്. മൂന്നാമത് കേരളം പശു ബെൽറ്റിൽ നിന്ന് വേറിട്ട് നിൽക്കുന്നു എന്നത്. അതുകൊണ്ടൊക്കെയാണ് ജനരക്ഷായാത്ര തിരുവനന്തപുരത്തെത്തിയപ്പോഴും അമിത് ഷായുടെ ചാക്കിൽ ഒരു ലോക്കൽ നേതാവിനെ പോലും ഒപ്പിക്കാൻ കേരളത്തിലെ ബിജെപിക്ക് കഴിയാത്തത്.

കോൺഗ്രസുമായി സഖ്യം വേണോ വേണ്ടയോ എന്നൊക്കെയുള്ള ചർച്ചക്കൊക്കെ പോകുന്നതിനു മുൻപ് സ്വന്തം ദൗർബല്യങ്ങൾ തിരിച്ചറിയണം. കോൺഗ്രസ് അവരുടെ ഇതേ ദൗർബല്യം തിരിച്ചറിഞ്ഞ് പരിഹരിച്ചു കഴിഞ്ഞു. മാറിയ രാഹുൽ ഗാന്ധി എന്ന കൺസപ്റ്റ് തന്നെ കോൺഗ്രസ് പ്രചാരണ കേന്ദ്രങ്ങളുടെ നിര്‍മിതിയാണ്. നല്ല ഡാറ്റ മൈനിങ് ടീം ഉണ്ടാക്കിയെടുക്കുന്ന ഇമേജാണ് ഇപ്പോൾ പുതിയ രാഹുലായി ചിത്രീകരിക്കപ്പെടുന്നത്.

ഇനി ഒരു കാര്യം കൂടി; സെവാഗിനും ബിജെപിക്കും തമ്മിൽ എന്ത് ബന്ധം എന്നല്ലേ? ബിജെപി ഐ ടി സെൽ തങ്ങളുടെ വല നിർമിച്ചിരിക്കുന്നത് ഇത്തരം അനേകം സെലിബ്രിറ്റികൾ വഴിയാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ രക്ഷയ്ക്കെത്താൻ അത്തരത്തിൽ പലരുമുണ്ട്. എബിവിപിയുടെ കൊടി വീശുന്ന അക്ഷയ് കുമാറും കേരളത്തിൽ സുരേഷ് ഗോപിയുമൊക്കെ അത്തരം നിക്ഷേപങ്ങളാണ്.

നാലഞ്ചു വര്‍ഷം മുൻപ് സോഷ്യൽ മീഡിയ വഴി സമരങ്ങൾ ഉരുത്തിയുന്നതും അത് ഭരണകൂടങ്ങളെ വിറപ്പിക്കുന്നതുമൊക്കെ കണ്ടപ്പോൾ സാമ്പ്രദായിക രാഷ്ട്രീയ സങ്കല്പങ്ങൾ തകരുമെന്നും പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉരുത്തിരിയുമെന്നുമൊക്കെ ഞാനും സ്വപ്നം കണ്ടിരുന്നു. എന്നാൽ ഫാഷിസ്റ്റുകൾക്ക് എളുപ്പം വരുതിയിലാക്കാൻ കഴിയുന്ന ആൾക്കൂട്ടങ്ങൾ മാത്രമാണ് അത്തരം സമരങ്ങളുടെ ആത്യന്തിക ഉത്പന്നം എന്ന് ഏകദേശം വ്യക്തമായിരിക്കുന്നു. ഒപ്പം ആശയ പ്രചരണത്തിനുള്ള മാധ്യമം എന്നതിനപ്പുറം ഈ മീഡിയകളിൽ പരസ്യങ്ങളുമായി (advertisement) ബന്ധപ്പെട്ട അനവധി അവിശുദ്ധ ബന്ധങ്ങളും ഉടലെടുത്തിട്ടുണ്ട് എന്നാണ്  വാർത്തകൾ സൂചിപ്പിക്കുന്നത്. നോട്ടു നിരോധനത്തെ കൃത്യമായി പൊളിച്ച ജെയിംസ് വിത്സന്റെ ഐഡി, ട്വിറ്റര്‍ സെർച്ചുകളിൽ നിന്ന് അപ്രത്യക്ഷമായത് വെറുതെയായിരുന്നില്ല. ഒപ്പം ട്വിറ്റർ വഴി വർഗീയ കലാപത്തിന് ആഹ്വാനം ചെയ്ത മാധ്യമ പ്രവർത്തകയുടെ ബാൻ ഒരു രാത്രികൊണ്ട് പുനഃസ്ഥാപിക്കപ്പെട്ടതും അടക്കം ഇത്തരം സോഷ്യൽ മീഡിയ കമ്പനികളുമായി ഉന്നത തലത്തിൽ നടക്കുന്ന പരസ്യ ഇടപാടുകൾ ഈ മാധ്യമങ്ങളുടെ നിഷ്‌പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. അതായത്‌ നിങ്ങൾ ഉപയോഗിക്കുന്ന ഫേസ്ബുക്കോ ട്വിറ്ററോ ഒന്നും നിഷ്‌പക്ഷമാവണം എന്നില്ല. ആത്യന്തികമായി പരസ്യവിപണിയാണ് ഇവയെ നിലനിർത്തുന്നത്‌.

ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ നമുക്ക് പറയാൻ കഴിയുക ഇനിയുള്ള കാലത്തെ വിപ്ലവങ്ങൾ സ്വാഭാവികമായി സംഭവിക്കുന്നതല്ല, മറിച്ച് നിർമ്മിക്കപ്പെടുന്നതാണ് എന്നാണ്. അതിനായി തയ്യാറെടുത്തില്ലെങ്കിൽ ആ സാധ്യതകൾ മുതലെടുക്കുന്നവർക്കു മുന്നിൽ നിസ്സഹായരായി നിൽക്കുക എന്ന ഒരു സാധ്യതയെ അവശേഷിക്കുന്നുള്ളൂ. അങ്ങനെ വരുമ്പോൾ തോറ്റുപോകുന്നത് മതനിരപേക്ഷമായി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ജനങ്ങളും സംശുദ്ധമായ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന പ്രസ്ഥാനങ്ങളുമാണ്. അതുകൊണ്ടാണ് പടയിൽ ജയിച്ചിട്ടും യുദ്ധത്തിൽ തോറ്റ്, ‘രാജ്യത്തെ സാധാരണക്കാരനായ മുഖ്യമന്ത്രി’യെന്ന് എതിരാളികൾ പോലും വിശേഷിപ്പിച്ച മണിക് സർക്കാരിന് പടിയിറങ്ങേണ്ടി വരുന്നത്.

(മിനേഷ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഫാഷിസത്തെ തടയാന്‍ ഒരു മണിക് സര്‍ക്കാര്‍ മാത്രം പോര; ത്രിപുര ഇന്ത്യന്‍ ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

കൊടി കെട്ടാന്‍ ഇനി ചെങ്കോട്ടയുണ്ടോ? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ദുര്‍ബലമാകുന്ന സിപിഎം

മിനേഷ് രാമനുണ്ണി

മിനേഷ് രാമനുണ്ണി

എഞ്ചിനീയര്‍, ബെഹ്റിനില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍